2013, ഡിസംബർ 31, ചൊവ്വാഴ്ച

തിരുവാതിര [4]
-------------
ഡി.അശ്വിനീ ദേവ്
സിസേറിയൻ - സംസ്കാരത്തിന്റെ സംഹാരകൻ
-----------------------------------------------------
സിസേറിയൻ ഓപ്പറേഷൻ ആധുനീക ലോകത്ത് മനുഷ്യ സംസ്കാരത്തിന്റെ സംഹാരകനും കൂടിയാണ്. ഇത്തരം പ്രസവങ്ങളിലൂടെ ജനിപ്പിയ്ക്കപ്പെടുന്നകുട്ടികളിൽ ഗർഭാധാന സംസ്കരണം സംഭവിയ്ക്കാത്തതു കൊണ്ട് ഭാവിയിൽ പല വിധത്തിലുള്ള മനോവൈകല്യങ്ങളും സൂക്ഷ്മാവസ്ഥയിൽ രൂപപ്പെടാൻ സാധ്യതയുണ്ട് . ഗർഭാധാന സംസ്കാരം എന്നത് ഒരു സ്ത്രീ ഗർഭാവസ്തയിലിരിയ്ക്കുമ്പോൾ തന്റെ കുട്ടിയുടെ സംസ്കാര രൂപീകരണത്തിന് വേണ്ടി അനുഷ്ടിയ്ക്കുന്ന കർമ്മങ്ങളാണ്. ആറ് മാസം മുതൽ തന്നെ ഗർഭസ്ഥശിശുവിന്റെ ഇന്ദ്രിയങ്ങൾ ജാഗ്രത്തായി തുടങ്ങുമെന്നതിനാൽ ആ കാലം മുതൽ അമ്മ അനുഷ്ടിയ്ക്കുന്ന കർമ്മങ്ങളിലും കടന്നു പോകുന്ന അനുഭവങ്ങളിലും ശിശുവും ഭാഗഭാക്കാവുന്നു . അതുകൊണ്ട് ഈ കാലം മുതൽ തന്നെ സദ് സന്താനത്തിന് വേണ്ടി അമ്മ നിരവധി ആത്മീയ ചര്യകൾ സ്വീകരിയ്ക്കേണ്ടതാണ് .
ഗർഭസ്ഥ ശിശുവിന്റെ ഗ്രഹണ ശക്തിയേക്കുറിച്ച് അമേരിക്കയിലെ നോർത്ത് കരോലിനാ യൂണിവേഴ്സിറ്റിയിലെ ആന്റണി ഡികാസ്പർ എന്ന ശാസ്ത്രജ്ഞൻ നിരവധി പരീക്ഷണങ്ങൾ നടത്തി സ്ഥിരീകരണം നടത്തിയിട്ടുണ്ട് . എന്നാൽ ദ്വാപാര യുഗത്തിൽ തന്നെ ഭാരതമിതിനെ സ്ഥിരീകരിച്ചിരുന്നു . ഗർഭിണിയായ സുഭദ്രയോട് ശ്രീകൃഷ്ണൻ എങ്ങിനെയാണ് പദ്മവ്യൂഹം ഭേദിയ്ക്കേണ്ടത് എന്ന് പറഞ്ഞുകൊടുക്കുകയും ഗർഭത്തിലിരുന്ന് അഭിമന്യു അതൊക്കെ മൂളിക്കേൾക്കുകയും ഇതറിഞ്ഞ കൃഷ്ണൻ ക്ഥ നിർത്തുകയും പിന്നീട് കുരുക്ഷേത്രത്തിൽ പൂർവ്വ സ്മൃതി വച്ച് പത്മവ്യൂഹത്തിനകത്ത് കടന്ന അഭിമന്യു പുറത്തിറങ്ങാനറിയാതെ കൊല്ലപ്പെടുകയും ചെയ്ത് കഥ മഹാഭാരതത്തിൽ വ്യാസൻ വിവരിയ്ക്കുന്നുണ്ട്.
ആധുനീക കാലത്ത് അമ്മമാർ ആത്മീയ ജീവിതശൈലി സ്വീകരിയ്ക്കാത്തതു കൊണ്ടും പ്രസവ സമയത്ത് സ്വയം അബോധാവസ്ഥയേ സ്വീകരിയ്ക്കുന്നത് കൊണ്ടും കുട്ടികളിൽ ശൈശവസമയത്ത് സൂക്ഷ്മാവസ്ഥയിൽ നടക്കേണ്ട സംസ്കാര രൂപീകരണം നടക്കുന്നില്ല എന്ന് മാത്രമല്ലാ വിപരീതമായത് പലതും നടക്കുകയും ചെയ്യുന്നു. ഇതേപോലെ തന്നെ അമ്മമാരിലും സാംസ്കാരിക ച്യുതി സംഭവിയ്ക്കുന്നു. തന്റെ കുഞ്ഞിന് വേണ്ടി സന്തോഷത്തോടെ പ്രസവ വേദന സഹിയ്ക്കുവാനുള്ള ത്യാഗബോധം കാണിയ്ക്കേണ്ടതിന് പകരം എനിയ്ക്ക് വേദനിയ്കാൻ പറ്റില്ല എന്ന സ്വാർത്ഥപരമായ നിലപാട് അമ്മ സ്വീകരിയ്ക്കുന്നത് കൊണ്ട് നിരുത്തരവാദപരമായ ഒരു കർമ്മത്തിലൂടെയാണ് അമ്മയും കുഞ്ഞും പ്രസവ സമയത്ത് കടന്നു പോവുന്നത് . ഇങ്ങിനെ ജനിപ്പിയ്ക്കപ്പെടുന്ന കുട്ടികൾ മാതാപിതാക്കളെ അനുസരിയ്ക്കാതിരിയ്ക്കുകയും ആദരിയ്ക്കാതിരിയ്ക്കുകയും മാത്രമല്ല വാർദ്ധക്യത്തിൽ അവഗണിയ്ക്കുകയും ചെയ്യും എന്നകാര്യത്തിൽ സംശയമില്ല.
ഗർഭിണികൾ ക്ഷേത്രത്തിൽ കയറാൻ പാടില്ല എന്നൊരാചാരം നമ്മുടെയിടയിലുണ്ട് . ഗർഭാവസ്ഥയിലുള്ള ഒരമ്മ ഈശ്വരീയതയുടെ പ്രത്യക്ഷമൂർത്തീകരണമായതുകൊണ്ട് ക്ഷേത്രത്തിലെ ദേവതയ്ക്ക് എഴുന്നേറ്റ് നിന്ന് ബഹുമാനിയ്ക്കേണ്ടി വരുമെന്നും അങ്ങിനെ ദൈവത്തെക്കൊണ്ട് മനുഷ്യരെ ബഹുമാനിയ്പ്പിയ്ക്കുന്ന ഒരു സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്നത് കൊണ്ടുമാണ് ഗർഭിണികൾക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചിരിയ്ക്കുന്നത് എന്നും പഴയ ആളുകൾ പറയുന്നു. ഏതായാലും ഒരു സ്ത്രീയിൽ ഗർഭാവസ്ഥയുണ്ടാവുന്നതിനെ എത്ര ദിവ്യമായാണ് പഴയതലമുറ കണ്ടിരുന്നു എന്നാണ് ഇതൊക്കെ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്.
ഗർഭാവസ്ഥയിൽ ഒരു ഭാര്യ തന്റെ ഭർത്താവിനെത്തന്നെ മനസ്സിൽ ധ്യാനിച്ച് ജീവിയ്ക്കണമെന്നും ഭർത്താവ് തന്റെ ഭാര്യയേ ആദരപൂർവ്വം പരിചരിയ്ക്കണമെന്നുമാണ് ഭാരതീയ ശാസ്ത്രം പറയുന്നത് . ഭർത്താവിനെ തന്നെ ധ്യാനിച്ചിരിയ്ക്കാൻ ഭാര്യക്ക് തോന്നണമെങ്കിൽ ഭർത്താവും അതേപോലെ സംസ്കാരവും ആത്മീയ വലിപ്പവും ഉള്ളയാളായിരിയ്ക്കണം. ഭർത്താവിനെ തന്നെ ധ്യാനിച്ചിരിയ്ക്കുന്ന ഭാര്യ പ്രസവിയ്ക്കുന്നത് പുത്രനേയാണ് എങ്കിൽ അവൻ അച്ഛന്റെ തനിപ്പകർപ്പായി കാണപ്പെടുന്നത് ഇങ്ങിനെയാണത്രെ .തന്തയ്ക്ക് പിറന്നവൻ എന്ന പ്രയോഗത്തിന്റെ ആന്തരാർത്ഥം ഇതാണെന്ന് പറയപ്പെടുന്നു . സീരിയൽ സിനിമാതാരങ്ങളെ ആ‍രാധിയ്ക്കുകയും കാണാനും തൊടാനും ഇഷ്ടപ്പെടുകയും ചെയ്യുന്ന സ്ത്രീകളും മൂല്യമില്ലാത്ത പുരുഷന്മാരും വർദ്ധിച്ചുവരുന്ന ഇക്കാലത്ത് പിതൃശൂന്യരായ കുട്ടികളുടെ എണ്ണം കൂടി വരിക തന്നെ ചെയ്യും.[തുടരും]
[പൂർവ്വഭാഗങ്ങൾ എഴുത്തോല aswanidev2 blogspot.com എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]

2013, ഡിസംബർ 28, ശനിയാഴ്‌ച

rince Subramanian മന്ത്രങ്ങൾ ശബ്ദതരംഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അക്ഷരങ്ങൾ ക്ഷരങ്ങളല്ലാത്തവ അഥവ നശ്വരമായത് ആണ്. ഓരോ അക്ഷരങ്ങൾക്കും ഓരോ ശബ്ദങ്ങളുണ്ട്. ആ ശബ്ദങ്ങൾ അന്തരീക്ഷത്തിലുണ്ടാക്കുന്ന തരംഗങ്ങൾ, അതുണത്തുന്ന ചൈതന്യങ്ങൾ ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് മന്ത്രങ്ങളുടെ ശക്തിയും അതുണർത്തേണ്ട അഭൗമശക്തിയെയും നിജപ്പെടുത്തുന്നതും. ഓരോപ്രപഞ്ച ശക്തികളെയും അവയുടെ ചൈതന്യങ്ങളെയും ദേവതകളായി അതാതിന്റെ വിധിപ്രകാരം നമ്മൾ ആരാധിക്കുന്നു. 20 ഹെർട്സിനും 2000 ഹെർട്സിനും ഇടക്കുള്ള ശബ്ദങ്ങൾ മാത്രമേ മനുഷ്യനു ശ്രവിക്കുവാൻ സാധിക്കു. 20ൽ താഴെയുള്ളവയെ ഇൻഫ്രസോണീക്ക് എന്നും 2000 ത്തിനുമുകളിൽ ഉള്ളതിനെ അൽട്രാസോണിക് എന്നും ആധുനിക ഭൗതികശാസ്ത്രം പറയുന്നു. നമ്മുക്ക് കേൾക്കാൻ പറ്റാത്ത അൽട്രാസോണിക് ശബ്ദതരംഗങ്ങളെ നമ്മുടെ ശരീരത്തിനകത്തുകൂടി കടത്തിവിട്ട് അതിലുണ്ടായ വ്യതിയാനങ്ങൾ മനസ്സിലാക്കി ചിത്രീകരിക്കുന്ന ഉപകരണമാണ് അൽട്രാസൗണ്ട് സ്കാനർ. ഇതിനർഥം ശബ്ദ തരംഗങ്ങൾക്കു നമ്മുടെ ശരീരം തുളച്ച് ആന്തരികാവയവങ്ങളിലൂടെ അപ്പുറത്തു പോകുവാൻ ശക്തിയുള്ളവയാണ്.

