2013 ഒക്‌ടോബർ 31, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [11]
----------------------------
മണികണ്ഠൻ സൈന്യത്തെശേഖരിയ്ക്കുന്നു.
----------------------------------------------
എല്ലാവിധത്തിലുള്ള ആയുധ വിദ്യകളും അഭ്യസിച്ച് കൊട്ടാരത്തിൽ മടങ്ങിയെത്തിയ മണികണ്ഠൻ കരിമലക്കോട്ടയിൽ വാഴുന്ന ഉദയനെന്ന കൊള്ളത്തലവനെ ആക്രമിയ്ക്കുന്നതിനുള്ള സേനയെ സംഘടിപ്പിയ്ക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാരംഭിച്ചു.ആദ്യമായി തന്റെ ജന്മനാടായ പാണ്ഡ്യദേശത്തുപോയി അവിടുത്തെ രാജാവിന്റെ സഹായം തേടുകയും അവിടെനിന്നും രാജാവ് ഒരു സേനയെ അയയ്ക്കാമെന്ന് സമ്മതിയ്ക്കുകയും ചെയ്തു. മണികണ്ഠൻ കരിമല കീഴടക്കാൻ പുറപ്പെടുമ്പോൾ പാണ്ഡ്യനാട്ടിൽ നിന്നുള്ള മറ്റൊരു സൈന്യം വണ്ടിപ്പെരിയാർ വഴി കരിമലക്കോട്ടയിലെത്തുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി .അന്ന് ആ പാണ്ഡ്യസേന വന്ന വഴിയാണ് പിന്നീട് വണ്ടിപ്പെരിയാർ വഴി ശബരിമലയ്ക്ക് വരുന്ന കാനനപാതയായി മാറിയത്.
എല്ലാ ദേശങ്ങളിലുമുള്ള കളരികൾ സന്ദർശിച്ച് അവിടെനിന്നെല്ലാം ആയിരക്കണക്കായ പടയാളികളെ മണികണ്ഠൻ സംഘടിപ്പിച്ചു.അക്കൂട്ടത്തിലെ പ്രധാന രണ്ടു സംഘങ്ങളായിരുന്നുവത്രെ അമ്പലപ്പുഴ സംഘവും ആലങ്ങാടൻ സംഘവും. എരുമേലിയിൽ വെച്ച് ഭീകരരൂപിയായ കാട്ടെരുമയേ വകവരുത്തുന്നതിലും പിന്നീട് കരിമലയിൽ ഉദയനെ കീഴ്പ്പെടുത്തുന്നതിലും അനന്തരം ശബരിമലയിൽ തനിയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു തരുന്നതിലും മുൻപന്തിയിൽ നിന്ന ആ രണ്ടു കളരി സംഘങ്ങൾക്കും അയ്യപ്പസ്വാമിയും പന്തളം രാജാവും അനുഗ്രഹിച്ചു നൽകിയ പദവികളാണ് ശബരിമലയിലും പേട്ടകെട്ടുന്നതിലും ഉള്ള പ്രത്യേക അവകാശങ്ങളായി ഇന്നും നിലനിൽക്കുന്നത്.
ഇതോടൊപ്പം തന്നെ വിവിധ കാട്ടു ജാതിക്കാരും ഈ നിർണ്ണായകമായ യുദ്ധത്തിൽ മണികണ്ഠകുമാരനെ സഹായിക്കാനായി മുന്നിൽ വന്നു.ഇഞ്ചിപ്പാറക്കോട്ടയിലേയും തലപ്പാറക്കോട്ടയിലേയും മൂപ്പന്മാരും കറുപ്പസ്വാമിയും മധ്യതിരുവിതാംകൂറിലെ യുദ്ധവീരന്മാരായിരുന്ന കൊച്ചു കടുത്തയും വലിയ കടുത്തയും പരദേശിമുസൽമാനായ ബാവരും ഒക്കെ ഈ പടനീക്കത്തിൽ മണികണ്ഠകുമാരന്റെ ഉറ്റമിത്രങ്ങളായി വർത്തിച്ചവരത്രെ.
