2014, ജനുവരി 17, വെള്ളിയാഴ്‌ച

ശ്രീ അയ്യപ്പചരിതം[38]
-------------------------- ഡി. അശ്വനീ ദേവ്
മാലയിടുന്നതും മറ്റാചാരങ്ങളും
---------------------------------

അയ്യപ്പഭക്തൻ കഴുത്തിലണിയുന്ന മാല ഒരു സാധനോപകരണമാണെന്ന് വ്യക്തമാവുമ്പോൾ തന്നെ തന്റെ ഇഷ്ടദേവനായ അയ്യപ്പസ്വാമിയുടെ രൂപമുള്ള ഒരു മണിമാല ഹൃദയത്തോട് ചേർന്ന്കിടക്കുമ്പോൾ അതണിയുന്ന ആളിന്റെയും കാണുന്ന ആളിന്റേയും മനസ്സിലുണ്ടാവുന്ന ഭക്തിയും തൃപ്തിയും ഒരു വലിയ കാര്യം തന്നെയാണ് .അയ്യപ്പ മുദ്രയുള്ള ഈ മാല കഴുത്തിലണിഞ്ഞുകൊണ്ട് വ്രതഭംഗം ഉണ്ടാകാവുന്ന കാര്യങ്ങൾ ഒന്നും ചെയ്തുകൂടാ എന്ന ഓർമ്മപ്പെടുത്തലും ഈ മാലധാരണം കൊണ്ട് ഉണ്ടാവുന്നുണ്ട്. എന്നിരിയ്ക്കിലും ഈ മാലയുടെ യഥാർത്ഥ ഉപയോഗം ജപ സാധന തന്നെയാണ് .
ശബരിമല ദർശനം കഴിഞ്ഞുവരുന്ന മിയ്ക്കവാറും എല്ല സ്വാമിമാരും ഈ മാല ഏതെങ്കിലും ക്ഷേത്രത്തിൽ ഉപേക്ഷിയ്ക്കുകയാണ് ചെയ്യുന്നത് . ഇത് ഒരിയ്ക്കലും ഉചിതമായ ഒരു കാര്യമല്ല തന്നെ. കാരണം ശബരിമല തീർത്ഥാടന കാലം മുഴുവൻ നാം ചെയ്ത മുഴുവൻ പുണ്യകർമ്മങ്ങളിലും ഭാഗഭാക്കാവുകയും നമ്മോടൊപ്പം പമ്പയടക്കമുള്ള പല തീർത്ഥഘട്ടങ്ങളിലും അവഭൃത സ്നാനമാടുകയുംശബരിമലയിലേ കോടാനുകോടി ശരണമന്ത്രങ്ങളുടെ ശബ്ദ തരംഗങ്ങൾ ഏറ്റുവാങ്ങുകയും ഒടുവിൽ ശബരീശദർശനത്തിന് പാത്രമാവുകയും ചെയ്തത് വഴി വളരെയധികം പോസിറ്റീവ് എനെർജി സംഭരിയ്ക്കപ്പെട്ട ആ മാല ഒരിയ്ക്കലും ഉപേക്ഷിയ്ക്കാൻ പാടുള്ളതല്ല . ഒരു വലിയ ആത്മീയ പ്രക്രിയയുടെ സങ്കല്പ ശക്തിയിലൂടെ കടന്നുപോയത് വഴി ചൈതന്യ പ്രസരണമുള്ളതായി മാറിയ ആ മാല, സ്വാമിഭക്തൻ തന്റെ വീട്ടിലെ പൂജാ മുറിയിൽ പവിത്രമായി സൂക്ഷിച്ചു വയ്ക്കുകയും അടുത്ത പ്രാവശ്യത്തെ ശബരിമല തീർഥാടനത്തിനോ നിത്യ ജപത്തിനോ ഉപയോഗിയ്ക്കുകയുമാണ് ചെയ്യേണ്ടത്.