2013, ഡിസംബർ 23, തിങ്കളാഴ്‌ച

ശ്രീ അയ്യപ്പ ചരിതം[34]
--------------------------- ഡി. അശ്വിനീ ദേവ്

ശബരിമല സിദ്ധയോഗികളുടെ സമാധിസ്ഥലം
----------------------------------------------------
അയ്യപ്പസ്വാമിയുടെ ആഗമനത്തിന് മുൻപ് തന്നെ ശബരിമലയടക്കമുള്ള ആ പ്രദേശത്തെ പല മലകളിലും അപൂർവ്വ സിദ്ധികളുള്ള യോഗീശ്വരന്മാർ തപസ്സാചരിച്ചിരുന്നു. മാതംഗമഹർഷിയും ശബരീ മാതാവുമടക്കമുള്ള പല സിദ്ധയോഗികളും ശബരിമലയിൽ വച്ച് തന്നെ സമാധിയടഞ്ഞിട്ടുമുണ്ട് . അതുകൊണ്ടാണ് ശബരിമലയ്ക്ക് ഇത്രയധികം ആത്മീയ പ്രഭാവം ഉണ്ടായത് . ദേവഭൂമിയായ ഹിമാലയത്തിൽ ചെല്ലുമ്പോൾ അനുഭവപ്പെടുന്ന അനുഭൂതിയാണ് ശബരിമലയിൽ ചെല്ലുമ്പോഴും അനുഭവപ്പെട്ടിരുന്നത് . സ്വതവേ യോഗാത്മക ഭാവമുള്ളവർക്ക് ഇത്തരം സ്ഥലങ്ങളിലെത്തുമ്പോൾ അവരുടെ പൂർവ്വജന്മ സ്മൃതികൾ ഉണരുകയും ദിവ്യ ദർശനങ്ങൾ ഉണ്ടാവുകയും ചെയ്യും.അവിടെ സമാധിയടഞ്ഞദിവ്യാത്മാക്കാൾ സൂക്ഷ്മഭാവത്തിൽ ഇത്തരമാൾക്കാരോട് സംവദിയ്ക്കുകയും ചെയ്യും . അയ്യപ്പസ്വാമി ശബരിമലയിലെത്തിയശേഷം പന്തളം കൊട്ടാരത്തിലേയ്ക്ക് മടങ്ങിപ്പോകാതിരുന്നത് ഇതുകൊണ്ടായിരുന്നു. ഇക്കാരണം കൊണ്ടു തന്നെയാണ് അയ്യപ്പസ്വാമിയുടെ സമാധിയ്ക്ക് ശേഷവും വാവരും മാളികപ്പുറത്തമ്മയുമടക്കമുള്ള ശിഷ്യജനങ്ങൾ ശബരിമലയിൽത്തന്നെ തങ്ങിയത്. അവരുടെയെല്ലാം സമാധിസ്ഥാനവും ശബരിമല തന്നെയാണ് . അങ്ങിനെയാണ് കൊടും കാട്ടിനുള്ളിലുള്ള ശബരിമലയെന്ന ഹിംസ്രമൃഗങ്ങൾ നിറഞ്ഞതും ദുർഗ്ഗമവുമായ സ്ഥലം ഇത്രയധികം ആത്മീയ ശക്തികേന്ദ്രമായി മാറിയതും ഈശ്വരീയസാധകന്മാർക്ക് സാന്നിധ്യമാത്രയിൽ അലൌകീക ശാന്തി പ്രദാനം ചെയ്യുന്ന അദ്ഭുതസ്ഥാനമായി മാറിയതും.കോടാനുകോടി ജനങ്ങൾ എല്ലാവർഷവും വരികയും അവരുടെ എല്ലാ പാപച്ചുമടുകളുമവിടെ ഇറക്കിവയ്ക്കുകയും അവിടമൊരു വലിയ വാണിജ്യകേന്ദ്രമായി മാറുകയുമൊക്കെ ചെയ്തിട്ടും ശബരിമലയിലെ ആത്മീയശക്തി തരംഗങ്ങൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ലാ എന്നതുകൊണ്ട് തന്നെ എത്രശക്തമായ ഊർജ്ജമണ്ഡലമാണ് അവിടെനിലകൊള്ളുന്നത് എന്ന് മനസ്സിലാക്കാൻ സാധിയ്ക്കും.
ഭാരതീയമായ അദ്വൈതചിന്താപദ്ധതിയിൽ അധിഷ്ടിതമായ യോഗാത്മകസാധനയുടെ അനുഷ്ടാനകേന്ദ്രമാണ് ശബരിമല. അഹം ബ്രാഹ്മാസ്മി , തത്ത്വമസി. പ്രജ്ഞാനം ബ്രഹ്മ തുടങ്ങിയ വേദാന്തവാക്യങ്ങൾ നിർദ്ദേശിയ്ക്കുന്ന അദ്വൈത സാക്ഷാത്കാര സാധനപദ്ധതിയാണ് ശബരിമലയുടേത് . അതേസമയം അയ്യപ്പസ്വാമിയുടെ സങ്കൽ‌പ്പശക്തിയാൽ ആവിഷ്കരിയ്ക്കപ്പെട്ട ശബരിമലയിലെ ആചാരങ്ങൾക്ക് ഒരാത്മീയവിപ്ലവത്തിന്റെ സ്വഭാവം കൂടിയുണ്ട് . വേദോക്തമായ അദ്വൈത സാക്ഷാത്ക്കാരവും അതിന്റെ പരിശീലനങ്ങളുമൊക്കെ ഒരു കാലത്ത് സമൂഹത്തിലെ വരേണ്യവർഗ്ഗക്കാർക്ക മാത്രമെ സാധ്യമാവുമായിരുന്നുള്ളൂ . വേദം പഠിയ്ക്കുവാനും അദ്വൈത സാധന അനുഷ്ഠിച്ച് മോക്ഷമാർഗ്ഗത്തിൽ മുന്നേറുവാനുമൊക്കെ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമേ കഴിയുമായിരുന്നുള്ളു. ഉന്നതമായ വേദാന്തചിന്തയുടെ പ്രകാശമണ്ഡലത്തിലേയ്ക്ക് പ്രവേശനം കിട്ടാതെപോയ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാനജനത വിഗ്രഹാരാധനയിലും മാട്ട് , മാരണം, മന്ത്രവാദം തുടങ്ങിയ അധമസാധനകളിലും തളച്ചിടപ്പെട്ടു. ഓരോരുത്തരും അവർക്ക് തോന്നിയവിധത്തിലുള്ള ദൈവങ്ങളെ ആരാധിയ്ക്കുകയും ഓരോ സമ്പ്രാദായങ്ങൾ ആവിഷ്ക്കരിയ്ക്കുകയും ചെയ്തു . ഇതിനെതിരെയുള്ള ഒരു കലാപവും അദ്വൈതചിന്താപദ്ധതിയുടെ ജനകീയവൽക്കരണവുമണ് ശബരിമലയിലെ ഓരോ ആചാരവും എന്ന് ചിന്തിച്ചാൽ മനസ്സിലാവുന്നതാണ് . പൌരോഹിത്യത്തിന്റേയും വർണ്ണവ്യവസ്ഥയുടേയും തടവറയിൽ തളച്ചിടപ്പെട്ട ഭാരതീയമായ അദ്വൈത തത്ത്വചിന്തയെ അടിസ്ഥാനജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന തരത്തിലാണ് ശബരിമലയിലെ ആചാര പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളത് .
“സർവ്വം ഖല്വിദം ബ്രഹ്മം“ . എല്ലാം ബ്രഹ്മമാണ് എന്ന തത്ത്വം തന്നെയാണ് എല്ലാം അയ്യപ്പനാണ് എന്ന ശബരിമലയിലെ ആത്മീയനിയമത്തിന്റേയും പിന്നിലുള്ളത് .എല്ലാവരും ഒരേ സത്യവസ്തുവിന്റെ ഭിന്നപ്രകാശനങ്ങളാണ് വേദാന്തചിന്തയെ എത്ര ബുദ്ധിപരമായാണ് സാധാരണക്കാരനിലേയ്ക്ക് സന്നിവേശിപ്പിച്ചിരിയ്ക്കുന്നത് എന്നറിയണമെങ്കിൽ നാം ശബരിമലവ്രതാനുഷ്ഠാനങ്ങളുമായി അടുത്തിടപഴകണം. എത്ര ഉയർന്ന പോലീസുദ്യോഗസ്ഥനേയും താഴെയുള്ള ആർക്കും സലൂട്ട് ചെയ്യേണ്ടാത്ത ലോകത്തിലെ ഏക സ്ഥലം ഒരു പക്ഷേ ശബരിമല ആയിരിയ്ക്കും .എത്ര വലിയ ഉദ്യോഗസ്ഥനേയും സാറെ എന്ന് വിളിയ്ക്കാതെ സ്വാമീ എന്ന് വിളിയ്ക്കാൻ സാധിയ്ക്കുന്ന ഏകസ്ഥലവും ശബരിമല തന്നെ. എത്ര താഴെയുള്ള ജീവനക്കാരനും തന്റെ യജമാനനിൽ നിന്ന് യജമാനനേ എന്നർത്ഥമുള്ള സ്വാമീ എന്ന ബഹുമാനപൂർവ്വമായ വിളി കേൾക്കാൻ ഭാഗ്യമുള്ള സ്ഥലവും ഇതുതന്നെ . എല്ലാവരേയും അയ്യപ്പനായിക്കണ്ട് ബഹുമാനിയ്ക്കുമ്പോൾ ഓരോരുത്തരിലുമുള്ള ഈശ്വരീയഭാവമുണരുന്ന ദേവഭൂമിയും ഇതുതന്നെ . ശബരിമലയ്ക്ക് പോകാൻ മാലയിട്ട ഒരാൾക്ക് മനുഷ്യർ മാത്രമല്ല സസ്യലതാദികളും പക്ഷി മൃഗാദികളുമൊക്കെ അയ്യപ്പസ്വാമിയാണ് .മുദ്ര ധരിച്ച് വ്രത്മാരംഭിയ്ക്കുന്നതോടെ തന്നിലുള്ള അയ്യപ്പൻ തന്നെയാണ് എല്ലാറ്റിലുമുള്ളത് എന്ന് ഒരു സ്വാമിഭക്തൻ മനസ്സിലാക്കി അങ്ങിനെ പെരുമാറുന്നു. ഈ ഭാവത്തെ സാക്ഷാത്ക്കരിയ്ക്കുകയാണ് ശബരിമലതീർത്ഥാടനത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്നതുകൊണ്ടാണ് ശബരിമലയിലെ ശ്രീകോവിലിന്റെ മുന്നിൽ ‘തത്ത്വമസി‘ എന്നാലേഖനം ചെയ്തിരിയ്ക്കുന്നത് . ഇത്തരമൊരു സാമൂഹിക സമത്വം കൊണ്ടുവരാൻ വേണ്ടി കോടാനുകോടി മനുഷ്യരെ കൊല്ലാക്കൊല ചെയ്ത കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തകർന്നടിഞ്ഞ ചരിത്രം നമ്മുടെ കണ്മുന്നിലുള്ളപ്പോഴാണ് ഒരു തുള്ളി ചോര പോലും പൊടിയാതെ ജാതിയ്ക്കും മതത്തിനും സമ്പത്തിനും അധികാരത്തിനും അതീതമായി എല്ലാവരും എല്ലാവരേയും ബഹുമാനിയ്ക്കുന്ന അയ്യപ്പധർമ്മത്തിന്റെ സോഷ്യലിസ്റ്റ് സ്വർഗ്ഗഭൂമിയായി ശബരിമല ഉയർന്നു നിൽക്കുന്നത് . ഈ ഉയരമാണ് യഥാർത്ഥത്തിൽ ഒരു മലയായി ശബരിമലയെ ഉയർത്തി നിർത്തുന്നത് .[തുടരും]

