2014, ജനുവരി 15, ബുധനാഴ്‌ച

ശ്രീ അയ്യപ്പ ചരിതം[37]
-------------------------- ഡി. അശ്വിനീ ദേവ്
മണ്ഡല വൃതത്തിന്റെ ആചരണപദ്ധതി
--------------------------------------------
ഒരു സ്വാമി ഭക്തൻ എന്തിനാണ് മാല ധരിയ്ക്കുന്നത്? ജപസാധനയ്ക്ക് മാല വളരെ പ്രയോജനകരമാണ് എന്നതു കൊണ്ടാണ് ഒരു വൃതധാരി മാല അണിയണമെന്ന് പറയുന്നത് . ശബരിമലയ്ക്ക് പോകുന്ന ഒരു സ്വാമിഭക്തൻ അനിവാര്യമായും ചില അനുഷ്ഠാനങ്ങൾ ശീലിയ്ക്കേണ്ടതുണ്ട് . ആരുടെയെങ്കിലും കയ്യിൽ നിന്ന് ഒരു മാല തന്റെ കഴുത്തിൽ വീഴിച്ചുകൊണ്ട് ഇരുമുടിക്കെട്ടുമെടുത്ത് നേരേ ശബരിമലയ്ക്ക് വച്ചുപിടിയ്ക്കുന്നതല്ല ശബരിമല തീർത്ഥാടനം . അങ്ങിനെ ചെയ്യുന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന് മാത്രമല്ല വൃതനിയമങ്ങൾക്ക് എതിരായത് കൊണ്ട് ദോഷ ഫലം ഉണ്ടാക്കുകയും ചെയ്യും.
ഒരു വൃതധാരി അത്യാവശ്യമായും അനുഷ്ഠിയ്ക്കേണ്ട ഒരു സാധനയാണ് ഇഷ്ട മന്ത്രത്തിന്റെ ജപം. ഗുരു ഉപദേശിച്ച് തന്നതോ അല്ലാത്തതോ ആയ മന്ത്രം നിത്യേന രാവിലെ സ്നാനാനന്തരം പൂജാസ്ഥാനത്തിരുന്ന് കുറഞ്ഞത് നൂറ്റിയെട്ട് പ്രാവശ്യമെങ്കിലും ഉരുവിടേണ്ടതാണ് . ആയിരത്തെട്ട് ഉരു ജപിച്ചാൽ വളരെ വിശേഷഫലം ലഭിയ്ക്കും. ജപിയ്ക്കുന്ന സംഖ്യകൂടിവരുന്നതിനേക്കുറിച്ചുള്ള ബോധം ആത്മ വിശ്വാസം വർദ്ധിപ്പിയ്ക്കും എന്നതിനാൽ അതിന്റെ എണ്ണം മനസ്സിലാക്കാനാണ് മാല ഉപയോഗിയ്ക്കുന്നത് . അല്ലാതെ മാലയും ഭക്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല. മാലയുടെ മണികൾ നൂറ്റിയെട്ട് ആയിരിയ്ക്കുമ്പോഴാണ് അത് ജപമാലയാവുന്നത് . മാലയുടെ നീളക്കൂടുതൽ അസൌകര്യമാണെങ്കിൽ അൻപത്തിനാല് മണിയായിട്ടുംകെട്ടാവുന്നതാണ്. അപ്പോൾ മാല രണ്ടു പ്രാവശ്യം മുന്നോട്ടും പിന്നോട്ടും ജപിച്ചു കഴിയുമ്പോൾ നൂറ്റിയെട്ടാവുമല്ലോ. മാലയുടെ മണികളുടെ സംഖ്യാപരിധി അറിയാനായി ഒരു നായകമണി കെട്ടാറുണ്ട് . അതാണ് പിന്നീട് ലോക്കറ്റായി പരിണമിച്ചത് . സാധാരണയായി രുദ്രാക്ഷമാലയാണ് ജപമാലയായി ഉപയോഗിയ്ക്കുന്നത് . കാരണം ജപ വിഷയത്തിലുള്ള ശ്രദ്ധക്കൂടുതൽ കാരണം ജപമാലയിലെ മണികൾ തിരിയ്ക്കുന്നതിന്റെ ക്രമം വിട്ടുപോവുകയും മണികൾ വിരലിന്റെ ഇടയിലൂടെ ഓടിവഴുതിപ്പോവുകയും ചെയ്തേക്കാം. അപ്പോൾ എണ്ണം തെറ്റിയോ എന്ന സന്ദേഹവും തൽഫലമായി ജപവിഷയത്തിൽ നിന്നുള്ള വ്യതിചലനവും ഉണ്ടാകും. രുദ്രാക്ഷമാലയിൽ മുള്ളുകളുള്ളതു കൊണ്ട് ഓരോ മണിയുംവിരലുകളിൽ നന്നായി ഉരസി അതിന്റെ ഗമനമറിയിച്ചുകൊണ്ടേ നീങ്ങുകയുള്ളു . അപ്പോൾ ജപസംഖ്യയേക്കുറിച്ച് നല്ല ധാരണയുണ്ടാവുകയും ജപമണിയുടെ കണക്ക് തെറ്റിയോ വേണ്ടത്ര സംഖ്യ ജപിച്ചില്ലയോ എന്നൊക്കെയുള്ള ആശങ്കകൾ അകന്ന് സാധക മനസ്സ് ശാന്തമാവുകയും ചെയ്യും.
