2013, നവംബർ 23, ശനിയാഴ്‌ച

ശ്രീ അയ്യപ്പചരിതം [29]
--------------------------
അയ്യപ്പസ്വാമി എന്ന യോഗാചാര്യൻ
-----------------------------------------

മനുഷ്യഹസ്തത്തിലെ അഞ്ചുവിരലുകൾക്കും വ്യത്യസ്ഥമായ ധർമ്മങ്ങളുണ്ട് . അതുകൊണ്ടാണല്ലൊ അവയഞ്ചും അഞ്ചുതരത്തിൽ സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഈ വിരലുകൾ ഒരേതരത്തിൽ സൃഷ്ടിയ്ക്കപ്പെട്ടീരുന്നാലും ഇപ്പോഴുള്ളതുപോലെയുള്ള കാര്യങ്ങൾ ഏറെക്കുറെ നടക്കുമെന്നിരിയ്ക്കേ എന്തുകൊണ്ട് ഇവ അഞ്ചുവിധത്തിൽ സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്നത് ചിന്തിയ്ക്കേണ്ട വിഷയമാണ്. ഒരോവിരലു കൊണ്ടും ഒരോ തത്ത്വങ്ങളെയാണ് നിർദ്ദേശിച്ചിരിയ്ക്കുന്നത് . ചെറുവിരലും അണിവിരലും നടുവിരലും സത്വികം രാജസികം താമസികം എന്നിങ്ങനെ മനുഷ്യന്റെ വ്യക്തിസത്തയെ രൂപപ്പെടുത്തുന്ന അടിസ്ഥാന ഗുണങ്ങളെ പ്രതിനിധീകരിയ്ക്കുമ്പോൾ ചൂണ്ടുവിരൽ മനുഷ്യന്റെ അഹം ബോധത്തെയാണ് പ്രതീകവൽക്കരിയ്ക്കുന്നത്.

നാം മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിയ്ക്കുമ്പോഴും നമ്മുടെ തന്നെ കാര്യം വീമ്പ് പറയുമ്പോഴും ഉയർത്തിപ്പിടിയ്ക്കുന്നത് ചൂണ്ടുവിരലാണല്ലൊ . എന്തുകൊണ്ട് ഒരുവൻ അവന്റെ വ്യക്തിസത്തയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിയ്ക്കുമ്പോൾ ഈ വിരൽ തന്നെ ഉയർത്തിപ്പിടിച്ച് സംസാരിയ്ക്കവാൻ തോന്നുന്നു എന്നാലോചിയ്ക്കുമ്പോഴാണ് ഈശ്വരൻ ഓരോ അവയവങ്ങളേയും ഏതൊക്കെ തത്ത്വങ്ങളുമായി ബന്ധപ്പെടുത്തിയാണ് സൃഷ്ടിച്ചിരിയ്ക്കുന്നത് എന്നുള്ള രഹസ്യം നമുക്ക് വെളിപ്പെടുന്നത്. ഒരു വ്യക്തി തന്നെ സംബന്ധിയ്ക്കുന്നതും മറ്റുള്ളവരേ സംബന്ധിയ്ക്കുന്നതുമായ വിഷയങ്ങൾ സംസാരിയ്ക്കുമ്പോൾ ഉപോദ്ബലകമായി എപ്പോഴും ഊന്നുന്നത് അയാൾക്കുണ്ടെന്ന് അയാൾ വിശ്വസിയ്ക്കുന്ന വൈയക്തികമായ ഗുണവിശേഷങ്ങളെയാണല്ലൊ . ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരാൾ തന്നെക്കുറിച്ച് അഹങ്കരിയ്ക്കുന്നതും കലഹിയ്ക്കുമ്പോൾ അപരന്റെ നേരെ വിരൽ ചൂണ്ടി നിന്നെ ഞാൻ കാണിച്ചുതരാമെന്ന് പറയുന്നതും. കിടപ്പാടമില്ലാത്തവൻ പോലും മിഥ്യയായ ദുരഭിമാനത്തിന്റെ കാര്യത്തിൽ സമ്പന്നനാണ്. ഈ അവസരങ്ങളിലെല്ലാം ഒരാൾ ശക്തമായി ഉയർത്തിപ്പിടിയ്ക്കുന്നത് അയാളുടെ ചൂണ്ടു വിരലാണെന്നത് ഒരിയ്ക്കലുംവിസ്മരിയ്ക്കാൻ പാടില്ല.

ഒരു വ്യക്തിയ്ക്ക് ഈശ്വരനിലേയ്ക്ക അടുക്കുവാനുള്ള ഏറ്റവും വലിയ പ്രതിബന്ധം ഈഗോ എന്ന് ഇംഗ്ലീഷിൽ പറയുന്നതും അഹം എന്ന് സാധാരണ വ്യവഹരിയ്ക്കുന്നതുമായ മനോഭാവം ആണ് . മനസ്സാകുന്ന കണ്ണാടിയിലൂടെ സത്യവസ്തുവിനെ നമുക്ക് കാണാൻ കഴിയാത്തത് ആ കണ്ണാടിയുടെ മറുവശത്ത് ഞാനെന്ന ഭാവമാകുന്ന രസം പുരട്ടിയിരിയ്ക്കുന്നത് കൊണ്ടാണ്. അതുള്ള കാലത്തോളം നാമതിലൂടെ എന്ത് വസ്തുവിനെ നോക്കിയാലും അപ്പോഴൊക്കെ നമ്മുടെ മുഖമാണ് കാണുന്നത് . സാധാരണ കണ്ണാടിയിലെന്നതു പോലെ . അതുകൊണ്ടാണ് ലൌകീക തലത്തിൽ ഏതു കാര്യത്തെ നാം സമീപിച്ചാലും അവിടെയൊക്കെ നമ്മുടെ വ്യക്തിബോധത്തിന്റേയും വാസനയുടേയും അടിസ്ഥാനത്തിൽ മാത്രം നാം കാര്യങ്ങളെ വിലയിരുത്താറുള്ളത്. അത്തരം നിഗമനങ്ങളിലൂടെ എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനങ്ങളിലെ ആത്യന്തിക ഫലം ദു:ഖമായിരിയ്ക്കുകയും ചെയ്യും. എന്നാൽ മനസ്സാകുന്ന കണ്ണാടിയുടെ പിന്നിൽ പ്രകൃതി സ്വാഭാവികമായി കനക്കെ പുരട്ടിയിരിയ്ക്കുന്ന ഞാനെന്ന ഭാവത്തെ വളരെ ദീർഘമായ സാധനകൊണ്ട് കുറച്ചെങ്കിലും ചുരണ്ടി മാറ്റുവാൻ നമുക്ക് കഴിഞ്ഞാൽ സത്യവസ്തുവിന്റെ ഒരു നേരിയ ദർശനമെങ്കിലും നമുക്ക് സാധ്യമാവും. അതുതന്നെ പരമാനന്ദത്തിന്റെ ഒരു പാൽക്കടലാണ്. ശിഷ്യനെ നന്നായറിയുന്ന ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ ഒരു മനുഷ്യായുസ്സൊ അതിനപ്പുറമോ വേണ്ടി വരും ഈ മാർഗ്ഗത്തിൽ അൽ‌പ്പമെങ്കിലും മുന്നോട്ട്പോകുവാൻ. അതിനാദ്യം വേണ്ടതു ചൂണ്ടു വിരൽ തത്വമായ അഹംഭാവത്തെ ഇല്ലായ്മ ചെയ്യുവാനുള്ള ഇച്ഛയുണ്ടാവുക എന്നതാണ്.


എന്നാൽ പരമാത്മതത്ത്വത്തെയാണ് തള്ളവിരൽ പ്രതിനിധീകരിയ്ക്കുന്നത് . തള്ള വിരൽ എന്നർത്ഥം വരുന്ന പേര് തന്നെയാണ് എല്ലാ ഭാഷയിലും ഈ വിരലിനുള്ളത് എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട് . അടിസ്ഥാന സത്യങ്ങൾ എവിടെയും ഒന്നു തന്നെ ആയിരിയ്ക്കുമല്ലൊ. തള്ള വിരൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് മറ്റ് നാല് വിരലുകൾക്കും അടിസ്ഥാനമായി വർത്തിയ്ക്കുന്ന പ്രാണതത്ത്വങ്ങളൊക്കെത്തന്നെ ഉദ്ഭവിച്ച സ്ഥാനം എന്നാണ് . ശുദ്ധവും രൂപരഹിതവുമായ പരമാത്മ തത്ത്വത്തിൽ നിന്നാണല്ലൊ മറ്റെല്ലാം ജന്മമെടുത്തത് . ശുദ്ധമായ പരമോർജ്ജത്തിന്റെ ചലനഭേദങ്ങളാണ് വസ്തുനിഷ്ട പ്രപഞ്ചമായി പരിണമിച്ചത് എന്ന് ശാസ്ത്രവും പറയുന്നു. അതുകൊണ്ട് തള്ളവിരൽ എന്ന പദപ്രയോഗവും അത് പരമാത്മതത്വത്തിന്റെ പ്രതീകമാണ് എന്ന യോഗശാസ്ത്രവ്യാഖ്യാനവും ഏറ്റവും അർത്ഥവത്താണ്. ഇതൊക്കെ അറിഞ്ഞോ അറിയാതെയോ ആണെങ്കിൽപോലും ലൌകിക തലത്തിൽ എല്ലാ പ്രധാന രേഖകളിലും മനുഷ്യന്റെ തള്ളവിരലാണ് പതിപ്പിയ്ക്കാറുള്ളത് എന്നതും ശ്രദ്ധേയമാണ്.

സത്വ-രജ-തമോഗുണങ്ങളാൽ രൂപപ്പെട്ട മനുഷ്യന്റെ അഹംഭാവവുമായി ഒട്ടിച്ചേർന്ന് നിൽക്കുന്ന ഒരുവന്റെ ആന്തരചൈതന്യമാകുന്ന ജീവാത്മാവിനെ അതിന്റെ ജന്മാർജ്ജിതമായ വ്യക്തിത്വ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ച് പരമാത്മചൈതന്യവുമായി യോജിപ്പിച്ച് പരമാനന്ദം നുകരുക എന്നതാവണം മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യമായിത്തീരേണ്ടത് എന്നുള്ള വേദാന്തസത്യമാണ് ,ചിന്മുദ്രയാകുന്ന ഗൂഢ സന്ദേശത്തിലൂടെ അയ്യപ്പസ്വാമി യോഗതാല്പര്യമുള്ള ജനങ്ങൾക്ക് കയ്യുയർത്തി കാട്ടിക്കൊടുക്കുന്നത്. അതുകൊണ്ടാണ് അയ്യപ്പസ്വാമിയുടെ സമാധി സ്ഥിതി അങ്ങിനെ ആയതും .[തുടരും]

പൂർവ്വഭാഗങ്ങൾ “എഴുത്തോല” എന്ന ബ്ലോഗിൽ [aswanidev2 blog spot] വായിയ്ക്കാവുന്നതാണ്.

2013, നവംബർ 22, വെള്ളിയാഴ്‌ച

ശ്രീ അയ്യപ്പചരിതം[28]
-------------------------
അയ്യപ്പസ്വാമി എന്ന സിദ്ധയോഗീശ്വരൻ
----------------------------------------------
അയ്യപ്പസ്വാമിയെ ബഹുഭൂരിപക്ഷം ആളുകളും മുപ്പത്തിമുക്കോടി ദേവഗണത്തിലുള്ളതു പോലെയുള്ള ഒരു ദേവനായിട്ടാണ് കരുതി ആരാധിച്ചുവരുന്നത് .പക്ഷേ അയ്യപ്പസ്വാമി ആ ഗണത്തിലുള്ള ഒരു അവതാരമല്ല തന്നെ. തമിഴ് നാട്ടിൽ ഇപ്പോൾ പോലും പ്രചാരത്തിലുള്ളതും എന്നാൽ പിന്തുടരാൻ ഏറെ പ്രയാസമുള്ളതുമായ ശൈവസിദ്ധ സമ്പ്രദായത്തിലെ അതീവ ഗോപ്യവും അദ്ഭുത സിദ്ധിപ്രദവുമായ ഒരു യോഗപദ്ധതിയുടെ ആചാര്യനായിരുന്നു അയ്യപ്പസ്വാമി എന്നതിന് നിരവധി തെളിവുകളുണ്ട്. അതിന്റെ ആദ്യത്തെ തെളിവാണ് ശബരിമല യാത്രയ്ക്ക് തയാറാവുന്ന എത്രവലിയ ഭക്തനും ഒറ്റയ്ക്ക് കെട്ടുമുറുക്കി പോകുവാൻ അനുവാദമില്ല എന്നത് . മറ്റൊരു ക്ഷേത്രത്തിലും ഏകാന്തഭക്തിയ്ക്ക് ഇങ്ങനെയൊരു വിലക്ക് കൽ‌പ്പിയ്ക്കപ്പെട്ടിട്ടില്ല. ശബരിമല യാത്രികൻ എത്ര വലിയ ഭക്തനായാലും ശരി ഒരു ഗുരുസ്വാമി കൂടിയേ കഴിയൂ . ആ ഗുരുസ്വാമിയാവണം നെയ്യു നിറച്ച് കൊടുക്കേണ്ടതും കെട്ടുമുറുക്കി കൊടുക്കേണ്ടതും കെട്ടുതലയിൽ വെച്ചുകൊടുക്കേണ്ടതും . എത്ര ഇളപ്പമുള്ള ആളായാലും ശരി ആ ഗുരുസ്വാമിയ്ക്ക് വെറ്റില പാക്ക് നാണയം വെച്ച് ദക്ഷിണ നൽകി പദം തൊട്ടു തൊഴുത ശേഷം മാത്രമേ ഇരുമുടി ശിരസ്സിലേറ്റാൻ പാടുള്ളു . മറ്റേതൊരു യോഗ സമ്പ്രദായത്തിലുമെന്നതുപോലെ ഒരു ഗുരുവില്ലാതെ അനുഷ്ടിയ്ക്കാൻ അനുവാദമില്ലാത്ത ഒരു യോഗപദ്ധതിയാണ് അയ്യപ്പസ്വാമി നിർദ്ദേശിയ്ക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണിത്. ഈയർത്ഥത്തിൽ ശബരിമല എന്നതുപോലും ഒരു പ്രതീകാത്മക സ്വഭാവത്തിലുള്ള സ്ഥാന നിർദ്ദേശം മാത്രമാണ് . നിരന്തരമായ യോഗസാധനകൊണ്ട് ഒരു ഉപാസകന്റെ ജീവാത്മാവ് എത്തിപ്പെടേണ്ടതായ ഉന്നതയോഗഭൂമിക എന്ന തത്ത്വത്തിന്റെ ബിംബവൽക്കരണമാണ് ശബരിമല .

ശബരിമലയിലെ തന്റെ വാസക്കാലത്ത് അയ്യപ്പസ്വാമി അനുഷ്ഠിച്ച് സിദ്ധിവരുത്തിയ യോഗമാർഗ്ഗം ഉത്തമയോഗികൾക്ക് ഉപദേശിച്ചുകൊടുക്കുന്ന ഒരു നിലയിലാണ് അദ്ദേഹത്തിന്റെ ജീവന്മുക്തി ഉണ്ടായത്. അയ്യപ്പസ്വാമിയുടെ സമാധിസ്ഥിതിയിലെ ശരീര ഭാഷ യോഗികൾക്ക് മാത്രം മനസ്സിലാവുന്നതും മനുഷ്യജീവിതത്തിന്റെ പാരമാർത്ഥിക സത്യത്തെ അനാവരണം ചെയ്യുന്നതുമായ ഒരു ഗുപ്ത സന്ദേശമാണ് നൽകുന്നത് . ചിന്മുദ്രാങ്കിത പട്ടബന്ധാരൂഢസ്ഥിതമായിട്ടുള്ളതാണ് അയ്യപ്പസ്വാമിയുടെ സമാധ്യവസ്ഥ. ആ രൂപമാണ് മിയ്ക്ക ക്ഷേത്രങ്ങളിലും പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇതിൽ ചിന്മുദ്ര എന്താണ് എന്ന് ചിന്തിയ്ക്കാം. വളരെ ഗഹനമായ ഒരാത്മീയതത്ത്വത്തിന്റെ സൂചനയാണ് ചിന്മുദ്ര. ശ്രീമദ് സ്വാമി വിവേകാനന്ദൻ കേരളത്തിൽ വന്ന അവസരത്തിൽ എറണാകുളത്തുവച്ച് ശ്രീ ചട്ടമ്പി സ്വാമികളുമായി കൂടിക്കാണുകയും ഹഠയോഗത്തിലെ ഒരു പ്രധാന യോഗമുദ്രയായ ചിന്മുദ്രയുടെ തത്ത്വത്തെക്കുറിച്ചും ആ മുദ്ര പിടിച്ചുകൊണ്ടുള്ള അപൂർവ്വ ധ്യാന മാർഗ്ഗത്തേക്കുറിച്ചുമൊക്കെ ചർച്ച ചെയ്യുകയുമുണ്ടായി എന്നത് പരക്കെ അറിവുള്ളതാണല്ലൊ. ശ്രീ ചട്ടമ്പി സ്വാമിയും ശ്രീ നാരായണ ഗുരു ദേവനും അക്കാലത്തെ അറിയപ്പെടുന്ന ഹഠയോഗിയും ശൈവസിദ്ധനുമായിരുന്ന തൈയ്ക്കാട്ട് അയ്യാവിന്റെ ശിഷ്യന്മാരായിരുന്നു.

ചിന്മുദ്ര എന്നത് വാക്കുകൾ കൊണ്ട് വ്യവഹരിയ്ക്കുവാൻ സാധ്യമല്ലാത്തതും അനുഭവതലത്തിൽ ഒരു ഗുരുവിന്റെ സഹായത്തോടെ മാത്രം എത്തിച്ചേരുവാൻ സാധിയ്ക്കുന്നതുമായ ഒരവസ്ഥയേക്കുറിച്ചുള്ള സൂചന നൽകുന്ന മുദ്രയാണ് . കൈയ്യിലെ മൂന്ന് വിരലുകൾ ഒന്നിച്ചുനിൽക്കുകയും ചൂണ്ടുവിരൽ മറ്റ് വിരലുകളിൽ നിന്ന് വേർപെട്ട് തള്ള വിരലുമായി ചേർന്ന് നിൽക്കുകയും ചെയ്യുന്നതാ‍ണ് ഇതിന്റെ രൂപം. കയ്യിലെ മൂന്ന് വിരലുകൾ സത്വ -രജ- തമോ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഒരു മനുഷ്യന്റെ സ്വഭാവത്തിലെ അടിസ്ഥാന മൂന്ന് ഗുണങ്ങളാണ് ഇവ. ഇവയുടെ ഏറ്റക്കുറച്ചിലുകളനുസരിച്ച് മനുഷ്യന്റെ വാസനകൾക്കും കർമ്മങ്ങൾക്കും മരണാനന്തരഗതിയ്ക്കും ഭേദങ്ങളുണ്ടാവും . കോടനുകോടിയായ ജീവജാലങ്ങളുടെയെല്ലാം സ്വഭാവ ഗതി ഭേദങ്ങൾ ഈ മൂന്ന് ഗുണങ്ങളുടെ അനുപാതഭേദമനുസരിച്ചാണ് രൂപപ്പെടുന്നത് . ഈ സംസാര ചക്രത്തിൽ നിന്ന് പുറത്ത് വന്ന് ജീവൻ മുക്തരാവാൻ ആഗ്രഹിയ്ക്കുന്നവർ ഈ മൂന്ന് അടിസ്ഥാന ഗുണങ്ങളാൽ നിയന്ത്രിയ്ക്കപ്പെടുന്ന ചിത്തവൃത്തികളിൽ നിന്ന് തന്റെ ജീവാത്മാവിനെ മോചിപ്പിച്ച് പരമാത്മാവിൽ യോജിപ്പിയ്ക്കണം. ചൂണ്ടുവിരൽ ജീവാത്മാവിന്റേയും തള്ള വിരൽ പരമാത്മാവിന്റേയും തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്നു.[തുടരും]

[പൂർവ്വ ഭാഗങ്ങൾ എഴുത്തോല [aswanidev2 blogspot] എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]