2013, ഡിസംബർ 21, ശനിയാഴ്‌ച

തിരുവാതിര [2]
-----------------
തിരുവാതിര ഒരു നൃത്തരൂപമാ‍ണോ ?..........അല്ല.
------------------------------------------------------- ഡി .അശ്വിനീ ദേവ്
പലരും ധരിച്ചിരിയ്ക്കുന്നത് തിരുവാതിര ഒരു ക്ലാസ്സിക്കൽ നൃത്തരൂപമാണ് എന്നാണ് .അതുകൊണ്ട് തന്നെ നൃത്തവിഭാഗത്തിൽ പെടുത്തിക്കൊണ്ട് യുവജനോത്സവങ്ങളിലും മറ്റും ഇതിനെ ഒരു മത്സരയിനമായി മാറ്റിയിട്ടുണ്ട് .എന്നാൽ തിരുവാതിര നൃത്തവിഭാഗത്തിൽ‌പ്പെടുന്ന ഒരു കലയേയല്ല എന്നതാണ് വാസ്തവം .മാർഗ്ഗം കളി ,പരിചമുട്ടുകളി എന്നിവപോലെ ഒരു കായികവിനോദമാണ് തിരുവാതിര. നൃത്തത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ഭരതമുനി നാട്യശാസ്ത്രത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് .“ വിഭാവാനുഭാവ വ്യഭിചാരീ സംയോഗാത് രസനിഷ്പത്തി” .നവരസാഭിനയത്തിലൂടെ നടനിലും ആസ്വാദകനിലും രസാനുഭൂതിയുണർത്തി ആത്മവിമലീകരണം വരുത്തുക എന്നതാണ് നടനത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഇതിനായി നൃത്തത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിയ്ക്കപ്പെടുന്നത് മുഖവും മുദ്രകളുമാണ് .ഇതിന് രണ്ടിനും തിരുവാതിരയിൽ ഒരു സ്ഥാനവുമില്ല. തിരുവാതിരകളിയ്ക്കുന്നവരുടെ മുഖത്ത് ഏത് ഭാവം വന്നാലും അതൊരു പ്രശ്നമേയല്ല.കേവലമായ ചില ചലനങ്ങളും കൈകൊട്ടലുമല്ലാതെ മുദ്രകൾക്ക് ഒരു പ്രാധാന്യവുമില്ല .ഇതിൽ നിന്നൊക്കെ വ്യക്തമാവുന്നത് ഭൌതീകമായ ചില ആവശ്യങ്ങൾക്ക് വേണ്ടി ഭാവനാശാലികളായ പൂർവ്വീകർ രൂപപ്പെടുത്തിയ സ്ത്രീകളുടെ ഒരു വ്യായാമ രൂപമാണ് തിരുവാതിരക്കളി എന്നതാണ്.

ഈ കായികവിനോദം സ്ത്രീകൾ പരിശീലിക്കുന്നതു വഴി വ്യക്തിയ്ക്കും സമൂഹത്തിനും ഉണ്ടാകുന്ന അനന്തമായ പ്രയോജനങ്ങളെക്കുറിച്ചോർക്കുമ്പോഴാണ് തിരുവാതിരവൃതത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാവുന്നത് .
ഇന്നത്തെ സ്ത്രീ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രശ്നമാണ് സ്വാഭാവിക പ്രസവത്തോടുള്ള ഭയം. ലക്ഷക്കണക്കായ മരുന്നു കമ്പനിക്കാരുടെ വളർത്ത്മൃഗങ്ങളായ ഇംഗ്ലീഷ് ഡോക്ടറന്മാരുടേയും പടിഞ്ഞാറൻ പരിഷ്കാരത്തിന്റേയും സ്വാധീന ഫലമായാണ് സമൂഹത്തിൽ സ്വാഭാവികപ്രസവപ്രവണത കുറഞ്ഞതും സിസേറിയൻ വാസന വളർന്നതും . സ്വന്തം കുഞ്ഞിന് വേണ്ടിയാണെങ്കിൽ‌പ്പോലും ത്യാഗമനുഷ്ടിയ്കാനും വേദന സഹിയ്ക്കാനും താല്പര്യമില്ലാത്ത സ്ത്രീകളും എളുപ്പമാർഗ്ഗങ്ങൾ തേടിപ്പോകുന്ന പുതിയതലമുറയുടെ അഭിരുചികളും ഒരു സൃഷ്ടിയുടെ പിന്നിലുള്ള ദൈവീകനിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയുമാണ് സിസേറിയൻ പ്രസവങ്ങൾ വ്യാപകമാവുന്നതിന്റെ പിന്നിലുള്ള കാരണങ്ങൾ. സസ്തനികളിൽ മനുഷ്യസ്ത്രീകൾ മാത്രമാണ് ദൈവനിയമത്തിന് വിരുദ്ധമായി കൃത്രിമപ്രസവരീതി സ്വീകരിച്ച് സൃഷ്ടിയുടെ രഹസ്യത്തെ അവഹേളിയ്ക്കുന്നത് .

ഒരു മനുഷ്യശിശു രൂപപ്പെടുന്ന ഓരോഘട്ടത്തിലും മനുഷ്യാതീതമായ ഒരു നിയമം പ്രവർത്തിയ്ക്കുന്നത് നമുക്ക് ബോധ്യമുള്ളതാണ് .പ്രകൃതിയിലെ ജന്തുജാലസൃഷ്ടികളിലെ സമ്പൂർണ്ണവും അന്തിമമവുമായതുമാണ് മനുഷ്യസൃഷ്ടി എന്നതിനാൽ ഒരുശിശുവിന്റെ ജനനത്തിന് വേണ്ടി പ്രകൃതി അല്ലെങ്കിൽ ദൈവം ഏറെ സുരക്ഷിതത്ത്വങ്ങൾ ചെയ്തു വച്ചിട്ടുണ്ട് .അതിലൊന്നാണ് സ്ത്രീയുടെ ഗർഭപാത്രം .ലോകത്തിലൊരു സാങ്കേതികവിദ്യയ്ക്കും ഇതിനേക്കാൾ ആസൂത്രിതമായ ഒരു കവചം കണ്ടുപിടിയ്ക്കാൻ സാധിച്ചിട്ടില്ല.ബാഹ്യമായ ഏത് ആഘാതത്തേയും തടയാൻ തക്കവണ്ണമാണ് അത് രൂപകൽ‌പ്പന ചെയ്തിട്ടുള്ളത് . അമ്മ ഏതവസ്ഥയിൽക്കിടന്നാലും പെരുമാറിയാലും ഗർഭസ്ഥശിശുവിനെ സുഖകരമായി താങ്ങി ആലോലമാട്ടിനിർത്തുന്ന ആംന്യൂട്ടിക് ഫ്ലൂയിഡിന്റേയും ഗർഭസ്ഥ്ശിശുവിന്റെ ശയ്യയായ പ്ലാസന്റയുടേയും സുരക്ഷിതത്ത്വമാണ് മറ്റൊരദ്ഭുതം .അർബ്ബുദമടക്കമുള്ള ഏതു മാരകരോഗത്തിനും കൈക്കൊണ്ട ദിവ്യൌഷധമാണ് ഈ ദ്രവ്യങ്ങൾ എന്നാണ് ആധുനീക വൈദ്യശാസ്ത്രം പറയുന്നത് . അമ്മയുടെ ആഹാരപദാർത്ഥങ്ങളിൽ നിന്ന് സത്തൂറ്റിയെടുത്ത് കൃത്യമായ അളവിൽ ഗർഭസ്ഥശിശുവിന് നൽകുന്നതിന് വേണ്ടിഘടിപ്പിയ്ക്കപ്പെട്ട പൊക്കിൾക്കൊടിനാളിയാണ് ഇനിയുള്ളൊരദ്ഭുതം.ഇങ്ങിനെ മനുഷ്യന്റെ യാതൊരിടപെടലുമില്ലാതെ ബീജ സങ്കലനം നടത്തി അതിൽ പ്രാണശക്തി നിക്ഷേപിച്ച് അതിന്റെ വളർച്ചയ്ക്ക് വേണ്ട എല്ലാ സംവിധാനങ്ങളും പത്തുമാസത്തോളം കുറ്റമറ്റരീതിയിൽ നിർവ്വഹിയ്ക്കുന്ന ദൈവത്തിന് ആ മനുഷ്യശിശുവിനെ യാതൊരു തകരാറുമില്ലാതെ ജനിപ്പിയ്ക്കാനും സാധിയ്ക്കുമെന്നിരിയ്ക്കെ തീർത്തും അനാവശ്യവും ദൈവനിന്ദാപരവുമായി മനുഷ്യൻ നടത്തുന്ന ഒരിടപെടലിന്റെ ഓമനപ്പേരാണ് സിസേറിയൻ. ഇതുകൊണ്ടുണ്ടായിക്കൊണ്ടിരിയ്ക്കുന്ന ഭയാനകമായ വിപത്തുകൾ വിവരണാതീതമാണ്. ഇവിടെയാണ് കുറേ അനുഭവസമ്പന്നരായ മുത്തശ്ശിമാരാവിഷ്കരിച്ച തിരുവാതിര എന്ന നാടൻ കൈകൊട്ടിക്കളി ഒരു വമ്പൻ പ്രതിരോധത്തിന്റെ വന്മതിലായി ഉയർന്നു നിൽക്കുന്നത്. [തുടരും]

