2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

അയ്യപ്പചരിതം

ശ്രീ അയ്യപ്പചരിതം [10]
-------------------------

ശ്രീ അയ്യപ്പ ചരിതം [9]
--------------------------
രണവീരനായ അയ്യപ്പ സ്വാമി
--------------------------------
പന്തളത്തരചൻ അയ്യപ്പസ്വാമിയേ വളർത്തിയത് അസാമാന്യമായ കഴിവുകളുള്ള ഒരു ആയുധാഭ്യാസിയായിട്ടാണ്. എല്ലാ വിധത്തിലുള്ള പയറ്റുമുറകളും അയ്യപ്പനെ അഭ്യസിപ്പിച്ചു. അന്നൊക്കെ നേരിട്ടുള്ള യുദ്ധമായിരുന്നല്ലൊ. ഇത്തരം പയറ്റുകളിൽ അഭ്യാസിയ്ക്ക് ശരീരം മുഴുവൻ കണ്ണായിരിയ്ക്കണം എന്നാണ് പറയുക. അസാമാന്യമായ മെയ്‌വഴക്കവും വേഗതയും ഏകാഗ്രതയും അക്ഷീണഗാത്രവുമാണ് ഒരു യുദ്ധവീരനുണ്ടാവേണ്ടത്. ഇതിനാവശ്യമായത് ബ്രഹ്മചര്യവും യോഗാഭ്യാസവുമാണ്. ഈ രണ്ടു കാര്യത്തിലും ഒന്നാമനായിരുന്നു അയ്യപ്പസ്വാമി.
അശ്വാരൂഡ യുദ്ധത്തിൽ അതിസമർഥനായിരുന്നതു കൊണ്ടും സൈന്യത്തെ നയിച്ചുകൊണ്ട് കുതിരപ്പുറത്ത് എപ്പോഴും മുന്നിൽ സഞ്ച്ചരിച്ചിരുന്നതുകൊണ്ടുമാണ് അയ്യപ്പന്റെ വാഹനം കുതിരയായത്. പലരും ധരിച്ചിരിയ്ക്കുന്നത് പുലിവാഹനനാണ് അയ്യപ്പസ്വാമി എന്നാണ് .നാട്ടിൽ പലയിടത്തുമുള്ള അതി വിദഗ് ധന്മാരായ പല ഗുരുക്കന്മാരുടെയും കളരികളിൽ പരിശീലനത്തിനായി അയ്യപ്പസ്വാമിയെ പന്തളത്തരചൻ അയച്ചിരുന്നു. കടത്തനാടൻ കളരി സമ്പ്രദായത്തിന്റെ ഭാഗവും അപൂർവ്വം ആളുകൾക്ക് മാത്രമറിയാവുന്നതും ജീവരക്ഷയ്ക്ക് മാത്രമുപയോഗിയ്ക്കേണ്ടതുമായ പൂഴിക്കടകൻ എന്ന അടവ് അറിയാവുന്ന മുഹമ്മയിലെ ചീരപ്പൻ ചിറ കളരിയിലെ ഗുരുക്കളുടെ കളരിയിൽ മാസങ്ങളോളം താമസിച്ച് അയ്യപ്പൻ ആ പൊയ്ത്തു വിദ്യ മനസ്സിലാക്കി എന്നു പഴമക്കാർ പറയുന്നു. വലം കയ്യിലെ ആയുധം നഷ്ടപ്പെട്ട് പൂഴിമണ്ണിൽ വീണുകിടക്കുമ്പോൾ അങ്കക്കലി പൂണ്ട് , വീണവനെ വെട്ടാൻ പാടില്ല എന്ന യുദ്ധമര്യാദ മറന്ന് ,വധിയ്ക്കാൻ ചാടിവീഴുന്ന എതിരാളിയൂടെ മുഖത്തേയ്ക്ക് ഇടം കയ്യിലെ പരിചയിൽ പൂഴിനിറച്ച് ശക്തിയോടെ വാരിയെറിയുന്നതാണ് ഈ അടവ് . അനവസരത്തിൽ പ്രയോഗിയ്ക്കാൻ സാധ്യതയുണ്ട് എന്നതിനാലും പയറ്റ് മര്യാദയ്ക്ക് ചേർന്നതല്ലാ എന്നതിനാലും ആരേയും