2013, നവംബർ 21, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [27]
---------------------------
ശബരിമലയിൽ അയ്യപ്പസ്വാമി യോഗാരൂഢനാവുന്നു.
-----------------------------------------------------------
അയ്യപ്പസ്വാമി ശബരിമലയിലെത്തി അവിടെയുണ്ടായിരുന്ന ധർമശാസ്താവിന്റെ വിഗ്രഹത്തിൽ വിലയം പ്രാപിച്ചു എന്ന് വളരെ ലളിതമായി പറഞ്ഞുപോകുന്നവരുണ്ട്. അത് ശരിയല്ല.
തന്റെ ഒപ്പമുള്ള വിരലിലെണ്ണാവുന്ന സഹചരന്മാരുമായി അയ്യപ്പസ്വാമി ശബരിമലയിൽ ഏറെ വർഷങ്ങൾ താമസിച്ചിട്ടുണ്ടാവണം. കാരണം അയ്യപ്പസ്വാമിയുമായി സൈനീകമായ കാര്യങ്ങളിൽ മാത്രം ബന്ധമുണ്ടായിരുന്ന അനുചരന്മാരിൽ‌പ്പലരും ദൈവീകചൈതന്യമുള്ള സിദ്ധപുരുഷന്മാരായി പിന്നീട് മാറുകയും അവർക്ക് ശബരിമലയിൽ അയ്യപ്പസ്വാമിയുടെ സമീപഭാഗങ്ങളിൽ തന്നെ ആരൂഢങ്ങൾ ലഭിയ്ക്കുകയും ചെയ്തിട്ടുണ്ട് . ശബരിമലയിൽ വരുന്നതിന് മുൻപുള്ള അയ്യപ്പസ്വാമിയുടെ ജീവിതകാലഘട്ടം ദുർഘടപോരാട്ടങ്ങളുടേതായിരുന്നുവല്ലൊ. അപ്പോൾ അക്കാലത്തൊരിയ്ക്കലും വാവരടക്കമുള്ള ഈ അനുയായികൾക്ക് യോഗമാർഗ്ഗത്തിൽ ദീക്ഷനൽകുവാനോ പരിശീലനം നൽകുവാനോ അയ്യപ്പസ്വാമിയ്ക്ക് സാധിയ്ക്കുമായിരുന്നില്ല. അതൊക്കെ നടന്നത് ശബരിമലയിലെ അയ്യപ്പസ്വാമിയുടെ ദീർഘവാസക്കാലത്തായിരുന്നിരിയ്ക്കണം എന്ന് യുക്തിപരമായി കരുതാവുന്നതാണ്. തന്നെയുമല്ല ആധ്യാത്മീകമാർഗ്ഗങ്ങളിൽ മുൻപൊന്നും ഒരു വിധപാരമ്പര്യവും അവകാശപ്പെടാനില്ലാത്തവരും വെറും പോരാളികളും മാത്രമായിരുന്ന ഇക്കൂട്ടർക്ക് ആത്മീയവിദ്യയിൽ പുരോഗതിയുണ്ടാവണമെങ്കിൽ ദീർഘകാലത്തെ സാധന കൂടിയേ കഴിയൂ എന്നതും സ്വാഭാവികസത്യമാണല്ലൊ. ഇതിനൊക്കെ ഉപരിയായി സഹ്യന്റെ അപ്പുറത്തുള്ള തമിഴ് നാട്ടിലും മലയാളനാട്ടിന്റെ എല്ലാഭാഗത്തുമുള്ള ജനങ്ങൾക്ക് അയ്യപ്പസ്വാമിയുമായി ഇപ്പോഴുള്ള ആ‍ത്മബന്ധം ശബരിമലയിൽ വച്ച് ഒരു പ്രാവശ്യം കണ്ടുപിരിഞ്ഞതുകൊണ്ടുമാത്രമുണ്ടായതല്ല മറിച്ച് ദീർഘകാലം തങ്ങൾ വർഷാവർഷം പോയിക്കണ്ട് അടുത്തറിഞ്ഞാചരിച്ചതുകൊണ്ട് തന്നെയുണ്ടായതാണ് . അതുകൊണ്ട് തന്നെയാണ് ‘സത്യമായ ദൈവമേ‘ എന്ന ശരണം വിളി ഉണ്ടായത്.

അയ്യപ്പസ്വാമി ശബരിമലയുടെ ദൈവീകമായ അന്ത:രീക്ഷത്തിന്റെ ചിദാനന്ദരസാ‍നുഭൂതിയിൽ സ്വയം മറന്ന് ജീവിയ്ക്കുകയായിരുന്നു . തന്റെ ബാല്യകൌമാരങ്ങളിൽ പാണ്ഡ്യനാട്ടിലേയും മലയാള നാട്ടിലേയും സിദ്ധഗുരുക്കന്മാരിൽ നിന്ന് പകർന്ന് കിട്ടിയ ഹഠയോഗമാർഗ്ഗങ്ങളിൽ ഉന്നതപരിശീലനം ഇക്കാലയളവിൽ നടത്തിയിട്ടുണ്ടാവണം . ശബരിമലയുടെ സമീപ മലകളിൽ ഇപ്പോഴുമുള്ള ഗുഹകളിൽ അക്കാലത്തുണ്ടായിരുന്ന സിദ്ധന്മാരെല്ലാം അയ്യപ്പസ്വാമിയെക്കാണാനെത്തി ആ ദൈവീകസാന്നിദ്ധ്യത്തിൽ ഒന്നിച്ചു വസിച്ചിട്ടുണ്ട്. പമ്പ നദീ തടത്തിൽ നിന്ന് വടക്കോട്ട് സഞ്ചരിയ്ക്കുമ്പോൾ കാണുന്ന നിഗൂഢമായ വനമേഖലയിൽ ഇന്നും ഗുപ്തമാർഗ്ഗികളായ സന്യാസിമാരുണ്ടെന്നും ആ ഭാഗത്തേയ്ക്ക് മലവാസികൾ പോകാറില്ലെന്നും പറഞ്ഞുകേട്ടിട്ടുണ്ട് . ആ ഭാഗത്താണ് രാമായണത്തിൽ പരാമർശിച്ചിട്ടുള്ള കിഷ്ക്കിന്ധയുടെ സ്ഥാനം എന്നും അവിടെ ശ്രീരാമന്റെ പാദശിലയുണ്ടെന്നും പഴമക്കാർ പറയുന്നു.

കിഴക്കൻ മലകൾ യോഗാരൂഢരായ താപസന്മാരുടെ സ്ഥാനമാണ് എന്നത് പണ്ടേ പ്രസിദ്ധമാണ് .കേരളത്തിന്റെ തെക്ക് കിഴക്കൻ ഭാഗത്തുള്ള അഗസ്ത്യാർകൂടം തന്നെ ഇപ്പോഴുള്ള പ്രത്യക്ഷമായ തെളിവാണല്ലൊ. പുരാണപ്രസിദ്ധനും ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ചുകൊടുത്ത മഹായോഗിയുമായ അഗസ്ത്യമഹർഷി തപസ്സു ചെയ്ത അഗസ്ത്യാർകൂടം എന്ന ദിവ്യൌഷധ നിബിഢമായ മലയിൽ ഇന്നും ഗുഹാവാസികളായ താപസന്മാരുണ്ട് . ഔഷധപ്പച്ച എന്ന പച്ചില മാത്രം ഭക്ഷിച്ചുകൊണ്ടും സൂര്യരശ്മിയിൽ നിന്നും അന്നജം നേരിട്ട് സ്വീകരിച്ചു കൊണ്ടും വർഷങ്ങളായി ജീവിയ്ക്കുന്ന യോഗികൾ ആ ഭാഗങ്ങളിൽ ഇപ്പോഴുമുള്ളതായി മഹാത്മാക്കൾ പറയുന്നു.

ഏതായാലും ശബരിമലയിലെ അയ്യപ്പസ്വാമിയുടെ താപസജീവിതം തന്റെ യോഗധാരണത്തിന് വേണ്ടിമാത്രമായിരുന്നില്ല. ഇത്തരം ഗുപ്തമാർഗ്ഗങ്ങളിൽ തൽ‌പ്പരരായ മറ്റ് ജിജ്ഞാസുക്കൾക്കും യോഗദീക്ഷയും മാർഗ്ഗനിർദ്ദേശവും നൽകിക്കൊണ്ട് തികഞ്ഞ യോഗവിദ്യാഗുരുവായിത്തന്നെയാണ് അദ്ദേഹം അവിടെ ജീവിച്ചത് . ഇതിനെന്താണ് തെളിവെന്ന് സംശയാലുക്കൾ ചോദിച്ചേയ്ക്കാം . അതിനുള്ള ഏറ്റവും വലിയ തെളിവ് തന്നെയാണ് അദ്ദേഹത്തിന്റെ സമാധിസ്ഥിതി . നാമിന്നാരാധിയ്ക്കുന്ന അയ്യപ്പപ്പസ്വാമിയുടെ രൂപം അദ്ദേഹത്തിന്റെ പ്രാണൻ ശരീരത്തെ ഉപേക്ഷിച്ചപ്പോൾ അദ്ദേഹം ആരൂഢസ്ഥിതനായിരുന്ന യോഗാസനരൂപമാണ്. അരയിൽ പട്ടബന്ധിച്ച് വലംകൈ കൊണ്ട് ചിന്മുദ്ര കാണിച്ച് അപൂർവ്വമായ ഒരു ഹഠയോഗാവസ്ഥയിൽ ആയിരുന്നു അദ്ദേഹത്തിന്റെ സമാധി . യോഗമാർഗ്ഗത്തിൽ താല്പര്യമുള്ള എല്ലാക്കാലത്തെയും ജനങ്ങൾക്ക് വേണ്ടി അയ്യപ്പസ്വാമി നൽകുന്ന ഒരു രഹസ്യ സന്ദേശമാണ് ആ യോഗസ്ഥിതി .അതെന്താണെന്ന് പരിശോധിയ്ക്കാം. [തുടരും]

[പൂർവ്വഭാഗങ്ങൾ എഴുത്തോല എന്നബ്ലോഗിൽ [aswanidev2 .blogspot] വായിയ്ക്കാവുന്നതാണ്]

2013, നവംബർ 20, ബുധനാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [26]
---------------------------
പതിനെട്ട് പടികളും പടിപൂജയും
-----------------------------------
തന്റെ സഹായത്തിനായി മാസങ്ങളോളം ഒപ്പം സഞ്ചരിച്ച ഗൃഹസ്ഥ ജനങ്ങളെ ഇനിയും ആ കൊടുംകാട്ടിൽ കഷ്ടപ്പെടുത്തുന്നത് ഉചിതമല്ല എന്നറിയാവുന്ന അയ്യപ്പസ്വാമി തന്റെ അനുചരന്മാരേയെല്ലാം നിർബ്ബന്ധിച്ച് സ്വന്തനാടുകളിലേയ്ക്ക് തിരിച്ചയച്ചു. എപ്പോൾ വേണമെങ്കിലും തന്നെ ഇവിടെ വന്നു കണ്ടോളുവാനുള്ള അനുമതിനൽകിയാണ് പോകാൻ മടിച്ചു നിന്ന അവരെയെല്ലാം അയ്യപ്പസ്വാമി മടക്കി അയച്ചത്. പക്ഷേ ഇതിനകം അയ്യപ്പസ്വാമിയുടെ ദിവ്യത മനസ്സിലാക്കിയ വാവരും കടുത്തയും തലപ്പാറവില്ലനേപ്പോലെയുള്ള മറ്റ് ചില അനുചരന്മാരും അയ്യപ്പസ്വാമിയോടൊപ്പം അവിടെത്തന്നെ കഴിയാൻ തീരുമാനിച്ചു. വന്യമൃഗങ്ങൾ ധാരളമായുള്ള അവിടെ അയ്യപ്പസ്വാമി ഒറ്റയ്ക്ക് കഴിയുന്നത് ദുഷ്കരമാവും എന്നതുകൊണ്ടും കാട്ടാനകൾ വന്ന് ക്ഷേത്രം നശിപ്പിയ്ക്കാൻ സാധ്യതയുള്ളതുകൊണ്ടും അവരവിടെ തുടരാൻ തീരുമാനിയ്ക്കുകയായിരുന്നു. മലവാസികളെ ധാരാളമായി സംഘടിപ്പിച്ചുകൊണ്ട് അവർ ക്ഷേത്രത്തിന്റെ നാല് വശത്തുമായി ആഴത്തിലുള്ള കിടങ്ങുകൾ കുഴിയ്ക്കുകയുണ്ടായി . പഴയകാല തീർത്ഥാടകർ ഈ കിടങ്ങ് കണ്ടിട്ടുണ്ട്. മലവാസിജനങ്ങളാണ് കിടങ്ങ് കടക്കാൻ പാലവും അതുകഴിഞ്ഞ് മുകളിലേയ്ക്ക് കയറാൻ പതിനെട്ട് പടികളും വെട്ടിയുണ്ടാക്കിയത്. ഒരു പക്ഷേ പതിനെട്ട് മലകളിലുള്ള ഗിരിവർഗ്ഗക്കാരും ഈ കഠിനമായ യത്നത്തിൽ പങ്കാളികളായിട്ടുണ്ടാവണം. അതുകൊണ്ടാവണം അവർ പടികളുടെ എണ്ണം പതിനെട്ടാക്കിയത് .

സഹ്യന്റെ ആ താഴ് വാര മേഖല പതിനെട്ട് മലകളുടെ ഒരു സംഗമഭൂമിയാണ് . നിരവധി യോഗികൾ തപസ്സു ചെയ്യുന്നതും ആധ്യാത്മിക ചൈതന്യം നിറഞ്ഞു നിൽക്കുന്നതുമായ പതിനെട്ട് മലകൾ ഒന്നോടൊന്ന് ചേർന്നു നിൽക്കുന്ന ഈ വനമേഖലയെ അയ്യപ്പസ്വാമിയുടെ പൂങ്കാവനം എന്നാണ് പറയുന്നത്. പതിനെട്ടു മലകളിലേയും ഗിരിവർഗ്ഗ ഗോത്രങ്ങൾ സഹകരിച്ചാണ് ക്ഷേത്രവും കിടങ്ങും പതിനെട്ടുപടികളുമുണ്ടാക്കിയതെന്ന് പറയാൻ കാരണം ശബരിമല ക്ഷേത്രത്തിൽ മാത്രം നടന്നുവരുന്ന പടിപൂജ എന്ന അപൂർവ്വമായ ആചാരത്തിന്റെ ലക്ഷണം വച്ചാണ്. അക്കാലത്തും ഇക്കാലത്തും മലവാസികളായ ഗോത്രജാതികൾ പ്രത്യേകമായ പല ആചാരങ്ങളും വച്ചുപുലർത്തുന്നവരാണ്. ഒരോമലയ്ക്കും ഓരോ മലദൈവങ്ങളെ അവർ വെച്ചാരാധന നടത്താറുണ്ട് . മലയുടെ ഒരു പ്രത്യേക ഭാഗത്താണവർ ഈ ദൈവത്തറ നിർമ്മിയ്ക്കുന്നത് . മകരസംക്രമം എല്ലാ ഗിരിവർഗ്ഗ ഗോത്രങ്ങൾക്കും വളരെ വിശേഷമുള്ള ദിവസമാണ് . അത്തരമൊരു ദൈവത്തറയായ പൊന്നമ്പലമേട്ടിൽ മകരസംക്രമ ദിവസം നടന്നിരുന്ന മഹാപൂജയുടെ ആഴിവെളിച്ചമാവണം ശബരിമലയിൽ നിന്ന് കാണാവുന്ന മകരവിളക്കായി മാറിയത്.

തങ്ങളുടെ ദൈവത്തറകളിലുള്ള മലദൈവങ്ങളെ സാക്ഷിനിർത്തിയാണ് അവർ എല്ലാ ആചാരങ്ങളും ജീവിതചര്യകളും പുലർത്തിയിരുന്നത് . ഓരോ മലയിലും ഇവരുടെ ഗോത്രപുരോഹിതന്മാരായും അല്ലാതെയും അദ്ഭുതസിദ്ധികളുള്ള മഹായോഗികൾ ഉണ്ടായിരുന്നു. അവർക്ക് അവരുടേതായ മരുന്നും മന്ത്രവാദങ്ങളും ഉണ്ടായിരുന്നു. ഇന്നും അട്ടപ്പാടി ഊരുകളിലുള്ള ചികിത്സാരീതികൾ അർബ്ബുദത്തിനുപോലും പരിഹാരമാണെന്ന് പറയാറുണ്ടല്ലൊ. ഈ സിദ്ധന്മാരുടെ യോഗബലം കൊണ്ട് അവർ കണ്ടുപിടിച്ച രഹസ്യവിദ്യകളും നിഗൂഢയോഗമാർഗ്ഗങ്ങളും കൈമാറ്റം ചെയ്യുന്നത് സിദ്ധികൾ നഷ്ടപ്പെടാൻ കാരണമാവുമെന്നും ദൈവകോപമുണ്ടാകുമെന്നും അവർ വിശ്വസിയ്ക്കുന്നത്കൊണ്ട് മാത്രമാണ് അതൊന്നും പുറംലോകമറിയാതെ പോയത് . ഈ ഗോത്രവിഭാഗജനങ്ങളും അവരുടെ ആചാര്യന്മാരും ചേർന്ന് അയ്യപ്പസ്വാമിയ്ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കേയും ചെയ്തപ്പോൾ ദുഷ്ടശക്തികളും ദുരാത്മാക്കളും ഇനി ഈ പവിത്രമായ ദേവാലയത്തിലേയ്ക്ക് പ്രവേശിയ്ക്കാതിരിയ്ക്കാൻ വേണ്ടി ഒരോ പടിയിലും അവരുടെ മലദൈവങ്ങളെ ആവാഹിച്ച് കാവലാളായി സങ്കൽ‌പ്പിച്ച് സമർപ്പിച്ചിട്ടുണ്ടാവണം. ദുഷ്ടശക്തികൾക്കെതിരെയുള്ള മന്ത്രവാദങ്ങൾ കാട്ടുജാതിക്കാരുടെ പതിവ് രീതിയാണല്ലൊ. അങ്ങിനെയാണ് പതിനെട്ട് മലകളെ പ്രതിനിധാനം ചെയ്യുന്ന പതിനെട്ട് പടികളിലും പടിപൂജ നടത്തുക എന്ന ശബരിമലയിൽ മാത്രം കണ്ടുവരുന്ന ആചാരമുണ്ടായത് . പതിനെട്ട് പടികളുടേയും പണിപൂർത്തീകരിച്ചശേഷം അതാത് മലകളിലെ ഗുരുക്കന്മാരാവണം ആ പടികളിൽ തങ്ങളുടെ ദേവതകളെ ആവാഹിച്ചിരുത്തുന്ന ആദ്യപടി പൂജ നടത്തിയത്.

പതിനെട്ട് പടികൾക്ക് പിന്നീട് വന്ന വ്യാഖ്യാനങ്ങളൊക്കെ ശബരിമലയിലെ തത്ത്വമസി എന്ന ബോർഡ് പോലെ പിന്നാലെ ഘടിപ്പിയ്ക്കപ്പെട്ടതാവാനാണ് സാധ്യത.[തുടരും]

[പൂർവ്വ ഭാഗങ്ങൾ “എഴുത്തോല“ [aswanidev2 blogspot] എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]

2013, നവംബർ 19, ചൊവ്വാഴ്ച

ശ്രീ അയ്യപ്പ ചരിതം [25]
---------------------------
അയ്യപ്പകഥയുടെ ആധികാരികത.
-------------------------------------
അയ്യപ്പസ്വാമിയുടെ സത്യസന്ധമായ ചരിത്രവും പറഞ്ഞുപഴകിയ പുരാണകഥകളും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം ഇഴ പിണഞ്ഞു കിടക്കുകയാണ് . അയ്യപ്പ സ്വാമിയുടെ ഉദ്ഭവമടക്കമുള്ള കഥകളും ശബരിമലയിലെ പ്രതിഷ്ഠയുടെ ഐതിഹ്യങ്ങളും ധർമശാസ്താവ് അയ്യപ്പസ്വാമി എന്നിങ്ങനെയുള്ള പൊരുത്തമില്ലാത്ത രണ്ടു പേരുകളും നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിയ്ക്ക് മറ്റ് ചില ക്ഷേത്രങ്ങളിൽ പൂർണ്ണാ ,പുഷ്കലാ എന്നിങ്ങനെ രണ്ട് ഭാര്യമാരും സത്യകൻ എന്ന ഒരു മകനും ചേർന്നുള്ള പ്രതിഷ്ഠകളും ഒക്കെ അയ്യപ്പ ചരിത്രമന്വേഷിച്ചു പോകുന്ന ഭക്തജനങ്ങളെ ആകെത്തന്നെ ആശയക്കുഴപ്പത്തിലാക്കുന്ന ചില സംഗതികളാണ്. ഭക്തമാനസങ്ങളിൽ രൂപപ്പെടുന്ന ഉത്ക്കണ്ഠകളും സംശയങ്ങളും ആദ്ധ്യാത്മിക പുരോഗതിയ്ക്ക തടസ്സമുണ്ടാക്കുമെന്നതിനാൽ അയ്യപ്പചരിതം സ്ഫടികമെന്നവണ്ണം സുതാര്യമായി വ്യാഖ്യാനിയ്ക്കപ്പെടേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ് .
അയ്യപ്പസ്വാമിയേ സ്വാമിയേ സംബന്ധിച്ച് കണ്ടു കിട്ടിയിട്ടുള്ള പ്രാചീന ഗ്രന്ഥങ്ങളിലും അയ്യപ്പൻ പാട്ടുകളിലുമൊക്കെ ചിതറിക്കിടക്കുന്ന വസ്തുതകളെ കോർത്തിണക്കിയും കേരളത്തിന്റെ ചരിത്രകാലഘട്ടങ്ങളെ വിശകലനം ചെയ്തും പഴമക്കാർ പറഞ്ഞുവച്ച ഐതിഹ്യങ്ങളിലെ യുക്തിപരതയെ ഇഴതിരിച്ചെടുത്തുമുള്ള ഒരു വ്യാഖ്യാനമാണ് ഈ രചനയിൽ സ്വീകരിച്ചിട്ടുള്ളത് . എന്നാൽ ചില സംഭവങ്ങളെ സമീപിയ്ക്കുമ്പോൾ അവയ്ക്ക് ഇത്തരത്തിലുള്ള ഒരാധികാരികതയും സ്വീകരിയ്ക്കാനില്ലാതെ സത്യമെന്തായിരിയ്ക്കുമെന്ന് ഉത്ക്കണ്ഠപ്പെടാറുണ്ട് . അവിടെ അയ്യപ്പസ്വാമി തന്നെ ചില ദൃഷ്ടാന്തങ്ങൾ കാണിച്ച് വ്യക്തത വരുത്തുന്നതു കൊണ്ടാണ് പലതും ധൈര്യമായി വിവരിയ്ക്കാൻ സാധിയ്ക്കുന്നത്.