2013, ഡിസംബർ 20, വെള്ളിയാഴ്‌ച

ശ്രീ അയ്യപ്പചരിതം [33]
--------------------------- ഡി. അശ്വിനീദേവ് .
മാളികപ്പുറത്തമ്മ ശബരിമലയിൽ എത്തുന്നു
------------------------------------------------
അയ്യപ്പസ്വാമി എന്ന അദ്ഭുതമൂർത്തി ശബരിമലയിൽ മറ്റ് സിദ്ധയോഗികളോടും ശിഷ്യന്മാരോടുമൊപ്പം തപസ്സാചരിയ്ക്കുന്നതും ജനങ്ങൾ ധാരാളമായി ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച് അവരെ പോയിക്കാണുന്നതുമൊക്കെ നാട്ടിൽ വലിയ വാർത്തയായിരുന്നു. അങ്ങിനെയിരിയ്ക്കേയാണ് മണികണ്ഠസ്വാമി യോഗസമാധിപ്രാപിച്ച വിവരം കാട്ടു തീ പോലെ നാട്ടിൽ പരന്നത് . തന്റെ മാനസഭർത്താവിന്റെ മാർഗ്ഗം മനസാ സ്വീകരിച്ച് ആത്മീയജീവിതം നയിച്ചിരുന്ന ചീരപ്പൻ ചിറയിലെ കന്യകയുടെ ചെവിയിലും ഹൃദയഭേദകമായ ഈ വാർത്തയെത്തി . മണികണ്ഠന്റെ ദൈവീകതയേക്കുറിച്ചൊക്കെ ഇതിനകം നന്നായി മനസ്സിലാക്കിയിരുന്നെങ്കിലും ഇത്രപെട്ടെന്ന് അയ്യപ്പസ്വാമി സ്വശരീരം ഒരു പഴന്തുണിപോലെ ഉപേക്ഷിയ്ക്കുമെന്ന് ആ കന്യക കരുതിയിരുന്നില്ല. തനിയ്ക്ക് അവസാനമായി മണികണ്ഠകുമാരനെ ഒന്നു കാണണമെന്ന് അവർ തന്റെ പിതാവിനോട് ആവശ്യപ്പെട്ടു . തന്റെ മകൾക്ക് മണികണ്ഠനിലുള്ള പൂർണ്ണമായ സമർപ്പണത്തെക്കുറിച്ച് നനായി അറിയാമായിരുന്ന പിതാവ് വിശ്വസ്ഥരായ അനുചരന്മാരേയും കൂട്ടി ആ യുവതിയേ ശബരിമലയിലേയ്ക്ക് അയച്ചു.

ശബരിമലയിൽ അപ്പോൾ അയ്യപ്പസ്വാമിയുടെ ഭൌതികദേഹം വിധിയാംവണ്ണം സംസ്കരിയ്ക്കുന്നതിനുള്ള ഒരുക്കങ്ങൾ മറ്റ് യോഗീശ്വരന്മാരുടേയും കാട്ടുജാതിക്കാരുടേയും നേതൃത്ത്വത്തിൽ നടന്നുകൊണ്ടിരിയ്ക്കുകയായിരുന്നു. തന്റെ ആരാധനമൂർത്തി അദ്ഭുതകരമായ ചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് ചിന്മുദ്രകാട്ടി പട്ടബന്ധാസനത്തിൽ യോഗസമാധി പൂകി ഇരിയ്ക്കുന്ന ദൃശ്യം കണ്ട് ആയമ്മ അദ്ഭുതപ്പെട്ടു . ഇത്ര വലിയ ഒരു മഹാത്മാവിനെ ലൌകീക ജീവിതത്തിൽ പങ്കാളിയാക്കാനാഗ്രഹിച്ച തന്റെ തിരിച്ചറിവില്ലായ്മയുടെ ആഴം അപ്പോഴാണ് ആ യുവതിയ്ക്ക് നന്നായി മനസ്സിലായത് . താനടക്കമുള്ളവർ നയിയ്ക്കുന്ന ഭൌതീക ജീവിതത്തിന്റെ നിസ്സാരതയും യോഗാത്മക ജീവിതത്തിന്റെ മഹത്ത്വവും ആ യുവതിയ്ക്ക് അപ്പോൾ പൂർണ്ണമായും ബോധ്യപ്പെട്ടു. തന്നെയുമല്ല താനവിടെക്കണ്ട ശബരിമലയിലെ അലൌകികമായ അന്ത:രീക്ഷവും ചുറ്റും കണ്ട അസാമാന്യരായ യോഗികളുമൊക്കെ ആ യുവതിയുടെ ഉള്ളിലുറങ്ങിക്കിടന്ന പൂർവ്വസുകൃതസ്മൃതികളെ തട്ടിയുണർത്തി . തന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താവണമെന്ന് ആ നിമിഷത്തിൽ ആ മഹതി തിരിച്ചറിഞ്ഞു. അയ്യപ്പസ്വാമിയേ മനസാവരിച്ച് യോഗസാധനകൾ അനുഷ്ടിച്ച് ഒരു യോഗിനിയേപ്പോലെ ജഡാധാരിയായി ജീവിച്ച ആയമ്മയോട് അവിടെക്കൂടിയ ജനങ്ങൾ എല്ലാവരും വലിയ ആദരവാണ് പ്രകടിപ്പിച്ചത് .

മണികണ്ഠന്റെ ഭൌതികദേഹം അഗ്നിയ്ക്ക് സമർപ്പിച്ചശേഷം വന്നു കൂടിയ ജനങ്ങളൊക്കെ അടുത്തടുത്ത ദിവസങ്ങളിലായി പിരിഞ്ഞുപോയിക്കൊണ്ടിരുന്നു . എന്നാൽ അയ്യപ്പസ്വാമിയുടെ സന്തത സഹചാരികളായിരുന്ന വാവരും കടുത്തയും ഉടുമ്പാറവില്ലനും കറുപ്പനും മറ്റ് ചില ശിഷ്യന്മാരും അവിടെത്തന്നെ തങ്ങി തങ്ങളുടെ യോഗാത്മക ജീവിതം പഴയപടി തുടർന്നു . തങ്ങളുടെ സ്വാമി സമാധിയടഞ്ഞ സ്ഥലം ഉപേക്ഷിച്ച് മലയിറങ്ങാൻ അവരിഷ്ടപ്പെട്ടില്ല. തന്നെയുമല്ല താൻ ചിരഞ്ജീവിയായി അവിടെത്തന്നെയുണ്ടെന്നുള്ള അയ്യപ്പസ്വാമിയുടെ വാക്കുകൾ അവിടെത്തങ്ങാൻ അവരെ പ്രേരിപ്പിച്ചു .

സ്വാഭാവികമായും ആ യുവതിയും അവിടെത്തന്നെ ശിഷ്ടജീവിതം കഴിയ്ക്കുവാൻ തീരുമാനിയ്ക്കുകയും ആ വിവരം മറ്റുള്ളവരെ അറിയിയ്ക്കുകയും ചെയ്തു. ഒരു തികഞ്ഞ യോഗിനിയായി മാറിക്കഴിഞ്ഞ ആയമ്മ ആ യോഗഭൂമിയിൽ ആത്മവിദ്യാരതയായി ജീവിയ്ക്കുവാൻ തീരുമാനിച്ചതിൽ ആർക്കും അദ്ഭുതം തോന്നിയില്ല. മറ്റ് ശിഷ്യന്മാരും യോഗികളും കഴിയുന്നതുപോലെ മരച്ചുവടുകളിലും ഗുഹകളിലും ആയമ്മ കഴിയുന്നത് ഉചിതമല്ല എന്ന് ചിന്തിച്ച കാനനവാസികളായ ജനങ്ങൾ , ആയമ്മയ്ക്ക് താമസിയ്ക്കുവാനായി അയ്യപ്പസ്വാമിയുടെ സമാധിസ്ഥാനത്തിനടുത്ത് തന്നെ ഈറകളും പനയോലകളും കൊണ്ട് ഒരു നല്ല ഗൃഹം തന്നെ നിർമ്മിച്ചുനൽകി. ഒരു വലിയ പ്രമാണിയുടെ മകളായി എല്ലാ സുഖസൌകര്യങ്ങളും അനുഭവിച്ച് സ്വന്തം നാട്ടിൽ ജീവിച്ച ആയമ്മയ്ക്ക് തങ്ങളുടെ കാട്ടിൽ ഒരു കുറവും വരരുതെന്നുള്ള മലവാസികളുടെ ആഗ്രഹംകൊണ്ട് നല്ല സുരക്ഷിതമായ ഒരു ഗൃഹം തന്നെയാണ് അവരായമ്മയ്ക്കായി നിർമ്മിച്ച് നൽകിയത്. അവരതിനെ മാളിക എന്ന് വിളിയ്ക്കുകകയും അതിൽതാമസിയ്ക്കുന്ന അമ്മയെ മാളികപ്പുറത്തമ്മ എന്ന് വിളിച്ചു തുടങ്ങുകയും ചെയ്തു.

