2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [7]
-------------------------
അയ്യപ്പസ്വാമിയും തമിഴ് നാടും.
----------------------------------
ഒരുപക്ഷേ ലോകത്തേറ്റവും കൂടുതൽ അയ്യപ്പഭക്തന്മാരും തീവ്രസ്വാമിഭക്തിയും ഉള്ള സ്ഥലം തമിഴ് നാടാണ്. മാതൃഭാഷാ വികാരവും മണ്ണിന്റെ മക്കൾ വാദവും ഒരു ഭ്രാന്ത്പോലെ ആവേശിച്ചിരിയ്ക്കുന്ന നാടും തമിഴ് നാടാണ്. ദ്രാവിഡ സംസ്കാരത്തിന്റെ മഹിമയിൽ അഭിമാനിയ്ക്കുക മാത്രമല്ല മറ്റൊന്നിനേയും അതിന്റെ മീതെ വരാൻ അനുവദിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്ന ഏക സംസ്ഥാനവും തമിഴ് നാടാണ്. അതുകൊണ്ട് തന്നെയാണ് തമിഴ് നാട്ടിലെ പ്രധാന രാക്ഷ്ട്രീയ കക്ഷികൾ അവരുടെ പാർട്ടികൾക്ക്‘’ ദ്രാവിഡ മുന്നേറ്റ കഴകം‘ പോലെയുള്ളതും പ്രാദേശിക വികാരം തുടിച്ചു നിൽക്കുന്നതുമായ പേരുകൾ നൽകിയിട്ടുള്ളത്. ചുരുക്കത്തിൽ തമിഴ് നാടിന്റെ സ്വന്തമല്ലാത്ത ഒന്നിനേയും അംഗീകരിയ്ക്കാത്ത , പ്രാദേശികത ഒരു വികാരമായി കൊണ്ടു നടക്കുന്ന ഒരു ജനതയാണ് മറ്റൊരു സംസ്ഥാനത്തെ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയെ തീവ്രഭക്തിയോടെ ഭജിയ്ക്കുന്നത്. എന്നു മാത്രമല്ല ഏറ്റവും കൂടുതൽ ധനം സമർപ്പിയ്ക്കുന്നതും തമിഴ് നാട്ടിൽ നിന്നുള്ള ഭക്തന്മാരാണ്. പുറത്തു നിന്നുള്ളവർ ചെന്നാൽ ഏറ്റവും കൂടുതൽ സാമ്പത്തികമായി കബളിപ്പിയ്ക്കപ്പെടുന്നത് തമിഴ് നാട്ടിൽ പതിവാണ് എന്ന് പറയാറുണ്ട്. അത്തരമൊരു ജനതയാണ് ‘പോതുമാ അയ്യപ്പാ‘ എന്നുറക്കെ ചോദിച്ചുകൊണ്ട് കൈ നിറയെ പണം വാരി അയ്യപ്പന് കാണിയ്ക്കയിടുന്നത്. മകരവിളക്ക് സമയത്തെ ബുദ്ധിമുട്ടുകൾ സഹിക്കാൻ വയ്യാത്തതുകൊണ്ട് പൊതുവേ സുഖലോലുപരായ മലയാളികൾ ആ സമയത്തെ ശബരിമല യാത്ര ഒഴിവാക്കുമ്പോൾ , പോലീസുകാരന്റെ തല്ലു കൊണ്ടാലും പട്ടിണി സഹിച്ച് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നാലും മലമൂത്ര വിസർജ്ജനം പോലും നടത്താൻ സാധിയ്ക്കാതെ സ്ത്രീകളടക്കമുള്ളവർക്ക് നരകയാതന അനുഭവിയ്ക്കേണ്ടി വന്നാലും മലയാളി ഭക്തന്മാരുടെ അവജ്ഞയോടെയുള്ള പെരുമാറ്റങ്ങൾ അനുഭവിയ്ക്കേണ്ടി വന്നാലും അതെല്ലാം സഹിച്ച് ഒരു പരാതിയും പറയാതെ മകരജ്യോതിദർശനത്തിനായി ഒഴുകിയെത്തുന്നത് കൂടുതലും തമിഴ് ഭക്തന്മാരാണ്.