ആത്മീയവിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നത് സൂക്ഷ്മതലത്തിലായതു കൊണ്ട് മറ്റ് ലൌകീക വിഷയങ്ങളിലെന്നതുപോലെ സ്ഥൂലമായ തെളിവുകൾ ചൂണ്ടിക്കാണിയ്ക്കാനാവില്ല തന്നെ. എന്നാൽ ഈ വാദം എന്ത് പൊട്ടത്തരവും എഴുതിപ്പിടിപ്പിക്കാനുള്ള മറയായി മാറാനും പാടില്ല. ശബരിമലയേ സംബന്ധിച്ച് അദ്ഭുതകരമായിത്തോന്നിയിട്ടുള്ള ഒരുകാര്യം അയ്യപ്പ സ്വാമിയുടെ കയ്യൊപ്പ് പതിഞ്ഞ കാര്യങ്ങൾ മാത്രമാണ് പിന്നീടവിടെ കാലാതിവർത്തിയായ ആചാരങ്ങളായി മാറ്റമില്ലാതെ നിലനിന്നുപോരുന്നത് എന്നാണ് . അയ്യപ്പസ്വാമി സ്വന്തം ജീവിതകാലത്ത് ചെയ്തുവച്ച ഒരു കാര്യത്തേയും ദുർബ്ബലപ്പെടുത്തുവാൻ സർവ്വ സംഹാരകമായ കാലത്തിന് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല .അവയെല്ലാം തന്നെ ആചാരങ്ങളായി കാലം തന്നെ സംരക്ഷിച്ച് തലമുറകളിലേയ്ക്ക് കൈമാറിക്കൊടുത്തുകൊണ്ടിരിയ്ക്കുകയാണ്. അതീവ ശക്തമായ ആത്മീയ ചൈതന്യം നിറഞ്ഞൊഴുകുന്ന അവതാരമൂർത്തികളുടെ സത്യസങ്കല്പങ്ങൾ പതിഞ്ഞ കർമ്മങ്ങൾക്ക് മാത്രമേ ഈ അപൂർവ്വമായ സജീവത യുഗങ്ങളോളം നിലനിർത്താൻ സാധിയ്ക്കൂ.

മകരവിളക്ക്തൊഴുക എന്നത് ശബരിമലയേ സംബന്ധിയ്ക്കുന്ന ഏറ്റവും വലിയ ആചാരമായി മാറിയിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം അത് അയ്യപ്പസ്വാമിയുടെ ജീവിതകാലഘട്ടത്തിൽ ആ ദിവ്യാത്മാവിന്റെ സങ്കൽ‌പ്പശക്തി സമർപ്പിയ്ക്കപ്പെട്ട ഒരു പ്രധാന കർമ്മത്തിൽ നിന്ന് ആവിർഭവിയ്ക്കപ്പെട്ടതാണ് എന്നു തന്നെയാണ് . അതുകൊണ്ടാണ് മകരസംക്രമ ദിവസം ശബരിമലയിലെ ധർമ്മശാസ്താവിഗ്രഹപ്രതിഷ്ഠ അയ്യപ്പസ്വാമി നടത്തിയതാണ് എന്ന് കഴിഞ്ഞ ആഖ്യാനത്തിൽ എഴുതിയത്. അയ്യപ്പസ്വാമിയുടെ സങ്കൽ‌പ്പ ശക്തി അവിടെ സംഭവിച്ചതു കൊണ്ടാണ് മകരസംക്രമപൂജ ശബരിമലയിലെ ഏറ്റവും വിശിഷ്ഠമായ ചടങ്ങായി മാറിയത് . തന്നെയുമല്ല ശബരിമല ക്ഷേത്രത്തിന്റെ പുനർ നിർമാണകർമ്മങ്ങളിൽ വലിയ പങ്കു വഹിച്ചതു കൊണ്ടാണ് അമ്പലപ്പുഴ ആലങ്ങാടു സംഘക്കാർക്ക് ശബരിമലയിൽ ചില പ്രത്യേക അവകാശങ്ങൾ പന്തളം കൊട്ടാരത്തിൽ നിന്ന് അനുവദിച്ച് നൽകിയതെന്ന് കൊട്ടാരം രേഖകളിൽ പറയുന്നുമുണ്ട്. ഈ രണ്ടു സംഘക്കാരും അയ്യപ്പസ്വാമിയോടൊപ്പമായിരുന്നല്ലൊ ശബരിമലയിലെത്തിയത്. സ്വാഭാവികമായും അയ്യപ്പസ്വാമിയുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രത്തിന്റെ പുനർനിർമ്മാണവും ആദ്യത്തെ സംക്രമപൂജയും നടന്നത് എന്ന് നിസ്സംശയം നിർണ്ണയിക്കാവുന്നതാണ്. പേട്ടതുള്ളൽ തുടങ്ങിയുള്ള ശബരിമലയിലെ പല ആചാരങ്ങളുടേയും കാലാതിവർത്തിയായ നിലനിൽ‌പ്പിന്റെ പിന്നിലുള്ള രഹസ്യവും മറ്റൊന്നല്ല തന്നെ.

ശബരിമലയിലെ ക്ഷേത്രം പുനർനിർമ്മിച്ച് പ്രതിഷ്ഠ നടത്തി ജനങ്ങൾക്ക് കൈമാറുക എന്ന കൊട്ടാരത്തിന്റേതായ ഉത്തരവാദിത്വവും നിർവ്വഹിച്ചതിന് ശേഷം മണികണ്ഠകുമാരൻ സ്വാഭാവികമായും പന്തളത്തേയ്ക്ക് മടങ്ങിവരുമെന്നാണ് രാജാവും രാജ്യത്തെ പ്രജകളും പ്രതീക്ഷിച്ചിരുന്നത് . ശബരിമലയിൽ തമ്പടിച്ച അനുയായികളും അതുതന്നെ കരുതി. പക്ഷേ അയ്യപ്പസ്വാമിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ശബരിമലയിലെ അലൌകികമായ ചൈതന്യം അനുഭവിച്ചപ്പോഴാണ് അയ്യപ്പസ്വാമിയ്ക്ക് തന്റെ പൂർവ്വജന്മരഹസ്യവും അവതാരോദ്ദേശവും വെളിപ്പെട്ടത് . സ്വധാമം തിരിച്ചറിഞ്ഞ ഒരാത്മാവ് മറ്റെവിടേയ്ക് പോകാൻ ? തന്റെ കൂടെയുള്ളവരോട് മടങ്ങിപ്പോകുവാൻ അനുവാദം നൽകിയശേഷം തനിയ്ക്ക് ഈ ദിവ്യമണ്ഡലത്തിൽ സാധനാനിർഭരമായ ഒരു ജീവിതം നയിയ്ക്കാനാണ് ആഗ്രഹം എന്ന് മണികണ്ഠൻ അരുളിച്ചെയ്തു. സ്വാഭാവികമായും മണികണ്ഠകുമാരനെ ഊണിലും ഉറക്കത്തിലും പിരിയാതെ കൂടെ നടന്ന ആശ്രിതജനങ്ങൾക്കെല്ലാം ഹൃദയഭേദകമായിരുന്നു ആ വാർത്ത. അവർ പലരും വാവിട്ട്നിലവിളിച്ചു . കുമാരനില്ലാതെ ഞങ്ങൾ എങ്ങോട്ടുമില്ല എന്നവർ ഉറപ്പിച്ചു പറഞ്ഞു. മണികണ്ഠനാവട്ടെ അവരേയെല്ലാം ആശ്വസിപ്പിച്ചു . താൻ അവിടെ ത്തന്നെയുണ്ടാവുമെന്നും എപ്പോൾ വേണമെങ്കിലും നിങ്ങൾക്കെന്നെ വന്നു കാണാമെന്നും നിങ്ങളുടെ ഏതു സങ്കടവും പരിഹരിയ്ക്കാൻ താൻ എപ്പോഴും ഇവിടെയുണ്ടാവുമെന്നും കുമാരൻ അവർക്കുറപ്പു കൊടുത്തു. കൂട്ടത്തിൽ പന്തളത്തു നിന്നെത്തിയ സേനാനികളോട് തന്നെ പ്രാണന് തുല്യം സ്നേഹിയ്ക്കുകയും താൻ മടങ്ങി വരുന്നത് കാത്തിരിയ്ക്കുകയും ചെയ്യുന്ന അച്ഛനോട് തന്റെ ആഗ്രഹം ഇതാണെന്നും ഇതിൽ ഒട്ടും സങ്കടപ്പെടരുതെന്നും പറയാനേൽ‌പ്പിച്ചു. തന്നെ കൂട്ടിക്കൊണ്ട് പോകാൻ ഒരു പക്ഷേ രാജാവ് തന്നെ നേരിട്ടെഴുന്നുള്ളിയേക്കുമെന്നറിയാവുന്ന കുമാരൻ, ഒരിയ്ക്കലും അച്ഛൻ തന്നെക്കാണാൻ ഇവിടേയ്ക്ക് വരരുതെന്നാണ് തന്റെ അപേക്ഷ എന്നദ്ദേഹത്തെ അറിയിയ്ക്കണമെന്നും പറഞ്ഞേൽ‌പ്പിച്ചു. ഒരു പക്ഷേ അച്ഛൻ വന്നു വിളിച്ചാൽ തനിയ്ക്ക് അനുസരണയോടെ ഒപ്പം പോകേണ്ടി വരുമെന്നും അത് കാലഗതിയ്ക്ക് വിരുദ്ധതയുണ്ടാക്കുമെന്നും അങ്ങിനെ സംഭവിച്ചാൽ അത് രാജാവിനും തലമുറകൾക്കും മഹാപാപവും ശാപവുമായിമാറുമെന്നുമറിയാവുന്നത് കൊണ്ടാണ് മണികണ്ഠൻ കർശനമായും അങ്ങിനെ പറയാൻ പറഞ്ഞേൽ‌പ്പിച്ചതെന്ന് കരുതാവുന്നതാണ് . വിവരങ്ങൾ അറിഞ്ഞ പന്തളത്തരചൻ ആകെ തകർന്നുപോയെങ്കിലും ദൈവജ്ഞന്മാരെ വരുത്തി ചിന്തിച്ചപ്പോൾ മണികണ്ഠകുമാരന്റെ ദൈവീകാവതാര രഹസ്യം വെളിവായതിനെത്തുടർന്ന് തന്റെഹൃദയവേദന ലോകകല്യാണത്തിനായി സഹിയ്ക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന യാഥാർത്ഥ്യം മനസ്സില്ലമനസ്സോടെ ഉൾക്കൊള്ളുവാൻ നിർബ്ബന്ധിതനായി.

ഇന്നും പന്തളത്തെ രാജാക്കന്മാർ ക്ഷേത്രദർശനം നടാത്താറില്ല എന്നതും അഥവാ ചെന്നാലും നടയ്ക്ക് നേരെ നിന്ന് തൊഴാറില്ല എന്നതും ലംഘിയ്ക്കപ്പെടാത്ത ആചാരമത്രേ.[തുടരും]

[പൂർവ്വഭാഗങ്ങൾ എഴുത്തോല എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]

2013, നവംബർ 18, തിങ്കളാഴ്‌ച

ശ്രീ അയ്യപ്പ ചരിതം[24]
--------------------------
അയ്യപ്പ സ്വാമി ശബരിമലയിൽ ധർമ്മശാസ്താവിനെ പുന:പ്രതിഷ്ഠിയ്ക്കുന്നു.
-------------------------------------------------------------------------------

അങ്ങിനെ അയ്യപ്പസ്വാമിയും അനുചരവൃന്ദവും കൂടി ശബരിമലമുകളിലേയ്ക്കുള്ള യാത്രയാരംഭിച്ചു. ഇതിന് മുൻപ് പലപ്പോഴും പലരും പറഞ്ഞ് കേട്ടിട്ടുള്ള ശബരിമലയെന്ന ദിവ്യസങ്കേതം കാണുന്നതിനായി അയ്യപ്പ സ്വാമിയുടെ ഹൃദയം തുടിച്ചു. ആ ദിവ്യ സങ്കേതത്തിലേയ്ക്ക് തങ്ങളുടെ കയ്യിലുള്ള ആയുധങ്ങളുമായി പോകുന്നത് ഉചിതമല്ലാ എന്നതിനാൽ അമ്പുകളും വില്ലുകളുമെല്ലാം തൊട്ടടുത്തുള്ള ഒരു വലിയ ആലിന്റെ ചുവട്ടിൽ സുരക്ഷിതമായി വച്ചു. ആ ആലാണ് പിന്നീട് ശരംകുത്തിയാലായി ചരിത്രത്തിൽ സ്ഥാനം പിടിച്ചത്. അന്ന് അയ്യപ്പസ്വാമിയും കൂട്ടരും അവിടെ ശരങ്ങളും വില്ലും സൂക്ഷിച്ചതിനേയും യുദ്ധം ചെയ്യാനായി അരയിൽ മുറുക്കിക്കെട്ടുന്ന അരക്കച്ച അഴിച്ചുവച്ചതിനേയും അനുസ്മരിച്ചു കൊണ്ട് പിന്നീട് ഭക്തജനങ്ങൾ ശരംകുത്തിയാലിന്റെ താഴെ ശരക്കോലുകളും അരക്കച്ചയും സമർപ്പിച്ചുതുടങ്ങി. ശബരീമാതാവ് തപം ചെയ്തിരുന്ന ശബരീ പീഠവും വന്ദിച്ച് ഒടുവിൽ ശബരിമലയുടെ നിറുകയിലുള്ള ആ സ്വർഗീയ ഭൂമിയിൽ അവരെത്തിച്ചേർന്നു .

ആ മകര മാസത്തിലെ ചേതോഹരമായ സന്ധ്യയിൽ, മഞ്ഞുപാളികൾ അയ്യപ്പസ്വാമിയെ നെഞ്ചോട് ചേർക്കാനെന്നവണ്ണം പൊതിഞ്ഞു നിൽക്കുമ്പോൾ , ആകാശവീഥിയിൽ നിന്നിറങ്ങിവന്ന മേഘമാലകൾ ദേവകൾ ചാർത്തിയ ശുഭ്രഹാരങ്ങൾ പോലെ അയ്യപ്പസ്വാമിയെ തഴുകി നിന്നപ്പോൾ , ആ മാമലമുകളൊരു ദേവഭൂമിയായി അയ്യപ്പസ്വാമിയ്ക്ക് അനുഭവപ്പെട്ടു. ഇന്ദ്രിയാതീതമായ ആ അനുഭൂതിയുടെ സുഖസമാധിയിൽ അയ്യപ്പസ്വാമിയ്ക്ക് തന്റെ ജന്മരഹസ്യം വെളിപ്പെട്ടു. കൂടെ വന്നവരെല്ലാം അയ്യപ്പസ്വാമിയിലുണ്ടായ ഭാവപ്പകർച്ചയെ അദ്ഭുതത്തോടെ നോക്കി നിന്നു. ആ മുഖം അതീവ തേജസോടെ ജ്വലിയ്ക്കുന്നത് കണ്ട അവരെല്ലാം അദ്ദേഹത്തിന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു . ഉദയനൻ മുൻപ് തകർത്തിട്ടതും പരശുരാമനാൽ പ്രതിഷ്ഠിതവുമായ ആ ക്ഷേത്രാവശിഷ്ടങ്ങളെല്ലാം വൃത്തിയാക്കി ഉടൻ ഒരു പുതിയ ആലയം നിർമ്മിയ്ക്കുവാനുള്ള അയ്യപ്പസ്വാമിയുടെ കൽ‌പ്പനയനുസരിച്ച് അതിനുള്ള കർമ്മങ്ങളാരംഭിച്ചു. കാട്ടുജാതിക്കാരെല്ലാവരും മലയടിവാരങ്ങളിൽ നിന്ന് അതിനുള്ള സാധന സാമഗ്രികൾ ഒന്നു രണ്ടു ദിവസങ്ങൾ കൊണ്ടു തന്നെ ചുമന്നെത്തിച്ചു . ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ ആ മലമുകളിൽ വിവിധ കളരിയോഗക്കാരുടേയും പന്തളത്തെ സേനയുടേയും കാനനവാസികളുടേയും ആശ്രാന്തപരിശ്രമം കൊണ്ട് ലക്ഷണയുക്തമായ ഒരു ദേവാലയം നിർമ്മിയ്ക്കപ്പെട്ടു.

അയ്യപ്പസ്വാമിയെ കാണുന്നതിനായി പൊന്നമ്പലമേട് എന്ന പ്രശസ്തമായ താപസമലയിൽ നിന്നും തൊട്ടടുത്തുള്ള മറ്റ് പതിനേഴ് മലകളിൽ നിന്നുമുള്ള ആദിവാസികളും വിവിധ ഗുഹകളിൽ തപസ്സുചെയ്തിരുന്ന മുനിജനങ്ങളും വന്നു ചേർന്നുകൊണ്ടിരുന്നു. ക്ഷേത്ര നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം പ്രതിഷ്ഠ നടത്തുവാനുള്ള തീയതി തീരുമാനിയ്ക്കപ്പെട്ടു. മുനിജനങ്ങളുടെ അഭിപ്രായപ്രകാരം സൂര്യൻ ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നതും പ്രകൃതിയിലാകെ വലിയമാറ്റം സംഭവിയ്ക്കുന്നതുമായ മകരസംക്രമദിവസം സായംസന്ധ്യയിൽ പ്രതിഷ്ഠാമുഹൂർത്തം തീരുമാനിയ്ക്കപ്പെട്ടു. ആ ദിവസം പതിനെട്ടു മലകളിലുള്ള ആദിവാസിജനങ്ങളുടേയും വിശേഷ ദിവസമാണ് . ജനങ്ങൾക്കാർക്കും കയറിച്ചെല്ലാനാവാത്തതും ദേവജനങ്ങൾ മാത്രം വിഹരിയ്ക്കുന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നതുകൊണ്ട് പൊന്നമ്പലമേട് എന്ന് വിളിയ്ക്കപ്പെടുന്നതുമായ മലമുകളിൽ ,ചിരകാലമായി കഠിനതപസ്സാചരിയ്ക്കുന്ന യോഗികൾ ഒരുമിച്ചുകൂടി വലിയപൂജകൾ ആ ദിവസം നടത്താറുണ്ട്. അവരന്നത്തെ സന്ധ്യയിൽ അവിടെ ജ്വലിപ്പിയ്ക്കുന്ന വലിയ അഗ്നികുണ്ഡത്തിന്റെ തീ നാളങ്ങൾ കണ്ട് എല്ലാമലകളിലുമുള്ള ജനങ്ങൾ അവിടേയ്ക്ക് നോക്കി വന്ദിയ്ക്കാറുണ്ട്. മകരമാസത്തിന്റെ പിറവി അറിയിച്ചുകൊണ്ട് പടിഞ്ഞാറെ ചക്രവാളത്തിൽ മകരനക്ഷത്രം ഉജ്ജ്വല പ്രഭയോടെ ഉദിച്ചുയരുന്ന മുഹൂർത്തത്തിൽ പ്രതിഷ്ഠ നടത്തുവാനാണ് തീരുമാനിച്ചത് . അങ്ങിനെ ആ മുഹൂർത്തം വന്നെത്തി . ആകാശത്തിൽ ദേവതകളും ശബരിമലമുകളിൽ തടിച്ചുകൂടിയ ആയിരക്കണക്ക് ജനങ്ങളും സാക്ഷി നിൽക്കെ , വിണ്ണിന്റെ പടിഞ്ഞാറെച്ചെരുവിൽ മകരസംക്രമ ജ്യോതിയും പൊന്നമ്പലമേട്ടിൽ താപസജനങ്ങളുടെ യാഗാഗ്നിയും ജ്വലിച്ചുയർന്ന പവിത്രമുഹൂർത്തത്തിൽ , അയ്യപ്പസ്വാമി യോഗചൈതന്യം കൊണ്ട് തിളയ്ക്കുന്ന മറ്റൊരു ജ്വാലയായിമാറി പൂർവ്വികമായ ധർമശാസ്താവിന്റെ സങ്കൽ‌പ്പത്തിൽ നിർമ്മിച്ചൊരുക്കിയ ശിലാവിഗ്രഹത്തെ ശ്രീകോവിലിനുള്ളിലെ പീഠത്തിൽ വിധിപ്രകാരം പ്രതിഷ്ഠിച്ചു.