എപ്പോഴും അടഞ്ഞുകിടക്കുന്ന ആ ഗൃഹത്തിനുള്ളിൽ മാളികപ്പുറത്തമ്മ സദാ കഠിനമായ തപസ്സാചരിച്ചുകൊണ്ട് ജീവിച്ചു . മാളികപ്പുറത്തമ്മയുടെ വസതി എപ്പോഴും അടഞ്ഞുകിടക്കുമായിരുന്നു എന്നതിനാലാണ് പിൽക്കാലത്ത് അയ്യപ്പസ്വാമിയുടെ അമ്പലം തുറന്നിരിയ്ക്കുമ്പോഴും മാളികപ്പുറത്തമ്മയുടെ കോവിൽ അടച്ചുതന്നെ ഇട്ടിരുന്നത് . വർഷത്തിൽ ഒരിയ്ക്കൽ മാത്രമേ ആ അമ്പലം ആദ്യകാലങ്ങളിൽ തുറക്കുമായിരുന്നുള്ളു . വലിയ ശുദ്ധവൃത്തികൾ ആചരിച്ചിരുന്ന ആയമ്മയ്ക്ക് സ്വയം പാകം ചെയ്യാനുള്ള ഭക്ഷണസാധനങ്ങൾ കാട്ടുജാതിക്കാർ ദൂരെ നിന്ന് അകത്തേയ്ക്ക് നീക്കിവെച്ചുകൊടുക്കുമായിരുന്നു . നാളികേരമടക്കമുള്ള അത്തരം ഭക്ഷ്യവസ്തുക്കൾ അകത്തേയ്ക്ക് നീട്ടിയിട്ടുകൊടുത്തിരുന്ന പതിവായിരിയ്ക്കണം പിൽക്കാലത്ത് മാളികപ്പുറത്തമ്മയുടെ അമ്പലത്തിനു ചുറ്റും നാളീകേരമുരുട്ടുന്ന ചടങ്ങായി രൂപാന്തരം പ്രാപിച്ചത് .

ഏറെക്കാലത്തെ കഠിനമായ യോഗസാധനകളുടെ ഒടുവിൽ ഒരു ദിവസം അയ്യപ്പസ്വാമിയുടെ മറ്റ് അനുയായികളെപ്പോലെ തന്നെ മാളികപ്പുറത്തമ്മയും അദ്ഭുതകരമായ യോഗസമാധിയേ പ്രാപിച്ച് ശരീരം ഉപേക്ഷിയ്ക്കുകയാണ് ചെയ്തത് . മാളികപ്പുറത്തമ്മയുടെ ഭൌതീകദേഹവും ശബരിമലയിൽത്തന്നെ സംസ്കരിച്ചുവെന്ന് പഴമക്കാർ പറയുന്നു. ആ ഭസ്മം കലക്കിയ കുളമാണ് ഭസ്മക്കുളമെന്ന് വിശ്വസിയ്ക്കുന്നവരുമുണ്ട് .[തുടരും]

[ പൂർവ്വഭാഗങ്ങൾ എഴുത്തോല എന്ന ബ്ലോഗിൽ [aswanidev2 blogspot .com] വായിയ്ക്കാവുന്നതാണ്]
ധനു മാസത്തിലെ തിരുവാതിരയും വിട്ടുമാറാത്ത നടുവ് വേദനയും
-----------------------------------------------------------------------
ഡി .അശ്വിനീ ദേവ്
ഫ്യൂഡൽ മലയാളത്തിന്റെ ജീർണ്ണിച്ച ആചാരമായി വലിച്ചെറിയപ്പെട്ടുപോയതാണ് ധനുമാസത്തിലെ തിരുവാതിര വൃതം. മതപരമായ ചടങ്ങുകളുമായി കൂട്ടിക്കെട്ടപ്പെട്ടതു കൊണ്ട് ഇത് പിന്തിരിപ്പനുമായി . എന്നാൽ ഒരു സമൂഹത്തിന്റെ ആകമാനമുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിയ്ക്കുവാൻ പര്യാപ്തമായതും അടിയന്തിരമായി പുന:സ്ഥാപിയ്ക്കപ്പെടേണ്ടതുമായ ഒരാചാരമാണ് തിരുവാതിര .

ആധുനിക സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നിരവധിയായ രോഗങ്ങളുയർത്തുന്ന വെല്ലുവിളിയാണ്. ചെറുതും വലുതുമായ നൂതന രോഗങ്ങൾ ഒരോ ദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിയ്ക്കുന്നു .ഗർഭാശയത്തിൽ വച്ച് രൂപപ്പെടുന്നതു മുതൽ മരണശയ്യയിൽ പ്രത്യക്ഷപ്പെടുന്നത് വരെയുള്ള നിരവധി രോഗങ്ങൾ ഇന്ന് വൈദ്യശാസ്ത്രത്തെ നോക്കി പല്ലിളിയ്ക്കുകയാണ് .സമൂഹത്തിൽ ഇന്ന് കാണപ്പെടുന്ന പലരോഗങ്ങളുടേയും മൂലകാരണം അമ്മമാരുടെ ശാരീരികശോഷണവുമായി ബന്ധപ്പെട്ടതാണ്. ആധുനിക വൈദ്യശാസ്ത്രം സ്ത്രീയുടെ ഗർഭകാലത്ത് മാത്രമുള്ള പരിരക്ഷയേക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് കൌമാരകാലം മുതലുള്ള സ്ത്രീകളുടെ ആരോഗ്യ പാലനത്തെക്കുറിച്ചും സംസ്കാര രൂപീകരണത്തെക്കുറിച്ചും ആഴത്തിൽ ചിന്തിച്ച ഒരു നാടാണ് ഭാരതം. അതുകൊണ്ടാണ് ലോകോത്തര പ്രതിഭകളേയും ദാർശനീക ഗ്രന്ഥങ്ങളേയും സംഭാവന ചെയ്ത ഒരേയൊരു നാടായി ഭാരതം മാറിയത് . ചങ്ങമ്പുഴയുടെ ഭാഷയിൽപ്പറഞ്ഞാൽ “ഭൂതലമജ്ഞാനാന്ധകാരത്തിൽക്കിടന്നപ്പോൾ ഗീതയാം വാടാവിളക്കീനാട്ടിലാളിക്കത്തി ”യത് അങ്ങിനെയാണ്.
പ്രാചീനകാലനാഗരീകതകളുടെ ചരിത്രം പരിശോധിയ്ക്കുമ്പോൾ മഹാപ്രതിഭകൾ ജന്മംകൊണ്ടത് ഈ നാട്ടിൽ മാത്രമായിരുന്നെന്നു കാണാം . പാശ്ഛാത്യലോകത്തിനാകമാനം യേശുവും നബിയുമെന്ന രണ്ടേരണ്ട് മഹാത്മാക്കളെക്കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നപ്പോൾ ഭാരതത്തിൽ മാത്രമായി മുപ്പത്തിമുക്കോടി ദേവഗണങ്ങളാണ് ജന്മംകൊണ്ടത് .അമൃതാനന്ദമയീ ദേവിവരെയുള്ള ആയിരക്കണക്കായ സിദ്ധാത്മാക്കൾ വേറെയുമുണ്ട്. കലയിലും ശാസ്ത്രത്തിലും പ്രതിഭതെളിയിച്ചവരും വേദങ്ങളും ഉപനിഷത്തുകളും രചിച്ചവരുമെല്ലാം ഭാരതത്തിനെ ലോകത്തിന്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചു .പക്ഷേ പിന്നീട് ആധുനീകതയുടെ കുതിച്ചുകയറ്റത്തിൽ ഭാരതം പിന്തള്ളപ്പെട്ടു.എന്നാൽ ആധുനീക ശാസ്ത്രസാങ്കേതികതയുടെ പിൻബലത്തിൽ വമ്പൻ പുരോഗതി നേടിയ രാജ്യങ്ങളൊക്കെ വ്യക്തിതലത്തിലും സാമൂഹികതലത്തിലുമുള്ള അസ്വസ്ഥതകൾ കൊണ്ട് നട്ടം തിരിയുകയാണ് .അശാന്തമായ അവരുടെ ജീവിതങ്ങളെ നേർവഴിയ്ക്ക് നയിയ്ക്കാൻ കഴിയാതെ അവരുടെ മതങ്ങളും വിദ്യാഭ്യാസപദ്ധതികളുമൊക്കെ പരാജയപ്പെട്ടുനിൽക്കുമ്പോൾ ലോകരാജ്യങ്ങളാകമാനം ഒരു മാതൃകയ്ക്കായി ഭാരതത്തെ ഉറ്റുനോക്കിത്തുടങ്ങിയിട്ടുണ്ട് . നമ്മുടെ പല ആശ്രമങ്ങളിലും കാണുന്ന ആയിരക്കണക്കായ വിദേശികളുടെ തിരക്ക് ഈ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത് . എന്നാൽ ഭാരതമാവട്ടെ പൊള്ളയായ വിദേശസംസ്കാരത്തിന്റെ പിന്നാലെ ഭ്രാന്ത് പിടിച്ച്പായുകയാണ് .ഈ പരക്കം പാച്ചിലിൽ ഭാരതീയ സംസ്കാരത്തിന്റെ പല ഈടുവയ്പ്പുകളേയും നാം വലിച്ചെറിയുകയും ചെയ്തു . അതിലൊന്നാണ് തിരുവാതിര പോലെയുള്ള ആചാരങ്ങൾ .