ഈ സമയം പന്തളം കൊട്ടാരത്തിൽ മറ്റൊരു ഉപജാപം നടക്കുകയായിരുന്നു. വളരെ വൈകിയാണെങ്കിലും രാജ്ഞിയ്ക്ക് ഒരാൺകുട്ടി ജനിച്ചതിനെത്തുടർന്നായിരുന്നു കൊട്ടാരത്തിന്റെ അന്ത:പ്പുരങ്ങളിൽ കാർമേഘപടലങ്ങൾ ഉരുണ്ട് കൂടിയത്. മറ്റ് ദേശങ്ങളിലെ കളരികളിലും നാടുവാഴികളുടെ കൊട്ടാരങ്ങളിലും സഹായമഭ്യർത്ഥിച്ചു പോകുമ്പോൾ ബഹുമാനത്തോടെയുള്ള സ്വീകരണം കിട്ടണമെങ്കിൽ യുവരാജാവ് എന്നപദവി മണികണ്ഠനുണ്ടാവണമെന്നറിയാവുന്ന രാജാവ് മണികണ്ഠനെ യുവരാജാവായി അഭിഷേകം ചെയ്യുന്നതിനുള്ള മുഹൂർത്തം കുറിയ്ക്കുവാൻ മന്ത്രിയോടാവശ്യപ്പെട്ടു. തന്നെയുമല്ല മണികണ്ഠനെ അടുത്ത രാജാവാക്കി രാജ്യവിസ്താരം വരുത്തണമെന്നത് രാജാവിന്റെ ഒരു സ്വപ്നവുമായിരുന്നു. എന്നാൽ കുതന്ത്ര ശാലിയായ മന്ത്രി ,രാജാവിന് സ്വന്തം രക്തത്തിൽ പിറന്ന ഒരു മകനുണ്ടായിരിയ്ക്കെ എടുത്തു വളർത്തിയ മകനെ രാജാവാക്കുന്നത് ശരിയല്ലെന്നും അങ്ങിനെയുണ്ടായാൽ രാജ്ഞിയുംസ്വന്തം മകനുംഭാവിയിൽ അവഗണിയ്ക്കപ്പെടുമെന്നും രാജ്ഞിയോട് ഏഷണി പറഞ്ഞ് പിടിപ്പിച്ചതിനെത്തുടർന്ന് കൊട്ടാരം ഉപജാപങ്ങളുടെ മന്ത്രശാലയായി മാറി.[തുടരും]
അയ്യപ്പ സ്വാമി ദൈവമാണോ?
-----------------------------------

അയ്യപ്പ സ്വാമി ദൈവമാണോ എന്ന് പലരും സംശയം ചോദിയ്ക്കാറുണ്ട്. പുരാണങ്ങളിലെവിടെയും അയ്യപ്പൻ എന്ന ഒരു ദൈവത്തെക്കുറിച്ച് പരാമർശമില്ലാത്തതാണ് കാരണം. വേദങ്ങളിലോ ഉപനിഷത്തുകളിലോ അയ്യപ്പനാമം പരാമർശിച്ചിട്ടില്ല. മുപ്പത്തിമൂന്നു കോടി ദൈവങ്ങളിലോ ദശാവതാരങ്ങളിലോ മറ്റിതിഹാസങ്ങളിലൊ ഈ പേരില്ല എന്നു മാത്രമല്ല കേരളത്തിന് പുറത്ത് ഈ ദൈവത്തിന് അധികം അമ്പലങ്ങളുമില്ല. കേരളത്തിന്റെ സാമൂഹിക അന്ത:രീക്ഷത്തിൽ ഒരു കാലത്ത് ജ്വലിച്ചുയർന്ന ഒരദ്ഭുത അവതാരമായിരുന്നു അയ്യപ്പസ്വാമി എന്നാണിതിനർത്ഥം. ദൈവീകമാ‍യതിനെ എന്തിനേയും അതിഭാവുകത്വം കലർത്തി അവതരിപ്പിക്കുക എന്നത് ഭക്തി പ്രസ്ഥാനത്തിന്റെ ഒരു പ്രത്യേകതയാണ്. അങ്ങിനെ കേരളം കണ്ട ഏറ്റവും വലിയ യോഗാത്മാവായ അയ്യപ്പസ്വാമി എന്ന ചരിത്രപുരുഷൻ യുക്തിഭദ്രതയില്ലാത്ത കുറേ മിത്തുകളുടെ പുകപടലത്തിനകത്തായി. അങ്ങിനെയാണ് മോഹിനീ വേഷം പൂണ്ട വിഷ്ണുവിന്റേയും വികാര വിവശനായ പരമശിവന്ടേയും പുത്രനാണ് അയ്യപ്പസ്വാമി എന്ന കഥ പ്രചരിതമായത്.
