ശ്രീ അയ്യപ്പചരിതം [32]
-------------------------- ഡി. അശ്വിനീ ദേവ്
മാളികപ്പുറത്തമ്മയുടെ കഥ
------------------------------
ശബരിമലയിൽ നിത്യബ്രഹ്മചാരിയായിരിയ്ക്കുന്ന
അയ്യപ്പസ്വാമിയുടെ സമീപത്ത് തന്നെ മാളികപ്പുറത്തമ്മയുടെ ഇരിപ്പിടം എങ്ങിനെ
വന്നു എന്നത് ഇന്നും പലർക്കും ദുരൂഹമായിത്തുടരുകയാണ്. എന്നാൽ അതിനും
വ്യക്തവും യുക്തിസഹവുമായ കാരണങ്ങളുണ്ട് . പലരും വ്യാഖ്യാനിയ്ക്കുന്നത് പോലെ
ബ്രഹ്മത്തെ മൂടിനിൽക്കുന്ന മായയോ അയ്യപ്പചൈതന്യത്തോടൊപ്പമുള്ള പരാശക്തിയോ
ഒന്നുമല്ല മാളികപ്പുറത്തമ്മ മറിച്ച് നിഷ്കളങ്കവും നിരുപമവുമായ
ഒരാത്മസമർപ്പണത്തിന്റെ യോഗസ്വരൂപമാണ്. ശബരിമലയുടെ അപാരമായ ചൈതന്യത്തിന്റെ
ഒരു കാരണം അത് പല സിദ്ധാത്മാക്കളുടേയും സമാധിസ്ഥാനമാണ് എന്നതാണ് .ആ
സിദ്ധാത്മാക്കളിൽ ചിലരുടെ പ്രതിഷ്ഠകൾ മാത്രമേ നമുക്കവിടെ കാണാൻ
സാധിയ്ക്കുന്നുള്ളു. അതിലൊരു സമാധിയാണ് മാളികപ്പുറത്തമ്മയുടേത് .
അയ്യപ്പസ്വാമിയുടെ സമാധിയ്ക്ക് ശേഷമാണ് മാളികപ്പുറത്തമ്മ
ശബരിമലയിലേക്ക് വരുന്നത് .അയ്യപ്പസ്വാമിയെ കാത്തിരുന്ന ഒരു പെൺകുട്ടിയുടെ
കഥ വെറും കെട്ടുകഥയല്ല. വെറുമൊരു നാടോടിക്കഥയ്ക്ക് ഇങ്ങനെ കാലത്തിനെ
അതിജീവിയ്കാനാവില്ല. മാളികപ്പുറത്തമ്മയുടെ ആത്മസമർപ്പണത്തിന്റെ കഥ
സംഭവിച്ചത് തന്നെയാണ് . മണികണ്ഠകുമാരൻ ആയുധവിദ്യയഭ്യസിയ്ക്കുവാൻ വേണ്ടി
ഗുരുകുലവാസം ചെയ്ത ചേർത്തലയിലെ ചീരപ്പഞ്ചിറ കളരിയ്ക്കടുത്തുള്ള ഒരു
ഉയർന്നകുടുമ്പത്തിലെ പെൺകുട്ടിയാണ് പിൽക്കാലത്ത് മാളികപ്പുറത്തമ്മയായി
മാറിയത്. തന്റെ പ്രണയാഭ്യർത്ഥന മണികണ്ഠകുമാരൻ സ്വീകരിച്ചില്ലെങ്കിലും ഒരു
വാക്ക് നൽകിയിരുന്നതിൽ പ്രതീക്ഷ വച്ച് ജീവിയ്ക്കുകയായിരുന്നു ആ യുവതി.