ആരോഗ്യമുള്ള ഒരു തലമുറയേ വാർത്തെടുക്കുന്നതിനായി ബുദ്ധിമാന്മാരായ പൂർവ്വീകർ അമ്മാമാർക്ക് വേണ്ടി ആവിഷ്കരിച്ച ഒരു ശാരീരികാരോഗ്യപദ്ധതിയാണ് തിരുവാതിര. ഒരു വ്യായാമക്രമം എന്ന തരത്തിലുള്ള യാന്ത്രിക പ്രവർത്തനത്തിന്റെ മടുപ്പ് ഒഴിവാക്കുവാനും ആസ്വദിച്ച് ചെയ്യുവാനും വേണ്ടിയാണ് മതസംകൽ‌പ്പങ്ങളുമായി ഇതിനെ സംയോജിപ്പിച്ച് സൌന്ദര്യവൽക്കരിച്ചത് .പരമശിവന്റെ തിരുനാളായ തിരുവാതിരയിൽ അവസാനിയ്ക്കുന്ന ഒരു വൃതമായി ഇതിനെ രൂപപ്പെടുത്തുകയും പാർവ്വതീപരമേശ്വരന്മാർക്ക് പ്രീയംകരമായ ഈ വൃതം അനുഷ്ഠിയ്ക്കുന്ന യുവതികൾക്ക് നല്ല ഭർത്താവിനേയും ദീർഘദാമ്പത്യത്തേയും ലഭിയ്ക്കുമെന്ന ഫലസിദ്ധി പ്രവചിയ്ക്കുകയും ചെയ്തതോടെ ഈ വൃതം മലയാളമങ്കമാരുടെ പ്രീയംകരമായ ആചാരമായി മാറി .എന്നാൽ പിൽക്കാലത്ത് ഈ ആചാരവും നഷ്ടപ്രായമായി .ഇന്ന് ആധുനീക കേരളീയ സമൂഹം നേരിടുന്ന രോഗാതുരമായ അവസ്ഥയ്ക്ക് ഒരളവ് വരെ പരിഹാരം കാണാൻ ഈ വൃതത്തിന് സാധിയ്ക്കുമെന്നതിന് സംശയമില്ല.
പുതിയതലമുറയുടെ ഏറ്റവും വലിയ ആരോഗ്യപ്രശ്നം രോഗപ്രതിരോധ ശേഷിയുടെ കുറവാണ് .പല ശിശുക്കളും ഗർഭപാത്രത്തിൽ നിന്ന് പുറത്ത് വരുന്നത് തന്നെ നിരവധി മാരകരോഗങ്ങളുമായാണ് . രോഗമില്ലാതെ ജനിയ്ക്കുന്ന കുഞ്ഞുങ്ങളാവട്ടെ അവരുടെ ജീവിതകാലഘട്ടത്തിൽ വിവിധരോഗങ്ങൾക്ക് എളുപ്പം വഴങ്ങിക്കൊടുക്കുകയും ചെയ്യുന്നു. ഭ്രൂണാവസ്ഥമുതലുള്ള രോഗപ്രതിരോധശേഷിക്കുറവാണിതിന് കാരണം. അമ്മയുടെ ഗർഭപാത്രത്തിന്റെ ആരോഗ്യക്കുറവും ശാരീരിക ക്ഷമതക്കുറവും ഇതിനൊരു കാരണമാണ് .കൌമാരകാലം മുതൽ തന്നെ പെൺകുട്ടികൾ സ്വന്തം ശരീരത്തിന്റെ പ്രത്യേകിച്ച് ഗർഭധാരണകേന്ദ്രമായ ഉദരഭാഗത്തിന്റെ പേശികൾക്ക് ബലം നൽകുന്നതായ വ്യായാമങ്ങൾ അനുഷ്ഠിയ്ക്കേണ്ടതാണെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുമ്പോൾ അരക്കെട്ടിന് ബലം നൽകുന്ന തിരുവാതിരക്കളി എന്ന കലാരൂപം ആവിഷ്കരിച്ച് മതവിശ്വാസവുമായി കോർത്തിണക്കി പെൺകുട്ടികളുടെ ജീവിതത്തിൽ ചേർത്തുവച്ച പൂർവ്വീകരുടെ ബുദ്ധിയും മഹത്വവും നാം മനസ്സിലാക്കേണ്ടതാണ്.
തിരുവാതിര എന്ന നൃത്തരൂപത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് അരക്കെട്ടിന്റെ ചലനങ്ങൾക്ക് മുന് തൂക്കം നൽകുന്ന ഒരു നടനമാണ് എന്നതത്രേ. കാലുകളകത്തിവച്ച് അതിദ്രുതതാളത്തിലല്ലാതെ ഒരുയോഗാസനത്തിന്റെ സൌമ്യവേഗതയിലാണ് തിരുവാതിര കളിയ്ക്കുന്നത് .അമിതമായ ആയാസം ഗർഭാശയഭിത്തികൾക്കുണ്ടാവാതിരിയ്ക്കാനാണ് ഈ നൃത്തം ഇങ്ങനെ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത് .ഒരു പ്രത്യേകതാളത്തിൽ ഇരിയ്ക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് തിരുവാതിരക്കളിയുടെ മാത്രം ഒരു പ്രത്യേകതയാണ്. ഇതിന്റെ ഫലമായി ജനനേന്ദ്രിയഭാഗമടക്കമുള്ള പേശികൾക്ക് നല്ല ആരോഗ്യവും ഇലാസ്തികതയും ലഭിയ്ക്കുകയും ദാമ്പത്യജീവിതം ആനന്ദപ്രദമാവുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തിലെ പലപൊരുത്തക്കേടുകളും ആരംഭിയ്ക്കുന്നത് കിടപ്പറയിൽ നിന്നാണ് എന്നത് ഒരു പുതിയ കാര്യമല്ലല്ലൊ. തന്നെയുമല്ല ഉദരപേശികളുടെ ബലക്കുറവ് നിമിത്തം ഗർഭപാത്രം മുന്നോട്ട് തള്ളിവരുന്ന അവസ്ഥ ഒട്ടും ഉണ്ടാവാത്തത് നർത്തകികളിലാണ് എന്നത് ഒരു വാസ്തവവുമാണ് . അധുനിക സ്ത്രീ സമൂഹത്തിന്റെ ഏറ്റവും വലിയ ശാപവും ലക്ഷക്കണക്കായ മരുന്ന് കമ്പനിക്കാരുടെ ചാകരയുമായ സിസേറിയൻ എന്ന് ദുരന്തത്തെ തിരുവാതിര എങ്ങിനെ പ്രതിരോധിയ്ക്കുന്നു എന്നത് ഇനി വിവരിയ്ക്കാം. [തുടരും]

2013, ഡിസംബർ 12, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പചരിതം [32]
-------------------------- ഡി. അശ്വിനീ ദേവ്
മാളികപ്പുറത്തമ്മയുടെ കഥ
------------------------------
ശബരിമലയിൽ നിത്യബ്രഹ്മചാരിയായിരിയ്ക്കുന്ന അയ്യപ്പസ്വാമിയുടെ സമീപത്ത് തന്നെ മാളികപ്പുറത്തമ്മയുടെ ഇരിപ്പിടം എങ്ങിനെ വന്നു എന്നത് ഇന്നും പലർക്കും ദുരൂഹമായിത്തുടരുകയാണ്. എന്നാൽ അതിനും വ്യക്തവും യുക്തിസഹവുമായ കാരണങ്ങളുണ്ട് . പലരും വ്യാഖ്യാനിയ്ക്കുന്നത് പോലെ ബ്രഹ്മത്തെ മൂടിനിൽക്കുന്ന മായയോ അയ്യപ്പചൈതന്യത്തോടൊപ്പമുള്ള പരാശക്തിയോ ഒന്നുമല്ല മാളികപ്പുറത്തമ്മ മറിച്ച് നിഷ്കളങ്കവും നിരുപമവുമായ ഒരാത്മസമർപ്പണത്തിന്റെ യോഗസ്വരൂപമാണ്. ശബരിമലയുടെ അപാരമായ ചൈതന്യത്തിന്റെ ഒരു കാരണം അത് പല സിദ്ധാത്മാക്കളുടേയും സമാധിസ്ഥാനമാണ് എന്നതാണ് .ആ സിദ്ധാത്മാക്കളിൽ ചിലരുടെ പ്രതിഷ്ഠകൾ മാത്രമേ നമുക്കവിടെ കാണാൻ സാധിയ്ക്കുന്നുള്ളു. അതിലൊരു സമാധിയാണ് മാളികപ്പുറത്തമ്മയുടേത് .

അയ്യപ്പസ്വാമിയുടെ സമാധിയ്ക്ക് ശേഷമാണ് മാളികപ്പുറത്തമ്മ ശബരിമലയിലേക്ക് വരുന്നത് .അയ്യപ്പസ്വാമിയെ കാത്തിരുന്ന ഒരു പെൺകുട്ടിയുടെ കഥ വെറും കെട്ടുകഥയല്ല. വെറുമൊരു നാടോടിക്കഥയ്ക്ക് ഇങ്ങനെ കാലത്തിനെ അതിജീവിയ്കാനാവില്ല. മാളികപ്പുറത്തമ്മയുടെ ആത്മസമർപ്പണത്തിന്റെ കഥ സംഭവിച്ചത് തന്നെയാണ് . മണികണ്ഠകുമാരൻ ആയുധവിദ്യയഭ്യസിയ്ക്കുവാൻ വേണ്ടി ഗുരുകുലവാസം ചെയ്ത ചേർത്തലയിലെ ചീരപ്പഞ്ചിറ കളരിയ്ക്കടുത്തുള്ള ഒരു ഉയർന്നകുടുമ്പത്തിലെ പെൺകുട്ടിയാണ് പിൽക്കാലത്ത് മാളികപ്പുറത്തമ്മയായി മാറിയത്. തന്റെ പ്രണയാഭ്യർത്ഥന മണികണ്ഠകുമാരൻ സ്വീകരിച്ചില്ലെങ്കിലും ഒരു വാക്ക് നൽകിയിരുന്നതിൽ പ്രതീക്ഷ വച്ച് ജീവിയ്ക്കുകയായിരുന്നു ആ യുവതി. തന്റെ ദൌത്യം പൂർത്തിയാക്കി എന്നെങ്കിലും താൻ തിരിച്ച് വന്നാൽ അന്ന് സ്വീകരിച്ചോളാം എന്നതായിരുന്നു ആ വാക്ക്. അന്നു തൊട്ട് തന്റെ പ്രാണേശ്വരനായി മണികണ്ഠനെ മനസ്സിൽ പ്രതിഷ്ഠിച്ച് അദ്ദേഹം യുദ്ധംജയിച്ച് തിരിച്ചു വരുന്നതും കാത്ത് പ്രാർത്ഥനയോടെ ജീവിയ്ക്കുകയായിരുന്നു ആ യുവതി . എന്നാൽ മണികണ്ഠനാവട്ടെ തന്റെ യോഗത്മകജീവിതചര്യയിൽ സ്വയം സമർപ്പിച്ച് ശബരിമലയിൽ സാധനാ നിരതനായി ജീവിയ്ക്കുകയായിരുന്നു . യോഗസാധകന്മാർ അത്യാവശ്യമായും ത്യജിയ്ക്കേണ്ട രണ്ട് കാര്യങ്ങളാണ് കാമിനിയും കാഞ്ചനവും. അതുകൊണ്ട് തന്നെ ലൌകീക ജീവിതത്തിൽ അയ്യപ്പസ്വാമി വിരക്തനായിരുന്നു. മണികണ്ഠകുമാരന്റെ ഓരോ കാര്യങ്ങളും ദൂതന്മാർ മുഖേന ആ യുവതിയും അവരുടെ വീട്ടുകാരും അറിയുന്നുണ്ടായിരുന്നു. തന്റെ ജീവനാഥൻ ശബരിമലയിൽ നിരവധിയോഗികളോടൊപ്പം ആത്മീയജീവിതം നയിയ്ക്കുന്ന വൃത്താന്തം അറിഞ്ഞ ആ യുവതി തന്റെ മാനസഭർത്താവിന്റെ പാതപിന്തുടരുന്ന യഥാർത്ഥ സഹധർമ്മിണിയായി സ്വയം ആത്മീയജീവിതം നയിയ്ക്കുവാനാരംഭിച്ചു. തന്റെ മകളുടെ ഇംഗിതം മനസ്സിലാക്കിയ സംസ്കാരസമ്പന്നനായ പിതാവ് തന്റെ മകളെക്കൂടി യോഗസാധനാമാർഗ്ഗത്തിൽ ഒപ്പം കൂട്ടണമെന്നും മലയിൽ താമസിയ്ക്കുവാൻ അനുവദിയ്ക്കണമെന്നും ദൂതന്മാർ മുഖേന മണികണ്ഠസ്വാമിയോട് ആവശ്യപ്പെട്ടിരിയ്ക്കാൻ ഇടയുണ്ട്. യൌവ്വനയുക്തകളായ സ്ത്രീകൾ ബ്രഹ്മചര്യവൃതമനുഷ്ടിയ്ക്കുന്ന യോഗസാധകർ വസിയ്ക്കുന്ന സ്ഥലത്ത് വരാൻ പാടില്ല എന്ന് അയ്യപ്പസ്വാമി വിലക്കിയിട്ടുണ്ടാവണം. അതുകൊണ്ടാണ് ശബരിമല യുവതികൾക്ക് നിഷിദ്ധമായി മാറിയത് . അയ്യപ്പസ്വാമിയുടെ സങ്കൽ‌പ്പമുദ്ര പതിഞ്ഞതാണ് ശബരിമലയിലെ ഓരോ ആചാരങ്ങളും എന്ന് മുൻപ് സൂചിപ്പിച്ചത് ഓർക്കുമല്ലൊ.