പുത്രനില്ലാത്ത ദു:ഖത്താൽ തപ്തരായ ശിവഭക്തനായ പന്തളം രാജാവിന്റേയും വിഷ്ണു ഭക്തയായ പത്നിയുടേയും തീവ്രതപസ്സിൽ നിന്ന് അവർക്ക് ലഭിച്ച പുത്രനാണ് അയ്യപ്പസ്വാമി എന്നതാണ് ഈ കഥ യിലെ യുക്തി. മോഹിനിയുടെ ദക്ഷിണ തുട പിളർന്നാണു അയ്യപ്പൻ ഭൂജാതനായത് എന്ന ഐതിഹ്യത്തിന്റെ അർത്ഥം വൈഷ്ണവ ദേശത്തിന്റെ തെക്കേഭാഗത്ത് അയ്യപ്പനവതരിച്ചു എന്നാണ്.അയ്യപ്പസ്വാമിയേക്കുറിച്ചുള്ള ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ കൃതി ശ്രീ ഭൂതനാഥോപാഖ്യാനമാണ്. ഭൂതനാഥൻ എന്നത് അയ്യപ്പൻ എന്നപേരിന്റെ വിശേഷണം തന്നെയാണ്.പഞ്ചഭൂതങ്ങളുടേയും നാഥൻ.പഞ്ചഭൂതങ്ങളേയും നിയന്ത്രിക്കുന്നവൻ.അഞ്ചിന്റേയും അപ്പൻ അയ്യപ്പൻ.ശ്രീ ഭൂതനാഥൻ . പഞ്ചഭൂതങ്ങളേയും നിയന്ത്രിയ്ക്കുന്ന ഐശ്വര്യമൂർത്തി . അതുതന്നെ ശ്രീ അയ്യപ്പൻ.

പന്തളം രാജകുടുമ്പത്തിന്റേയും അയ്യപ്പൻ കൊട്ടരത്തിലെത്തിയതിന്റേയും വിവരണങ്ങൾ നാളെ....
അയ്യപ്പസ്വാമിദൈവമാണോ എന്ന സംശയത്തിനെ പരാമർശിച്ചുകൊണ്ട് ഞാനെഴുതി തുടങ്ങിയ ശ്രീ അയ്യപ്പ ചരിത്രാഖ്യാനത്തെ ചിലർ തുടക്കത്തിൽ തന്നെ തെറ്റിദ്ധരിച്ചുവെന്ന് തോന്നുന്നു.അയ്യപ്പ സ്വാമി ഐതിഹ്യങ്ങളുടെ പുകപടലത്തിൽ നിൽക്കുന്ന ഒരു ദൈവമല്ല; മറിച്ച് നമുക്ക് വിശ്വസനീയമായ ഒരു കാലഘട്ടത്തിൽ ഇവിടെ ജീവിച്ച , ഇന്നും തന്റെ ഭക്തരോടുള്ള വാക്ക് പാലിയ്ക്കാനായി ശബരിമലയിൽ ചിരഞ്ജീവിയായി വാഴുന്ന,വിളിച്ചാൽ വിളിപ്പുറത്തണയുന്ന,സാക്ഷാൽ താരക ബ്രഹ്മമാണ്. അയ്യപ്പസ്വാമിയെ സംബന്ധിയ്ക്കുന്ന ഓരോ വസ്തുതയും ചരിത്രത്തിന്റെ ഭാഗമാണ്.