പഠിപ്പിയ്ക്കാത്ത ഈ അടവ് , ചീരപ്പൻ ചിറയിലെ കളരിഗുരുക്കൾ അയ്യപ്പസ്വാമിയുടെ യോഗ്യത മനസ്സിലാക്കി അദ്ദേഹത്തെ അതീവരഹസ്യമായി പഠിപ്പിച്ചു എന്നു പറയപ്പെടുന്നു. ചീരപ്പന് ചിറയിലും പരിസരങ്ങളിലും ഉള്ളവർ ഈ ചരിത്രത്തെ നെഞ്ചേറ്റി ജീവിയ്ക്കുന്നവരാണ് . ആ കളരിയിൽ ഇന്നും അയ്യപ്പസ്വാമിയുടെ വാളുവെച്ചു പൂജിയ്ക്കുന്നുണ്ട്. ശബരിമലയെ സങ്കൽ‌പ്പിച്ചു കൊണ്ടുള്ള വിവിധ പൂജകളും നടന്നു വരുന്നു.അവിടെ അയ്യപ്പ സ്വാമി താമസിയ്ക്കുമ്പോഴാണ് പിൽക്കാലത്ത് മാളികപ്പുറത്തമ്മയായി മാറിയ അതീവ തേജസ്വിനിയായ ഒരു സ്ത്രീ രത്നം അയ്യപ്പസ്വാമിയുടെ അലൌകിക കാന്തിയിൽ ആകൃഷ്ടയായത് എന്നു പറയപ്പെടുന്നു.[തുടരും]
അയ്യപ്പസ്വാമിയും മാളികപ്പുറത്തമ്മയും
------------------------------------------
മുഹമ്മയിലെ ചീരപ്പൻ ചിറ കളരിയിൽ താമസിച്ച് പൊയ്ത്തുമുറകൾ പഠിയ്ക്കുന്ന കാലത്താണ് മാളികപ്പുറത്തമ്മ എന്നു പിൽക്കാലത്ത് അറിയപ്പെട്ട സമീപ ഗൃഹത്തിലെ തരുണീ രത്നത്തിന് അതിതേജസ്വിയായ മണികണ്ഠകുമാരനിൽ മനസ്സ് പതിയുന്നത്. ആരേയും ശ്രദ്ധിയ്ക്കാതെ യോഗമുറകളിലും കളരിഅഭ്യാസങ്ങളിലും മാത്രം മനസ്സുറപ്പിച്ച് അവിടെ താമസിച്ചിരുന്ന മണികണ്ഠനിൽ അതിസുന്ദരിയായ ഒരു തരുണിയ്ക്ക് ആകർഷണം ഉണ്ടാവുക സ്വാഭാവികം മാത്രമാണല്ലൊ .പരസ്പരം പലപ്പോഴും കാണാറുണ്ടായിരുന്നുവെങ്കിലും തന്നെശ്രദ്ധിയ്ക്കാതിരുന്ന കുമാരനോട് ഓരോ ദിവസവും ഭക്തിയും അനുരാഗവും വളർന്നുകൊണ്ടിരുന്നു. ഒടുവിൽ പരിശീലനം പൂർത്തിയാക്കി മണികണ്ഠൻ മടങ്ങിപ്പോകുന്ന ദിവസം വന്നെത്തി. ഇനിയും തന്റെ മനസ്സിലുള്ളതു പറയാതിരിയ്ക്കാനാവില്ല എന്നുറച്ച് യാത്രതിരിയ്ക്കാൻ തയ്യാറെടുക്കുന്ന കുമാരന്റെ മുന്നിലെത്തി തന്റെ ഹൃദയാഭിലാഷം കുമാരി അറിയിക്കുകയും സംസ്കാരസമ്പന്നയും സുചരിതയും സുന്ദരിയുമായിരുന്ന ആ പെൺകുട്ടിയുടെ അഭ്യർഥന മണികണ്ഠൻ ചെവിക്കൊള്ളുകകയും ചെയ്തുവത്രെ. പക്ഷെ തന്റെ ജീവിതദൌത്യം പൂർത്തിയാകുന്നതുവരെ മറ്റൊരു കാര്യത്തിലേയ്ക്കും മനസ്സു കൊടുക്കുവാൻ തനിയ്ക്ക് സാധിയ്ക്കില്ല എന്ന യാഥാർത്ഥ്യം അദ്ദേഹം മറച്ചുവെച്ചില്ല. കരിമലയിൽ നിന്ന് പലപ്പോഴും