ചീരപ്പൻ ചിറയിലെ യോഗിനി എങ്ങിനെയാണ് ശബരിമലയിലെത്തി മാളികപ്പുറത്തമ്മയായത് എന്ന് അടുത്ത ലക്കത്തിൽ വിവരിയ്ക്കാം.[തുടരും]

2013, ഡിസംബർ 10, ചൊവ്വാഴ്ച

ശ്രീ അയ്യപ്പ ചരിതം[30]
--------------------------
അയ്യപ്പസ്വാമിയുടെ സമാധിരഹസ്യം .
-----------------------------------------

അയ്യപ്പസ്വാമി യോഗസമാധിയിൽ പ്രവേശിച്ചപ്പോഴുള്ള രൂപത്തിന്റെ പ്രത്യേകതകളെക്കുറിച്ചാണല്ലൊ കഴിഞ്ഞ ഭാഗത്ത് വിശദീകരിച്ചത് .ചിന്മുദ്ര കാട്ടിക്കൊണ്ട് അയ്യപ്പസ്വാമി സമാധിയടഞ്ഞു എന്നു പറയുന്നതിൽ സംശയാലുക്കൾ അവിശ്വസിച്ചേയ്ക്കാം. അക്കൂട്ടർ അയ്യപ്പസ്വാമി ആ സമയത്ത് ഉപവിഷ്ടനായിരിയ്ക്കുന്ന ആസനം ഒന്ന് ശ്രദ്ധിയ്ക്കുന്നത് നന്നായിരിയ്ക്കും. രണ്ടുകാലുകളും താഴെനിന്നും വി പോലെ ഉറപ്പിച്ച് വച്ച് ഒരു പട്ടകൊണ്ട് ചുറ്റിക്കെട്ടിയിരിയ്ക്കുന്ന ആ ആസനത്തിന് പട്ടബന്ധാസനം എന്നാണ് പറയുക. ഒരിയ്ക്കലും ഒരു മനുഷ്യനും അത്തരമൊരവസ്ഥയിൽ കാലുകൾ വച്ചുകൊണ്ട് നിലത്തിരിയ്ക്കാനാവില്ല. അത്രയ്ക്ക് ദുഷ്കരമായ ഒരാസനമാണത്. ശരീരത്തിന്റെ മൂലാധാരഭാഗത്തെ നിലത്തുറപ്പിച്ച് രണ്ടുകാൽ‌പ്പാദങ്ങളും അവിടെ ചേർത്ത് വച്ച് കാൽമുട്ടുകൾ ത്രികൊണാകൃതിയിൽ അകറ്റി വച്ചുകൊണ്ട് ഇരിയ്ക്കുക എന്നത് യോഗസനങ്ങളിൽ പ്രാവീണ്യമുള്ളവർക്ക് പോലും സാധിയ്ക്കുന്ന ഒന്നല്ല. ആ അവസ്ഥയിൽ കാലുകൾ സ്വാഭാവികമായി അകന്നുപോവും. അങ്ങിനെ ഉണ്ടാകാതാരിയ്ക്കാനാണ് ഒരു പട്ട കൊണ്ട് രണ്ട് കാലുകളേയും ബന്ധിച്ചിരിയ്ക്കുന്നത്. അഭ്യാസികൾക്ക് പോലും അസാധ്യമായ ഇത്തരമൊരു ആസനം അയ്യപ്പസ്വാമിയേപ്പോലെയുള്ള ഒരു ഹഠയോഗിയ്ക്കല്ലാതെ മറ്റാർക്കും പ്രായോഗികമാക്കാൻ കഴിയില്ല .ഇതൊരു പക്ഷേ യോഗശക്തി കൊണ്ട് പ്രാണനെ ശരം പോലെയാക്കി ശിരസ്സിലുള്ള ബ്രഹ്മരന്ധ്രം ഭേദിച്ച് പ്രാണനുപേക്ഷിയ്ക്കുന്നതിന് യോഗ്യമായ ഒരാസനമായിരിയ്ക്കാനാണ് സാധ്യത. ദീർഘ നേരം ആ ആസനത്തിലിരിയ്ക്കുമ്പോൾ കാലുകൾ അകന്ന് ആസനം വിലക്ഷണമാവുകയും അത് ശരീരത്തിലെ നാഢീഞരമ്പുകളെ സങ്കീർണ്ണമാക്കുകയും ചെയ്യാൻ ഇടയുള്ളതു കൊണ്ടാണ് ഒരു പട്ട കൊണ്ട് കാലുകളെ ബന്ധിയ്ക്കുന്നത് . ആ അവസ്ഥയിൽ ഇരുന്നാവണം അയ്യപ്പസ്വാമി സമാധിയടഞ്ഞത് എന്ന് ചിന്തിയ്ക്കുന്നതിൽ തെറ്റില്ല.

സമാധ്യവസ്ഥയിലുള്ള അയ്യപ്പസ്വാമിയുടെ ശിരസ്സും നാം ശ്രദ്ധിയ്ക്കേണ്ടതാണ് . ചില ചിത്രകാരന്മാർ അവിടെ കിരീടമൊക്കെ വരച്ചു ചേർത്തിട്ടുണ്ടെങ്കിലും സൂക്ഷിച്ച് നോക്കിയാൽ അത് ജഢ മുകളിലേയ്ക്ക് ചുറ്റിക്കെട്ടി വച്ചിരിയ്ക്കുന്നതാണ് എന്ന് മനസ്സിലാവും.അത്രയ്ക്ക് ജഢ ഒരു ചെറിയകാലം കൊണ്ട് വളരില്ലല്ലൊ. അയ്യപ്പസ്വാമി ദീർഘകാലം ശബരിമലയിൽ യോഗവിദ്യകളാചരിച്ചുകൊണ്ട് ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകളാണിതൊക്കെ. തമിഴ് നാടിന്റെ സിദ്ധപാരമ്പര്യത്തേക്കുറിച്ച് അറിയുന്നവർക്ക് ഇതിലൊന്നും ഒരദ്ഭുതവും തോന്നാനിടയില്ല.