പന്തളം രാജകൊട്ടാരം ഏറെക്കുറെ പഴമകൾ നിലനിർത്തിക്കൊണ്ട് ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്.ഒരുകാലത്തു തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളത്തിലെയ്ക്ക് ആഭ്യന്തരവും ബാഹ്യവുമായ കലാപങ്ങളെ ത്തുടർന്ന് രാജ്യം ഉപേക്ഷിയ്ക്കേണ്ടിവന്ന ഒരു പാണ്ഡ്യ രാജവംശം എത്തിച്ചേർന്നു. മധുരയിൽ നിന്ന് വന്ന അവർ അവരുടെ തന്നെ അധീനതയിലുണ്ടായിരുന്ന പൂഞ്ഞാറിലാണ് എത്തിച്ചേർന്നത്. പൂഞ്ഞാർ രാജക്കന്മാരുടെ തായ്‌വഴി മധുരയിലെ പാണ്ഡ്യരാജവംശം ആണെന്നത് ചരിത്രരേഖയാണല്ലൊ. മധുരമീനാക്ഷിയുടെ ഭക്തരായ അവരുടെ വരവിന് ഒരുപക്ഷേ സഹ്യനിൽ നിന്നുദ്ഭവിച്ച് പാലാ വഴികടന്നു പോകുന്ന വലിയ നദിയുടെ സഹായമുണ്ടായതു കൊണ്ടാവാം മീനാക്ഷിയാറെന്ന് അവർ പേരിട്ടു വിളിച്ച നദി പിന്നീട് മീനച്ചിലാറായി . [ തുടരും]
അയ്യപ്പ ചരിതം [ ഭാഗം-3]
-------------------------------

പാണ്ഡ്യരാജവംശവും അയ്യപ്പസ്വാമിയും
-----------------------------------------------
ഒരു കാലത്ത് കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നല്ലൊ. ഏതാണ്ട് എ ഡി എട്ടാം നൂറ്റാണ്ടോടു കൂടിയാണ് പാണ്ഡ്യന്മാർ ഇന്നത്തെ കേരളത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ആധിപത്യമുണ്ടാക്കിയതെന്ന് ശ്രീ എ ശ്രീധരമേനോന്റെ കേരള ചരിത്രത്തിൽ പറയുന്നു .എ ഡി 600 മുതൽ 700 വരെയുള്ള കാലഘട്ടത്തിൽ പാണ്ഡ്യരാജാക്കന്മാർ ആയ് രാജാക്കന്മാരെ തോൽ‌പ്പിച്ച് ഇന്നത്തെ കേരളത്തിന്റെ കിഴക്ക് തെക്ക് ഭാഗങ്ങളിൽ അവരുടെ അധികാരം സ്ഥാപിയ്ക്കുകയുണ്ടായി. പത്തും പതിനൊന്നും നൂറ്റാണ്ടുകൾ കേരളത്തെ ആകെപിടിച്ചുലച്ച ചേര ചോള യുദ്ധങ്ങളുടെ കാലമായിരുന്നു . ആയുധപരിശീലനത്തിനായി നാടെമ്പാടും കളരികൾ സ്ഥപിയ്ക്കുന്ന സമ്പ്രദായം ആരംഭിച്ചത് ആ കാലഘട്ടത്തിലായിരുന്നു. അയ്യപ്പ സ്വാമിയുടെ പാൺഡ്യ രാജവംശ ബന്ധവും കളരികളുമായുള്ള അടുപ്പവും മറ്റു സാമൂഹികസാഹചര്യങ്ങളും പരിശോധിയ്ക്കുമ്പോൾ ഏ ഡി 800നും 1000 ത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തിലായിരിയ്ക്കും അയ്യപ്പസ്വാമിയുടെ അവതാരമുണ്ടായത് എന്ന് അനുമാനിയ്ക്കാവുന്നതാണ്. പന്തളം രാജവംശത്തിന് 700 കൊല്ലത്തെ പഴക്കമാണുള്ളത് എന്ന വാദവും നിലവിലുണ്ട് .[തുടരും]
അയ്യപ്പ ചരിതം [4]
--------------------
പന്തളവും പാണ്ഡ്യരാജവംശവും
----------------------------------
പന്തളത്തു എത്തിച്ചേർന്ന പാണ്ഡ്യരാജവംശത്തിന്റെ മൂലകുടുംബം മധുരയിൽ ചെമ്പഴഞ്ഞൂട്ട് കോവിലകം ആണ്.
വിത്തത്തിൻ വിളഭൂമിയാം മധുരയിൽ ശ്രീ ചെമ്പഴന്തൂർ സ്വരൂ-
പത്തിൽ പണ്ടൊരുവീരപാണ്ഡ്യവിദിതൻ പാണ്ഡ്യക്ഷമാഖണ്ഡലൻ..
