2013, ഡിസംബർ 20, വെള്ളിയാഴ്‌ച

ശ്രീ അയ്യപ്പചരിതം [33]
--------------------------- ഡി. അശ്വിനീദേവ് .
മാളികപ്പുറത്തമ്മ ശബരിമലയിൽ എത്തുന്നു
------------------------------------------------
അയ്യപ്പസ്വാമി എന്ന അദ്ഭുതമൂർത്തി ശബരിമലയിൽ മറ്റ് സിദ്ധയോഗികളോടും ശിഷ്യന്മാരോടുമൊപ്പം തപസ്സാചരിയ്ക്കുന്നതും ജനങ്ങൾ ധാരാളമായി ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച് അവരെ പോയിക്കാണുന്നതുമൊക്കെ നാട്ടിൽ വലിയ വാർത്തയായിരുന്നു. അങ്ങിനെയിരിയ്ക്കേയാണ് മണികണ്ഠസ്വാമി യോഗസമാധിപ്രാപിച്ച വിവരം കാട്ടു തീ പോലെ നാട്ടിൽ പരന്നത് . തന്റെ മാനസഭർത്താവിന്റെ മാർഗ്ഗം മനസാ സ്വീകരിച്ച് ആത്മീയജീവിതം നയിച്ചിരുന്ന ചീരപ്പൻ ചിറയിലെ കന്യകയുടെ ചെവിയിലും ഹൃദയഭേദകമായ ഈ വാർത്തയെത്തി . മണികണ്ഠന്റെ ദൈവീകതയേക്കുറിച്ചൊക്കെ ഇതിനകം നന്നായി മനസ്സിലാക്കിയിരുന്നെങ്കിലും ഇത്രപെട്ടെന്ന് അയ്യപ്പസ്വാമി സ്വശരീരം ഒരു പഴന്തുണിപോലെ ഉപേക്ഷിയ്ക്കുമെന്ന് ആ കന്യക കരുതിയിരുന്നില്ല. തനിയ്ക്ക് അവസാനമായി മണികണ്ഠകുമാരനെ ഒന്നു കാണണമെന്ന് അവർ തന്റെ പിതാവിനോട് ആവശ്യപ്പെട്ടു . തന്റെ മകൾക്ക് മണികണ്ഠനിലുള്ള പൂർണ്ണമായ സമർപ്പണത്തെക്കുറിച്ച് നനായി അറിയാമായിരുന്ന പിതാവ് വിശ്വസ്ഥരായ അനുചരന്മാരേയും കൂട്ടി ആ യുവതിയേ ശബരിമലയിലേയ്ക്ക് അയച്ചു.

ശബരിമലയിൽ അപ്പോൾ അയ്യപ്പസ്വാമിയുടെ ഭൌതികദേഹം വിധിയാംവണ്ണം സംസ്കരിയ്ക്കുന്നതിനുള്ള ഒരുക്കങ്ങൾ മറ്റ് യോഗീശ്വരന്മാരുടേയും കാട്ടുജാതിക്കാരുടേയും നേതൃത്ത്വത്തിൽ നടന്നുകൊണ്ടിരിയ്ക്കുകയായിരുന്നു. തന്റെ ആരാധനമൂർത്തി അദ്ഭുതകരമായ ചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് ചിന്മുദ്രകാട്ടി പട്ടബന്ധാസനത്തിൽ യോഗസമാധി പൂകി ഇരിയ്ക്കുന്ന ദൃശ്യം കണ്ട് ആയമ്മ അദ്ഭുതപ്പെട്ടു . ഇത്ര വലിയ ഒരു മഹാത്മാവിനെ ലൌകീക ജീവിതത്തിൽ പങ്കാളിയാക്കാനാഗ്രഹിച്ച തന്റെ തിരിച്ചറിവില്ലായ്മയുടെ ആഴം അപ്പോഴാണ് ആ യുവതിയ്ക്ക് നന്നായി മനസ്സിലായത് . താനടക്കമുള്ളവർ നയിയ്ക്കുന്ന ഭൌതീക ജീവിതത്തിന്റെ നിസ്സാരതയും യോഗാത്മക ജീവിതത്തിന്റെ മഹത്ത്വവും ആ യുവതിയ്ക്ക് അപ്പോൾ പൂർണ്ണമായും ബോധ്യപ്പെട്ടു. തന്നെയുമല്ല താനവിടെക്കണ്ട ശബരിമലയിലെ അലൌകികമായ അന്ത:രീക്ഷവും ചുറ്റും കണ്ട അസാമാന്യരായ യോഗികളുമൊക്കെ ആ യുവതിയുടെ ഉള്ളിലുറങ്ങിക്കിടന്ന പൂർവ്വസുകൃതസ്മൃതികളെ തട്ടിയുണർത്തി . തന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താവണമെന്ന് ആ നിമിഷത്തിൽ ആ മഹതി തിരിച്ചറിഞ്ഞു. അയ്യപ്പസ്വാമിയേ മനസാവരിച്ച് യോഗസാധനകൾ അനുഷ്ടിച്ച് ഒരു യോഗിനിയേപ്പോലെ ജഡാധാരിയായി ജീവിച്ച ആയമ്മയോട് അവിടെക്കൂടിയ ജനങ്ങൾ എല്ലാവരും വലിയ ആദരവാണ് പ്രകടിപ്പിച്ചത് .

