2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [11]
----------------------------
മണികണ്ഠൻ സൈന്യത്തെശേഖരിയ്ക്കുന്നു.
----------------------------------------------
എല്ലാവിധത്തിലുള്ള ആയുധ വിദ്യകളും അഭ്യസിച്ച് കൊട്ടാരത്തിൽ മടങ്ങിയെത്തിയ മണികണ്ഠൻ കരിമലക്കോട്ടയിൽ വാഴുന്ന ഉദയനെന്ന കൊള്ളത്തലവനെ ആക്രമിയ്ക്കുന്നതിനുള്ള സേനയെ സംഘടിപ്പിയ്ക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാരംഭിച്ചു.ആദ്യമായി തന്റെ ജന്മനാടായ പാണ്ഡ്യദേശത്തുപോയി അവിടുത്തെ രാജാവിന്റെ സഹായം തേടുകയും അവിടെനിന്നും രാജാവ് ഒരു സേനയെ അയയ്ക്കാമെന്ന് സമ്മതിയ്ക്കുകയും ചെയ്തു. മണികണ്ഠൻ കരിമല കീഴടക്കാൻ പുറപ്പെടുമ്പോൾ പാണ്ഡ്യനാട്ടിൽ നിന്നുള്ള മറ്റൊരു സൈന്യം വണ്ടിപ്പെരിയാർ വഴി കരിമലക്കോട്ടയിലെത്തുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി .അന്ന് ആ പാണ്ഡ്യസേന വന്ന വഴിയാണ് പിന്നീട് വണ്ടിപ്പെരിയാർ വഴി ശബരിമലയ്ക്ക് വരുന്ന കാനനപാതയായി മാറിയത്.
എല്ലാ ദേശങ്ങളിലുമുള്ള കളരികൾ സന്ദർശിച്ച് അവിടെനിന്നെല്ലാം ആയിരക്കണക്കായ പടയാളികളെ മണികണ്ഠൻ സംഘടിപ്പിച്ചു.അക്കൂട്ടത്തിലെ പ്രധാന രണ്ടു സംഘങ്ങളായിരുന്നുവത്രെ അമ്പലപ്പുഴ സംഘവും ആലങ്ങാടൻ സംഘവും. എരുമേലിയിൽ വെച്ച് ഭീകരരൂപിയായ കാട്ടെരുമയേ വകവരുത്തുന്നതിലും പിന്നീട് കരിമലയിൽ ഉദയനെ കീഴ്പ്പെടുത്തുന്നതിലും അനന്തരം ശബരിമലയിൽ തനിയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു തരുന്നതിലും മുൻപന്തിയിൽ നിന്ന ആ രണ്ടു കളരി സംഘങ്ങൾക്കും അയ്യപ്പസ്വാമിയും പന്തളം രാജാവും അനുഗ്രഹിച്ചു നൽകിയ പദവികളാണ് ശബരിമലയിലും പേട്ടകെട്ടുന്നതിലും ഉള്ള പ്രത്യേക അവകാശങ്ങളായി ഇന്നും നിലനിൽക്കുന്നത്.
ഇതോടൊപ്പം തന്നെ വിവിധ കാട്ടു ജാതിക്കാരും ഈ നിർണ്ണായകമായ യുദ്ധത്തിൽ മണികണ്ഠകുമാരനെ സഹായിക്കാനായി മുന്നിൽ വന്നു.ഇഞ്ചിപ്പാറക്കോട്ടയിലേയും തലപ്പാറക്കോട്ടയിലേയും മൂപ്പന്മാരും കറുപ്പസ്വാമിയും മധ്യതിരുവിതാംകൂറിലെ യുദ്ധവീരന്മാരായിരുന്ന കൊച്ചു കടുത്തയും വലിയ കടുത്തയും പരദേശിമുസൽമാനായ ബാവരും ഒക്കെ ഈ പടനീക്കത്തിൽ മണികണ്ഠകുമാരന്റെ ഉറ്റമിത്രങ്ങളായി വർത്തിച്ചവരത്രെ.
ഈ സമയം പന്തളം കൊട്ടാരത്തിൽ മറ്റൊരു ഉപജാപം നടക്കുകയായിരുന്നു. വളരെ വൈകിയാണെങ്കിലും രാജ്ഞിയ്ക്ക് ഒരാൺകുട്ടി ജനിച്ചതിനെത്തുടർന്നായിരുന്നു കൊട്ടാരത്തിന്റെ അന്ത:പ്പുരങ്ങളിൽ കാർമേഘപടലങ്ങൾ ഉരുണ്ട് കൂടിയത്. മറ്റ് ദേശങ്ങളിലെ കളരികളിലും നാടുവാഴികളുടെ കൊട്ടാരങ്ങളിലും സഹായമഭ്യർത്ഥിച്ചു പോകുമ്പോൾ ബഹുമാനത്തോടെയുള്ള സ്വീകരണം കിട്ടണമെങ്കിൽ യുവരാജാവ് എന്നപദവി മണികണ്ഠനുണ്ടാവണമെന്നറിയാവുന്ന രാജാവ് മണികണ്ഠനെ യുവരാജാവായി അഭിഷേകം ചെയ്യുന്നതിനുള്ള മുഹൂർത്തം കുറിയ്ക്കുവാൻ മന്ത്രിയോടാവശ്യപ്പെട്ടു. തന്നെയുമല്ല മണികണ്ഠനെ അടുത്ത രാജാവാക്കി രാജ്യവിസ്താരം വരുത്തണമെന്നത് രാജാവിന്റെ ഒരു സ്വപ്നവുമായിരുന്നു. എന്നാൽ കുതന്ത്ര ശാലിയായ മന്ത്രി ,രാജാവിന് സ്വന്തം രക്തത്തിൽ പിറന്ന ഒരു മകനുണ്ടായിരിയ്ക്കെ എടുത്തു വളർത്തിയ മകനെ രാജാവാക്കുന്നത് ശരിയല്ലെന്നും അങ്ങിനെയുണ്ടായാൽ രാജ്ഞിയുംസ്വന്തം മകനുംഭാവിയിൽ അവഗണിയ്ക്കപ്പെടുമെന്നും രാജ്ഞിയോട് ഏഷണി പറഞ്ഞ് പിടിപ്പിച്ചതിനെത്തുടർന്ന് കൊട്ടാരം ഉപജാപങ്ങളുടെ മന്ത്രശാലയായി മാറി.[തുടരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