2013, നവംബർ 15, വെള്ളിയാഴ്‌ച

ശ്രീ അയ്യപ്പചരിതം [23]
--------------------------
അയ്യപ്പസ്വാമി ശബരിമലയിലേയ്ക്ക്
-------------------------------------
കരിമലയിലെ ഉജ്ജ്വലമായ വിജയത്തിന് ശേഷം അയ്യപ്പസ്വാമി കൊട്ടാരത്തിലേയ്ക്ക് മടങ്ങി അടുത്ത രാജാവായി ചുമതലയേൽക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷെ എന്തുകൊണ്ടോ അയ്യപ്പസ്വാമി അതിന് തയ്യാറായില്ല . അയ്യപ്പ സ്വാമിയുടെ ജീവിത കഥയിലെ ചിന്തനീയമായ ഒരു ഭാഗമാണിത് . എന്തുകൊണ്ട് അയ്യപ്പസ്വാമി ശ്രീ ബുദ്ധനേപ്പോലെ കൊട്ടാരമുപേക്ഷിച്ചു ? ഇന്നലെ വരെ താൻ തന്റെ സ്വന്തം അമ്മയെന്നു വിചാരിച്ച് ഒട്ടിച്ചേർന്ന് നിന്ന് വാത്സാല്യാമൃതം നുകർന്ന ആൾ തന്റെ ആരുമല്ല എന്ന തിരിച്ചറിവ് കൌമാരപ്രായം കഷ്ടിച്ച് കടന്ന മണികണ്ഠകുമാരന് താങ്ങാവുന്നതിലുമധികമായ ദു:ഖമായിരുന്നു. തനിയ്ക്ക് മാമൂട്ടിത്തന്ന അതേ മാതാവ് , തന്നെ വകവരുത്താനുള്ള ഗൂഢാലോചന നടത്തി എന്നുള്ളത് ഹൃദയ ഭേദകമായ ഒരു വാർത്തയായിരുന്നുവല്ലൊ. തന്റെ സ്വന്തം കുട്ടിയിൽ നിന്ന് രാജ്യാധികാരം കവർന്നെടുക്കാൻ പോകുന്ന ഒരാൾ എന്ന നിലയിൽ ,ഇന്നലെ വരെ തന്റെ സ്നേഹമയിയായ അമ്മയായി നിന്ന വ്യക്തി ഇന്നു കാട്ടുന്ന അകൽച്ച ഒരു പക്ഷേ അയ്യപ്പ സ്വാമിയിൽ വല്ലാത്ത ജീവിതവിരക്തി സൃഷ്ടിച്ചിട്ടുണ്ടാവാണം . ജീവിത വിരാഗതയിൽ നിന്നാണല്ലൊ പലപ്പോഴും ആത്മീയചോദനകൾ ഉണ്ടാവുന്നത്.
ഈ സാഹചര്യത്തിൽ കൊട്ടാരത്തിലേയ്ക്ക് മടങ്ങുക എന്നത് ദുസ്സഹമായിരുന്നതുകൊണ്ടാണ് താപസന്മാരിൽ നിന്നും കാട്ടുജാതിക്കാരിൽ നിന്നും കേട്ടറിഞ്ഞതും മുന്നേതന്നെ പുരാണപ്രസിദ്ധവുമായ ശബരിമലയിലേയ്ക്ക് പോകാൻ അയ്യപ്പസ്വാമി തീരുമാനിച്ചത് . ഇവിടെ നിന്നങ്ങോട്ട് നാം കാണുന്നത് ആയുധാഭ്യാസിയായ അയ്യപ്പസ്വാമിയേയല്ല മറിച്ച് ആത്മവിദ്യാദീക്ഷിതനാകുവാൻ ആവേശം കൊണ്ടു നിൽക്കുന്ന ഒരു യോഗാത്മാവിനേയാണ്. തന്റെ തീരുമാ‍നം അറിയിച്ചപ്പോൾ അയ്യപ്പസ്വാമിയെ വിട്ടുപിരിയാൻ ഒരിയ്ക്കലും കൂട്ടാക്കാത്ത അനുയായികളൊന്നടങ്കം കൂടെപ്പോരാൻ തയാറായി. എല്ലാവരും ചേർന്ന് കരിമലയിറങ്ങി നയനാഭിരാമമായ പമ്പയുടെ താഴ് വാരത്തെത്തി . അവിടെ അയ്യപ്പസ്വാമിയെ വരവേൽക്കാൻ ഒരു വൻ ജനാവലി തന്നെ കാത്തു നിന്നിരുന്നു. തങ്ങളുടെ ജീവിതങ്ങളെ കശാപ്പ് ചെയ്തുകൊണ്ടിരുന്ന കരിമലവീരനെ അയ്യപ്പസ്വാമി വധിച്ചതിൽ ആഹ്ലാദിയ്ക്കുന്ന കാട്ടുജാതിക്കാരെല്ലാം അവിടെ ഒത്തുകൂടി. വനവിഭവങ്ങളെല്ലാം സംഭരിച്ച് അവരവിടെ ഒരു വലിയ സദ്യ തന്നെ ഒരുക്കി. സന്തോഷത്താൽ ആടിപ്പാടിയ അവർ രാത്രിയായപ്പോൾ വലിയ ആഴികൂട്ടി ആനന്ദനൃത്തം ചവുട്ടി. മതിമറന്ന അവരിൽ ചിലർ കനലിൽ ചാടി ആഴിവാരിയെറിഞ്ഞ് അയ്യപ്പനെ സന്തോഷിപ്പിച്ച് തങ്ങളുടെ ഭക്തിയുടെ തീവ്രത പ്രദർശിപ്പിച്ചു . മറ്റു ചിലരാവട്ടെ വലിയ പൊങ്ങുതടികളിൽ നിരനിരയായി വിളക്കുകൾ കൊളുത്തി വെച്ച് പമ്പാനദിയിൽ ഒഴുക്കി ആ രാത്രിയെ പ്രഭാപൂരിതമാക്കി. അയ്യപ്പസ്വാമിയാവട്ടെ തന്റെ ജനങ്ങളുടെ ഈ ആഹ്ലാദപ്രകടനങ്ങൾ കണ്ട് ഏറെ സന്തോഷിച്ചു. പമ്പയിൽ അയ്യപ്പ സ്വാമിയുടെ സാന്നിധ്യത്തിൽ അന്നു നടന്ന ഈ കാര്യങ്ങളാണ് പിന്നീട് പമ്പാസദ്യയും പമ്പാ വിളക്കും ആഴിപൂജയും അടക്കമുള്ള ആചാരങ്ങളായി മാറിയത്.
അടുത്ത ദിവസം പ്രഭാതത്തിൽ തന്റെ ഭാഗത്ത് നിന്നും എതിർ പക്ഷത്ത് നിന്നും യുദ്ധത്തിൽ കൊല്ലപ്പെട്ട ആളുകൾക്ക് വേണ്ടി അയ്യപ്പസ്വാമിയും കൂട്ടരും പമ്പാതീരത്ത് ബലിയിട്ട് പ്രാർത്ഥിച്ചു . ഇതു കൊണ്ടാണ് ഇന്നും ശബരിമല ചവിട്ടുന്നതിന് മുൻപ് സ്വാമി ഭക്തന്മാർ പമ്പയിൽ ബലിയിടുന്നത്. ഈ ബലിതർപ്പണം അയ്യപ്പസ്വാമി ബോധപൂർവ്വം ചെയ്തതാവാനും വഴിയുണ്ട്. കാരണം ഭാരതീയ സന്യാസ സമ്പ്രദായം അനുസരിച്ച് ഒരാൾ ഈശ്വരീയ വൃത്തിയിലേയ്ക്ക് കടക്കുന്നതിന് മുൻപ് തന്റെ പിതൃക്കളോടുള്ള കടം വീടുന്നതിനായി അവർക്കു ബലിതർപ്പണം ചെയ്യുകയും ഇഹലോക ബന്ധം അവസാനിപ്പിച്ചുകൊണ്ട് തനിക്ക് തന്നെ ആത്മപിണ്ഡം വെയ്ക്കുകയും വേണം. എന്നിട്ടാണ് ശുദ്ധ നിത്യ ബോധ സ്വരൂപമായി മാറാനുള്ള സാധനകൾ ആരംഭിയ്ക്കുക. ശബരിമല അത്തരമൊരു യോഗാത്മകസ്ഥാനമായതുകൊണ്ടാണല്ലൊ തത്ത്വമസി എന്നവിടെ ആലേഖനം ചെയ്തിരിയ്ക്കുന്നത്.[തുടരും]

2013, നവംബർ 14, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [22]
---------------------------
ശബരിമലയുടെ പ്രാധാന്യം.
------------------------------
ത്രേതായുഗകാലം മുതൽ തന്നെ പ്രശസ്തമായിരുന്ന ശബരിമലയെക്കുറിച്ച് അയ്യപ്പസ്വാമിയ്ക്ക് മുന്നേ അറിവുണ്ടായിരുന്നു എന്ന് ധരിയ്ക്കുന്നതിൽ തെറ്റില്ല. ആദി കാവ്യമായ വാത്മീകിമഹർഷിയുടെ രാമായണത്തിൽ ശ്രീ രാമചന്ദ്രദേവന്റെ ശബരിമലയിലേക്കുള്ള ആഗമനത്തേക്കുറിച്ച് പ്രതിപാദിയ്ക്കുന്നുണ്ട്. സീതാദേവിയെ വീണ്ടെടുക്കുന്നതിന് വേണ്ടി രാവണനുമായി യുദ്ധം ചെയ്യുന്നതിന് രാമേശ്വരത്തേയ്ക്ക് പോകുന്ന വഴിയിലാണ് ശ്രീരാമചന്ദ്രൻ ശബരിമലയിലെത്തുന്നത് .

ശബരിമല എന്ന പുണ്യമായ മലയിൽ മുൻപ് തന്നെ രാമഭക്തനായ മാതംഗമഹർഷി കൊടും തപസ്സനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യയായി വനവേട വംശത്തിൽ ജനിച്ച ശബരി എന്ന ഭക്തയും തപസ്സാചരിച്ചിരുന്നു. തന്റെ ഗുരുവായ മാതംഗമഹർഷി സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുൻപ അദ്ദേഹത്തിൽ നിന്ന് അവതാരപുരുഷനായ ശ്രീരാമചന്ദ്രനെക്കുറിച്ചും അദ്ദേഹം ഒരിയ്ക്കൽ ഇതുവഴി വരുമെന്നുമറിഞ്ഞ ശബരീമാതാവ് ശ്രീരാമദർശനത്തിനായി ഉഗ്രതപസ്സാചരിച്ചിരുന്ന ആ മല ശ്രീരാമചന്ദ്രന്റെ ദർശനത്തിന് ശേഷം മുതൽ ശബരിമലയായി അറിയപ്പെട്ടു.

ശ്രീരാമചന്ദ്രദേവനാവട്ടെ തന്റെ ദർശനത്തിനായി തീവ്രതപസ്സാചരിയ്ക്കുന്ന ശബരീമാതാവിന്റെ ആഗ്രഹപൂർത്തീകരണത്തിനും ഒരു മഹായുദ്ധത്തിനായി പുറപ്പെടുന്നതാകയാൽ താപസജനങ്ങളുടേയും സിദ്ധാത്മാക്കളുടേയും അനുഗ്രഹം തേടുക പാരമ്പര്യമായതിനാലും ശബരീ മാതാവിനേയും അവിടെയുള്ള മറ്റ് തപസ്വികളേയും കാണുന്നതിനായി മാർഗ്ഗമധ്യേ അങ്ങോട്ട് പുറപ്പെട്ടു.

ശ്രീ രാമചന്ദ്രന്റെ വനവാസകാലത്തായിരുന്നു ദശരഥ മഹരാജാവിന്റെ അന്ത്യം. പ്രതിജ്ഞാലംഘനമാകുമെന്നതിനാൽ സത്യപാലകനായ ശ്രീരാമൻ പിതാവിന്റെ അന്ത്യകർമ്മങ്ങൾക്കായി കൊട്ടാരത്തിലേയ്ക്ക് പോയിരുന്നില്ല. എന്നാൽ പിതാവിന്റെ മോക്ഷപ്രാപ്തിയ്ക്കായി മൂത്തപുത്രൻ ശ്രാദ്ധകർമ്മങ്ങളനുഷ്ഠിയ്ക്കണമെന്നതിനാൽ അതിനായി അദ്ദേഹം തെരഞ്ഞെടുത്തത് ശബരിമലയുടെ താഴ് വാരത്തുള്ള പമ്പാനദീ തീരമായിരുന്നു. ഓടൽമുളയുടെ പൂവും കാട്ടുതേനുമായിരുന്നു ശ്രാദ്ധദ്രവ്യങ്ങൾ. ആ നദീതീരത്ത് ശ്രീരാമദേവൻ സമർപ്പിച്ച ബലിപിണ്ഡം സ്വീകരിയ്ക്കുവാൻ ദശരഥമഹാരാജാവിന്റെ ആത്മാവ് പ്രത്യക്ഷത്തിൽ വന്നുവത്രെ.[ തന്റെ സ്വപ്നമായിരുന്ന ശ്രീ രാമപട്ടാഭിഷേകത്തിന് ശേഷമേ മടങ്ങൂ എന്ന് പറഞ്ഞ് അന്നു മുതൽ രാമനൊപ്പം സഞ്ചാരം ചെയ്തു എന്ന് എഴുത്തച്ഛൻ വിവരിയ്ക്കുന്നുണ്ട്.]

ശ്രീ രാമചന്ദ്രദേവൻ തന്റെ പിതാവിന്റെ ശ്രാദ്ധകർമ്മങ്ങൾക്കായി തെരഞ്ഞെടുത്ത നദിയായതിനാൽ അന്നുമുതൽ പമ്പ പുണ്യനദിയായിത്തീർന്നു. ശബരിമലയുടെ താഴ് വാരത്തുള്ള പമ്പാനദീ തടത്തിലെ ബലികർമ്മങ്ങൾ അന്നുമുതൽ പിതൃമോക്ഷത്തിന് പ്രസിദ്ധവുമായിത്തീർന്നു. അന്ന് ശ്രീ രാമദേവനോടൊപ്പം ഹനുമാൻ സ്വാമിയുമുണ്ടായിരുന്നു. പമ്പയിൽ ശ്രീരാമചന്ദ്രദേവന്റെയും ആഞ്ജനേയസ്വാമിയുടേയും ചൈതന്യസാന്നിധ്യങ്ങൾ ഭക്താനുഗ്രഹപ്രദമായി നിലനിൽക്കുന്നു എന്നത് കൊണ്ടാണ് ഈ രണ്ടു വിഗ്രഹങ്ങളും അവിടെ പിൽക്കാലത്ത് പ്രതിഷ്ഠിയ്ക്കപ്പെട്ടത്.

മാധ്യമങ്ങളോ ദൂതവൃത്തിയോ ഇല്ലായിരുന്ന അക്കാലത്ത് അതീന്ദ്രിയജ്ഞാനംകൊണ്ട് തന്റെ പ്രഭുവായ ശ്രീരാമചന്ദ്രദേവൻ അവിടേയ്ക്ക് എഴുന്നുള്ളുന്നത് ശബരീ മാതാവ് മനസ്സിലാക്കി. തനിയ്ക്ക് മോക്ഷമേകാൻ വരുന്ന ആ ദിവ്യപുരുഷന് നൽകുവാൻ വേണ്ടി ഏറ്റവും നല്ല ഫലങ്ങൾ തന്നെ നൽകണമെന്നാഗ്രഹിച്ച ആ അമ്മ ഓരോ പഴവും പറിച്ച് കടിച്ചു നോക്കിയശേഷം നല്ല മധുരമുള്ളതെല്ലാം ഒരിലയിൽ എടുത്തുവെച്ചു. ഭഗവാൻ എഴുന്നുള്ളിയിരുന്നപ്പോൾ എല്ലാഉപചാരങ്ങളും ഭക്തിയോടെ അനുഷ്ഠിച്ച് ഇലയിലെ ഫലങ്ങൾ ശ്രീരാമന് നൽകി. ഒരു കാട്ടുജാതിക്കാരിയായ വൃദ്ധ കടിച്ച് എച്ചിലാക്കിയ പഴങ്ങൾ ശ്രീരാമൻ കഴിയ്ക്കുന്നത് അനുജനായ ലക്ഷ്മണന് ഉൾക്കൊള്ളാനാവുമായിരുന്നില്ല. അദ്ദേഹം ആ പഴങ്ങൾ കഴിയ്ക്കുന്നതിൽ നിന്ന് ജ്യേഷ്ഠനെ വിലക്കുവാൻ ശ്രമിച്ചെന്നും ഭക്തവത്സലനായ ഭഗവാൻ അത് കൂട്ടാക്കാതെ ആ അമ്മ രുചിച്ച പഴങ്ങളെല്ലാം പുഞ്ചിരിയോടെ ആസ്വദിച്ച് ഭക്ഷിച്ച് ശബരീ മാതാവിന് മോക്ഷമേകി യാത്രയായെന്നും രാമായണത്തിൽ വായിക്കാം. ശബരീ മാതാവ് തപസ്സ് ചെയ്ത സ്ഥലമാണ് ഇന്ന് ശബരീപീഠമായി അറിയപ്പെടുന്നത്.[തുടരും]

[പൂർവ്വ ഭാഗങ്ങൾ “എഴുത്തോല” എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]

2013, നവംബർ 12, ചൊവ്വാഴ്ച

ശ്രീ അയ്യപ്പ ചരിതം [21]
---------------------------
കരിമലക്കോട്ട കീഴടക്കുന്നു
-------------------------------
അയ്യപ്പസ്വാമിയുടെ നേതൃത്വത്തിലുള്ള സൈന്യവും വാവരുടെ നേതൃത്വത്തിലുള്ള സൈന്യവും വണ്ടിപ്പെരിയാർ വഴിവന്ന പാണ്ഡ്യപ്പടയും ചേർന്ന് വിവിധഭാഗങ്ങളിലൂടെ ഒരേ സമയം കരിമലക്കോട്ടയ്ക്ക് നേരെ ശക്തമായ ആക്രമണമാരംഭിച്ചു. ഉദയനനും പടയാളികളും വീറോടുകൂടിത്തന്നെ പൊരുതി. കരിങ്കൽ പാറകൾ കൊണ്ട് പണിത കോട്ടയുടെ സുരക്ഷിതത്ത്വത്തിൽ ഉദയനനും സംഘത്തിനും യുദ്ധം ചെയ്യാൻ എളുപ്പമായിരുന്നു. അയ്യപ്പസ്വാമിയേ സഹായിക്കാൻ കാനന വാസികളായ വിവിധ ഗോത്രജാതിക്കാരും ഗ്രാമീണജനങ്ങളുമൊക്കെ കൂട്ടംകൂട്ടമായി എത്തിക്കൊണ്ടിരുന്നു. ദിവസങ്ങൾ നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ മണികണ്ഠനും സൈന്യവും കരിമലക്കോട്ടപൊളിച്ച് അകത്ത് കടന്നു. പിന്നീടവിടെ നടന്നത് ഒരു പൊരിഞ്ഞ പോരാട്ടമായിരുന്നു. ഉദയനും അയ്യപ്പസ്വാമിയും തമ്മിൽ നടന്ന് ഘോരയുദ്ധത്തിനൊടുവിൽ ഉദയനനെ അയ്യപ്പസ്വാമി വധിച്ചു.