[ശ്രീ ഭൂതനാഥോപാഖ്യാനം കിളിപ്പാട്ട്]
തിരുവിതാംകൂറിന്റെ രേഖകളിലെല്ലാം തന്നെ [കൊല്ലവർഷം 969-995]പന്തളത്തെ രാജാവിനെ ചെമ്പഴന്നൂർകോവിലൻ എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. കൊല്ലവർഷം 377-ആമാണ്ടിലാണ് പാണ്ഡ്യവംശം പദ്മദളമെന്നു അന്നറിയപ്പെട്ടിരുന്ന പന്തളത്ത് വന്നത് എന്ന് പറയപ്പെടുന്നു. തോന്നല്ലൂർ മുറിയിൽ പുരുഷന്മാർക്കും കൈപ്പുഴയിൽ സ്ത്രീകൾക്കുമുള്ള കൊട്ടാരങ്ങൾ പണികഴിപ്പിച്ചുവത്രെ.

തിരുവിതാംകൂറിന്റെ പൂർവ്വരൂപമായ വേണാടിന്റെ സഹായത്തോടെയാണ് ആ പാണ്ഡ്യരാജവംശം പന്തളത്ത് ആസ്ഥാനമുറപ്പിച്ചത്.1175മുതൽ 1195വരെ വേണാട് ഭരിച്ച ഉദയമാർത്താണ്ഡവർമ്മയുടെ കാലത്ത് പാണ്ഡ്യരാജ്യവും വേണാടും തമ്മിൽ ഉറ്റ ബന്ധമുണ്ടായിരുന്നു. ഉദയമാർത്തണ്ഡന്റെ പുത്രി ത്രിഭുവനദേവിയെ വിവാഹം ചെയ്തത് പാണ്ഡ്യരാജാവായ ശ്രീ വല്ലഭൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് പൂഞ്ഞാർ -പന്തളം രാജവംശങ്ങൾ പാണ്ഡ്യദേശത്തു നിന്ന് വന്നതെന്നാണ് ചരിത്ര പണ്ഡിതനായ ശ്രീ എ .ശ്രീധരമേനോൻ ചൂണ്ടിക്കാട്ടുന്നത്. മധുരകൈവശപ്പെടുത്തിയ വിജയനഗര രാജവംശത്തിൽ‌പ്പെടുന്ന ഒരു തിരുമലനായ്ക്കന്റെ ഉപദ്രവം സഹിയാതെ അന്നത്തെ പാണ്ഡ്യരാജാവ് കിട്ടാവുന്ന സമ്പത്തുകളുമെടുത്ത് കേരളത്തിന്റെ കിഴക്കൻ ദേശത്തേയ്ക്ക് രക്ഷപ്പെടുകയായിരുന്നു.ശബരിമല അടക്കമുള്ള പ്രദേശങ്ങളുടെ ആധിപത്യം പണ്ടുതന്നെ പാണ്ഡ്യരാജ്യത്തിനായിരുന്നു. തങ്ങളുടെ രാജധാനിയായ മധുര വിട്ടുകൊടുത്തിട്ട് ആ രാജാക്കന്മാർ തെങ്കാശി , അച്ചങ്കോവിൽ ,ചെങ്കോട്ട, ശിവഗിരി എന്നീ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചിരുന്നുവത്രെ.ശത്രുക്കളുടെ ഉപദ്രവങ്ങൾ അവിടെയും തുടർന്നപ്പോൾ വേണാട് രാജാവിന്റെ സഹായത്തോടെ പന്തളത്ത് വന്ന് ആസ്ഥാനമുറപ്പിയ്ക്കുകയായിരുന്നുവത്രെ.