ഇതു പോലെ പ്രധാനപ്പെട്ടതും തത്ത്വാത്മകവുമാണ് ശബരിമലതീർഥാടകന്റെ ഭസ്മധാരണം . ഭസ്മം എന്നത് ഒരു പ്രതീകമാണ് . മുക്തിയും ഭസ്മവും തമ്മിൽ ,പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. ഇക്കാണായ മഹാപ്രപഞ്ച്ചത്തിന്റെ യഥാർത്ഥസ്വരൂപത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനം സാധകന് പകർന്ന് നൽകുന്ന ഒരു വസ്തു മാത്രമാണ് ഭസ്മം. എന്താണ് നമുക്ക് ചുറ്റും കാണുന്ന ഈ വലിയ ലോകത്തിന്റെ സത്യത്തിലുള്ള സ്വരൂപം.? ഈ മഹാ പ്രപഞ്ചം ശുദ്ധമായ ഊർജ്ജകണികകളുടെ വ്യത്യസ്ഥ കൂടിച്ചേരലുകളിലൂടെ രൂപപ്പെട്ട വസ്തുക്കൾ കൊണ്ട് നിർമ്മിതമായവയാണ് എന്ന വേദാന്ത സത്യം ഇന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിരിയ്ക്കുന്നു. വസ്തുനിഷ്ട യാഥാർത്ഥ്യമാണ് ഈ ലോകം എന്നും ആദിയിൽ ശൂന്യമായിരുന്ന മഹാകാശത്തിൽ [സ്പേയ്സ്] നിന്നും ഒരിച്ഛയുടെ ഫലമായി ഊർജ്ജത്തിന്റെ പരമകണങ്ങൾ [വാക്വം എനെർജി] വ്യത്യസ്ഥ ബലങ്ങളോട് കൂടി സംയോജിച്ച് വിവിധ വസ്തുക്കൾ രൂപപ്പെട്ടുവെന്നും അവ കാലത്തിന്റെ അനന്തപരിധി അവസാനിയ്ക്കുമ്പോൾ മറ്റൊരിച്ഛാനിയമമനുസരിച്ചുകൊണ്ട് വീണ്ടും വിഘടിയ്ക്കപ്പെട്ട് സൂക്ഷ്മകണങ്ങളായി മാറുമെന്നുമാണ് ഏറ്റവും പുതിയ ക്വാണ്ടം ഫിസിക്സിന്റെ കണ്ടെത്തൽ. എന്നാൽ എത്രയോ യുഗങ്ങൾക്ക് മുന്നേതന്നെ ഭാരതീയ യോഗിവര്യന്മാർ ഈ പ്രപഞ്ചസത്യത്തെ പ്രഖ്യാപിച്ചിരുന്നു. ‘ സർവ്വം ഖല്വിദം ബ്രഹ്മ’ ( എല്ലാം ബ്രഹ്മമെന്ന ഒറ്റ ശക്തിയിൽ നിന്ന് ജനിച്ചു) ‘തത്ത്വമസി‘ (അത് എന്ന് വേറിട്ട് കാണുന്നതിലും നിന്റെയുള്ളിലും കുടികൊള്ളുന്നത് ഒരേ ചൈതന്യം തന്നെ) ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി‘ ( പഠിച്ചവർ പലതെന്ന് പറയുന്നതെല്ലാം ഒരേ സത്യവസ്തു തന്നെ )തുടങ്ങിയ വേദാന്ത മഹാവാക്യങ്ങളെല്ലാം ഈ ശാസ്ത്ര സത്യമാണ് വിളിച്ചു പറഞ്ഞത് .മാറ്റമില്ലാത്തതും അടിസ്ഥാന സത്യവുമായ ഈ പരമകണങ്ങളുടെ പ്രതീകമാണു ഭസ്മം. ഈ സത്യബോധം ഒരു സാധകനിൽ നിരന്തരമായി ഉണ്ടാകുന്നതിന് വേണ്ടിയാണ് “നമ:ശിവായ“ എന്ന പഞ്ചാക്ഷരി ജപിച്ചുകൊണ്ട് നിത്യം ഭസ്മധാരണം നടത്തണം എന്ന് മഹർഷീശ്വരന്മാർ വിധിച്ചത് . പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തിന്റെ തത്ത്വമാണ് പഞ്ചാക്ഷരിയായ “ നമ:ശിവായ “ എന്ന മന്ത്രം.

പ്രപഞ്ചത്തിലെ ഏത് വസ്തുവും ഏത് നിമിഷവും വേർപിരിഞ്ഞ് പോകാവുന്ന അവസ്ഥയിലാണുള്ളത് എന്നതാണു മാറ്റമില്ലാത്ത പ്രപഞ്ചനിയമം. ഈ അനിത്യവസ്തുക്കൾ തരുന്ന താൽക്കാലിക സുഖങ്ങൾക്ക് വേണ്ടിയുള്ള ഭ്രാന്തമായ പ്രയാണം അർത്ഥശൂന്യമാണ് എന്നും അതിനെ ത്യജിയ്ക്കുകയുംസത്യ വസ്തുവിനെ സാക്ഷാ‍ത്ക്കരിച്ചുകൊണ്ട് നിത്യാനന്ദത്തിൽ ജീവിയ്ക്കുകയുമാണ് ഒരു സാധകൻ ചെയ്യേണ്ടത് എന്നുമാണ് ഭസ്മധാരണത്തിലൂടെ ഒരു സാധകനിലേയ്ക്ക് പകരപ്പെടുന്ന സന്ദേശം. അയ്യപ്പ സാധന തികച്ചും വേദാന്ത ദർശനത്തിലധിഷ്ടിതമാണ് എന്നതിനാൽ ഒരോ അയ്യപ്പ ഭക്തനും ഈ സങ്കൽ‌പ്പശക്തിയോട് കൂടി നിത്യവും ഭസ്മം ധരിച്ച് വേണം വ്രതകാലത്ത് സാധനകൾ അനുഷ്ടിയ്ക്കുവാൻ എന്നാ‍ണ് അയ്യപ്പധർമ്മം അനുശാസിയ്ക്കുന്നത്.[തുടരും]
പൂർവ്വഭാഗങ്ങൾ എഴുത്തോല [aswanidev2 blogspot .com] എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്.