നൂറുകണക്കിനാളുകൾ ഇരുഭാഗത്തും മരിച്ചുവീഴുകയും മുറിവേൽക്കപ്പെടുകയും ചെയ്ത ആ വലിയ യുദ്ധം അങ്ങിനെ പരിസമാപിച്ചു. പിന്നീടവിടെ ഉണ്ടായത് ആഹ്ലാദത്തിന്റെ ഒരു വേലിയേറ്റമായിരുന്നു. പതിനെട്ട് മലകളിലേയും ജനങ്ങൾ ഈ വാർത്തയറിഞ്ഞ് സന്തോഷം കൊണ്ട് മതിമറന്ന് അയ്യപ്പസ്വാമിയെ സ്തുതിച്ചു.. വർഷങ്ങളായി നാട്ടിലേയും കാട്ടിലേയും സമ്പത്തിനേയും സ്ത്രീ ജനങ്ങളേയും ഒക്കെ തട്ടിയെടുക്കുകയും നിത്യേന നിരപരാധികളെ കൊല്ലുകയും ചെയ്തുകൊണ്ടിരുന്ന ആ അതിക്രൂരനായ കാട്ടുകൊള്ളത്തലവന്റെ ഭീകരവാഴ്ച അവസാനിച്ചതിൽ സന്തോഷിച്ച് കാട്ടുമൃഗങ്ങൾ പോലും തുള്ളിച്ചാടി . മണികണ്ഠന്റെ സൈന്യം അതിശക്തമായിരുന്ന കരിമലക്കോട്ട കല്ലോട് കല്ലവശേഷിയ്ക്കാതെ ഇടിച്ചു നിരത്തി. ഉദയനൻ തടവിലിട്ടിരുന്ന സ്ത്രീകളേയെല്ലാം അയ്യപ്പ സ്വാമി മോചിപ്പിച്ച് സുരക്ഷിതമായി നാട്ടിലേയ്ക്കയച്ചു. ഉദയനൻ വർഷങ്ങളായി അടക്കി വാണിരുന്ന കരിമലയുടെ പൂർവ്വസ്ഥിതി വീണ്ടെടുക്കുവാൻ വേണ്ടിയും ഘോരയുദ്ധത്തിന്റെ ക്ഷീണം മാറ്റുവാൻ വേണ്ടിയും മണികണ്ഠനും സംഘവും അവിടെ ഏറെനാൾ താമസിച്ചു. ആ കാലഘട്ടത്തിൽ നിർമ്മിയ്ക്കപ്പെട്ടതെന്ന് വിശ്വസിയ്ക്കപ്പെടുന്ന ഒരു കിണർ ഇന്നുമവിടെകാണാം. ഏഴുതട്ടുകളുള്ള ചെങ്കുത്തായ ആ മലയുടെ മുകളിൽ സ്ഫടികതുല്യമായ ജലം ലഭിയ്ക്കുന്ന ആ കിണർ ഇന്നും അയ്യപ്പഭക്തന്മാരെ അനുഗ്രഹിച്ചുകൊണ്ട് നിലനിൽക്കുന്നു എന്നത് ഒരദ്ഭുതം തന്നെയാണ്. ചിലയവസരങ്ങളിൽ അതിനകത്ത് ഒരു സർപ്പത്തേയും കാണാറുണ്ട്.

പന്തളത്ത് രാജാവായ രാജശേഖരപാണ്ഡ്യന്റെ ജീവിതസ്വപ്നമായിരുന്നു അയ്യപ്പസ്വാമി സഫലമാക്കി കൊടുത്തത്. രാജ്യത്തിന്റെ അതിർത്തികൾ ഭദ്രമാക്കിയ അയ്യപ്പസ്വാമി കരിമലയുടെ വിവിധ ഭാഗങ്ങളിൽ കോട്ടകൾ കെട്ടി വിവിധ ഗോത്രത്തലവന്മാരെ അവിടെ അധികാരങ്ങളേൽ‌പ്പിച്ചു. ആ കോട്ടകളുടെ അവശിഷ്ഠങ്ങൾ ഇന്നും പല സ്ഥലങ്ങളിലും കാണാം എന്നത് ചരിത്രത്തെ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങിനെ തന്റെ രാജ്യത്തിന്റേയും പ്രജകളുടേയും സുരക്ഷ ഉറപ്പു വരുത്തുകയും തന്റേയും രാജ്യത്തിന്റേയും അഭിമാനം വീണ്ടെടുക്കുകയും ചെയ്ത അയ്യപ്പ സ്വാമി എത്രയും പെട്ടെന്ന് കൊട്ടാരത്തിലേയ്ക്ക് മടങ്ങി വരുന്നതിന് വേണ്ടി രാജാവ് ദൂതന്മാരെ അയച്ചെങ്കിലും അയ്യപ്പസ്വാമി കൊട്ടാരത്തിലേയ്ക്ക് മടങ്ങിയില്ല. ഉദയനൻ ആക്രമിച്ച് നശിപ്പിച്ചിട്ടിരിയ്ക്കുന്നതും യുഗങ്ങളോളം പഴക്കമുള്ളതുമായ ശബരിമല ക്ഷേത്രത്തേക്കുറിച്ചും പൊന്നമ്പലമേട്ടിലെ യോഗികളേക്കുറിച്ചും ഗുഹവാസികളായ താപസന്മരേക്കുറിച്ചുമൊക്കെ കാട്ടുജാതിക്കാരിൽ നിന്നറിഞ്ഞ അയ്യപ്പസ്വാമി നേരേ അങ്ങോട്ടു പോകുവാനാണ് താൽ‌പ്പര്യം കാണിച്ചത്. അയ്യപ്പസ്വാമിയുടെ ഉള്ളിലെ അവതാരചൈതന്യം സ്വാമിയേ അങ്ങോട്ട് ആനയിക്കുകയായിരുന്നു.[തുടരും]

2013, നവംബർ 10, ഞായറാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [20]
---------------------------
അയ്യപ്പന്റെ പടനീക്കം
--------------------------
എരുമേലിയിലെ തന്റെ ദൌത്യങ്ങളെല്ലാം പൂർത്തിയാക്കിയശേഷം വർദ്ധിതവീര്യത്തോടെ അയ്യപ്പസ്വാമി കരിമലമന്നന്റെ കോട്ട പിടിയ്ക്കുവാനുള്ള പടനീക്കമാരംഭിച്ചു. എല്ലാ വിഭാഗം കാട്ടുജാതിക്കാരും അവരുടെ മൂപ്പന്മാരുടെ നേതൃത്വത്തിൽ മണികണ്ഠനോടൊപ്പം അണിനിരന്നു. വാവരു സ്വാമിയും അമ്പലപ്പുഴ ,ആലങ്ങാട് കളരിക്കാരും പന്തളത്തെ സൈന്യവും എല്ലാവരും ചേർന്നുള്ള ഒരു വലിയ പടപ്പുറപ്പാടായിരുന്നു അത് . ഇതേ സമയം തന്നെ വണ്ടിപ്പെരിയാർ വഴി പാണ്ഡ്യപ്പടയും കരിമല മുകളിലേയ്ക്ക് നീങ്ങി. കാട്ടുയുദ്ധത്തിൽ അതി സമർത്ഥനായ കരിമലവീരനെതിരെ ജീവൻ പണയപ്പെടുത്തിയുള്ള ഒരു നീക്കമായിരുന്നു അത്. കടുവയും പുലിയും കൊമ്പനാനകളും നിറഞ്ഞ കാട് . ഏത് നിമിഷവും ചാടിവീണേയ്ക്കാവുന്ന ഉദയനന്റെ പടയാളികൾ. പകൽ പോലും കൂരിരുട്ടായി തോന്നുന്ന നിബിഢ വനം. കാട്ടാനയടക്കമുള്ള മൃഗങ്ങളുടെ മുന്നിൽ പെട്ടാൽ നൂറുകണക്കിന് ആളുകൾ അടുത്തനിമിഷം പരലോകം പ്രാപിയ്ക്കും. ഇത്രയധികം ക്രൂരമൃഗങ്ങൾ നിറഞ്ഞകാട് കടന്ന് ജീവനിൽകൊതിയുള്ള ആരും കരിമല മുകളിലേയ്ക്ക് വരില്ല എന്നറിഞ്ഞുകൊണ്ടാണ് ഉദയനൻ കരിമലയുടെ മുകളിലെ തട്ട് തന്നെ തന്റെ താവളമായി തെരഞ്ഞെടുത്തത്. ഇന്നു പോലും കരിമലക്കാട്ടിലൂടെ ഒറ്റയ്ക്ക് സഞ്ച്ചരിയ്ക്കുന്നവർ വന്യമൃഗങ്ങളുടെ ഇരയാവാറുണ്ട്. സംഘം ചേർന്നല്ലതെ ഭക്തൻമാർ കരിമല കയറാറില്ല . അപ്പോൾ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അന്നത്തെ കാര്യം പറയേണ്ടതില്ലല്ലൊ. മൃഗങ്ങളുടേയും ശത്രുക്കളുടേയും കണ്ണിൽ പെടാതിരിയ്ക്കുന്നതിന് വേണ്ടി കറുപ്പും നീലയും നിറങ്ങളുള്ള ഇരുണ്ട വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരുന്നത്. അതുകൊണ്ടാണ് ആചാരത്തിന്റെ ചുവട് പിടിച്ച് ഇന്നും സ്വാമി ഭക്തന്മാർ കറുപ്പും നീലയും വസ്ത്രങ്ങൾ ധരിയ്ക്കുന്നത്.
ഇവിടെ അയ്യപ്പസ്വാമിയിലെ യുദ്ധ തന്ത്ര വിശാരദനേയും നാം മനസ്സിലാക്കേണ്ടതുണ്ട്. ശ്രീലങ്കൻ കാടുകളിലും ബൊളീവിയൻ കാടുകളിലുമൊക്കെ യുദ്ധം ചെയ്യുന്ന പട്ടാളക്കാരും ഒളിപ്പോരാളികളുമൊക്കെ കാട്ടിലെ ഇലകളുടെ രൂപങ്ങളും വർണ്ണങ്ങളുമുള്ള യൂണിഫോറം അണിയുന്നത് നാം ഇന്നു കാണുന്നുണ്ട്. എന്നാൽ നൂറ്റാണ്ട്കൾക്ക് മുൻപ് കരിമലക്കാട്ടിൽ അയ്യപ്പസ്വാമി പരീക്ഷിച്ച് വിജയിച്ച യുദ്ധതന്ത്രമായിരുന്നു ഇത്. ശത്രുവിന്റെ സ്വാധീനമേഖലയിലുള്ള ജനങ്ങളെ കയ്യിലെടുക്കുക എന്നതും ഒളിപ്പോരിലെ ഒരു പ്രധാന തന്ത്രമാണ്. മഹിഷിയുടെ നിഗ്രഹത്തിലൂടെയും ബാബറെ കീഴ്പ്പെടുത്തിയതിലൂടെയും അയ്യപ്പസ്വാമി സാധിച്ചതും ഇതു തന്നെയായിരുന്നു. ശത്രുവിന്റെ താവളത്തിലേയ്ക്ക് ഒരേസമയം പലവഴികളിലൂടെ ഇരച്ചുകയറി ഞെട്ടിയ്ക്കുക എന്നതും ഒളിപ്പോരിലെ അതീവ സാമർത്ഥ്യവും കണിശതയും ആവശ്യമുള്ള ഒരു തന്ത്രമാണ്. ഇതും അയ്യപ്പ സ്വാമി കരിമലയിൽ പരീക്ഷിച്ച് വിജയിപ്പിയ്ക്കുകയുണ്ടായി. [ബിൻലാദനെതിരെ അഫ്ഘാനിസ്ഥാനിലും സദ്ദാംഹുസൈനെതിരെ ഇറാക്കിലും അമേരിയ്ക്ക പ്രയോഗിച്ചത് ഈ തന്ത്രമായിരുന്നല്ലൊ] അങ്ങിനെ ആധുനിക യുദ്ധ വിശാരദന്മാർ തലപുകഞ്ഞാലോചിച്ച് രൂപപ്പെടുത്തിയിട്ടുള്ള ഇന്നത്തെ പല യുദ്ധ തന്ത്രങ്ങളും നൂറ്റാണ്ടുകൾക്കു മുൻപേ ഒറ്റയ്ക്ക് ആവിഷ്കരിച്ച് വിജയിപ്പിച്ച അയ്യപ്പസ്വാമിയുടെ യുദ്ധതന്ത്ര നൈപുണ്യം ഇനിയും തിരിച്ചറിയപ്പെടാത്തതത്രേ.
അതേപോലെ തന്നെ അയ്യപ്പസ്വാമിയുടെ മറ്റൊരു കണ്ടുപിടുത്തമായിരിയ്ക്കണം ഇരുമുടിയുടേത്. ഇന്നത്തെ പട്ടാളക്കാർ അവരുടെ സാധനങ്ങളും സാമഗ്രികളും സൂക്ഷിയ്ക്കുന്ന മാറാപ്പ് മുതുകിലാണ് ബന്ധിയ്കാറുള്ളത് . എന്നാൽ നദികടക്കുന്നത് പോലെയുള്ള അവസരങ്ങളിലും വള്ളിപ്പടർപ്പുകളിലും മരങ്ങളിലും വലിഞ്ഞു കയറേണ്ടി വരുന്ന അവസരങ്ങളിലും ഇത് വളരെ അസൌകര്യമാകുമെന്ന് മാത്രമല്ല പലപ്പോഴും ജീവഹാനിയ്ക്ക് തന്നെ ഹേതുവാകാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ഭക്ഷണസാധനങ്ങളടക്കമുള്ള സാധനങ്ങൾ അതിന്റെ മുൻ ഗണനാക്രമത്തിൽ രണ്ടുഭാഗമായി തിരിച്ച് അതിന്റെ നടുവിലൂടേയുള്ള ഒരു കെട്ടിലൂടെ അത് ശിരസ്സിലുറപ്പിയ്ക്കുന്ന ഇരുമുടിയെന്ന സംഭരണ സഞ്ചിയുടെ രൂപകൽ‌പ്പന അയ്യപ്പസ്വാമി ആവിഷ്കരിച്ചതെന്ന് കരുതുന്നതിൽ തെറ്റില്ല. തന്നെയുമല്ല കിഴുക്കാം തൂക്കായ മലകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും തീഷ്ണമായി യുദ്ധം ചെയ്യുമ്പോഴുമെല്ലാം ഈ ശിരോഭാണ്ഡം വളരെ അനായാസത നൽകുകയുംചെയ്യും. ഈ സമ്പ്രദായത്തിന്റെ സൌകര്യങ്ങൾ ആധുനിക യുദ്ധ വിശാരദന്മാർ ഇനിയും മനസ്സിലാക്കേണ്ടതായിട്ടാണിരിയ്ക്കുന്നത്.[തുടരും]
ശ്രീ അയ്യപ്പ ചരിതം [19]
---------------------------
കല്ലിടാംകുന്നിന്റെ കഥ
----------------------------
മഹിഷീനിഗ്രഹത്തിന് ശേഷം അതിന്റെ ജഢവുമായി കാനനവാസികളും നാട്ടുകാരും ചേർന്ന് നടത്തിയ ആനന്ദനർത്തനത്തിന്റെ വിശേഷങ്ങൾ മുൻപ് പരാമർശിച്ചിരുന്നല്ലൊ. പിൽക്കാലത്ത് പേട്ടതുള്ളലായി മാറിയ അന്നത്തെ ആ ആഹ്ലാദയാത്ര ആരംഭിച്ചത് ആ യുദ്ധത്തിൽ അയ്യപ്പനോടൊപ്പം പ്രധാന പങ്കുകാരനായിരുന്ന് തലപ്പാറ വില്ലന്റെ ആ‍സ്ഥാനത്ത് നിന്നായിരുന്നു . ആ സ്ഥലത്താണ് ഇന്ന് പേട്ടയിൽ ശാസ്താവിന്റെ ക്ഷേത്രം നിലകൊള്ളുന്നത് . പേട്ടയാരംഭിയ്ക്കുന്ന പേട്ടയിൽശാസ്താവിന്റെ അമ്പലത്തിനു മുന്നിലായി തലപ്പാറ മലയുടെ ഒരു ഭാഗം ദൃശ്യമാണ് . ഇവിടെ തൊഴുതതിനു ശേഷമാണ് പേട്ടതുള്ളൽ തുടങ്ങുന്നത് .
അയ്യപ്പൻ വധിച്ച കാട്ടെരുമയുടെ ഭീമാകാരമായ ശരീരം എവിടെ മറവു ചെയ്യുമെന്നതായിരുന്നു അടുത്ത പ്രശ്നം. ഇതിനു മുൻപ് പലപ്പോഴും കാട്ടുജാതിക്കാരുടെ കടുത്ത ആക്രമണത്തിൽ മൃതപ്രായമായ ആ ജീവിയെ മരിച്ചുവെന്ന് വിചാരിച്ച് കുഴിച്ചിടുകയും കുറേക്കഴിയുമ്പോൾ അത് മണ്ണിനടിയിൽ നിന്ന് കുതറി എഴുന്നേറ്റ് പായുകയും ചെയ്തിട്ടുണ്ട് .മരിച്ചാലും വീണ്ടും ജീവൻ വെച്ചെഴുന്നേറ്റ് വരുന്ന ഏതോ ദുഷ്ടശക്തി എരുമയുടെ രൂപം സ്വീകരിച്ചതാണെന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. ജനങ്ങളുടെ അവശേഷിയ്ക്കുന്ന ഭീതിയും അകറ്റുന്നതിനു വേണ്ടി ആ ജഢം അഴുതാമേടിന്റെ മുകളിലേയ്ക്ക് ചുമന്നു കൊണ്ടുവരുവാൻ അയ്യപ്പസ്വാമി ആവശ്യപ്പെട്ടു. അതനുസരിച്ച് ജനങ്ങൾ എല്ലാവരും ചേർന്ന് ആ ഭീമാകാരമായ ശരീരം ചുമന്ന് മുകളിലെത്തിച്ചതിന് ശേഷം അയ്യപ്പസ്വാമിയുടെ നിർദ്ദേശപ്രകാരം അഴുതാമേടിന്റെ വലതു വശമുള്ള അഗാധമായ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് സ്വാമിയുടെ നിർദ്ദേശപ്രകാരം തന്നെ താഴെയുള്ള അഴുതാനദിയിൽ നിന്ന് കൂറ്റൻ പാറക്കല്ലുകൾ ചുമന്ന് കൊണ്ടുവന്ന് ആ കൊക്കയിലിട്ട് അത് ഏറെക്കുറെ നികത്തി . ഇനി ഒരുപക്ഷെ ജനങ്ങളുടെ വിശ്വാസപ്രകാരം ആ എരുമയ്ക്ക് ജീവൻ വച്ചുവെന്ന് കരുതിയാലും ആ നികന്നകൊക്കയിൽ നിന്ന് എഴുന്നേറ്റ് വരുക അസംഭവ്യമാണല്ലൊ. ജനങ്ങളുടെ മനസ്സിൽ ഒരുതരി പോലും ഭീതി അവശേഷിയ്ക്കാതിരിയ്ക്കാൻ വേണ്ടിയാണ് ആശ്രിതവത്സലനായ മണികണ്ഠസ്വാമി ഇങ്ങനെ ചെയ്യിച്ചത്. അന്ന് ആ കിടങ്ങ് നികത്തുവാൻ വേണ്ടി അഴുതാനദിയിൽ നിന്ന് കൂറ്റൻ പാറക്കഷ്ണങ്ങൾ ചുമന്നുകൊണ്ടുവന്ന ചരിത്ര സംഭവത്തിന്റെ അനുസ്മരണമായി കാലം സൂക്ഷിച്ചുവെച്ച ഒരാചാരമാണ് അഴുതനദിയിൽ മുങ്ങി കല്ലെടുത്തുകൊണ്ടുവന്ന് അഴുതമേട്ടിലുള്ള കല്ലിടാംകുന്നിൽ നിന്ന് വലിച്ചെറിയുന്ന ചടങ്ങായിമാറിയത് . ഒരു പക്ഷേ പിന്നീടതു വഴി പോയിരുന്ന കാട്ടുജാതിക്കാരെല്ലാം അവിടെയെത്തുമ്പോൾ ആ കൊക്കയിലേക്ക് ഒരു പാറക്കഷ്ണം വലിച്ചെറിഞ്ഞ് തൃപ്തിയടയുന്ന പതിവ് പിന്നീടൊരു ചടങ്ങായി മാറിയതും ആവാം.ഏതായാലും ഇന്ന് കാനാന പാതവഴി ശബരിമലയ്ക്ക് നടന്ന് പോകുന്ന ഭക്തരെല്ലാം അഴുതയിൽ നിന്ന് കല്ലെടുത്ത് കല്ലിടാംകുന്നിൽ നിക്ഷേപിച്ച് കർപ്പൂരം കത്തിച്ച് വന്ദിച്ച ശേഷമാണ് യാത്ര തുടരുന്നത്.

