ശ്രീ അയ്യപ്പ ചരിതം [36]
--------------------------- ഡി. അശ്വിനീ ദേവ്
ആചാരത്തിന്റെ അന്തർധാരകൾ
-------------------------------------
ഇതര ക്ഷേത്രങ്ങളിൽ നിന്ന് ശബരിമലയെ വ്യത്യസ്ഥമാക്കുന്നത് അതിന്റെ
ആചാരപരമായ സവിശേഷതകളാണ് .മറ്റ് ക്ഷേത്രങ്ങളിലേക്ക് പോകുന്നത്പോലെ എപ്പോൾ
വേണമെങ്കിലും ഓടിക്കയറിച്ചെന്ന് തൊഴാൻ സാധിയ്ക്കുന്ന ഒരു ക്ഷേത്രമല്ല
ശബരിമല. ഒരു ക്ഷേത്രമെന്നതിലുപരി ആത്മീയ യോഗസാധനയുടെ പരിശീലനകേന്ദ്രമാണ്
ശബരിമല. തീർത്ഥാടകർക്ക് വേണ്ടി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള ഓരോ ആചാരവും
യോഗാത്മക മാർഗ്ഗത്തിലൂടെ ഒരു ഭക്തനെ കൈ പിടിച്ച് മുന്നോട്ട് നടത്തി
അദ്വൈതവേദാന്തത്തിന്റെ അനുഭൂതി മണ്ഡലത്തിലേക്ക് ആനയിയ്ക്കുന്നതിന് വേണ്ടി
രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് . ഈ സാധനമാർഗ്ഗത്തിലൂടെ പദമിടറാതെ
മുന്നോട്ട് പോകുന്ന ഒരു സാധകഭക്തൻ ഒടുവിൽ എത്തിച്ചേരുന്ന സന്നിധാനമാണ്
തത്ത്വമസി. അതുകൊണ്ടാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യസൂചകമായ ആ മഹാവാക്യം
ശ്രീകോവിലിന്റെ മുന്നിൽ ആലേഖനം ചെയ്തിരിയ്ക്കുന്നത് .എല്ലാം ബ്രഹ്മമായി
കാണാൻ കഴിയുക എന്നതിന്റെ ജനകീയവൽക്കൃത ഭാവമാണ് എല്ലാമെല്ലാം അയ്യപ്പൻ
എന്നത്. ലൌകീക ജീവിതത്തിന്റെ നിരർത്ഥകതയും എങ്ങിനെ ജീവിച്ചാലാണ് ഈ
ജീവിതത്തെ ഒരാനന്ദാനുഭവമാക്കി മാറ്റാൻ കഴിയുന്നത് എന്നുള്ള രഹസ്യവും ഒരു
യഥാർത്ഥ സാധകന് മാത്രമാണ് മനസ്സിലാക്കുവാൻ സാധിയ്ക്കുന്നത് .
ലൌകീക ജീവിതത്തിലെ മനുഷ്യന്റെ പരമമായ ലക്ഷ്യം സുഖമനുഭവിയ്ക്കുക
എന്നതാണ്.ആനന്ദകരമായ ഒരു ജീവിതാവസ്ഥയ്ക്കാണ് നാം സുഖമെന്ന് പറയുന്നത്.
അതിനു വേണ്ടിയാണ് മനുഷ്യർ ജോലി ചെയ്യുന്നതും വിവാഹം കഴിയ്ക്കുന്നതും ധനം
സമ്പാദിയ്ക്കുന്നതുമെല്ലാം .വളരെയധികം പണമുണ്ടായാൽ അതുപയോഗിച്ച്
സുഖദായകമായ വസ്തുക്കൾ വാങ്ങി ആനന്ദത്തോടെ ജീവിയ്ക്കാമെന്ന് മനുഷ്യർ
വിചാരിയ്ക്കുന്നു. എന്നാൽ ലൌകീക തലത്തിലെ ഇന്ദ്രിയ സുഖങ്ങൾക്ക് നൽകാൻ
കഴിയുന്ന ആനന്ദത്തിന് നീർക്കുമിളയുടെ ആയുസ്സേയുള്ളൂ എന്ന് നമുക്കറിയാം .