തുളസിമാലയും ചിലർ ഈ ആവശ്യത്തിനായി ഉപയോഗിയ്ക്കാറുണ്ട് .രുദ്രാക്ഷത്തിനും തുളസിയ്ക്കുമുള്ള പ്രത്യേകത ഇവ രണ്ടും അത്യന്ത ഔഷധവീര്യം നിറഞ്ഞതാണ് എന്നതത്രേ. ഇവയുടെ സ്പർശനത്താൽ തന്നെ ഔഷധവ്യാപനം നടക്കുമെന്നതിനാൽ കൂടിയാണ് ഇവ ജപമാലയായി ഉപയോഗിയ്ക്കുന്ന പതിവ് ആരംഭിച്ചത് . ജപത്തിനു ശേഷം മാല മറ്റെവിടെയെങ്കിലും സൂക്ഷിച്ച് വയ്ക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടും ഇത് ശരീരത്തിൽ തൊട്ടു കിടക്കുന്നത് നല്ലതായത് കൊണ്ടും എപ്പോഴുമെടുക്കുവാനുള്ള സൌകര്യത്തിനു വേണ്ടിയുമാണ് ജപമാല കഴുത്തിൽ ചുറ്റിയിടുന്ന പതിവ് യോഗികൾ ആരംഭിച്ചത് . ഒരു സാധകന് മാലയേക്കൊണ്ടുള്ള ഉപയോഗം ഇതാണ് എന്നിരിയ്ക്കേ ഇതൊന്നുംചെയ്യാതെ അലങ്കാരമാലകൾ വാങ്ങി കഴുത്തിലണിയുന്നത് കൊണ്ട് വിശേഷിച്ച് യാതൊരു പ്രയോജനവും ഇല്ല തന്നെ. എന്നാൽ ഭക്തിയുടെ ആധിക്യം കൊണ്ട് നിരവധി മാലകൾ കഴുത്തിലണിയുന്നത് ഒരു ഭക്തന് ആത്മ സംതൃപ്തി പ്രദാനം ചെയ്യുന്നുണ്ടെങ്കിൽ അതിനെ നിഷേധിയ്ക്കതിരിയ്ക്കുകയാണ് നല്ലത് .മനസ്സിന്റെ തൃപ്തിയാണ് ഇവിടെ പ്രധാനം.
ഒരു പക്ഷേ പൂണൂലിന്റെ ഉദ്ഭവവും ഇത്തരത്തിലൊരു സാഹചര്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നതായിരിയ്ക്കാനാണ് സാധ്യത . വേദപഠനത്തിന്റെ കടന്നിരിയ്ക്കലുകൾ [ഘട്ടങ്ങൾ] പിന്നിട്ട വൈദിക വിദ്യാർത്ഥിയേ സഹപാഠികളിൽ നിന്ന് തിരിച്ചറിയുന്നതിന് വേണ്ടി ഏതോ ഒരു ഗുരു ഒരിയ്ക്കൽ തന്റെ ഗുരുകുലത്തിലെ മുതിർന്ന വിദ്യാർത്ഥികൾക്കണിയിച്ചുകൊടുത്ത നൂലിഴക്കൂട്ടമാവണം ആദ്യത്തെ പൂണൂൽ. അല്ലാതെ വേദോപനിഷത്തുക്കളിലെവിടെയും ആത്മവിദ്യയും പൂണുലുമായി ബന്ധിപ്പിയ്ക്കുന്ന ഒരു ഭാഗവും ആരും പറഞ്ഞുകേട്ടിട്ടില്ല. തന്നെയുമല്ല വേദകാലം യജ്ഞകാലമാണല്ലോ. യജ്ഞാദികൾക്ക് എപ്പോഴുമാവശ്യമായി വരുന്ന നൂലുകൾ ഇഴകലരാതെ എടുക്കുവാനുള്ള സൌകര്യത്തിന് അത് നീട്ടി ഉടലിന് കുറുകേ ചുറ്റിയിടുന്നതാവും സൌകര്യവും . നിത്യവും യജ്ഞാദികൾ അനുഷ്ഠിയ്ക്കുന്ന വൈദികർക്ക് ഇത് വളരെ പ്രയോജനകരമാണ് എന്ന് പറയേണ്ടതില്ലല്ലൊ.ഇതിനെ ഒരു പക്ഷേ പാരമ്പര്യ വാദികൾ എതിർത്തേയ്ക്കാം . അക്കൂട്ടർ പൂണൂലിന്റെ വേദാധിഷ്ഠിത പ്രമാണം ഉദ്ധരിയ്ക്കേണ്ടതുണ്ട്. ഒരു കാര്യം ഉറപ്പാണ്. കാലത്തിന്റേയും ദേശത്തിന്റേയും ആവശ്യകതകളിൽ നിന്നാണ് ഓരോ ആചാരവും ഉണ്ടായി വന്നത് എന്നത് ആർക്കും നിഷേധിയ്ക്കാനാവില്ല. യജ്ഞാദികൾ അനുഷ്ഠിയ്ക്കുന്ന വൈദികർക്ക് കാലക്രമത്തിൽ സമൂഹത്തിൽ വലിയ സ്ഥാനം കൈവന്നപ്പോൾ അവരുടെ ശരീരത്തിൽ എപ്പോഴും ചുറ്റിക്കിടന്ന പൂണൂല് ഒരു മഹത്ത്വാടയാളമായി മാറുകയും അവരത് ബോധപൂർവ്വം പ്രദർശിപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുവാനാണ് സാധ്യത . [തുടരും]

[പൂർവ്വഭാഗങ്ങൾ എഴുത്തോല [aswanidev2 blogspot.com] എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്.]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