എരുമേലിയിലെ പുത്തൻ വീട്
---------------------------------
എരുമേലിയുമായി അയ്യപ്പസ്വാമിയെ ബന്ധപ്പെടുത്തുന്ന മറ്റൊരു കണ്ണിയാണ് പുത്തൻ വീട്. എരുമേലി പേട്ട അമ്പലത്തിലേയ്ക്ക് പോകുന്ന വഴിയിൽ വലതു വശത്ത് ഉള്ളിലേയ്ക്ക് കയറിയാണ് പുത്തൻ വീട് സ്ഥിതി ചെയ്യുന്നത്. ശൈവ വെള്ളാള സമുദായത്തിൽ‌പ്പെട്ട ഒരു കുടുംബത്തിന്റേതാണ് പുത്തൻ വീട്. അയ്യപ്പസ്വാമി എരുമേലിയിൽ വന്ന സമയത്ത് ആ വീട്ടിലെ ഭക്തയായ ഒരമ്മയുടെ ആതിഥ്യം സ്വീകരിച്ച് അവിടെ വിശ്രമിച്ചു എന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. ആ വിശ്വാസത്തെ അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്ന തരത്തിൽ അയ്യപ്പസ്വാമി വന്നിരുന്നതായ ആപഴയ മൺ വീട് ഇന്നും കാലത്തെ അതിജീവിച്ച് അവിടെ നിലനിൽക്കുന്നുണ്ട്. മൺ തറമേൽ പലകകൊണ്ട് നിർമ്മിച്ച ആ പുരാതനമായ വീട്ടിൽ അയ്യപ്പസ്വാമി വന്ന് വിശ്രമിച്ച മുറിയും അദ്ദേഹം ഓർമ്മയ്ക്കായി നൽകിയതെന്ന് വിശ്വസിയ്ക്കപ്പെടുന്ന വാളും ഇന്നും കാണാം. അടുത്തകാലത്ത് അശ്രദ്ധ കൊണ്ട് അവിടെ തീ പിടിച്ചു വെങ്കിലും നിമിഷം കൊണ്ട് ഭസ്മമാകാവുന്ന ആ വീടിന്റെ കുറച്ച് മുകൾ ഭാഗം മാത്രം കത്തിയതല്ലാതെ പ്രധാനഭാഗങ്ങളിലേയ്ക്ക് അഗ്നി പടർന്നില്ല എന്നത് അവിശ്വസനീയമായ ഒരദ്ഭുതം തന്നെയാണ്. ഈ ചരിത്ര സ്മാരകത്തേക്കുറിച്ച് അധികം ഭക്തർക്കറിയില്ല എങ്കിലും അറിയുന്ന ഭക്തരെല്ലാം എരുമേലിയിലെത്തി ഈ വീട് ദർശിച്ച് തൊഴുത്പ്രാർത്ഥിച്ച ശേഷമാണ് മലചവിട്ടുന്നത്.[തുടരും]

[ പൂർവ്വഭാഗങ്ങൾ “എഴുത്തോല” എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]

2013, നവംബർ 8, വെള്ളിയാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [18]
---------------------------
കാളകെട്ടിയുടെ പ്രാധാന്യം
------------------------------
എരുമകൊല്ലി എന്ന വിളിപ്പേരാണ് പിന്നീട് എരുമേലിയായി മാറിയത് എന്നു മുൻപ് പരാമർശിച്ചിരുന്നല്ലൊ. അയ്യപ്പസ്വാമി ആ മഹിഷവുമായി നടത്തിയ ഘോരയുദ്ധത്തിന്റെ ഭയാനകതയെ പിൽക്കാല തലമുറ അതെ ഗൌരവത്തിൽ ഉൾക്കൊള്ളുന്നതിനു വേണ്ടിയാവണം പുരാണപ്രസിദ്ധനായ മഹിഷാസുരന്റെ സഹോദരിയായ മഹിഷിയാണ് അയ്യപ്പസ്വാമിയുമായി ഏറ്റുമുട്ടി ശാപമോക്ഷം നേടിയത് എന്നും അയ്യപ്പസ്വാമിയുടെ അവതാരോദ്ധേശ്യങ്ങളിലൊന്നായിരുന്നു മഹിഷീമർദ്ധനമെന്നുമൊക്കെയുള്ള പിൽക്കാല വ്യാഖ്യാനങ്ങൾ ഉണ്ടായത്. എന്നാൽ ഒരു പുരാണത്തിലും മഹിഷാസുരന് ഇങ്ങിനെയൊരു സഹോദരിയുള്ളതായി പരാമർശമില്ല എന്നതാണ് സത്യം.
ഈ ആഖ്യാനത്തിൽ അയ്യപ്പസ്വാമിയുടെ കഥയെ തികച്ചും യുക്തിയുടേയും ചരിത്രത്തിന്റേയും തലത്തിൽ അവതരിപ്പിയ്ക്കാനാണ് ആഗ്രഹിയ്ക്കുന്നത് എന്നതിനാൽ അതിശയോക്തിപരമായ വർണ്ണനകളേയും അവിശ്വസനീയമായ കഥകളേയും ഒഴിവാക്കുകയാണ് .
ഇതേപോലെ തന്നെ അവിശ്വസനീയമായ ഒന്നാണ് കൈലാസത്തിൽ നിന്നും ശ്രീ പരമേശ്വരൻ തന്റെ വാഹനമായ നന്ദികേശനുമായി ഈ ഘോരയുദ്ധം കാണാൻ അഴുതാനദിയുടെ തീരത്ത് എത്തി എന്നതും അവിടെ കണ്ട ഒരാഞ്ഞിലിയിൽ തന്റെ കാളയെ കെട്ടിയ ശേഷം ഈ യുദ്ധം കണ്ടാനന്ദിച്ചു എന്നതും. പരമശിവൻ തന്റെ വാഹനമായ കാളയേകെട്ടിയ ആഞ്ഞിലി നിന്ന സ്ഥലം പിന്നീട് കാ‍ളകെട്ടി എന്നറിയപ്പെട്ടു. ഇവിടെ ഇപ്പോൾ മല അരയ സം ഘത്തിന്റെ മേൽനോട്ടത്തിൽ ഒരുശിവക്ഷേത്രം നിർമ്മിച്ച് ആരാധന നടത്തിവരുന്നു. ശിവഭഗവാൻ തന്റെ വാഹനത്തെ ബന്ധിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്ന ഒരു കൂറ്റൻ ആഞ്ഞിലി ഇന്നുമവിടെക്കാണാം. പക്ഷേ ഈ കഥ മെനഞ്ഞ പൂർവ്വീകൻ, ഉഴവുകാളയുടെ കഴുത്തിൽ കയറിട്ടു കെട്ടി വലിച്ചു കൊണ്ട് നടക്കുന്ന ഒരു കർഷകനേപ്പോലെയാണ് സാക്ഷാൽ പരമശിവനെ ചിത്രീകരിച്ചിരിയ്ക്കുന്നത്. ഓരോ ആഖ്യാതാവും തന്റെ ജീവിതപരിസരങ്ങളിൽ നിന്നാവുമല്ലൊ ഉപമാനങ്ങൾ സ്വീകരിയ്ക്കുക. അതുകൊണ്ടാണ് ശിവൻ തന്റെ വാ‍ഹനവും ഭൂതഗണങ്ങളിലൊന്നുമായ നന്ദികേശനെ കയറിട്ട് ആഞ്ഞിലിയിൽ കെട്ടി എന്ന് കഥ മെനയപ്പെട്ടത് . എന്നാൽ എന്താണ് ഈ കഥയിലെ യുക്തി എന്നത് ആലോചിയ്ക്കേണ്ടതുണ്ട്.
എരുമേലിയിലെ പരാക്രമിയായ കാട്ടെരുമ കാടുകളിൽ താപസവൃത്തിയനുഷ്ടിച്ചിരുന്ന സിദ്ധജനങ്ങൾക്കും വളരെ ഉപദ്രവങ്ങൾ ചെയ്തിരിയ്ക്കാൻ ഇടയുണ്ട്. അന്ന് കാടകങ്ങളിൽ താമസിയ്ക്കുന്ന വളരെ ജനങ്ങളുണ്ടായിരുന്നു എന്നത് ചരിത്ര വസ്തുതയാണല്ലൊ. ഇന്നും മലയരയന്മാർ അടക്കമുള്ള വനവാസികൾ കാട്ടിനുള്ളിൽ കഴിയാനാനാഗ്രഹിയ്ക്കുന്നവരും നഗരജീവിതവുമായി പൊരുത്തപ്പെടാത്തവരുമാണ്. അത്തരം ഗോത്ര വർഗ്ഗങ്ങളായിരുന്നു ദക്ഷിണഭാരതത്തിൽ കൂടുതലും . അവരുടെ കേന്ദ്രമായിരുന്നു തമിഴ് നാട്. ഈ സംസ്കാരത്തെ ദ്രാവിഡ സംസ്കാരം എന്ന് ചരിത്രം വിശേഷിപ്പിയ്ക്കുന്നു. കാർഷിക വൃത്തിയിലധിഷ്ഠിതമായ ഗ്രാമജീവിതം ഇവിടെ കൊണ്ടുവന്നത് ആര്യന്മാരായിരുന്നു. സഹ്യന്റെ മല മടക്കുകളിലുള്ള കൊടും കാടുകളും ഗുഹകളും ഒരു കാലത്ത് ശൈവസിദ്ധന്മാരുടേയും മറ്റ് വിവിധ നിഗൂഢ ഉപാസകന്മാരുടേയും വിഹാര കേന്ദ്രങ്ങളായിരുന്നു . അവർക്ക് ചുറ്റും നിരവധി ജനങ്ങളും താമസിച്ചിരുന്നു. നമുക്ക് നഗരപാതകൾ എത്ര സുപരിചിതമാണോ അതു പോലെയായിരുന്നു കാട്ട് വാസികൾക്ക് ഉൾക്കാനനങ്ങളിലെ ഗതാഗതം. അതുകൊണ്ടായിരുന്നല്ലൊ നമുക്ക് കൊടും വനമെന്നു തോന്നുന്ന ശബരിമലയിലും പൊന്നമ്പലമേട്ടിലുമൊക്കെ അക്കാലത്ത് ക്ഷേത്രങ്ങൾ സ്ഥാപിയ്ക്കപ്പെട്ടത്. ഗുഹാവാസികളായ ഏതോ ശൈവസിദ്ധന്മാർ ഈ ഘോരയുദ്ധം കേട്ടറിഞ്ഞ് അയ്യപ്പസ്വാമിയെ സഹായിയ്ക്കാൻ അവരുടെ കുലഗുരുവുമായി ഒരുപക്ഷെ കാളകെട്ടിയുടെ തീരത്തു വന്നിരിയ്ക്കാം. അഴുതാനദിയുടെ തീരം തന്നെ ഒരു കാലത്ത് താപസന്മാരുടെ കേന്ദ്രമായിരുന്നു . അയ്യപ്പസ്വാമിയ്ക്ക് ഈ നിർണ്ണായക യുദ്ധത്തിൽ ജയം ലഭിയ്ക്കുവാൻ വേണ്ടി അവരവിടെ ഹോമങ്ങളും യാഗങ്ങളും നടത്തിയിരിയ്ക്കാൻ സാധ്യതയുണ്ട്. ശൈവസിദ്ധ സമ്പ്രദായം ഇന്നുംദുരൂഹതകൾ നിറഞ്ഞതാണ് . ഒരു പക്ഷേ യാഗശാലയിൽ പശുവിനെ ബന്ധിയ്ക്കുന്നതു പോലെ ശിവവാഹനമായ നന്ദികേശനെ ഉത്തമ വൃക്ഷമായ ആഞ്ഞിലിയിൽ ബന്ധിച്ച് അയ്യപ്പ സ്വാമിയിൽ ശക്തിപകരുന്നു എന്ന സങ്കൽ‌പ്പത്തിലുള്ള ഹോമാദികർമ്മങ്ങളൊ പൂജകളോ നടത്തിയിരിയ്ക്കുവാനുള്ള സാധ്യതകൾ നമുക്ക് തള്ളിക്കളയാനാവുകയില്ല . മൃഗബലി ദ്രാവിഡപൂജകളിൽ അന്ന് സർവ്വസാധാരണമായിരുന്നു താനും.
ഇത്തരമൊരു പൂജ നടത്തുന്നതിനു വേണ്ടി കാളയെ ബന്ധിച്ച സ്ഥലം പിൽക്കാലത്ത് കാളകെട്ടിയായി അറിയപ്പെടുകയായിരുന്നു എന്നും ഒരു പക്ഷെ അന്നവിടെയുണ്ടായ മഹാശിവസിദ്ധഗുരുവിന്റെ ആഗമനത്തെ സാക്ഷാൽ ശിവമൂർത്തിയുടെ തന്നെ എഴുന്നുള്ളത്തായി ഭക്തർ വിശ്വസിയ്ക്കുകയും ചെയ്തു എന്നും കരുതുകയാവും ഉചിതം.[തുടരും]
ശ്രീ അയ്യപ്പ ചരിതം [17]
---------------------------
വനമഹിഷത്തെ അയ്യപ്പൻ വധിയ്ക്കുന്നു.
------------------------------------------
കിഴക്കൻ മലയടിവാരത്തെ ആകെ കിടുകിടാ വിറപ്പിച്ചിരുന്ന ക്രൂരനായ കാട്ടെരുമയിൽ നിന്ന് തങ്ങളെ രക്ഷിയ്ക്കണമെന്ന് ജനങ്ങളാകെ തങ്ങളുടെ രാജാവായ പന്തളത്തരചനോട് അപേക്ഷിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു . ഏറെക്കാലമായുള്ള ഈ ആവലാതിയ്ക്കും പരിഹാരമുണ്ടാക്കുവാൻ അയ്യപ്പസ്വാമി തീരുമാനിച്ചു .വൻപടയുമായി എരുമേലിയിലെത്തിയ അയ്യപ്പസ്വാമി കൊടും കാട്ടിനുള്ളിലേയ്ക്ക് എരുമയെ തേടിയിറങ്ങി. . പല ദിവസങ്ങളിലും ജാഗ്രതയോടെ കാടിളക്കിയിട്ടും ആ ദുഷ്ടമൃഗത്തെ കണ്ടുകിട്ടിയില്ല . ഒടുവിൽ വിശാലമായ അഴുതാനദിയുടെ ഇങ്ങേക്കരയിലുള്ള ഉൾവനത്തിൽ അതു വിഹരിയ്ക്കുന്നതറിഞ്ഞ് മണികണ്ഠൻ അങ്ങോട്ട് നീങ്ങി . കൂടെയുണ്ടായിരുന്നവരെല്ലാം ഭയന്ന് പിന്മാറി. മണികണ്ഠൻ വിശ്വസ്ഥരായ ചില അനുയായികളുമായി ഉൾവനത്തിലേയ്ക്ക് കയറി . മനുഷ്യരക്തത്തിന്റെ മണം പിടിച്ച ആ ഭീകരജീവി കാടിളക്കി പാഞ്ഞു വന്നു. പിന്നെടവിടെ നടന്നത് രക്തമുറയുന്ന ഒരു ഘോരയുദ്ധമായിരുന്നു . അമ്പും വില്ലും പാറയും വന്മരങ്ങളും ഒക്കെയുപയോഗിച്ചുള്ള പൊരിഞ്ഞപോരാട്ടം . മണികണ്ഠന്റെ ആവനാഴിയിൽ നിന്ന് പാഞ്ഞ അമ്പുകൾ തുളച്ചുകയറി ആ കാട്ടെരുമയുടെ ശരീരം ചോരപ്പുഴയിൽ മുങ്ങിയിട്ടും ഭയാനകമായി അമറിക്കൊണ്ട് ആ ജീവി വീണ്ടും വീണ്ടും ചീറിയടുത്തുകൊണ്ടിരുന്നു. മണികണ്ഠസ്വാമിയും സമർത്ഥരായ അനുയായികളും നാലുവശത്തുനിന്നും ആ ഭീകരജീവിയെ തലങ്ങും വിലങ്ങും മാരകമായി മുറിവേൽ‌പ്പിച്ചുകൊണ്ടുമിരുന്നു.. ദിവസങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ അവശയായി കുഴഞ്ഞു വീണ ആ ജീവിയുടെ മുകളിലേയ്ക്ക് നാനാഭാഗത്തുനിന്നും ഓടിയണഞ്ഞ ജനങ്ങൾ വലിയപാറക്കല്ലുകളും വന്മരങ്ങളും വലിച്ചെറിഞ്ഞു. ഒടുവിൽ തങ്ങളുടെ എക്കാലത്തേയും ഏറ്റവും വലിയ ആ പേടിസ്വപ്നം ജീവെൻ വെടിഞ്ഞു എന്നറിഞ്ഞപ്പോൾ അവിടെക്കൂടിയ മണികണ്ഠന്റെ വൻപടയും ആയിരക്കണക്കായ ഗ്രാമവാസികളും ആനന്ദനൃത്തമാടി. അവർ മണികണ്ഠകുമാരനെ തോളിലേറ്റി തുള്ളിച്ചാടി. തങ്ങളുടെ ജീവിതം തിരികെത്തന്ന അയ്യപ്പസ്വാമിയെ തോളിലേറ്റി നടത്തിയ ആ ആനന്ദനൃത്തമാണ് പില്ക്കാലത്തെ പേട്ടതുള്ളലെന്ന ആചാരമായിമാറിയത്. ‘അയ്യപ്പൻ എന്റെകത്തോ എന്റെ സ്വാമി നിന്റകത്തോ ‘ എന്ന അവകാശവാദമുന്നയിച്ചുകൊണ്ട് അയ്യപ്പൻ എന്റെയാണ് എന്റെയാണ് എന്ന ആർപ്പുവിളിയുമായി ആ ജനക്കൂട്ടം നടത്തിയ ആഹ്ലാദതാണ്ഡവം“അയ്യപ്പതിന്തകത്തോം സ്വാമി തിന്തകത്തോം“ എന്ന പ്രശസ്തമായ ചൊല്ലായും പേട്ടകെട്ടായും മാറി. ആ കാട്ടെരുമയുടെ ജഢം ഒരു വലിയ മരക്കഴയിൽ നാലുകാലും മേലെയാക്കി കൂട്ടിക്കെട്ടിയും തലയും ഉടലും കീഴേക്ക് തൂക്കിയിട്ടും കൊണ്ട് ജനങ്ങളത് തോളിൽ ചുമന്ന് ഗ്രാമവീഥിയിലൂടെ കൊണ്ടു നടന്നു. അതിനെ അനുസ്മരിച്ചുകൊണ്ട് ഇന്നും പേട്ടസംഘങ്ങൾ ഒരുവടിയിൽ ഒരു വലിയ തുണിയുടെ ഭാണ്ഡം കൂട്ടിക്കെട്ടി തൂക്കിയിട്ടു കൊണ്ട് വടി തോളിൽ വെച്ച് പേട്ട തുള്ളുന്നത് കാണാം. മഹിഷത്തെ മർദ്ദിയ്ക്കാൻ പിഴുതെടുത്ത മരങ്ങളുടെ തലപ്പുകളും കമ്പുകളും എല്ലാമെടുത്ത് വാരിവിതറിക്കൊണ്ടും ആ എരുമയുടെ ശരീരത്തുനിന്നും കടലു പോലെ പ്രവഹിച്ച ചോരയൊക്കെ വാരി ദേഹത്തു പൂശിക്കൊണ്ടും എല്ലാം മറന്ന് ഉറഞ്ഞാടിയ അന്നത്തെ ഉന്മാദനൃത്തത്തിന്റെ അനുസ്മരണമായാണ് ഇന്ന് പച്ചിലകൾ വെച്ചുകെട്ടിയും ദേഹത്ത് വിവിധ ചായങ്ങൾ വാരിപൂശിയും ഗദയും വാളുമടക്കമുള്ള ആയുധങ്ങൾ ഉയർത്തിക്കാട്ടിയും ഭക്തർ ഉറഞ്ഞാടി പേട്ടതുള്ളുന്നത്. അന്നത്തെ മുഴുവൻ ഗ്രാമത്തലവന്മാരും ആ മഹാഘോഷയാത്രയിൽ തങ്ങളുടെ തലപ്പാവുകളുമണിഞ്ഞ് പങ്കെടുത്തിരുന്നു. അതുകൊണ്ടാണ് ഇന്നും പേട്ടസംഘങ്ങൾ കടലാസിന്റെ കിരീടം വാങ്ങിതലയിൽ കെട്ടുന്നത്.
അയ്യപ്പസ്വാമിയെ യുദ്ധത്തിൽ സഹായിക്കാൻ വേണ്ടി കൂടെക്കൂടിയ അമ്പലപ്പുഴ , ആലങ്ങാട് കളരിയോഗക്കാരും ഈ വനമഹിഷത്തെ വധിയ്ക്കാൻ വേണ്ടിയുള്ള പൊരിഞ്ഞപോരാട്ടത്തിൽ പങ്കെടുത്തിരുന്നു. അന്നാട്ടുകാരെ രക്ഷിയ്ക്കാൻ വേണ്ടി അവർ നടത്തിയ ആ യുദ്ധത്തിൽ അവരുടെ നിരവധിഭടന്മാർ കൊല്ലപ്പെട്ടിട്ടുണ്ടാവാണം . അതുകൊണ്ടാവണം ഇന്നും എരുമേലിയിൽ പേട്ട കെട്ടുന്നതിന് നാട്ടുകാർക്ക് പോലുമില്ലാത്ത വിശേഷമായ അധികാരങ്ങളും പദവികളും ഈ രണ്ട് കളരിസംഘങ്ങൾക്കും ലഭ്യമായത് .
ഈ വനമഹിഷത്തിനെതിരെ പ്രധാനമായും അമ്പും വില്ലുമുപയോഗിച്ച് അയ്യപ്പസ്വാമി നടത്തിയ മഹത്തായ യുദ്ധത്തിന്റെ ചരിത്രത്തെ ഓർമ്മിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് എരുമേലിയിലെ ക്ഷേത്രത്തിൽ അമ്പുംവില്ലുംധരിച്ച അയ്യപ്പസ്വാമിയുടെ അപൂർവ്വമായ വിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത് എന്ന വസ്തുത ചരിത്ര പഠിതാക്കൾ ശ്രദ്ധിയ്ക്കേണ്ടതാണ് .
ഈ യുദ്ധത്തിന്റെ ഭീകരതയേയും പ്രാധാന്യത്തേയും ഓർമ്മിപ്പിയ്ക്കുന്നതാണ് കാളകെട്ടി ആഞ്ഞിലിയുടെ കഥ.[തുടരും]
[പൂർവ്വഭാഗങ്ങൾ “എഴുത്തോല” എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്.]
ശ്രീ അയ്യപ്പ ചരിതം [17]
---------------------------
വനമഹിഷത്തെ അയ്യപ്പൻ വധിയ്ക്കുന്നു.
------------------------------------------
കിഴക്കൻ മലയടിവാരത്തെ ആകെ കിടുകിടാ വിറപ്പിച്ചിരുന്ന ക്രൂരനായ കാട്ടെരുമയിൽ നിന്ന് തങ്ങളെ രക്ഷിയ്ക്കണമെന്ന് ജനങ്ങളാകെ തങ്ങളുടെ രാജാവായ പന്തളത്തരചനോട് അപേക്ഷിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു . ഏറെക്കാലമായുള്ള ഈ ആവലാതിയ്ക്കും പരിഹാരമുണ്ടാക്കുവാൻ അയ്യപ്പസ്വാമി തീരുമാനിച്ചു .വൻപടയുമായി എരുമേലിയിലെത്തിയ അയ്യപ്പസ്വാമി കൊടും കാട്ടിനുള്ളിലേയ്ക്ക് എരുമയെ തേടിയിറങ്ങി. . പല ദിവസങ്ങളിലും ജാഗ്രതയോടെ കാടിളക്കിയിട്ടും ആ ദുഷ്ടമൃഗത്തെ കണ്ടുകിട്ടിയില്ല . ഒടുവിൽ വിശാലമായ അഴുതാനദിയുടെ ഇങ്ങേക്കരയിലുള്ള ഉൾവനത്തിൽ അതു വിഹരിയ്ക്കുന്നതറിഞ്ഞ് മണികണ്ഠൻ അങ്ങോട്ട് നീങ്ങി . കൂടെയുണ്ടായിരുന്നവരെല്ലാം ഭയന്ന് പിന്മാറി. മണികണ്ഠൻ വിശ്വസ്ഥരായ ചില അനുയായികളുമായി ഉൾവനത്തിലേയ്ക്ക് കയറി . മനുഷ്യരക്തത്തിന്റെ മണം പിടിച്ച ആ ഭീകരജീവി കാടിളക്കി പാഞ്ഞു വന്നു. പിന്നെടവിടെ നടന്നത് രക്തമുറയുന്ന ഒരു ഘോരയുദ്ധമായിരുന്നു . അമ്പും വില്ലും പാറയും വന്മരങ്ങളും ഒക്കെയുപയോഗിച്ചുള്ള പൊരിഞ്ഞപോരാട്ടം . മണികണ്ഠന്റെ ആവനാഴിയിൽ നിന്ന് പാഞ്ഞ അമ്പുകൾ തുളച്ചുകയറി ആ കാട്ടെരുമയുടെ ശരീരം ചോരപ്പുഴയിൽ മുങ്ങിയിട്ടും ഭയാനകമായി അമറിക്കൊണ്ട് ആ ജീവി വീണ്ടും വീണ്ടും ചീറിയടുത്തുകൊണ്ടിരുന്നു. മണികണ്ഠസ്വാമിയും സമർത്ഥരായ അനുയായികളും നാലുവശത്തുനിന്നും ആ ഭീകരജീവിയെ തലങ്ങും വിലങ്ങും മാരകമായി മുറിവേൽ‌പ്പിച്ചുകൊണ്ടുമിരുന്നു.. ദിവസങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ അവശയായി കുഴഞ്ഞു വീണ ആ ജീവിയുടെ മുകളിലേയ്ക്ക് നാനാഭാഗത്തുനിന്നും ഓടിയണഞ്ഞ ജനങ്ങൾ വലിയപാറക്കല്ലുകളും വന്മരങ്ങളും വലിച്ചെറിഞ്ഞു. ഒടുവിൽ തങ്ങളുടെ എക്കാലത്തേയും ഏറ്റവും വലിയ ആ പേടിസ്വപ്നം ജീവെൻ വെടിഞ്ഞു എന്നറിഞ്ഞപ്പോൾ അവിടെക്കൂടിയ മണികണ്ഠന്റെ വൻപടയും ആയിരക്കണക്കായ ഗ്രാമവാസികളും ആനന്ദനൃത്തമാടി. അവർ മണികണ്ഠകുമാരനെ തോളിലേറ്റി തുള്ളിച്ചാടി. തങ്ങളുടെ ജീവിതം തിരികെത്തന്ന അയ്യപ്പസ്വാമിയെ തോളിലേറ്റി നടത്തിയ ആ ആനന്ദനൃത്തമാണ് പില്ക്കാലത്തെ പേട്ടതുള്ളലെന്ന ആചാരമായിമാറിയത്. ‘അയ്യപ്പൻ എന്റെകത്തോ എന്റെ സ്വാമി നിന്റകത്തോ ‘ എന്ന അവകാശവാദമുന്നയിച്ചുകൊണ്ട് അയ്യപ്പൻ എന്റെയാണ് എന്റെയാണ് എന്ന ആർപ്പുവിളിയുമായി ആ ജനക്കൂട്ടം നടത്തിയ ആഹ്ലാദതാണ്ഡവം“അയ്യപ്പതിന്തകത്തോം സ്വാമി തിന്തകത്തോം“ എന്ന പ്രശസ്തമായ ചൊല്ലായും പേട്ടകെട്ടായും മാറി. ആ കാട്ടെരുമയുടെ ജഢം ഒരു വലിയ മരക്കഴയിൽ നാലുകാലും മേലെയാക്കി കൂട്ടിക്കെട്ടിയും തലയും ഉടലും കീഴേക്ക് തൂക്കിയിട്ടും കൊണ്ട് ജനങ്ങളത് തോളിൽ ചുമന്ന് ഗ്രാമവീഥിയിലൂടെ കൊണ്ടു നടന്നു. അതിനെ അനുസ്മരിച്ചുകൊണ്ട് ഇന്നും പേട്ടസംഘങ്ങൾ ഒരുവടിയിൽ ഒരു വലിയ തുണിയുടെ ഭാണ്ഡം കൂട്ടിക്കെട്ടി തൂക്കിയിട്ടു കൊണ്ട് വടി തോളിൽ വെച്ച് പേട്ട തുള്ളുന്നത് കാണാം. മഹിഷത്തെ മർദ്ദിയ്ക്കാൻ പിഴുതെടുത്ത മരങ്ങളുടെ തലപ്പുകളും കമ്പുകളും എല്ലാമെടുത്ത് വാരിവിതറിക്കൊണ്ടും ആ എരുമയുടെ ശരീരത്തുനിന്നും കടലു പോലെ പ്രവഹിച്ച ചോരയൊക്കെ വാരി ദേഹത്തു പൂശിക്കൊണ്ടും എല്ലാം മറന്ന് ഉറഞ്ഞാടിയ അന്നത്തെ ഉന്മാദനൃത്തത്തിന്റെ അനുസ്മരണമായാണ് ഇന്ന് പച്ചിലകൾ വെച്ചുകെട്ടിയും ദേഹത്ത് വിവിധ ചായങ്ങൾ വാരിപൂശിയും ഗദയും വാളുമടക്കമുള്ള ആയുധങ്ങൾ ഉയർത്തിക്കാട്ടിയും ഭക്തർ ഉറഞ്ഞാടി പേട്ടതുള്ളുന്നത്. അന്നത്തെ മുഴുവൻ ഗ്രാമത്തലവന്മാരും ആ മഹാഘോഷയാത്രയിൽ തങ്ങളുടെ തലപ്പാവുകളുമണിഞ്ഞ് പങ്കെടുത്തിരുന്നു. അതുകൊണ്ടാണ് ഇന്നും പേട്ടസംഘങ്ങൾ കടലാസിന്റെ കിരീടം വാങ്ങിതലയിൽ കെട്ടുന്നത്.
അയ്യപ്പസ്വാമിയെ യുദ്ധത്തിൽ സഹായിക്കാൻ വേണ്ടി കൂടെക്കൂടിയ അമ്പലപ്പുഴ , ആലങ്ങാട് കളരിയോഗക്കാരും ഈ വനമഹിഷത്തെ വധിയ്ക്കാൻ വേണ്ടിയുള്ള പൊരിഞ്ഞപോരാട്ടത്തിൽ പങ്കെടുത്തിരുന്നു. അന്നാട്ടുകാരെ രക്ഷിയ്ക്കാൻ വേണ്ടി അവർ നടത്തിയ ആ യുദ്ധത്തിൽ അവരുടെ നിരവധിഭടന്മാർ കൊല്ലപ്പെട്ടിട്ടുണ്ടാവാണം . അതുകൊണ്ടാവണം ഇന്നും എരുമേലിയിൽ പേട്ട കെട്ടുന്നതിന് നാട്ടുകാർക്ക് പോലുമില്ലാത്ത വിശേഷമായ അധികാരങ്ങളും പദവികളും ഈ രണ്ട് കളരിസംഘങ്ങൾക്കും ലഭ്യമായത് .
ഈ വനമഹിഷത്തിനെതിരെ പ്രധാനമായും അമ്പും വില്ലുമുപയോഗിച്ച് അയ്യപ്പസ്വാമി നടത്തിയ മഹത്തായ യുദ്ധത്തിന്റെ ചരിത്രത്തെ ഓർമ്മിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് എരുമേലിയിലെ ക്ഷേത്രത്തിൽ അമ്പുംവില്ലുംധരിച്ച അയ്യപ്പസ്വാമിയുടെ അപൂർവ്വമായ വിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത് എന്ന വസ്തുത ചരിത്ര പഠിതാക്കൾ ശ്രദ്ധിയ്ക്കേണ്ടതാണ് .
ഈ യുദ്ധത്തിന്റെ ഭീകരതയേയും പ്രാധാന്യത്തേയും ഓർമ്മിപ്പിയ്ക്കുന്നതാണ് കാളകെട്ടി ആഞ്ഞിലിയുടെ കഥ.[തുടരും]
[പൂർവ്വഭാഗങ്ങൾ “എഴുത്തോല” എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്.]