ശ്രീ അയ്യപ്പ ചരിതം [5]
---------------------------

മണികണ്ഠനും പന്തളം രാജാവും
-----------------------------------

പന്തളത്ത് കൊട്ടാരം പണികഴിപ്പിച്ച് നാടുവാഴുമ്പോഴും രാജ്യവും രാജാവും ആകെ ഭീതിയുടെ മുൾമുനയിലായിരുന്നു. പാണ്ഡ്യ ദേശത്തുള്ള തന്റെ പാരമ്പര്യ വൈരികളും തന്റെ അധികാരപരിധിയിൽ തന്നെയുള്ള കരിമലയുടെ മുകളിൽ കൊടുംകാട്ടിൽ കോട്ട കെട്ടി കാടും നാടും വിറപ്പിച്ച് വാണിരുന്ന ഉദയനൻ എന്ന കാട്ടു രാജാവും നടത്തിക്കൊണ്ടിരുന്ന അക്രമങ്ങൾ രാജാവിനെ വല്ലാതെ അലട്ടിയിരുന്നു. ഇവരോടൊരു തീവ്രയുദ്ധത്തിലേർപ്പെടാൻ രാജാവിന് സാധിയ്ക്കുമായിരുന്നില്ല. മക്കളില്ലാത്ത തനിയ്ക് യുദ്ധത്തിൽ എന്തെങ്കിലും സംഭവിച്ചു പോയാൽ രാജ്യവും ഉറ്റവരും അനാഥരായിപ്പോകുമല്ലൊ എന്ന ചിന്തയും തന്റെ പ്രായാധിക്യവുമായിരിയ്ക്കണം രാജാവിനെ ഒരു പടനീക്കത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. തന്റെ രാജ്യം സംരക്ഷിയ്ക്കാൻ ശക്തിയുള്ള ഒരു പുത്രനു വേണ്ടി രാജാവും പത്നിയും ഏറെ പ്രാർഥനകളും വഴിപാടുകളും കഴിച്ചെങ്കിലും അതിനൊന്നും ഫലപ്രാപ്തിയുണ്ടായില്ല. ഈ അവസരത്തിൽ നായാട്ടിന്പോയ രാജാവിന് പമ്പാനദീ തീരത്തു നിന്ന് ഒരു ശിശുവിനെ ലഭിച്ചു എന്നും കണ്ഠത്തിൽ മണിയോടുകൂടി കാണപ്പെട്ട തേജസ്വിയായ ആ കുട്ടിയെ രാജാവെടുത്ത് കൊട്ടാരത്തിൽ കൊണ്ടുപോയി തന്റെ മകനായി വളർത്തി എന്നുമാണ് ഐതിഹ്യം. ഈ ഐതിഹ്യത്തിൽ ഒരു യുക്തിഭംഗം സ്വാഭാവികമായും നിഴലിയ്ക്കുന്നുണ്ട്. കാട്ടിൽ നിന്ന് കളഞ്ഞ് കിട്ടിയ ഒരു കുട്ടിയെ ഏതൊരു രാജാവും സ്വന്തം മകനായി വളർത്തുവാനുള്ള സാധ്യത വളരെ കുറവാണ്. എല്ലാ രാജപരമ്പരകളും വംശശുദ്ധിയെ മുറുകെ പ്പിടിയ്ക്കുന്നവരാണ് എന്നതാണ് അതിനു കാരണം.രാജാധികാരം എന്നതു തന്നെ പാരമ്പര്യത്തിൽ അധിഷ്ഠിതമാണല്ലൊ.സാധാരണ ഒരു രാജാവിന് അനന്തരാവകാശികളില്ലാതെ വന്നാൽ തത്തുല്യയോഗ്യതയുള്ള മറ്റൊരു രാജവംശത്തിൽ നിന്ന് ദത്തെടുക്കുകയാണ് പതിവ്. എങ്കിൽ മാത്രമേ പ്രജകളും ഗുരുജനങ്ങളും ബന്ധുജനങ്ങളും ആ അനന്തരാവകാശിയെ അംഗീകരിയ്ക്കുകയുള്ളു. ഇവിടെ അജ്ഞാതമായ സാഹചര്യത്തിൽ നിന്ന് ലഭിച്ച ഒരുശിശുവിനെ വംശശുദ്ധിയിൽ മുമ്പിൽ നിൽക്കുന്ന ഒരു പാണ്ഡ്യരാജാവ് കൊട്ടാരത്തിൽ കിരീടാവകാശിയായ മകനായി വളർത്തി എന്നത് പഴമ്പാട്ടുകാരുടെ പൊലിപ്പിച്ച പുരാണമാകാനാണ് സാധ്യത.