2014, ജനുവരി 15, ബുധനാഴ്‌ച

ശ്രീ അയ്യപ്പ ചരിതം[37]
-------------------------- ഡി. അശ്വിനീ ദേവ്
മണ്ഡല വൃതത്തിന്റെ ആചരണപദ്ധതി
--------------------------------------------
ഒരു സ്വാമി ഭക്തൻ എന്തിനാണ് മാല ധരിയ്ക്കുന്നത്? ജപസാധനയ്ക്ക് മാല വളരെ പ്രയോജനകരമാണ് എന്നതു കൊണ്ടാണ് ഒരു വൃതധാരി മാല അണിയണമെന്ന് പറയുന്നത് . ശബരിമലയ്ക്ക് പോകുന്ന ഒരു സ്വാമിഭക്തൻ അനിവാര്യമായും ചില അനുഷ്ഠാനങ്ങൾ ശീലിയ്ക്കേണ്ടതുണ്ട് . ആരുടെയെങ്കിലും കയ്യിൽ നിന്ന് ഒരു മാല തന്റെ കഴുത്തിൽ വീഴിച്ചുകൊണ്ട് ഇരുമുടിക്കെട്ടുമെടുത്ത് നേരേ ശബരിമലയ്ക്ക് വച്ചുപിടിയ്ക്കുന്നതല്ല ശബരിമല തീർത്ഥാടനം . അങ്ങിനെ ചെയ്യുന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന് മാത്രമല്ല വൃതനിയമങ്ങൾക്ക് എതിരായത് കൊണ്ട് ദോഷ ഫലം ഉണ്ടാക്കുകയും ചെയ്യും.
ഒരു വൃതധാരി അത്യാവശ്യമായും അനുഷ്ഠിയ്ക്കേണ്ട ഒരു സാധനയാണ് ഇഷ്ട മന്ത്രത്തിന്റെ ജപം. ഗുരു ഉപദേശിച്ച് തന്നതോ അല്ലാത്തതോ ആയ മന്ത്രം നിത്യേന രാവിലെ സ്നാനാനന്തരം പൂജാസ്ഥാനത്തിരുന്ന് കുറഞ്ഞത് നൂറ്റിയെട്ട് പ്രാവശ്യമെങ്കിലും ഉരുവിടേണ്ടതാണ് . ആയിരത്തെട്ട് ഉരു ജപിച്ചാൽ വളരെ വിശേഷഫലം ലഭിയ്ക്കും. ജപിയ്ക്കുന്ന സംഖ്യകൂടിവരുന്നതിനേക്കുറിച്ചുള്ള ബോധം ആത്മ വിശ്വാസം വർദ്ധിപ്പിയ്ക്കും എന്നതിനാൽ അതിന്റെ എണ്ണം മനസ്സിലാക്കാനാണ് മാല ഉപയോഗിയ്ക്കുന്നത് . അല്ലാതെ മാലയും ഭക്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല. മാലയുടെ മണികൾ നൂറ്റിയെട്ട് ആയിരിയ്ക്കുമ്പോഴാണ് അത് ജപമാലയാവുന്നത് . മാലയുടെ നീളക്കൂടുതൽ അസൌകര്യമാണെങ്കിൽ അൻപത്തിനാല് മണിയായിട്ടുംകെട്ടാവുന്നതാണ്. അപ്പോൾ മാല രണ്ടു പ്രാവശ്യം മുന്നോട്ടും പിന്നോട്ടും ജപിച്ചു കഴിയുമ്പോൾ നൂറ്റിയെട്ടാവുമല്ലോ. മാലയുടെ മണികളുടെ സംഖ്യാപരിധി അറിയാനായി ഒരു നായകമണി കെട്ടാറുണ്ട് . അതാണ് പിന്നീട് ലോക്കറ്റായി പരിണമിച്ചത് . സാധാരണയായി രുദ്രാക്ഷമാലയാണ് ജപമാലയായി ഉപയോഗിയ്ക്കുന്നത് . കാരണം ജപ വിഷയത്തിലുള്ള ശ്രദ്ധക്കൂടുതൽ കാരണം ജപമാലയിലെ മണികൾ തിരിയ്ക്കുന്നതിന്റെ ക്രമം വിട്ടുപോവുകയും മണികൾ വിരലിന്റെ ഇടയിലൂടെ ഓടിവഴുതിപ്പോവുകയും ചെയ്തേക്കാം. അപ്പോൾ എണ്ണം തെറ്റിയോ എന്ന സന്ദേഹവും തൽഫലമായി ജപവിഷയത്തിൽ നിന്നുള്ള വ്യതിചലനവും ഉണ്ടാകും. രുദ്രാക്ഷമാലയിൽ മുള്ളുകളുള്ളതു കൊണ്ട് ഓരോ മണിയുംവിരലുകളിൽ നന്നായി ഉരസി അതിന്റെ ഗമനമറിയിച്ചുകൊണ്ടേ നീങ്ങുകയുള്ളു . അപ്പോൾ ജപസംഖ്യയേക്കുറിച്ച് നല്ല ധാരണയുണ്ടാവുകയും ജപമണിയുടെ കണക്ക് തെറ്റിയോ വേണ്ടത്ര സംഖ്യ ജപിച്ചില്ലയോ എന്നൊക്കെയുള്ള ആശങ്കകൾ അകന്ന് സാധക മനസ്സ് ശാന്തമാവുകയും ചെയ്യും.