2013, നവംബർ 6, ബുധനാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [16]
---------------------------
അയ്യപ്പസ്വാമിയും കടുത്തയും
-------------------------------
എരുമേലിയായിരുന്നു വാവരു സ്വാമിയുടെ ആസ്ഥാനമെന്നതു കൊണ്ടാണ് ആ സ്ഥലത്ത് പിൽക്കാലത്ത് ഒരു വലിയ പള്ളി സ്ഥാപിയ്ക്കപ്പെട്ടത് എന്ന് കരുതുന്നതിൽ തെറ്റില്ല.
ഇതേ പോലെ തന്നെ അയ്യപ്പസ്വാമിയുടെ വിശ്വസ്ഥസേവകനായിരുന്നു കടുത്ത സ്വാമി.കടുത്ത ശബ്ദഗാംഭീര്യത്തോട് കൂടിയവനായതു കൊണ്ടാണ് ഈ വിളിപ്പേരു വന്നതെന്ന് പറയപ്പെടുന്നു. കാട്ടിൽ കടുത്ത ഒന്നലറിയാൽ കാട്ടു മൃഗങ്ങളെല്ലാം ഭയന്ന് ജീവനും കൊണ്ട് ഓടുമായിരുന്നുവത്രെ. മധ്യതിരുവിതാംകൂറിലുണ്ടായിരുന്ന അസാമാന്യനായ ഒരു കളരിയഭ്യാസിയായിരുന്നു കടുത്തസ്വാമി എന്നാണൈതിഹ്യം. ഒരു വലിയ നായാട്ട് വീരനായിരുന്ന ഇദ്ദേഹത്തിനെ അയ്യപ്പസ്വാമി തന്റെ സഹായിയായി കൂടെ കൂട്ടുകയായിരുന്നു. അയ്യപ്പസ്വാമിയോടൊപ്പം വിട്ടുപിരിയാതെ എല്ലാമുപേക്ഷിച്ച് ശബരിമലയിൽ തന്നെ യോഗസാധനകളുമായി കൂടിയ ഈ വീരൻ അവിടെത്തന്നെ വെച്ച് ജീവനുപേക്ഷിച്ചതായി കരുതപ്പെടുന്നു. ശബരിമലയിൽ മാളികപ്പുറത്തമ്മയുടെ വലതു വശത്തായി ഇദ്ദേഹത്തെ പ്രതിഷ്ഠിച്ചിട്ടുണ്ട് .കഞ്ചാവ് , അവിൽ ,മലർ ആദിയായവയായിരുന്നു ഇവിടെ നിവേദിച്ചിരുന്നത്. ചെങ്ങന്നൂരിലുള്ള കല്ലിശ്ശേരിയ്ക്കടുത്ത് മഴുക്കീർ മേൽമുറിയിൽ മലമേൽ വീട്ടിലുള്ള അംഗങ്ങൾക്കാണ് ഇവിടെ പൂജാദികൾ നടത്തുവാൻ അവകാശമുണ്ടായിരുന്നത് . ഇവരുടെ പൂർവ്വപിതാമഹാനായിരുന്നു കടുത്തസ്വാമി എന്ന് വിശ്വസിയ്ക്കപ്പെട്ടുപോരുന്നു.

എരുമേലി എന്നാൽ എരുമകൊല്ലി
--------------------------------------
ബാബറേപ്പോലെ തന്നെ എരുമേലിയിലെ ജനങ്ങളെ ആകെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്ന ഒരു കൂറ്റൻ കാട്ടെരുമയേയും അയ്യപ്പസ്വാമിയ്ക്ക് അവിടെ നേരിടേണ്ടിവന്നു . അയ്യപ്പചരിത്രത്തിൽ മഹിഷീ മർദ്ദനത്തിന് വലിയപ്രാധാന്യമുണ്ട് എന്നതു കൊണ്ട് തന്നെ അയ്യപ്പസ്വാമി ഏറ്റെടുത്ത ദൌത്യത്തിന്റെ ഗൌരവം നമുക്ക് മനസ്സിലാക്കാവുന്നതാണ്. കാർഷിക മേഖലയായിരുന്ന എരുമേലിയിൽ ജനങ്ങളുടെ വിളകൾക്കും ജീവനും വൻ തോതിൽ കാട്ട് മൃഗങ്ങൾ നാശം വരുത്തുക പതിവായിരുന്നു . അക്കൂട്ടത്തിൽ ഏറ്റവും അപകടകാരിയായിരുന്നത് ഒരു വലിയ കാട്ടെരുമയായിരുന്നു. എത്ര പരിശ്രമിച്ചിട്ടും നാട്ടുകാർക്ക് അതിനെ വകവരുത്തുവാൻ കഴിഞ്ഞിരുന്നില്ല. അത് കാടിറങ്ങിവന്നാൽ പിന്നെ സർവ്വനാശമാണ് സംഭവിയ്ക്കുക. ആളുകളെയെല്ലാം ഒടിച്ചിട്ട് കുത്തി കൊന്നുവീഴ്ത്തുന്നതായിരുന്നു അതിന്റെ ഇഷ്ടവിനോദം. ഒരു വർഷത്തെ കഠിനമായ കാർഷിക അദ്ധ്വാനത്തിന്റ്റെ ഫലമെല്ലാം സംഭരിയ്ക്കുവാൻ കാത്തിരിയ്ക്കുമ്പോഴായിരിയ്ക്കും ഈ കരിമ്പാറപോലെയുള്ള കൂറ്റൻ വന്യമൃഗം വന്ന് എല്ലാം സംഹരിയ്ക്കുന്നത് .മൈലുകളോളം വിസ്താരമുള്ള മലയടിവാരങ്ങളിലുള്ള ജനങ്ങളെല്ലാം ഒരോദിവസവും ഭയന്ന് വിറച്ച് കഴിയുമ്പോളായിരുന്നു അവിടേയ്ക്ക് അയ്യപ്പസ്വാമിയുടെ വരവ് .[തുടരും]

[ ഈ ആഖ്യാനത്തിന്റെ പൂർവ്വഭാഗങ്ങൾ “എഴുത്തോല” എന്ന് ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്.]

2013, നവംബർ 5, ചൊവ്വാഴ്ച

ശ്രീ അയ്യപ്പ ചരിതം [15]
---------------------------
അയ്യപ്പസ്വാമി വാവരെ കീഴടക്കുന്നു.
----------------------------------------
എരുമേലിയിൽ ഒരു ചെറിയ കോട്ട കെട്ടി വാണിജ്യം നടത്തിയ ബാബർ ആ നാട്ടുകാർക്കെല്ലാം ഒരു പേടിസ്വപ്നം കൂടിയായിരുന്നു. പാവം കർഷകരുടെ കാർഷിക വിളകൾ കൊള്ളയടിയ്ക്കുന്നതു ബാബരുടെ പതിവായിരുന്നുവത്രേ .ബാബർ കടൽ കൊള്ളയിലും മോശമായിരുന്നില്ല. വിദേശത്തു നിന്ന് ഇവിടെയെത്തി കുരുമുളക് കയറ്റിക്കൊണ്ട് പോകുന്ന കപ്പലുകളെ കടലിൽ വെച്ച് ആക്രമിച്ച് മറ്റുള്ളവരെ കൊല്ലുകയും ചരക്കുകളെല്ലാം തട്ടിയെടുക്കുകയും ചെയ്യുന്ന ഒരു കടൽക്കൊള്ളക്കാരനായും ബാബറെക്കുറിച്ച് പറയുന്നുണ്ട്. എരുമേലിയിൽ ബാബർ കെട്ടിയ കോട്ടയേക്കുറിച്ച് പ്രാചീന കൃതികളിൽ “വാപരഗോഷ്ടം“ എന്നു പരാമർശിക്കുന്നുണ്ട്. എരുമേലിയിൽ നിന്ന് കാനനപാത ആരംഭിച്ച് പേരൂർത്തോട്ടിലേയ്ക്ക് എത്തുന്നതിനു മുൻപുള്ള സ്ഥലം കോട്ടപ്പടി എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു. ഇത് വാവരുടെ കോട്ടയുടെ അതിർത്തിയായിട്ടാണ് വിശ്വസിയ്ക്കപ്പെടുന്നത്.

വാവരുടെ പൂർവ്വനാമം ബാബർ എന്നായിരുന്നു എന്നതിന് വാവരു നടയുമായി ബന്ധപ്പെട്ട പഴയകാല രേഖകൾ മതിയായ തെളിവുകളാണ്. 1089-ആമാണ്ട് ഇടവമാസം 10-ആം തീയതി താഴമൺ മഠത്തിലെ അന്നത്തെ തന്ത്രി കണ്ടരരു കൃഷ്ണരരു അവർകൾ ഗവണ്മെന്റിലേയ്ക്ക് കൊടുത്ത കത്തിലും അതിനുംമുമ്പ് കൊല്ലവർഷം 884-ആമാണ്ട് ചിങ്ങം 15-ആം തീയതി പന്തളം രാജകൊട്ടാരത്തിൽ നിന്ന് വാവരു സ്വാമിയുടെ അവകാശികൾക്ക് നൽകിയ ചെമ്പ് പട്ടയത്തിലും ‘ബാവർ’ എന്ന പേരാണ് എഴുതിയിരിയ്ക്കുന്നത് . ബാബർ ആദ്യം ബാവരും പിന്നീട് വാവരുമായതാണെന്നുള്ളതിന് യാതൊരു സംശയവുമില്ല.വാവരു നടയിൽ പൂജ ചെയ്യുന്നതിനുള്ള അവകാശം കല്ലൂപ്പാറ വായ്പൂര് ചെറുതോട്ടുവഴി മുറിയിൽ വെട്ടിപ്ലായ്ക്കൽ അമീർഖാദി സൈനുദ്ദീൻബഹദൂർ ബാവരു ബാവമുസലിയാർ എന്നയാളിന്റെ പിൻ ഗാമികൾക്കാണുള്ളത്. വാവരുടെ ഊരാണ് വായ്പൂരായി പിന്നീട് മാറിയത്. വാവരു സ്വാമിയുടെ അനന്തരാവകാശികൾ പിന്നീട് ഈ സ്ഥലത്തായിരുന്നു വന്നു കുടിപാർത്തത് എന്ന് വിശ്വസിക്കപ്പെടുന്നു.