എന്നാൽ എന്തുകൊണ്ട് ഇത്ര ചെറുപ്പത്തിൽ തന്നെ അയ്യപ്പസ്വാമി സമാധി പൂകി എന്ന് ഒരു ന്യായമായ സംശയം ജിജ്ഞാസുക്കൾക്ക് ഉണ്ടാവാം. അതിന്റെ ഉത്തരം യോഗമേഖലകളിൽ വിഹരിയ്ക്കുന്നവർക്ക് മാത്രമേ മനസ്സിലാവുകയുള്ളു . സാധാരണ ജനങ്ങൾ എത്ര ആനന്ദത്തോടുകൂടിയാണോ ഇന്ദ്രിയസുഖങ്ങൾ അനുഭവിച്ചുകൊണ്ട് ലൌകികതയിൽ ജീവിയ്ക്കുന്നത് അതിന്റെ ആ‍യിരമായിരം മടങ്ങ് സുഖമാണ് ഇന്ദ്രിയാതീത മേഖലകളിൽ ആത്മാരാമന്മാരായി വിഹരിയ്ക്കുന്നവർ അനുഭവിയ്ക്കുന്നത്. പുതിയ രാജ്യങ്ങളിൽ ചെല്ലുമ്പോൾ ഒരു ലോക സഞ്ചാരിയ്ക്കുണ്ടാകുന്ന ആനന്ദത്തിന്റെ ശതകോടി ആനന്ദമാണ് സിദ്ധലോകം ഗന്ധർവ്വ ലോകം ആനന്ദമയലോകം തുടങ്ങിയ സൂക്ഷ്മലോകങ്ങളിൽ ധ്യാനവസ്ഥയിൽ സഞ്ചരിച്ചുകൊണ്ടേയിരിയ്ക്കുന്ന യോഗികൾക്ക് ലഭിയ്ക്കുന്നത് . ലോകനിയമമനുസരിച്ച് ഒരു ഉപാധിയെന്നവണ്ണം സ്വീകരിച്ചിരിയ്ക്കുന്ന ശരീരത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി താഴേയ്ക്ക് വരുക എന്നത് സിദ്ധയോഗികൾക്ക് ദുസ്സഹമാണ്. തന്നെയുമല്ല ഒരു ശരീരം സ്വീകരിച്ചിരിയ്ക്കുന്നതു കൊണ്ട് പ്രാപഞ്ചികനിയമമനുസരിച്ചുള്ള ജീർണ്ണാവസ്ഥകളിലൂടെ കടന്നു പോകേണ്ടിയും വരും . അത്തരം അവസ്ഥകളിൽ പലരും സ്വേച്ഛയാ ഈ ശരീരം ത്യജിയ്ക്കാറാണ് പതിവ് . അവർ പിന്നീട് പുനർജ്ജന്മമില്ലാത്ത ആനന്ദമയലോകത്ത് സൂക്ഷ്മാ‍ത്മാക്കളായി മാറും. എന്നാൽ അത്തരമൊരു യോഗിയല്ലായിരുന്നു എന്നതാണ് അയ്യപ്പസ്വാമിയുടെ മഹത്വം. എപ്പോഴും തനിയ്ക്ക് ചുറ്റുമുള്ള തന്റെ ഭക്തർക്ക് വേണ്ടി തുടിച്ചുകൊണ്ടിരുന്ന ഒരു കാതരമായ മനസ്സുണ്ടായിരുന്നു അയ്യപ്പസ്വാമിയ്ക്ക്. യോഗനിയമ പ്രകാരം താൻ പ്രാപഞ്ചിക നിയമങ്ങൾക്ക് വിധേയനായി ശിഷ്യന്മാർക്കും ഭക്തന്മാർക്കുമൊപ്പം ജീവിച്ചാൽ തന്റെ ശരീരവും ജീർണ്ണമാവുമെന്നും അങ്ങിനെ സ്വാഭാവിക മൃത്യു സംഭവിയ്ക്കുമെന്നും അങ്ങിനെയുണ്ടായാൽ ജീവന്റെ ഗതിനിയമങ്ങൾക്കനുസരിച്ച് തന്റെ ആത്മാവ് മുക്താവസ്ഥയെ പ്രാപിച്ച് ഉയർന്നുപോകുമെന്നുമറിയാമായിരുന്ന അയ്യപ്പസ്വാമി , തന്റെ ഭക്തന്മാരെ എപ്പോഴും കാണുന്നതിനും അവരുടെ സങ്കടങ്ങളിൽ കൂടെയുണ്ടാവുന്നതിനും വേണ്ടി ചിരഞ്ജീവിയായി ശബരിമലയിൽ സാന്നിധ്യം ചെയ്യുവാൻ ആഗ്രഹിച്ചു . ഇതിന് സ്വന്തം ജീവിതത്തിന്റെ കാലഗതിയെത്തുന്നതുവരെ കാത്തിരിയ്ക്കാതെ പ്രാണനെ സ്വേച്ഛയാ ത്യജിയ്ക്കുക എന്നതാണ് യോഗികൾ ചെയ്യേണ്ടത്. ആ നിയമമനുസരിച്ചാണ് ദേഹാത്മകമായ ഉപാധി ഉപേക്ഷിച്ചുകൊണ്ട് അയ്യപ്പസ്വാമി തന്റെ പ്രാണ ചൈതന്യത്തെ ശബരിമലയിലെ ധർമ്മശാസ്താവിന്റെ വിഗ്രഹത്തിലേയ്ക്ക് ലയിപ്പിച്ചുകൊണ്ട് സ്വയം ചിന്മുദ്രാങ്കിത പട്ടബന്ധ സ്ഥിതിയിൽ ശരീരം ഉപേക്ഷിച്ചത് .ഇതൊക്കെ സാധ്യമാണോ ഇതിനൊക്കെ വല്ല അടിസ്ഥാനവുമുണ്ടോ എന്ന് സംശയിയ്ക്കുന്നവർ ഹിമാലയ സാനുക്കളിലെ മഹർഷിമാർ നൂറ്റാണ്ടുകളായി ഇത്തരം കാര്യങ്ങൾ നിത്യസാധാരണമായി ചെയ്യുന്നതിനേക്കുറിച്ചു വിവരിയ്ക്കുന്നനിരവധി പുസ്തകങ്ങൾ ലഭ്യമാണെന്നും അവ മറിച്ചുനോക്കണമെന്നും പറഞ്ഞുകൊള്ളട്ടെ .[തുടരും]

[പൂർവ്വഭാഗങ്ങൾ എഴുത്തോല [aswanidev2 blogspot] എന്ന് ബ്ലോഗിൽ വായിക്കാവുന്നതാണ്]

2013, ഡിസംബർ 9, തിങ്കളാഴ്‌ച

ശ്രീ അയ്യപ്പചരിതം[31]
-------------------------
സമാധിയ്ക്ക് ശേഷമുള്ള ശബരിമല
------------------------------------

അയ്യപ്പസ്വാമിയുടെ യോഗസമാധിയ്ക്ക് ശേഷമുള്ള ശബരിമല ശോകമൂകമായിരുന്നു എന്നുവേണമനുമാനിയ്ക്കാൻ. മണികണ്ഠന്റെ ദേഹവിയോഗമറിഞ്ഞ് മലകളിലുള്ള ജനങ്ങളും പന്തളത്ത് നിന്നുമുള്ള നിരവധി ഭക്തരും അവിടെ തടിച്ച് കൂടി. എല്ലാ മലകളിൽ നിന്നുമുള്ള യോഗികളും മഹാത്മാക്കളും അയ്യപ്പസ്വാമിയുടെ സമാധിസ്ഥിതി കാണുവാനായി എത്തി.ഒരു പക്ഷേ ആ ശരീരം നിരവധി ദിവസങ്ങളോളം അവിടെ സൂക്ഷിയ്ക്കപ്പെട്ടിട്ടുണ്ടാവണം. അങ്ങിനെയാവണം ആ രൂപം ഭക്തമാനസങ്ങളിൽ പതിഞ്ഞതും പിന്നീട് ചിത്രകാരന്റെ ഭാവനയിൽ പുനർജ്ജനിച്ചതും.

ശബരിമലയിൽ വളരെ ദുരൂഹമായി കാണപ്പെടുന്ന രണ്ട് ദിവ്യസ്ഥാനങ്ങളാണ് മണിമണ്ഡപവും ഭസ്മക്കുളവും. ഈ രണ്ട് സ്ഥാനങ്ങളുടെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് വ്യത്യസ്ഥങ്ങളായ അഭിപ്രായങ്ങളാണ് ഉള്ളത്. മണിമണ്ഡപത്തിൽ പ്രധാനമായും ഭസ്മമാണു ഭക്തർ സമർപ്പിയ്ക്കുന്നതും പ്രസാദമായി അവിടെനിന്നുമെടുത്ത് ധരിയ്ക്കുന്നതും . ഒരു പക്ഷേ അയ്യപ്പസ്വാമിയുടെ ഭൌതികദേഹം സമാധ്യവസ്ഥയിൽ കാണപ്പെട്ടതും പിന്നീട് വിധിപ്രകാരം അഗ്നിദഹനം നടന്നതും ഈ സ്ഥലത്താവണം. അതുകൊണ്ടാവണം അവിടുത്തെ പ്രധാന സമർപ്പണദ്രവ്യം ഭസ്മമായത് . കുറേ ക്കൊല്ലങ്ങൾക്ക് മുൻപ് വരെ ആ മണ്ഡപത്തിൽ ആടിന്റെ രൂപത്തിലുള്ള ഒരു പ്രതിമയുണ്ടായിരുന്നു. പിന്നീട് അത് എടുത്ത്മാറ്റപ്പെട്ടു. ഒരു പക്ഷേ ആ മണ്ഡപത്തിൽ കാട്ടുജാതിക്കാർ പിന്നീട് മൃഗബലി നടത്തിയിരുന്നതുകൊണ്ടാവാം അവിടെ അങ്ങിനെ ഒരു രൂപം സ്ഥാപിയ്ക്കപ്പെട്ടത്.

ഭസ്മക്കുളത്തെക്കുറിച്ച് പറയുന്നത് അത് മാളികപ്പുറത്തമ്മയുടെ സമാധിയ്ക്ക് ശേഷം ആ ശരീരം ദഹിപ്പിച്ചതിന്റെ ഭസ്മം കലക്കിയ കുളമായതു കൊണ്ട് അത് ഭസ്മക്കുളമായി പിന്നീടറിയപ്പെട്ടു എന്നാണ്. ഒരു പക്ഷേ അയ്യപ്പസ്വാമിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത കുളമാകാനും സാധ്യതയുണ്ട്.

അയ്യപ്പസ്വാമിയുടെ യോഗസമാധിയേക്കുറിച്ച് മുൻകൂട്ടി അറിയുമായിരുന്ന സിദ്ധന്മാർ അവിടെ തടിച്ചുകൂടിയ ജനങ്ങൾക്ക് യോഗരഹസ്യങ്ങൾപറഞ്ഞ് മനസ്സിലാക്കിക്കൊടുത്തിരിയ്ക്കണം. അവരായിരിയ്ക്കണം പിന്നീട് തീർത്ഥാടനത്തിന്റെ സ്വഭാവനിർണ്ണയം നടത്തിയത്. സൂക്ഷ്മഭാവത്തിൽ ചൈതന്യാവസ്ഥയിൽ അയ്യപ്പസ്വാമി അവിടെ തന്റെ യഥാർത്ഥ ഭക്തരെ അനുഗ്രഹിയ്ക്കാനായി കുടികൊള്ളുന്നുണ്ടെന്നും നല്ല വൃതശുദ്ധിയോടെ ഭജിച്ചാൽ സ്വാമിയുടെ അനുഗ്രഹമുണ്ടാവുമെന്നും അവർ പറഞ്ഞിരുന്നിരിയ്ക്കണം. ആ സിദ്ധന്മാരുടെ ഉപദേശങ്ങളനുസരിച്ചുകൊണ്ട് അന്നുതുടങ്ങിയ തീർത്ഥാടനമാണ് ഇന്നത്തെ കോടാനുകോടിജനങ്ങളുടെ മഹപ്രയാണമായി മാറിയിരിയ്ക്കുന്നത്.

മാളികപ്പുറത്തമ്മ ശബരിമലയിൽ എത്തിച്ചേർന്നതിനേക്കുറിച്ചുള്ള കഥ വളരെ വിശ്വസനീയവും യുക്തിസഹവുമായ ഒന്നാണ് [തുടരും]