തുളസിമാലയും ചിലർ ഈ ആവശ്യത്തിനായി ഉപയോഗിയ്ക്കാറുണ്ട് .രുദ്രാക്ഷത്തിനും തുളസിയ്ക്കുമുള്ള പ്രത്യേകത ഇവ രണ്ടും അത്യന്ത ഔഷധവീര്യം നിറഞ്ഞതാണ് എന്നതത്രേ. ഇവയുടെ സ്പർശനത്താൽ തന്നെ ഔഷധവ്യാപനം നടക്കുമെന്നതിനാൽ കൂടിയാണ് ഇവ ജപമാലയായി ഉപയോഗിയ്ക്കുന്ന പതിവ് ആരംഭിച്ചത് . ജപത്തിനു ശേഷം മാല മറ്റെവിടെയെങ്കിലും സൂക്ഷിച്ച് വയ്ക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടും ഇത് ശരീരത്തിൽ തൊട്ടു കിടക്കുന്നത് നല്ലതായത് കൊണ്ടും എപ്പോഴുമെടുക്കുവാനുള്ള സൌകര്യത്തിനു വേണ്ടിയുമാണ് ജപമാല കഴുത്തിൽ ചുറ്റിയിടുന്ന പതിവ് യോഗികൾ ആരംഭിച്ചത് . ഒരു സാധകന് മാലയേക്കൊണ്ടുള്ള ഉപയോഗം ഇതാണ് എന്നിരിയ്ക്കേ ഇതൊന്നുംചെയ്യാതെ അലങ്കാരമാലകൾ വാങ്ങി കഴുത്തിലണിയുന്നത് കൊണ്ട് വിശേഷിച്ച് യാതൊരു പ്രയോജനവും ഇല്ല തന്നെ. എന്നാൽ ഭക്തിയുടെ ആധിക്യം കൊണ്ട് നിരവധി മാലകൾ കഴുത്തിലണിയുന്നത് ഒരു ഭക്തന് ആത്മ സംതൃപ്തി പ്രദാനം ചെയ്യുന്നുണ്ടെങ്കിൽ അതിനെ നിഷേധിയ്ക്കതിരിയ്ക്കുകയാണ് നല്ലത് .മനസ്സിന്റെ തൃപ്തിയാണ് ഇവിടെ പ്രധാനം.
ഒരു പക്ഷേ പൂണൂലിന്റെ ഉദ്ഭവവും ഇത്തരത്തിലൊരു സാഹചര്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതായിരിയ്ക്കാനാണ് സാധ്യത . വേദപഠനത്തിന്റെ കടന്നിരിയ്ക്കലുകൾ [ഘട്ടങ്ങൾ] പിന്നിട്ട വൈദിക വിദ്യാർത്ഥിയേ സഹപാഠികളിൽ നിന്ന് തിരിച്ചറിയുന്നതിന് വേണ്ടി ഏതോ ഒരു ഗുരു ഒരിയ്ക്കൽ തന്റെ ഗുരുകുലത്തിലെ മുതിർന്ന വിദ്യാർത്ഥികൾക്കണിയിച്ചുകൊടുത്ത നൂലിഴക്കൂട്ടമാവണം ആദ്യത്തെ പൂണൂൽ. അല്ലാതെ വേദോപനിഷത്തുക്കളിലെവിടെയും ആത്മവിദ്യയും പൂണുലുമായി ബന്ധിപ്പിയ്ക്കുന്ന ഒരു ഭാഗവും ആരും പറഞ്ഞുകേട്ടിട്ടില്ല. തന്നെയുമല്ല വേദകാലം യജ്ഞകാലമാണല്ലോ. യജ്ഞാദികൾക്ക് എപ്പോഴുമാവശ്യമായി വരുന്ന നൂലുകൾ ഇഴകലരാതെ എടുക്കുവാനുള്ള സൌകര്യത്തിന് അത് നീട്ടി ഉടലിന് കുറുകേ ചുറ്റിയിടുന്നതാവും സൌകര്യവും . നിത്യവും യജ്ഞാദികൾ അനുഷ്ഠിയ്ക്കുന്ന വൈദികർക്ക് ഇത് വളരെ പ്രയോജനകരമാണ് എന്ന് പറയേണ്ടതില്ലല്ലൊ.ഇതിനെ ഒരു പക്ഷേ പാരമ്പര്യ വാദികൾ എതിർത്തേയ്ക്കാം . അക്കൂട്ടർ പൂണൂലിന്റെ വേദാധിഷ്ഠിത പ്രമാണം ഉദ്ധരിയ്ക്കേണ്ടതുണ്ട്. ഒരു കാര്യം ഉറപ്പാണ്. കാലത്തിന്റേയും ദേശത്തിന്റേയും ആവശ്യകതകളിൽ നിന്നാണ് ഓരോ ആചാരവും ഉണ്ടായി വന്നത് എന്നത് ആർക്കും നിഷേധിയ്ക്കാനാവില്ല. യജ്ഞാദികൾ അനുഷ്ഠിയ്ക്കുന്ന വൈദികർക്ക് കാലക്രമത്തിൽ സമൂഹത്തിൽ വലിയ സ്ഥാനം കൈവന്നപ്പോൾ അവരുടെ ശരീരത്തിൽ എപ്പോഴും ചുറ്റിക്കിടന്ന പൂണൂല് ഒരു മഹത്ത്വാടയാളമായി മാറുകയും അവരത് ബോധപൂർവ്വം പ്രദർശിപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുവാനാണ് സാധ്യത . [തുടരും]