മണികണ്ഠന്റെ ഭൌതികദേഹം അഗ്നിയ്ക്ക് സമർപ്പിച്ചശേഷം വന്നു കൂടിയ ജനങ്ങളൊക്കെ അടുത്തടുത്ത ദിവസങ്ങളിലായി പിരിഞ്ഞുപോയിക്കൊണ്ടിരുന്നു . എന്നാൽ അയ്യപ്പസ്വാമിയുടെ സന്തത സഹചാരികളായിരുന്ന വാവരും കടുത്തയും ഉടുമ്പാറവില്ലനും കറുപ്പനും മറ്റ് ചില ശിഷ്യന്മാരും അവിടെത്തന്നെ തങ്ങി തങ്ങളുടെ യോഗാത്മക ജീവിതം പഴയപടി തുടർന്നു . തങ്ങളുടെ സ്വാമി സമാധിയടഞ്ഞ സ്ഥലം ഉപേക്ഷിച്ച് മലയിറങ്ങാൻ അവരിഷ്ടപ്പെട്ടില്ല. തന്നെയുമല്ല താൻ ചിരഞ്ജീവിയായി അവിടെത്തന്നെയുണ്ടെന്നുള്ള അയ്യപ്പസ്വാമിയുടെ വാക്കുകൾ അവിടെത്തങ്ങാൻ അവരെ പ്രേരിപ്പിച്ചു .

സ്വാഭാവികമായും ആ യുവതിയും അവിടെത്തന്നെ ശിഷ്ടജീവിതം കഴിയ്ക്കുവാൻ തീരുമാനിയ്ക്കുകയും ആ വിവരം മറ്റുള്ളവരെ അറിയിയ്ക്കുകയും ചെയ്തു. ഒരു തികഞ്ഞ യോഗിനിയായി മാറിക്കഴിഞ്ഞ ആയമ്മ ആ യോഗഭൂമിയിൽ ആത്മവിദ്യാരതയായി ജീവിയ്ക്കുവാൻ തീരുമാനിച്ചതിൽ ആർക്കും അദ്ഭുതം തോന്നിയില്ല. മറ്റ് ശിഷ്യന്മാരും യോഗികളും കഴിയുന്നതുപോലെ മരച്ചുവടുകളിലും ഗുഹകളിലും ആയമ്മ കഴിയുന്നത് ഉചിതമല്ല എന്ന് ചിന്തിച്ച കാനനവാസികളായ ജനങ്ങൾ , ആയമ്മയ്ക്ക് താമസിയ്ക്കുവാനായി അയ്യപ്പസ്വാമിയുടെ സമാധിസ്ഥാനത്തിനടുത്ത് തന്നെ ഈറകളും പനയോലകളും കൊണ്ട് ഒരു നല്ല ഗൃഹം തന്നെ നിർമ്മിച്ചുനൽകി. ഒരു വലിയ പ്രമാണിയുടെ മകളായി എല്ലാ സുഖസൌകര്യങ്ങളും അനുഭവിച്ച് സ്വന്തം നാട്ടിൽ ജീവിച്ച ആയമ്മയ്ക്ക് തങ്ങളുടെ കാട്ടിൽ ഒരു കുറവും വരരുതെന്നുള്ള മലവാസികളുടെ ആഗ്രഹംകൊണ്ട് നല്ല സുരക്ഷിതമായ ഒരു ഗൃഹം തന്നെയാണ് അവരായമ്മയ്ക്കായി നിർമ്മിച്ച് നൽകിയത്. അവരതിനെ മാളിക എന്ന് വിളിയ്ക്കുകകയും അതിൽതാമസിയ്ക്കുന്ന അമ്മയെ മാളികപ്പുറത്തമ്മ എന്ന് വിളിച്ചു തുടങ്ങുകയും ചെയ്തു.