കാടിറങ്ങിവന്ന് നാടുകൊള്ളയടിയ്ക്കുകയും പെൺകുട്ടികളെ പിടിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്ന ഉദയനൻ ആയിടയ്ക്ക് പന്തളം കൊട്ടാരത്തിലും കയറി അതിക്രമങ്ങൾ കാ‍ട്ടിയത് രാജാവിനേയും പ്രജകളേയും ആകെ അപമാനത്തിലും ദു:ഖത്തിലും ആഴ്ത്തിയിരുന്നു. കൊട്ടാരത്തിൽ നിന്ന് ഒരു രാജകുമാരിയെ ഉദയനൻ തട്ടിക്കൊണ്ടുപോയി എന്നും കേൾവിയുണ്ട്. സ്വന്തമായി സൈന്യമോ വലിയ സമ്പത്തോ ഇല്ലാതിരുന്ന ഒരു കൊച്ചു നാട്ടുരാജ്യം മാത്രമായിരുന്നു പന്തളം. തന്റെ പ്രജകളെ സംരക്ഷിയ്ക്കേണ്ട രാജാവിന് തന്റെ അന്ത:പ്പുരത്തിലെ ആളുകളെപ്പോലും രക്ഷിയ്ക്കാൻ കഴിയാത്തത് വലിയ നാണക്കേടു തന്നെയായിരുന്നു. അതിനുമുപരിയായി പന്തളത്തിന്റെ അധീനതയിലുൾപ്പെട്ടതും അന്നുതന്നെ നിരവധിതപസ്വികളുടേയും സിദ്ധപുരുഷന്മാരുടേയും കാനന വാസികളുടേയും ആരാധനാലയമായിരുന്നതുമായ ശബരിമല ക്ഷേത്രം ആ കാട്ടുകൊള്ളക്കാ‍രൻ തകർക്കുകയും അവിടെയുണ്ടായിരുന്ന ധർമശാസ്താവിന്റെ വിഗ്രഹം നശിപ്പിയ്ക്കുകയും പൂജാരിയേയും സാധുക്കളേയും വധിയ്ക്കുകയും ചെയ്തിരുന്നു. പരശുരാമനാൽ സ്ഥാപിയ്ക്കപ്പെട്ടതെന്ന് വിശ്വസിയ്ക്കപ്പെടുന്ന ആ ക്ഷേത്രം പുനർനിർമ്മിച്ച് നൽകേണ്ടത് നാടു വാഴുന്ന രാജാവിന്റെ ഉത്തരവാദിത്ത്വമായിരുന്നു. ഈ വിധകാര്യങ്ങൾക്കെല്ലാമുള്ള പരിഹാരത്തിനായി രാജാവ് പ്രതീക്ഷയർപ്പിച്ചിരുന്നത് മണികണ്ഠകുമാരനിലായിരുന്നു. സർവ്വായുധ നിഷ്ണാതനായി മണികണ്ഠൻ വന്ന് സൈന്യത്തെ സംഘടിപ്പിച്ച് തന്റേയും രാജ്യത്തിന്റേയും സങ്കടങ്ങൾ പരിഹരിക്കുന്ന ദിവസത്തിനായി കാത്തിരിയ്ക്കുകയായിരുന്നു രാജാവും പ്രജകളും . ഈ വസ്തുത മണികണ്ഠൻ ആ തരുണിയോടു അറിയിച്ചപ്പോൾ താനതിനൊന്നും തടസ്സമാവില്ലെന്നും കുമാരന്റെ വിജയത്തിന്നായി പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ കാത്തിരുന്നോളാമെന്നും ഇനി മറ്റൊരാളിൽ തന്റെ മനസ്സുപോവില്ലെന്നും പറഞ്ഞ ആ കുമാരിയോട് തന്റെ ദൌത്യം പൂർത്തിയാക്കി താൻ എന്നെങ്കിലും തിരികെ വന്നാൽ അന്നു സ്വീകരിച്ചോളാം എന്ന് വാക്ക് നൽകിയ ശേഷം മണികണ്ഠൻ യാത്രയായി.[തുടരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