[പൂർവ്വഭാഗങ്ങൾ എഴുത്തോല [aswanidev2 blogspot.com] എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്.]

2014, ജനുവരി 14, ചൊവ്വാഴ്ച

മകര വിളക്ക് വ്യാജമാണോ...?
----------------------------------ഡി. അശ്വിനീ ദേവ് .
ഇന്ന് ചരിത്രപ്രസിദ്ധമായ മകരവിളക്ക് .
പൊന്നമ്പലമേട്ടിൽ തെളിയുന്ന തെളിയുന്ന മകരവിളക്ക് വ്യാജമാണെന്നും ഭക്തരെ പറ്റിയ്ക്കാനുള്ള തട്ടിപ്പാണെന്നുമൊക്കെ പറഞ്ഞ് കോളിളക്കമുണ്ടാക്കിയ യുക്തിവാദികളും നിരീശ്വര വാദികളുമൊക്കെ എവിടെയോ പോയ് മറഞ്ഞു.
ഒരോ വർഷവും മകരജ്യോതി ദർശിയ്ക്കാനെത്തുന്ന ഭക്തരുടെ സംഖ്യ വർദ്ധിയ്ക്കുന്നു.
സത്യത്തിൽ എന്താണ് മകരവിളക്ക് ?
പൊന്നമ്പലമേട് എന്ന് ചരിത്രാതീതകാലം മുതൽ തന്നെ പറയപ്പെടുന്നതും ശബരിമലയിൽ നിന്ന് നോക്കിയാൽ കാണാവുന്നതുമായ ഒരു ഉയർന്നമലയുടെ മുകൾപ്പരപ്പിൽ മകരം ഒന്നാം തീയതി സന്ധ്യാസമയത്ത് പ്രത്യക്ഷപ്പെട്ട് മറയുന്ന ഒരഗ്നിജ്ജ്വാലയാണ് മകരവിളക്ക് . ഇതു മനുഷ്യർ കൊളുത്തുന്നതാണ് എന്നും ദിവ്യമല്ല എന്നും പറഞ്ഞായിരുന്നു നിരീശ്വരവാദികളുടെ കോലാഹലം.ഈ അഗ്നി മനുഷ്യർ കൊളുത്തുന്നതല്ല എന്നാരും ഒരു കാലവും പറഞ്ഞിട്ടില്ല എന്നതാണ് സത്യം.
കേരളത്തിന്റെ പഴയകാല ചരിത്രം മലമടക്കുകളിൽ ജീവിച്ചിരുന്ന മനുഷ്യരുടെ ചരിത്രമാണ്. പിന്നീടാണ് കാടുകളെല്ലാം വെട്ടിത്തെളിയ്ക്കപ്പെട്ട് നാടുകളുണ്ടായത് . മലകളിൽ താമസിച്ചിരുന്ന ഒരുവലിയ വിഭാഗം ജനതയുടെ ദ്രാവിഢ സംസ്കാരവും നദീതീരങ്ങളിൽ താമസിച്ചിരുന്നവരുടെ ആര്യൻ സംസ്കാരവും ഇടചേർന്നുണ്ടായ ഒരു നാഗരീകതയാണ് നമ്മുടേത് .
സൂര്യൻ ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിലേയ്ക്ക് മാറി ഭ്രമണം ചെയ്യാൻ തുടങ്ങുന്ന മകരം ഒന്നാം തീയതിയ്ക്ക് എല്ലാവിഭാഗം ജനങ്ങളും എല്ലാകാലവും വലിയ പ്രാധാന്യം കൊടുത്തിരുന്നു. ആ ദിവസം സന്ധ്യാ സമയത്ത് പൊന്നമ്പലമേട്ടിന്റെ പരിസരത്തുള്ള യോഗികളും കാനന വാസികളും ഒത്തു ചേർന്ന് പൊന്നമ്പലമേട്ടിൽ നടത്തുന്ന ആഴിപൂജയുടെ ദൃശ്യങ്ങളാണ് പണ്ടുമുതലേ ശബരിമല സന്നിധാനത്ത് നിന്ന് ദർശിയ്ക്കുവാൻ സാധിച്ചിരുന്ന മകരവിളക്ക്.
ഇത് മനുഷ്യർ കൊളുത്തുന്നതാണെന്നും ദൈവീകമല്ല എന്നും പറഞ്ഞ് അയ്യപ്പ വിശ്വാസികളെ ആക്ഷേപിയ്ക്കുന്നവർക്ക് അതെ സമയത്ത് തന്നെ ആകാശത്ത് കൃത്യമായി പ്രത്യക്ഷപ്പെടുന്ന മകര നക്ഷത്രത്തെക്കുറിച്ച് എന്തു പറയാനുണ്ട്? .പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന സമയത്തും എരുമേലിയിൽ അമ്പലപ്പുഴ സംഘത്തിന്റെ പേട്ട ആരംഭിയ്ക്കുന്ന സമയത്തും കൃത്യമായി പ്രത്യക്ഷപ്പെട്ട് താണ് പറക്കുകയും പിന്തുടർന്ന് ശരംകുത്തിയിലെത്തി അപ്രത്യക്ഷമാവുകയും ചെയ്യുന്ന കൃഷ്ണപ്പരുന്തിനേക്കുറിച്ചെന്ത് പറയാനുണ്ട് ?. തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്ന സമയത്തും എരുമേലിയിൽ അമ്പലപ്പുഴ ആലങ്ങാട് സംഘക്കാർ പേട്ട കെട്ടുന്ന സമയത്തും നട്ടുച്ചയ്ക്ക് ആകാശത്ത് മിന്നിത്തെളിയുന്ന ദിവ്യ നക്ഷത്രത്തെക്കുറിച്ചെന്ത് പറയാനുണ്ട്.?
ശബരിമലയിലെത്തുന്ന കോടിക്കണക്കായ ഭക്തജനങ്ങൾക്കാവശ്യമായ പരമപരിശുദ്ധവും ഔഷധ ഗുണമുള്ളതുമായ വെള്ളമത്രയും ഏത് വരൾച്ചയിലും വറ്റാതെ പകർന്ന് കൊടുക്കുന്ന കുന്നാറിനേക്കുറിച്ചെന്ത് പറയാനുണ്ട്?. ശബരിമലയിൽ നിന്നും ആയിരമടി ഉയരമുള്ള കുന്നിൽ നിന്നുമാരംഭിയ്ക്കുന്ന ആ ശുദ്ധജല പ്രവാഹത്തെ തികച്ചും പ്രകൃതിദത്തമായ ചാലുകളിലൂടെയാണ് അയ്യപ്പസ്വാമി ഒഴുക്കി കൊണ്ട് വന്ന് സന്നിധാനത്തിന് പത്ത് കിലോമീറ്റർ മാത്രം അകലെ എത്തിച്ചിരിയ്ക്കുന്നത് .ഏത് വാട്ടർ സപ്ലൈ ഡിപാർട്ട്മെന്റ് വിദഗ് ധർ വിചാരിച്ചാലും സാധിയ്ക്കാത്ത ഈ അദ്ഭുതം ഒന്നു മാത്രം മതി അയ്യപ്പസ്വാമിയുടെ മഹത്വം മനസ്സിലാക്കുവാൻ.