തന്റെ പ്രതിയോഗികളെ അടിച്ചമർത്താനും അടുത്തരാജാവകാനും തക്ക യോഗ്യതയുള്ള ഒരു പുത്രന് വേണ്ടി അതിയായി ആഗ്രഹിച്ചിരുന്ന പന്തളം രാജാവ് , എപ്പോഴെങ്കിലും ഇനി ഒരു മകൻ ജനിച്ചു വരാൻ വേണ്ടി കാത്തിരിയ്ക്കാതെ, സാഹചര്യങ്ങളുടെ അനിവാര്യത കൊണ്ട് പാണ്ഡ്യനാട്ടിലുള്ള തന്റെ തായ്‌വഴിയിൽ നിന്ന് രാജലക്ഷണങ്ങളുള്ള ഒരു ആൺകുട്ടിയെ ദത്തെടുത്തു എന്നതായിരിയ്ക്കണം സത്യം.രണ്ടു കാര്യങ്ങൾ കൊണ്ട് നമുക്കീ വസ്തുതയെ സാധൂകരിയ്ക്കാൻ സാധിയ്ക്കും . [ തുടരും]
ശ്രീ അയ്യപ്പ ചരിതം [6]
-----------------------
അയ്യപ്പസ്വാമി പാണ്ഡ്യവംശജൻ
-------------------------------------
അയ്യപ്പസ്വാമിയെ പന്തളത്തരചന് നായാട്ടിന് പോയ വഴിയിൽ പമ്പാനദീതീരത്ത് നിന്ന്കിട്ടിയതല്ല എന്നതിന് പ്രധാനമായ ഒരു തെളിവ് പ്രാചീന സംസ്കൃത ഗ്രന്ഥമായ ശ്രീ ഭൂതനാഥോപാഖ്യാനത്തിലെ പരാമർശമാണ്. പരമശിവന് വിഷ്ണുമായയിൽ അയ്യപ്പസ്വാമി ജന്മം കൊണ്ടതിന് ശേഷം കൈലാസത്തിൽ വളർന്നെന്നും മഹിഷീ നിഗ്രഹമെന്ന അവതാരോദ്ദേശത്തിനായി പന്തളത്തരചന്റെ മകനായിമാറുവാനും അതിനായി പമ്പാനദീതീരത്ത് മണികണ്ഠനായി ചെന്നു കിടക്കുവാനും പരമശിവൻ ഉപദേശിക്കുന്നുവത്രെ. ഇവിടെയും യുക്തിഭംഗം മുഴച്ചുനിൽക്കുകയാണ്. ഉഗ്രവീര്യവാനായ പരമശിവന് ഒരു നിമിഷമുണ്ടായ മനോദൌർബ്ബല്യത്തിൽ നിന്നാണ് ഒരവതാരമുണ്ടായത് എന്ന വ്യാഖ്യാനം ഒട്ടും അഭിമാനകരമല്ല. തന്നെയുമല്ല മഹിഷീ നിഗ്രഹത്തിനായി അയ്യപ്പസ്വാമിയെ പന്തളത്തരചന്റെ സ്വന്തം മകനായി ജനിപ്പിക്കുന്നതിന് മറ്റൊരു തടസ്സവുമുണ്ടായിരുന്നതുമില്ല. ദേവകൾ വിചാരിച്ചാൽ എന്തു കാര്യമാണ് നടക്കാത്തത്. .അതിനുമുപരിയായി അയ്യപ്പസ്വാമി പന്തളത്ത് എത്തുന്നതിന് മുൻപ് മറ്റൊരിടത്ത് അവതാരമായിത്തന്നെ ജീവിച്ചിരുന്നു എന്ന സത്യമാണ് ഇവിടെ വരികൾക്കിടയിൽ നിന്നും വായിച്ചെടുക്കുവാൻ സാധിയ്ക്കുന്നത്. അതു പാണ്ഡ്യനാട്ടിൽ തന്നെ ആയിരിയ്ക്കാണാണ് സാധ്യത. അവതാരോദ്ദേശം മഹിഷീ നിഗ്രഹമായിരുന്നെങ്കിൽ അവതാരലക്ഷ്യത്തിന്റെ പൂർത്തീകരണത്തിന് ശേഷം അവതാരമൂർത്തി അന്തർ ദ്ധാനം ചെയ്യേണ്ടതാണ്. പക്ഷേ ഇവിടെ അതല്ല ഉണ്ടായത്. മഹിഷീ നിഗ്രഹത്തിന്ശേഷം അയ്യപ്പസ്വാമി കരിമല മന്നനെ കീഴടക്കുകയും അതും കഴിഞ്ഞ് ശബരിമലയിലെത്തി തപസ്സാചരിച്ച് താരക ബ്രഹ്മമായി മാറുകയും ചെയ്തു. അപ്പോൾ അതായിരുന്നു അവതാര ലക്ഷ്യമെങ്കിൽ ഇതിനിടയ്ക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത ഒരു മഹിഷീ നിഗ്രഹത്തിന്റെ പ്രസക്തി എന്താണ്?