തന്റെ ദൌത്യം പൂർത്തിയാക്കി എന്നെങ്കിലും താൻ തിരിച്ച് വന്നാൽ അന്ന്
സ്വീകരിച്ചോളാം എന്നതായിരുന്നു ആ വാക്ക്. അന്നു തൊട്ട് തന്റെ
പ്രാണേശ്വരനായി മണികണ്ഠനെ മനസ്സിൽ പ്രതിഷ്ഠിച്ച് അദ്ദേഹം യുദ്ധംജയിച്ച്
തിരിച്ചു വരുന്നതും കാത്ത് പ്രാർത്ഥനയോടെ ജീവിയ്ക്കുകയായിരുന്നു ആ യുവതി .
എന്നാൽ മണികണ്ഠനാവട്ടെ തന്റെ യോഗത്മകജീവിതചര്യയിൽ സ്വയം സമർപ്പിച്ച്
ശബരിമലയിൽ സാധനാ നിരതനായി ജീവിയ്ക്കുകയായിരുന്നു . യോഗസാധകന്മാർ
അത്യാവശ്യമായും ത്യജിയ്ക്കേണ്ട രണ്ട് കാര്യങ്ങളാണ് കാമിനിയും കാഞ്ചനവും.
അതുകൊണ്ട് തന്നെ ലൌകീക ജീവിതത്തിൽ അയ്യപ്പസ്വാമി വിരക്തനായിരുന്നു.
മണികണ്ഠകുമാരന്റെ ഓരോ കാര്യങ്ങളും ദൂതന്മാർ മുഖേന ആ യുവതിയും അവരുടെ
വീട്ടുകാരും അറിയുന്നുണ്ടായിരുന്നു. തന്റെ ജീവനാഥൻ ശബരിമലയിൽ
നിരവധിയോഗികളോടൊപ്പം ആത്മീയജീവിതം നയിയ്ക്കുന്ന വൃത്താന്തം അറിഞ്ഞ ആ യുവതി
തന്റെ മാനസഭർത്താവിന്റെ പാതപിന്തുടരുന്ന യഥാർത്ഥ സഹധർമ്മിണിയായി സ്വയം
ആത്മീയജീവിതം നയിയ്ക്കുവാനാരംഭിച്ചു. തന്റെ മകളുടെ ഇംഗിതം മനസ്സിലാക്കിയ
സംസ്കാരസമ്പന്നനായ പിതാവ് തന്റെ മകളെക്കൂടി യോഗസാധനാമാർഗ്ഗത്തിൽ ഒപ്പം
കൂട്ടണമെന്നും മലയിൽ താമസിയ്ക്കുവാൻ അനുവദിയ്ക്കണമെന്നും ദൂതന്മാർ മുഖേന
മണികണ്ഠസ്വാമിയോട് ആവശ്യപ്പെട്ടിരിയ്ക്കാൻ ഇടയുണ്ട്. യൌവ്വനയുക്തകളായ
സ്ത്രീകൾ ബ്രഹ്മചര്യവൃതമനുഷ്ടിയ്ക്കുന്ന യോഗസാധകർ വസിയ്ക്കുന്ന സ്ഥലത്ത്
വരാൻ പാടില്ല എന്ന് അയ്യപ്പസ്വാമി വിലക്കിയിട്ടുണ്ടാവണം. അതുകൊണ്ടാണ്
ശബരിമല യുവതികൾക്ക് നിഷിദ്ധമായി മാറിയത് . അയ്യപ്പസ്വാമിയുടെ
സങ്കൽപ്പമുദ്ര പതിഞ്ഞതാണ് ശബരിമലയിലെ ഓരോ ആചാരങ്ങളും എന്ന് മുൻപ്
സൂചിപ്പിച്ചത് ഓർക്കുമല്ലൊ.
ചീരപ്പൻ ചിറയിലെ യോഗിനി എങ്ങിനെയാണ് ശബരിമലയിലെത്തി മാളികപ്പുറത്തമ്മയായത് എന്ന് അടുത്ത ലക്കത്തിൽ വിവരിയ്ക്കാം.[തുടരും]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