2014, ജനുവരി 9, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [36]
--------------------------- ഡി. അശ്വിനീ ദേവ്
ആചാരത്തിന്റെ അന്തർധാരകൾ
-------------------------------------
ഇതര ക്ഷേത്രങ്ങളിൽ നിന്ന് ശബരിമലയെ വ്യത്യസ്ഥമാക്കുന്നത് അതിന്റെ ആചാരപരമായ സവിശേഷതകളാണ് .മറ്റ് ക്ഷേത്രങ്ങളിലേക്ക് പോകുന്നത്പോലെ എപ്പോൾ വേണമെങ്കിലും ഓടിക്കയറിച്ചെന്ന് തൊഴാൻ സാധിയ്ക്കുന്ന ഒരു ക്ഷേത്രമല്ല ശബരിമല. ഒരു ക്ഷേത്രമെന്നതിലുപരി ആത്മീയ യോഗസാധനയുടെ പരിശീലനകേന്ദ്രമാണ് ശബരിമല. തീർത്ഥാടകർക്ക് വേണ്ടി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള ഓരോ ആചാരവും യോഗാത്മക മാർഗ്ഗത്തിലൂടെ ഒരു ഭക്തനെ കൈ പിടിച്ച് മുന്നോട്ട് നടത്തി അദ്വൈതവേദാന്തത്തിന്റെ അനുഭൂതി മണ്ഡലത്തിലേക്ക് ആനയിയ്ക്കുന്നതിന് വേണ്ടി രൂപകൽ‌പ്പന ചെയ്തിട്ടുള്ളതാണ് . ഈ സാധനമാർഗ്ഗത്തിലൂടെ പദമിടറാതെ മുന്നോ‍ട്ട് പോകുന്ന ഒരു സാധകഭക്തൻ ഒടുവിൽ എത്തിച്ചേരുന്ന സന്നിധാനമാണ് തത്ത്വമസി. അതുകൊണ്ടാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യസൂചകമായ ആ മഹാവാക്യം ശ്രീകോവിലിന്റെ മുന്നിൽ ആലേഖനം ചെയ്തിരിയ്ക്കുന്നത് .എല്ലാം ബ്രഹ്മമായി കാണാൻ കഴിയുക എന്നതിന്റെ ജനകീയവൽക്കൃത ഭാവമാണ് എല്ലാമെല്ലാം അയ്യപ്പൻ എന്നത്. ലൌകീക ജീവിതത്തിന്റെ നിരർത്ഥകതയും എങ്ങിനെ ജീവിച്ചാലാണ് ഈ ജീവിതത്തെ ഒരാനന്ദാനുഭവമാക്കി മാറ്റാൻ കഴിയുന്നത് എന്നുള്ള രഹസ്യവും ഒരു യഥാർത്ഥ സാധകന് മാത്രമാണ് മനസ്സിലാക്കുവാൻ സാധിയ്ക്കുന്നത് .

ലൌകീക ജീവിതത്തിലെ മനുഷ്യന്റെ പരമമായ ലക്ഷ്യം സുഖമനുഭവിയ്ക്കുക എന്നതാണ്.ആനന്ദകരമായ ഒരു ജീവിതാവസ്ഥയ്ക്കാ‍ണ് നാം സുഖമെന്ന് പറയുന്നത്. അതിനു വേണ്ടിയാണ് മനുഷ്യർ ജോലി ചെയ്യുന്നതും വിവാഹം കഴിയ്ക്കുന്നതും ധനം സമ്പാദിയ്ക്കുന്നതുമെല്ലാം .വളരെയധികം പണമുണ്ടായാൽ അതുപയോഗിച്ച് സുഖദായകമായ വസ്തുക്കൾ വാങ്ങി ആനന്ദത്തോടെ ജീവിയ്ക്കാമെന്ന് മനുഷ്യർ വിചാരിയ്ക്കുന്നു. എന്നാൽ ലൌകീക തലത്തിലെ ഇന്ദ്രിയ സുഖങ്ങൾക്ക് നൽകാൻ കഴിയുന്ന ആനന്ദത്തിന് നീർക്കുമിളയുടെ ആയുസ്സേയുള്ളൂ എന്ന് നമുക്കറിയാം . എന്നാലും മനുഷ്യർ അടുത്തസുഖാനുഭവത്തിന് വേണ്ടി വീണ്ടും പരിശ്രമമാരംഭിയ്ക്കും. മനുഷ്യശിശു ഗർഭാവസ്ഥയിൽ ഒരതീന്ദ്രിയധ്യാനവസ്ഥയിലാണ് കഴിയുന്നത് . ആ സമയത്ത് ശിശു അനുഭവിച്ച ബ്രഹ്മാനന്ദാനുഭൂതിയുടെ സ്മരണയാണ് പിന്നീട് അതേ സുഖത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലായി മാറുന്നത്. പക്ഷെ മുജ്ജന്മകർമ്മാ‍ർജ്ജിത വിധിനിയമങ്ങൾ തീരുമാനിയ്ക്കുന്ന വഴിയിലൂടെ ഇന്ദ്രിയങ്ങൾ മനുഷ്യനെ വലിച്ചു കൊണ്ട് ഓടിപ്പോകും . അതാണ് മനുഷ്യ ജീവിതത്തിന്റെ ഈ തിരക്കിന് കാരണം . ആരോട് ചോദിച്ചാലും ആർക്കുമൊന്നിനും സമയമില്ല . എല്ലാവർക്കും ഭയങ്കരതിരക്കാണ് .കർമ്മപാശങ്ങൾ കൊണ്ട് കൂട്ടിക്കെട്ടിയ അഞ്ചിന്ദ്രിയങ്ങളാകുന്ന കുതിരകൾ സത്യവസ്തുവിൽ നിന്നും അവനെ വലിച്ചുകൊണ്ടോടുന്നതാണ് അവന്റെ തിരക്കിന് കാരണം എന്ന് മൂഢനായ മനുഷ്യന് മനസ്സിലാകുന്നില്ല. വെറും നൈമിഷികമായ ഇന്ദ്രിയ സുഖത്തിന് വേണ്ടിയാണ് മനുഷ്യൻ തിരക്ക്പിടിച്ച് പകലന്തിയോളം പണിയെടുക്കുന്നത് എന്ന സത്യമാണ് , പകൽ മുഴുവൻ മലമുകളിലേയ്ക്ക് പാറ ഉരുട്ടിക്കയറ്റിയിട്ട് സന്ധ്യയാകുമ്പോൾ അതു താഴേക്ക് തള്ളിയിട്ട് ഉരുണ്ട് പോകുന്നത് കണ്ട് കൈകൊട്ടിച്ചിരിയ്ക്കുന്ന നാറാണത്ത് ഭ്രാന്തന്റെ കഥയിൽ ഒളിപ്പിച്ചു വച്ചിരിയ്ക്കുന്നത് .