അപ്പോൾ അയ്യപ്പസ്വാമി യുക്തി സഹമല്ലാത്ത ചില ഐതിഹ്യങ്ങളിലൂടെ രൂപപ്പെട്ട ഒരവിശ്വസനീയ കഥാപാത്രമാണൊ. ഒരിയ്ക്കലുമല്ല . അയ്യപ്പസ്വാമിയെന്ന അവതാരമൂർത്തിയാ‍യ ചരിത്രപുരുഷന്റെ ജീവിതകഥയ്ക്ക് പുരാണപരമായ പശ്ഛാത്തലം നൽകുവാൻ നടത്തിയ പരിശ്രമങ്ങളാണ് യുക്തി ഭംഗമുണ്ടാക്കിയത്.

പ്രസിദ്ധമായ ഭൂതനാഥോപാഖ്യാനത്തേക്കാളും പഴക്കമുണ്ടെന്ന് വിശ്വസിയ്ക്കപ്പെടുന്നതും കേരളത്തിന്റേയും തമിഴ്നാട്ടിന്റേയും വിവിധഭാഗങ്ങളിൽ പ്രചാരത്തിലിരിയ്ക്കുന്നതുമായ ശാസ്താം പാട്ടുകളിൽ ഒരു നല്ല യോദ്ധാവെന്നനിലയിൽ അയ്യപ്പസ്വാമി പന്തളത്തരചനെ സേവിയ്ക്കുവാൻ ചെല്ലുന്നതായിട്ടാണ് വർണ്ണിച്ചിരിയ്ക്കുന്നത്. ബാല്യകാലം പന്തളം കൊട്ടാരത്തിൽ കഴിച്ചതായി ഒരു പാട്ടിലും പറയുന്നില്ല.ശൂർപ്പകൻ കവി, പാണ്ടിശ്ശേവം, പന്തളശ്ശേവം, എളവർശ്ശേവം,പുലിപ്പാൽ ശ്ശേവം, ,ഈഴശ്ശേവം, വാവരങ്കംതുടങ്ങിയ പല പ്രസിദ്ധമായ പാട്ടുകളിലും പാലാഴിമഥനത്തിന്റ്റെ കഥയോ പന്തളത്ത് ശിശുവായിജീവിച്ചതോ പരാമർശിയ്ക്കുന്നില്ല.ശൂർപ്പകൻ കവി എന്നപ്രാചീനമായ പാട്ടിൽ “ അൻപോലെ മോഹിനിപെറ്റു വളർത്ത പൊന്മകനാരായ” ശാസ്താവ് കൈലാസത്തിൽ താമസിയ്ക്കുമ്പോൾ ഒരുദിവസം ശിവനോട് “ പരിചിനൊടൊരുപതിനാറ് വയസ്സായ് വിരവിനൊടൊരു ശേവം ചെയ്യണം ആരെ ച്ചെന്നു സേവിയ്ക്ക വേണ്ടു..’‘ എന്നു ചോദിച്ചതിന് “ ഒരു രാജാവിനെ സേവിയ്ക്ക വേണ്ടുകിൽ പാണ്ടിരാജാവേ സേവിയ്ക്കവേണം” എന്ന് പരമശിവൻ മറുപടികൊടുക്കുകയും അങ്ങിനെ അയ്യപ്പ സ്വാമി പരിവാര സമേതം പന്തളത്തെഴുന്നള്ളി രാജാവിനെക്കണ്ട് ശേവുകമാരംഭിയ്ക്കുകയും ചെയ്തത്രെ.
ഇങ്ങിനെ അയ്യപ്പസ്വാമിയെ പമ്പാതീരത്ത് നിന്ന് പന്തളം രാജാവിന് ലഭിച്ചു എന്നു പറയുന്ന പുരാണത്തെ തള്ളിക്കളയുന്ന വസ്തുതകൾ പലതും സൂചിപ്പിയ്ക്കുന്നത് തന്റെ തായ്‌വഴിയായ പാണ്ഡ്യദേശത്ത് നിന്ന് ഒരു രാജകുമാരനെ പന്തളത്തരചൻ രാജ്യരക്ഷയ്ക്കായി ദത്തെടുത്തു എന്ന ചരിത്രത്തിന് നീതീകരണമുണ്ട് എന്നു തന്നെയാണ്.

പാണ്ഡ്യദേശീയനാണ് അയ്യപ്പസ്വാമി എന്നതിനുള്ള മറ്റൊരു ശക്തമായ തെളിവ് കൂടിയുണ്ട്. [തുടരും]