എന്നാലും മനുഷ്യർ അടുത്തസുഖാനുഭവത്തിന് വേണ്ടി വീണ്ടും
പരിശ്രമമാരംഭിയ്ക്കും. മനുഷ്യശിശു ഗർഭാവസ്ഥയിൽ ഒരതീന്ദ്രിയധ്യാനവസ്ഥയിലാണ്
കഴിയുന്നത് . ആ സമയത്ത് ശിശു അനുഭവിച്ച ബ്രഹ്മാനന്ദാനുഭൂതിയുടെ സ്മരണയാണ്
പിന്നീട് അതേ സുഖത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലായി മാറുന്നത്. പക്ഷെ
മുജ്ജന്മകർമ്മാർജ്ജിത വിധിനിയമങ്ങൾ തീരുമാനിയ്ക്കുന്ന വഴിയിലൂടെ
ഇന്ദ്രിയങ്ങൾ മനുഷ്യനെ വലിച്ചു കൊണ്ട് ഓടിപ്പോകും . അതാണ് മനുഷ്യ
ജീവിതത്തിന്റെ ഈ തിരക്കിന് കാരണം . ആരോട് ചോദിച്ചാലും ആർക്കുമൊന്നിനും
സമയമില്ല . എല്ലാവർക്കും ഭയങ്കരതിരക്കാണ് .കർമ്മപാശങ്ങൾ കൊണ്ട്
കൂട്ടിക്കെട്ടിയ അഞ്ചിന്ദ്രിയങ്ങളാകുന്ന കുതിരകൾ സത്യവസ്തുവിൽ നിന്നും അവനെ
വലിച്ചുകൊണ്ടോടുന്നതാണ് അവന്റെ തിരക്കിന് കാരണം എന്ന് മൂഢനായ മനുഷ്യന്
മനസ്സിലാകുന്നില്ല. വെറും നൈമിഷികമായ ഇന്ദ്രിയ സുഖത്തിന് വേണ്ടിയാണ്
മനുഷ്യൻ തിരക്ക്പിടിച്ച് പകലന്തിയോളം പണിയെടുക്കുന്നത് എന്ന സത്യമാണ് ,
പകൽ മുഴുവൻ മലമുകളിലേയ്ക്ക് പാറ ഉരുട്ടിക്കയറ്റിയിട്ട് സന്ധ്യയാകുമ്പോൾ അതു
താഴേക്ക് തള്ളിയിട്ട് ഉരുണ്ട് പോകുന്നത് കണ്ട് കൈകൊട്ടിച്ചിരിയ്ക്കുന്ന
നാറാണത്ത് ഭ്രാന്തന്റെ കഥയിൽ ഒളിപ്പിച്ചു വച്ചിരിയ്ക്കുന്നത് .
എന്നാൽ ഈ പരിതാപകരമായ കുടുക്കിൽ നിന്നും മനുഷ്യന് മോചിതനാകുവാനും
ലൌകീകതയിൽ ജീവിച്ചുകൊണ്ട് തന്നെ ഈ ജീവിതത്തെ ഒരാനന്ദാനുഭവമാക്കാനും
സാധിയ്ക്കും . അതിന് വേണ്ടിയുള്ള യോഗബലം ഒരുവനുണ്ടാക്കിക്കൊടുക്കുവാനുദ്ദേശിച്ചു ആവിഷ്കരിയ്ക്കപ്പെട്ടവയാണ് ശബരിമലയിലെ വ്രതങ്ങളും ആചാരങ്ങളും.
ശബരിമല ദർശനത്തിനൊരുങ്ങുന്ന ഒരു സ്വാമി ഭക്തൻ ആദ്യമായി ചെയ്യുന്നത് ഒരു
ഗുരുസ്വാമിയ്ക്ക് ദക്ഷിണനൽകി മുദ്രമാല ധരിയ്ക്കുക എന്നതാണ് .
അയ്യപ്പസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത പതക്കത്തിനാണ് മുദ്ര എന്ന്
പറയുന്നത് .എന്നാൽ, ഈ മാലയും വൃതവുമായി എന്താണ് ബന്ധം?. ഒരാൾ ശബരിമല
ദർശനത്തിനുള്ള വ്രതമാരംഭിച്ചു എന്നതിന്റെ അടയാളമാണോ മാല? ഈ മാല
പിന്നീടെപ്പോഴെങ്കിലും ഉപയോഗപ്പെടുന്നുണ്ടോ ? അതോ ഭസ്മധാരണം പോലെ ഒരു
ചടങ്ങ് മാത്രമാണോ ഇത്? തുടങ്ങിയ സംശയങ്ങൾ സ്വാഭാവികമായും ഉണ്ടാകാവുന്നതാണ് .
യോഗസാധനയിൽ മാലയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല . പക്ഷേ ജപയോഗത്തിന് മാല
വളരെ പ്രയോജനപ്പെടുന്നുണ്ട് . സാധാരണ യോഗസാധകരെക്കാണുമ്പോൾ അവരുടെ കയ്യിൽ
കാണപ്പെടുന്ന പരിമിതമായ ചില വസ്തുക്കളുണ്ട് . യോഗദണ്ഡ് ,
ഇരിയ്ക്കുന്നതിനുള്ള ചർമ്മാസനം ,കമണ്ഡലു . രുദ്രാക്ഷമാല എന്നിവയാണവ. ഈ
സാമഗ്രികൾ ജപധ്യാനയോഗങ്ങൾ നിരന്തരമായി ചെയ്യുന്ന താപസന്മാർ എപ്പോഴും ഒപ്പം
കൊണ്ട് നടക്കാറുണ്ട് .ഇവയുടെ പ്രയോജനമെന്തൊക്കെയാണ് എന്ന് നോക്കാം.[തുടരും]
[പൂർവ്വഭാഗങ്ങൾ എഴുത്തോല [aswanidev2 blogspot.com] എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