എന്നാൽ ഈ പരിതാപകരമായ കുടുക്കിൽ നിന്നും മനുഷ്യന് മോചിതനാകുവാനും ലൌകീകതയിൽ ജീവിച്ചുകൊണ്ട് തന്നെ ഈ ജീവിതത്തെ ഒരാനന്ദാനുഭവമാക്കാനും സാധിയ്ക്കും . അതിന് വേണ്ടിയുള്ള യോഗബലം ഒരുവനുണ്ടാക്കിക്കൊടുക്കുവാനുദ്ദേശിച്ചു ആവിഷ്കരിയ്ക്കപ്പെട്ടവയാണ് ശബരിമലയിലെ വ്രതങ്ങളും ആചാരങ്ങളും.

ശബരിമല ദർശനത്തിനൊരുങ്ങുന്ന ഒരു സ്വാമി ഭക്തൻ ആദ്യമായി ചെയ്യുന്നത് ഒരു ഗുരുസ്വാമിയ്ക്ക് ദക്ഷിണനൽകി മുദ്രമാല ധരിയ്ക്കുക എന്നതാണ് . അയ്യപ്പസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത പതക്കത്തിനാണ് മുദ്ര എന്ന് പറയുന്നത് .എന്നാൽ, ഈ മാലയും വൃതവുമായി എന്താണ് ബന്ധം?. ഒരാൾ ശബരിമല ദർശനത്തിനുള്ള വ്രതമാരംഭിച്ചു എന്നതിന്റെ അടയാളമാണോ മാല? ഈ മാല പിന്നീടെപ്പോഴെങ്കിലും ഉപയോഗപ്പെടുന്നുണ്ടോ ? അതോ ഭസ്മധാരണം പോലെ ഒരു ചടങ്ങ് മാത്രമാണോ ഇത്? തുടങ്ങിയ സംശയങ്ങൾ സ്വാഭാവികമായും ഉണ്ടാകാവുന്നതാണ് . യോഗസാധനയിൽ മാലയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല . പക്ഷേ ജപയോഗത്തിന് മാല വളരെ പ്രയോജനപ്പെടുന്നുണ്ട് . സാധാരണ യോഗസാധകരെക്കാണുമ്പോൾ അവരുടെ കയ്യിൽ കാണപ്പെടുന്ന പരിമിതമായ ചില വസ്തുക്കളുണ്ട് . യോഗദണ്ഡ് , ഇരിയ്ക്കുന്നതിനുള്ള ചർമ്മാസനം ,കമണ്ഡലു . രുദ്രാക്ഷമാല എന്നിവയാണവ. ഈ സാമഗ്രികൾ ജപധ്യാനയോഗങ്ങൾ നിരന്തരമായി ചെയ്യുന്ന താപസന്മാർ എപ്പോഴും ഒപ്പം കൊണ്ട് നടക്കാറുണ്ട് .ഇവയുടെ പ്രയോജനമെന്തൊക്കെയാണ് എന്ന് നോക്കാം.[തുടരും]
[പൂർവ്വഭാഗങ്ങൾ എഴുത്തോല [aswanidev2 blogspot.com] എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]