എപ്പോഴും അടഞ്ഞുകിടക്കുന്ന ആ ഗൃഹത്തിനുള്ളിൽ മാളികപ്പുറത്തമ്മ സദാ കഠിനമായ തപസ്സാചരിച്ചുകൊണ്ട് ജീവിച്ചു . മാളികപ്പുറത്തമ്മയുടെ വസതി എപ്പോഴും അടഞ്ഞുകിടക്കുമായിരുന്നു എന്നതിനാലാണ് പിൽക്കാലത്ത് അയ്യപ്പസ്വാമിയുടെ അമ്പലം തുറന്നിരിയ്ക്കുമ്പോഴും മാളികപ്പുറത്തമ്മയുടെ കോവിൽ അടച്ചുതന്നെ ഇട്ടിരുന്നത് . വർഷത്തിൽ ഒരിയ്ക്കൽ മാത്രമേ ആ അമ്പലം ആദ്യകാലങ്ങളിൽ തുറക്കുമായിരുന്നുള്ളു . വലിയ ശുദ്ധവൃത്തികൾ ആചരിച്ചിരുന്ന ആയമ്മയ്ക്ക് സ്വയം പാകം ചെയ്യാനുള്ള ഭക്ഷണസാധനങ്ങൾ കാട്ടുജാതിക്കാർ ദൂരെ നിന്ന് അകത്തേയ്ക്ക് നീക്കിവെച്ചുകൊടുക്കുമായിരുന്നു . നാളികേരമടക്കമുള്ള അത്തരം ഭക്ഷ്യവസ്തുക്കൾ അകത്തേയ്ക്ക് നീട്ടിയിട്ടുകൊടുത്തിരുന്ന പതിവായിരിയ്ക്കണം പിൽക്കാലത്ത് മാളികപ്പുറത്തമ്മയുടെ അമ്പലത്തിനു ചുറ്റും നാളീകേരമുരുട്ടുന്ന ചടങ്ങായി രൂപാന്തരം പ്രാപിച്ചത് .

ഏറെക്കാലത്തെ കഠിനമായ യോഗസാധനകളുടെ ഒടുവിൽ ഒരു ദിവസം അയ്യപ്പസ്വാമിയുടെ മറ്റ് അനുയായികളെപ്പോലെ തന്നെ മാളികപ്പുറത്തമ്മയും അദ്ഭുതകരമായ യോഗസമാധിയേ പ്രാപിച്ച് ശരീരം ഉപേക്ഷിയ്ക്കുകയാണ് ചെയ്തത് . മാളികപ്പുറത്തമ്മയുടെ ഭൌതീകദേഹവും ശബരിമലയിൽത്തന്നെ സംസ്കരിച്ചുവെന്ന് പഴമക്കാർ പറയുന്നു. ആ ഭസ്മം കലക്കിയ കുളമാണ് ഭസ്മക്കുളമെന്ന് വിശ്വസിയ്ക്കുന്നവരുമുണ്ട് .[തുടരും]

[ പൂർവ്വഭാഗങ്ങൾ എഴുത്തോല എന്ന ബ്ലോഗിൽ [aswanidev2 blogspot .com] വായിയ്ക്കാവുന്നതാണ്]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