മാലയിട്ടുകഴിഞ്ഞാൽ ഒരു അയ്യപ്പ ഭക്തനും ഗുരുസ്വാമിയ്ക്കുമൊക്കെ നാട്ടിലും വീട്ടിലും കിട്ടുന്ന ബഹുമാനം അറിയണമെങ്കിൽ നാം തമിഴ് നാട്ടിൽ തന്നെ പോകണം.നാൽ‌പ്പത്തിഒന്നു ദിവസത്തെ മണ്ഡലവൃതം എടുത്തുകൊണ്ടല്ലാതെ സാധാരണ ഒരാളും അവിടെ മലചവിട്ടാറില്ല.ഇരുമുടിക്കെട്ടില്ലാതെ മലകയറുന്നത് മലയാളികൾ ഒരു ഫാഷനാക്കിയിരിയ്ക്കുന്ന ഇക്കാലത്ത് ഇരുമുടിയില്ലാതെ ശബരിമലയ്ക്ക് പോകുന്നതിനേക്കുറിച്ച് പറയുന്നത് പോലും സ്വാമി നിന്ദയായി കരുതുന്നവരാണ് തമിഴ് നാട്ടുകാർ.ഇപ്പോൾ മാസപൂജയ്ക്ക് തൊഴാനെത്തുന്നവരുടെ സംഖ്യ വർദ്ധിച്ചിരിയ്ക്കുകയാണല്ലൊ. പല മാസം തൊഴീലുകാരും ഇരുമുടിയില്ലാതെയും ഒരു ദിവസത്തെപോലും വൃതമില്ലാതെയുമാണ് വരുന്നതെന്നതൊരു യാഥാർത്ഥ്യമത്രെ. ഇരുമുടി നിറച്ചുവരുന്നവരാവട്ടെ , മണ്ഡലകാലത്ത് നൽകുന്ന പ്രാധാന്യമൊന്നുമില്ലാതെ ഒരു ഇരുമുടി തട്ടിക്കൂട്ടിവരികയാണ് ചെയ്യുന്നത്. എന്നാൽ വളരെ ഭക്തിയോടെയും ആചാരങ്ങളോടെയും ഇതൊക്കെ അനുഷ്ഠിച്ചു വരുന്നവരും ധാരളമായുണ്ട് എന്നത് വിസ്മരിയ്ക്കുന്നില്ല. പക്ഷേ ആചാരങ്ങൾ പാലിയ്ക്കാതെ മലചവിട്ടുന്ന ഒരു തമിഴ് സ്വാമിയേയും നമുക്ക് കാണാൻ സാധിയ്ക്കില്ല .
തമിഴ്നാടിന്റെ മണ്ണിൽ തന്നെയുള്ള പഴനി ആണ്ടവനോടും മധുരമീനാക്ഷിയോടും കാണിയ്ക്കുന്നതിന്റെ എത്രയോ ഇരട്ടിഭക്തി തമിഴ്നാട്ടുകാർ എന്തുകൊണ്ട് മലയാള നാട്ടിലുള്ള അയ്യപ്പസ്വാമിയോട് കാണിയ്ക്കുന്നു എന്നതിന്റെ രഹസ്യം അയ്യപ്പസ്വാമി തമിഴ് വംശജനാണ് എന്നതു തന്നെയാണ്. ചെറുപ്പത്തിൽ തന്നെ പന്തളത്ത് കൊട്ടാരത്തിലേയ്ക്ക് തങ്ങളെ വിട്ടുപോയ തങ്ങളുടെ സ്വന്തം രാജകുമാരനെ വീണ്ടും ഒരു നോക്കു കാണുവാനുള്ള പാണ്ഡ്യനാട്ടുകാരുടെ ആവേശവും ആദരവും വാത്സല്യവുമൊക്കെയ്യാണ് ഈ ഭക്തി പ്രഹർഷത്തിൽ നമുക്ക് കാണാൻ സാധിയ്ക്കുന്നത്. ഇവിടെ രക്തം രക്തത്തെ തിരിച്ചറിയുകയാണ്. തങ്ങളുടെ സ്വന്തം അയ്യപ്പനെ കാണാൻ വേണ്ടി ഓടിവരുന്ന രക്തബന്ധമുള്ള ഒരു ജനതയുടെ ആത്മസായൂജ്യമാണ് തമിഴ് നാടിന്റെ അയ്യപ്പഭക്തി. ഈ വികാരപരമായ അടുപ്പം ഒരിയ്ക്കലും മലായാളി ഭക്തനിൽ നമുക്ക് കാണാൻ കഴിയാത്തതും അതുകൊണ്ട് തന്നെയാണ്. രണ്ടു കൂട്ടരുടേയും ശരണവിളി മാത്രം ശ്രദ്ധിച്ചാൽ മതി നമുക്കീ വ്യത്യാസം ബോധ്യപ്പെടും. ഈ അടയാളങ്ങളൊക്കെ നമ്മെ അറിയിക്കുന്നത് അയ്യപ്പസ്വാമി പാണ്ഡ്യവംശീയനാണ് എന്നത്രെ. [തുടരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