2014, ജനുവരി 2, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പചരിതം[35]
------------------------- ഡി. അശ്വിനീ ദേവ്
തീർത്ഥാടനവും ആചാരങ്ങളും
---------------------------------
ശബരിമല തീർത്ഥാടനത്തിനൊരുങ്ങുന്ന ഒരു സ്വാമി ഭക്തൻ ആചരിയ്ക്കേണ്ട പലനിഷ്ഠകളും രൂപപ്പെടുത്തിയത് സാക്ഷാൽ അയ്യപ്പസ്വാമി തന്നെയാണ് . കാരണം ആ ആചാരങ്ങളൊക്കെത്തന്നെ ഒരു ഉയർന്ന നിലവാരമുള്ള ധ്യാനയോഗി സ്വജീവിതത്തിൽ പാലിയ്ക്കേണ്ട നിഷ്ഠകളെ അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനിയ്ക്കപ്പെട്ടിട്ടുള്ളത് . അയ്യപ്പ സ്വാമിയേപോലെയുള്ള ഒരു ധ്യാനഗുരുവിന് മാത്രമേ സാധരണക്കാരായ ലൌകീക ജനങ്ങൾക്ക് തികച്ചും യോജിയ്ക്കുന്ന തരത്തിലുള്ള ഇത്തരത്തിലുള്ള ഒരു സാധനാപദ്ധതി ആവിഷ്കരിയ്ക്കാൻ സാധിയ്ക്കുകയുള്ളു. തന്നെയുമല്ല ഒരു ശക്തനായ സിദ്ധയോഗിയുടെ സങ്കൽ‌പ്പ ശക്തിയുണ്ടായാൽ മാത്രമെ ഇത്തരമാചാരങ്ങൾ കാലാതിവർത്തിയായി നിലനിൽക്കുകയുമുള്ളു. ഈ തെളിവുകൾ കൊണ്ടു തന്നെ ശബരിമല തീർത്ഥാടനത്തിന്റെ ആചാരങ്ങളുടെ സ്രോതസ്സ് നമുക്ക് നിഷ്പ്രയാസം മനസ്സിലാക്കാവുന്നതാണ്.

മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ആചാരങ്ങളാൽ നിബന്ധിതമാണ് ശബരിമല തീർത്ഥാടനം. കേവലമായ ഭക്തിയുടെ വികാരപരതയ്ക്കപ്പുറം ഒരു വ്യക്തിയിൽ യോഗാത്മക സാധനയുടെ മനോഭാവം വളർത്തിയെടുക്കുന്നതിന് വേണ്ടി ചിട്ടപ്പെടുത്തപ്പെട്ടിട്ടുള്ളതാണ് ശബരിമലയിലെ ആചാരങ്ങൾ. അതുകൊണ്ടാണ് മറ്റെവിടെയുമില്ലാത്തതുപോലെ ഗുരുസ്വാമി എന്ന സങ്കൽ‌പ്പം ഇവിടെ നിഷ്കർഷിയ്ക്കപ്പെട്ടിരിയ്ക്കുന്നത് . ഒരു ഗുരു സ്വാമിയുടെ സാന്നിധ്യമില്ലാതെ ഏത് വലിയ സ്വാമിഭക്തനായാലും ഒരുകാര്യവും ചെയ്യാൻ പാടില്ല .പതിനെട്ട് വർഷം പതിനെട്ട് പടി കയറിതൊഴുതിട്ടുള്ള ഒരു പെരിയസ്വാമിയിൽ അദ്ഭുതകരമായ ഒരു ദിവ്യത്ത്വവും ഗുരുത്ത്വവും ഉരുത്തിരിയും. അയാൾ ആർക്കും ഗുരു സ്വാമിയായി വഴികാട്ടാൻ യോഗ്യതയുള്ള ആളാവും . അത്തരമൊരു ഗുരുവിനെ മുന്നിൽ നിർത്താതെയുള്ള സ്വാമി ഭക്തി വ്യർത്ഥമാണ് എന്ന് നിഷ്കർഷിയ്ക്കാൻ കാരണം ,ആ‍ത്മീയ വളർച്ചയ്ക്ക് വലിയ വിഘ്നം വരുത്തുന്ന അഹംഭാവം സാധകനിൽ ഒരിയ്ക്കലും ഉണ്ടാവാൻ പാടില്ല എന്നതുകൊണ്ടാണ്. എല്ലാം തികഞ്ഞവനാണ് എന്ന തോന്നൽ ഒരു ഭക്തനിലുണ്ടായാൽ പിന്നെ രക്ഷയില്ല.വിനയമുള്ളിടത്തേ വിദ്യ വാഴൂ. പ്രത്യേകിച്ചും ആത്മവിദ്യ .

പതിനെട്ടു പടികളും പതിനെട്ട് വർഷവും ഒക്കെ വെറുതെ ചിട്ടപ്പെടുത്തപ്പെട്ടതല്ല .ഒരു സാധകൻ സ്വായത്തമാക്കണ്ട പതിനെട്ട് തത്ത്വബോധങ്ങളും പിന്നിടേണ്ട പതിനെട്ട് അവസ്ഥകളുമാണ് ഇവിടെ ഉദ്ദേശിയ്ക്കപ്പെട്ടിരിയ്ക്കുന്നത് . ഇങ്ങിനെയുള്ള ആത്മസംസ്കരണ പ്രക്രിയയിലൂടെ നവീകരിയ്ക്കപ്പെട്ട മനുഷ്യർ ജീവിയ്ക്കുന്ന സമൂഹവും ആ ദേശവും സ്വർഗ്ഗസമാനമായി മാറും .ഇങ്ങിനെ മനുഷ്യരാശിയേ ആകെ കൈപിടിച്ചുയർത്താൻ വേണ്ടിയുള്ള ഒരു ആത്മീയ പാതയാണ് അയ്യപ്പസ്വാമി എന്ന യോഗമൂർത്തി ആവിഷ്കരിച്ചിട്ടുള്ളത് . ഇനി മാല ധരിയ്ക്കുന്നതു മുതലുള്ള ചടങ്ങുകളുടെ പിന്നിലുള്ള രഹസ്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിയ്ക്കാം.[തുടരും]