കടലിലും കരയിലും ഒരുപോലെ പേടിസ്വപ്നമായിരുന്ന ബാബറിനെ അമർച്ച ചെയ്ത് മലയോരകർഷകരേയും നാട്ടിലെ ജനങ്ങളേയും രക്ഷിയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ മണികണ്ഠൻ ബാബറെ തേടിയിറങ്ങി . ബാബറുടെ ശല്യം ഒഴിവാക്കിയാൽ ഒരു വലിയ ജനസമൂഹവും മലയോര ജനങ്ങൾ ഒന്നടങ്കവും തന്റെ പിന്നിൽ അണി നിരക്കുമെന്ന് മണികണ്ഠനറിയാമായിരുന്നു. ബാബറിനെ പേടിച്ച് കരവഴിയും കടൽ വഴിയും ചരക്കെടുക്കാൻ ഭയന്നിരുന്ന പരദേശി വ്യാപാരികൾക്കും അതൊരു സഹായമാവുകയും എരുമേലിപ്പേട്ടയിലെ നിന്നു പോയ വ്യാപാരം സജീവമാവുകയും ചെയ്യുമായിരുന്നു. അതിനാൽ ജനങ്ങളൊന്നടങ്കം മണികണ്ഠൻ ബാബറെ കീഴ്പ്പെടുത്തി തങ്ങളെ രക്ഷിക്കണമെന്നാഗ്രഹിച്ചിരുന്നു.
അങ്ങിനെ ഒടുവിൽ ഒളിപ്പോരാളിയായ ബാബറും അയ്യപ്പനും മുഖത്തോടു മുഖം കണ്ടുമുട്ടി. തീ പറക്കുന്ന പോരാട്ടമായിരുന്നു അതെന്നാണ് പ്രാചീന അയ്യപ്പൻ പാട്ടുകളിൽ അതിനെ വർണ്ണിച്ചിട്ടുള്ളത്. വളരെയധികം അഭ്യാസപാടവമുള്ള ബാബറെ കീഴ്പ്പെടുത്തുക എളുപ്പമായിരുന്നില്ല. ഒരു വൻപടയോട് ഒറ്റയ്ക്ക് നേരിടാൻ തക്ക കരുത്തും കൌശലവുമുണ്ടായിരുന്ന ബാബറെ ഏറെ ദിവസങ്ങൾ നീണ്ട പോരാട്ടത്തിന് ശേഷമാണ് അയ്യപ്പസ്വാമി കീഴ്പ്പെടുത്തിയത് . അയ്യപ്പസ്വാമിയുടെ ദിവ്യതയേക്കുറിച്ച് നേരത്തെ തന്നെ കേട്ടിട്ടുള്ള ബാബർ , തേജസ്സ് തിളയ്ക്കുന്ന ആ കോമള കുമാരന്റെ അഭ്യാസപാടവം കണ്ട് അന്തം വിട്ടു. നല്ല പേശീ ബലവും ആകാര സൌഷ്ടവവുമുള്ള തന്റെ നീണ്ടുനിൽക്കുന്ന കരുത്തിന്റെ മുന്നിൽ ആ കിളുന്നു ബാലൻ തളർന്നു പോകുമെന്നാണ് ബാബർ കരുതിയത് . പക്ഷേ ദിവസങ്ങൾ കഴിയുന്തോറും താൻ തളരുന്നതായും പുഞ്ചിരിച്ചുകൊണ്ട് അനായാസമായി യുദ്ധം ചെയ്യുന്ന ആ കുമാരന്റെ കാന്തിയും കരുത്തും വർദ്ധിച്ചു വരുന്നതും ബാബറെ അദ്ഭുതപ്പെടുത്തി. അയ്യപ്പ സ്വാമിയുടെ അങ്കം വെട്ടലിന്റെ അഴക് ബാബർ നന്നായി ആസ്വദിച്ചു. താൻ ഇത്രയും നേരം പൊരുതിയത് ഒരു അദ്ഭുത മൂർത്തിയോടാണ് എന്നു പെട്ടെന്നു തന്നെ ബാബർക്ക് മനസ്സിലായി. തന്നെ പലപ്പോഴും വധിയ്ക്കാൻ അവസരം കിട്ടിയിട്ടും അതു ചെയ്യാതെ ഒരു ലീലയായി ഈ പോരാട്ടം മുന്നോ‍ട്ട് കൊണ്ടുപോയത് തന്നോടുള്ള വാത്സല്യം കൊണ്ടായിരുന്നു എന്ന് അപ്പോഴാണു ബാബർക്കു മനസ്സിലായത്. ആ സത്യം തിരിച്ചറിഞ്ഞ ഉടൻ തന്നെ അയ്യപ്പസ്വാമിയുടെ യോഗ ചൈതന്യം ഉൾക്കണ്ണിൽ കണ്ട ബാബർ ആയുധം വലിച്ചെറിഞ്ഞ് ആ കാൽക്കൽ വീണ് നമസ്കരിച്ചു. തന്നേക്കാൾ എത്രയോ മടങ്ങ് വലിപ്പമുള്ള ശരീരത്തോടു കൂടിയ ആ പരദേശിയായ പരാക്രമിയെ അയ്യപ്പസ്വാമി പിടിച്ചെഴുന്നേൽ‌പ്പിച്ച് മൂർദ്ധാവിൽ കൈ വെച്ച് അനുഗ്രഹിച്ചു. നിറ്ഞ്ഞൊഴുകുന്ന കണ്ണുകളുമായി നിന്ന ബാബർ പിന്നെ ഒരിയ്ക്കലും അയ്യപ്പസ്വാമിയെ വിട്ടുപിരിഞ്ഞിട്ടില്ല. മാനാസാന്തരം വന്ന ആ കടൽക്കൊള്ളക്കാരൻ ഇന്ന് ജനകോടികളുടെ ആരാധനാമൂർത്തിയാണ്.[തുടരും]

2013, നവംബർ 4, തിങ്കളാഴ്‌ച

  1. ശ്രീ അയ്യപ്പ ചരിതം [14]
    ---------------------------
    മണികണ്ഠനും വാവരും
    --------------------------
    വാവരു സ്വാമിയുടെ ആഗമനത്തെക്കുറിച്ച് പലകഥകളും പ്രചരിയ്ക്കുന്നുണ്ടെങ്കിലും ചരിത്രവുമായി ചേർത്ത് വെച്ച് വായിച്ചാൽ തിരുവിതാംകൂറിലേയ്ക്ക് കുരുമുളക് വ്യാപാരത്തിനായി വന്ന ഒരു വിദേശക്കച്ചവടക്കാരനായിരുന്നു ബാബർ എന്ന വാവരുസ്വാമി എന്ന് മനസ്സിലാക്കാം . അതുകൊണ്ടാണ് വാവർ നടയിലെ നേർച്ച കുരുമുളകായി മാറിയത്. പോർച്ചുഗീസ് ,ഡെച്ച് തുടങ്ങിയ ഭാഗത്ത്നിന്നും നിരവധി ക്രിസ്തീയ വിശ്വാസികളും തുർക്കി ,അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മുസ്ലീം വിശ്വാസികളും അന്നു ധാരാളമായി മലബാറ്, തിരുവിതാം കൂറ് ഭാഗങ്ങളിലേയ്ക്ക് വ്യാപാരത്തിനായി വന്നിരുന്നു എന്നതിന് എത്ര വേണമെങ്കിലും ചരിത്ര രേഖകളുണ്ട്. ഇക്കൂട്ടർ വാണിജ്യത്തിനായി വന്നിറങ്ങിയ സ്ഥലങ്ങളിലൊക്കെ വ്യാപകമായി മതപരിവർത്തനവും നടത്തിയിരുന്നു. അതുകൊണ്ടാണ് ഈ വിഭാഗക്കാർ വന്നിറങ്ങിയ ദേശങ്ങളൊക്കെ ഇന്നും അതാത് മതങ്ങളുടെ ശക്തികേന്ദ്രങ്ങളായി നിൽക്കുന്നത് . ശബരിമലയും ഹൈന്ദവ വിശ്വാസികളും വലയം ചെയ്തു നിൽക്കുന്ന പ്രദേശമായിട്ടു പോലും വിദേശ മുസ്ലീമായ ബാബറടക്കമുള്ളവർ വന്നിറങ്ങി നൂറ്റാണ്ടുകൾ താമസിച്ച് കച്ചവടത്തോടൊപ്പം മതവും പ്രചരിപ്പിച്ച സ്ഥലമായതുകൊണ്ടാണ് എരുമേലി ഇന്നും ഒരു മുസ്ലീം ബാഹുല്യമുള്ള പ്രദേശമായി മാറിയത്. മലയോര ദേശമായ കിഴക്കൻ നാടുകൾ അന്ന് ലോകോത്തരമായ ഔഷധ സസ്യങ്ങളൂടേയും അറബികൾക്ക് ഏറ്റവും പ്രീയംകരമായ സുഗന്ധദ്രവ്യങ്ങളുടേയും അക്ഷയഖനിയായിരുന്നു. നമ്മുടെ അപൂർവ്വമായ ഔഷധ സസ്യങ്ങളെക്കുറിച്ച് ആദ്യമായി ഒരാധികാരിക ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ഡെച്ചുകാരായിരുന്നു. രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട്, എന്നീ ഗൌഢ സാരസ്വതബ്രഹ്മണരുടേയും ഇട്ടി അച്ചുതൻ എന്ന് ഈഴവ വൈദ്യരുടേയും സഹായത്തോടെ ഡെച്ച് കാരുടെ ഇവിടുത്തെ പ്രതിപുരുഷനായിരുന്ന അഡ്മിറൽ വാൻ റീഡിന്റെ മേൽനോട്ടത്തിൽ രചിച്ച “ഹോർതൂസ് മലബാറിക്കൂസ്” ആണ് ആ വിഖ്യാത ഗ്രന്ഥം.

    അന്നത്തെ മലബാറിന്റെ പ്രകൃതിവിഭവങ്ങളുടെ മേൽ വിദേശികൾക്ക് എത്രമാത്രം താൽ‌പ്പര്യമുണ്ടായിരുന്നു എന്ന് ഇതിൽനിന്നൂഹിയ്ക്കാവുന്നതാണ്. എരുമേലി അന്നു തന്നെ വലിയ വാണിജ്യ പ്രാധാന്യമുള്ള സ്ഥലവും ഒരു മലഞ്ചരക്ക് സംഭരണ കേന്ദ്രവുമായിരുന്നു. സ്വാഭാവികമായും അവിടേയ്ക്ക് വന്ന വിദേശികളുടെ കൂട്ടത്തിൽ തുർക്കിയിൽ നിന്നു വന്ന ഒരു കച്ചവടക്കാരനായിരുന്നു ബാബർ എന്നാണ് മനസ്സിലാക്കാൻ സാധിയ്ക്കുന്നത്. ബാബരുടെ കഥകളെക്കുറിച്ച് “കെവാക്കിവിദ്ദൂറ്റിയ” എന്ന അറബി ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ട് എന്ന് വിദ്വാൻ കുറുമുള്ളൂർ നാരായണപിള്ളയുടെ ‘ ശ്രീ ഭൂതനാഥ സർവ്വസ്വം ‘ എന്ന് പുസ്തകത്തിൽ പറഞ്ഞിരിയ്ക്കുന്നു. പരശുരാമ കല്പം, ബാവരു മാഹാത്മ്യം എന്നീ ഗ്രന്ഥങ്ങളിലും പരാമർശങ്ങളുണ്ട്.
    “ബർഹമിയാ ജാതിയിൽ ഇസ്മായേൽ ഗോത്രത്തിൽ
    ഹലബെന്നരാജ്യത്തിന്നധിപതി രാജ്യമായ്
    ഹീറാഖ്യത്തോട്ടത്തിൽ മക്കമ്പൂർ സ്ഥാനത്തിൽ
    പാത്തുമ്മ പെറ്റ മകനല്ലോ വാവര് ..” [ബാവര് മാഹാത്മ്യം]
    മറ്റൊരു പാട്ടിലാവട്ടെ “ തകൃതിത്താൻ തോട്ടത്തിൽ പന്തലകത്ത് കാതിയെന്നൊരു പാത്തുമ്മക്കുട്ടിയ്ക്ക് ..” ഉണ്ടായ മകനാണ് വാവര് എന്നു പറഞ്ഞിരിയ്ക്കുന്നു. ഇവിടെ തകൃതിത്താൻ തോട്ടമെന്ന പ്രയോഗം തുർക്കിസ്ഥാൻ എന്ന സ്ഥലനാമവുമായി സാമ്യപ്പെട്ടു നിൽക്കുന്നു എന്നതുകൊണ്ടും അന്ന് തുർക്കിയടക്കമുള്ള അറേബ്യൻ രാജ്യങ്ങളുമായി മലബാറിന് വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു എന്നതുകൊണ്ടും വാവര് നടയിലെ നേർച്ചയായ കുരുമുളകായിരുന്നു അന്നത്തെ പ്രധാന കയറ്റുമതിച്ചരക്ക് എന്നതും ചേർത്തു വായിക്കുമ്പോൾ വാവരുടെ ചരിത്രം യുക്തിസഹമായി നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു.[തുടരും]

2013, നവംബർ 3, ഞായറാഴ്‌ച

ശ്രീ അയ്യപ്പചരിതം [13]
--------------------------
മണികണ്ഠൻ പടയ്ക്കൊരുങ്ങുന്നു
-------------------------------------
കൊട്ടാരത്തിലുണ്ടായ ദു:ഖകരങ്ങളായ സംഭവവികാസങ്ങൾ മണികണ്ഠകുമാരനേയും രാജാവിനേയും ഏറെ വിഷമിപ്പിച്ചുവെങ്കിലും സ്വന്തം രാജ്യത്തേയും പ്രജകളേയും ശത്രുവിൽ നിന്ന് രക്ഷിയ്ക്കുക എന്ന ദൌത്യത്തിൽ നിന്ന് മണികണ്ഠകുമാരൻ പിന്നോ‍ട്ട് പോയില്ല .തനിക്കേറ്റവും പ്രീയംകരനായ പന്തളം രാജാവിന്റെ ഏതാഗ്രഹവും സധിച്ചുകൊടുക്കുക എന്നതായിരുന്നു മണികണ്ഠകുമാരന്റെ ഏറ്റവും വലിയ സന്തോഷം. താൻ മുൻപ് പോയി സഹായമഭ്യർത്ഥിച്ച രാജ്യങ്ങളിൽ നിന്നുള്ള പടയാളികളെയെല്ലാം സംഘടിപ്പിച്ചുകൊണ്ട് കരിമലക്കോട്ടയിലേക്ക് കുമാരൻ പടനയിച്ചു.സർവ്വായുധധാരിയായി കുതിരപ്പുറത്ത് മുന്നിൽ മണികണ്ഠനും പിന്നിൽ ആയിരക്കണക്കായ പടയാളികളുമായി കരിമല അടിവാരത്തുള്ള എരുമേലിയിലെത്തി.എരുമേലി അന്നു സുഗന്ധദ്രവ്യങ്ങൾ കൃഷിചെയ്ത് പുറം നാടുകളിലേയ്ക്ക് കയറ്റിഅയയ്ക്കുന്ന ഒരു വലിയ കാർഷികപ്രദേശമായിരുന്നു. എരുമേലിച്ചന്ത അന്നും ലോകപ്രശസ്തമായിരുന്നു. ക്രിസ്തുവിനു മുൻപ് തന്നെ ലോകവാണിജ്യഭൂപടത്തിൽ സ്ഥാനം നേടിയ രാജ്യമായിരുന്നു കേരളം.കേരളത്തിൽ നിന്നുള്ള നെയ്ത്ത് വസ്ത്രങ്ങൾ നിറച്ച കപ്പലുകൾ വരുന്നതും കാത്ത് ഈജിപ്തിലെ രാജ്ഞിമാർ പോലും ആകാംക്ഷയോടെ ഇരിയ്ക്കുമായിരുന്നുവത്രെ. കുരുമുളകും ഏലവും ഇഞ്ചിയും കറുവപ്പട്ടയും അടക്കമുള്ള കേരളത്തിലെ സുഗന്ധദ്രവ്യങ്ങൾ ലോക വിപണി കീഴടക്കിയിരുന്നു. അറേബ്യയിൽ നിന്ന് കപ്പൽ നിറയെ സ്വർണ്ണവുമായി വന്ന് അതിവിടെ നൽകിയിട്ട് പകരം കുരുമുളക് കയറ്റിക്കൊണ്ട്പോയിരുന്നു. അങ്ങിനെയാണ് കുരുമുളകിന് കറുത്തപൊന്ന് എന്നപേര് വന്നത്. ഈ കാർഷിക സമൃദ്ധികണ്ട് കണ്ണ് തള്ളിപ്പോയ വിദേശരാജാക്കന്മാർ ലക്ഷക്കണക്കായ രൂപ ചിലവഴിച്ച് അവരുടെ ഏറ്റവും നല്ല നാവികരെ വലിയകപ്പലുകളിൽ കേരളത്തിലേക്ക് അയച്ചിരുന്നു. പലകപ്പലുകളും നൂറു കണക്കിന് ആളുകളും കപ്പൽച്ചേതങ്ങളിൽ പെട്ട് നഷ്ടമായിട്ടും ഇങ്ങോട്ടുള്ള കച്ചവടക്കാരുടെ കപ്പൽ പ്രവാഹത്തിന് കുറവുണ്ടായിരുന്നില്ല. ആദ്യമായി ഇവിടെയെത്തിയത് പോർട്ടുഗീസ് രാജാവ് ഡോം മാനുവലിന്റെ കപ്പിത്താനായ വാസ്കൊഡഗാമയായിരുന്നു[1498] . കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഗാമ കപ്പലിറങ്ങിയത് മാസങ്ങൾ നീണ്ട് അലച്ചിലിനും കൂടെയുണ്ടായിരുന്ന് നിരവധി കപ്പലുകളുടേയും ആളുകളുടേയും നാശത്തിനും ശേഷമായിരുന്നു. കൊണ്ടുവന്ന ചരക്കുകളുടെ അറുപതു മടങ്ങ് ലാഭമുള്ള ചരക്കുകളുമായാണത്രേ ഗാമ മടങ്ങിപ്പോയത്.പിന്നീട് ഡച്ചുകാരും ഇങ്ഗ്ലീഷുകാരുമൊക്കെ കേരളത്തിലേക്ക് ഒഴുകിയെത്തി.[ഒഴുകിയെത്തി എന്നപ്രയോഗം പോലും ഒരു പക്ഷേ ഇങ്ങിനെയുണ്ടായതാവാം] ഒരു വിദേശരാജ്യവുമായി കച്ചവടക്കരാറുണ്ടാക്കിയ ഇന്ത്യയിലെ ആദ്യത്തെരാജ്യം തിരുവിതാംകൂറായിരുന്നു. ഇത്രയും വിവരിച്ചത് ആയിരത്താണ്ടുകൾക്ക് മുൻപ് തന്നെ കേരളത്തിലേക്ക് വിദേശികൾ വന്നിരുന്നു എന്നും അങ്ങിനെ വന്ന ഒരു വിദേശിയായിരുന്നു വാവര് സ്വാമി എന്ന് ഇന്നറിയപ്പെടുന്ന ബാബർ എന്നും ഇന്നും മുസ്ലിം ബാഹുല്യമുള്ള എരുമേലിയായിരുന്നു ബാബരുടെ കേന്ദ്രമെന്നുമുള്ള ചരിത്രത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നതിന് മുന്നോടിയായിട്ടാണ്.[തുടരും].

2013, നവംബർ 1, വെള്ളിയാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [12]
---------------------------
മണികൺഠനെതിരെ മന്ത്രിയുടെ ഗൂഢാലോചന.
-----------------------------------------------------
മണികണ്ഠകുമാരനെ യുവരാജാവാക്കുവാനുള്ള പന്തളം രാജാവിന്റെ തീരുമാനത്തെ തകിടം മറിയ്ക്കുവാൻ രാജ്ഞിയുമായിച്ചേർന്ന് മന്ത്രി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി രാജ്ഞി വിട്ടുമാറാത്ത തലവേദന അഭിനയിച്ച് രോഗിയായി കിടക്കുവാനാരംഭിച്ചു . ഗൂഢലോചനാ സംഘത്തിലെ പങ്കാളിയായ കൊട്ടാരം വൈദ്യനാവട്ടെ പലജാതിമരുന്നുകൾ കൊടുത്തിട്ടും ഭേദമാകാത്ത ഈ അപൂർവ്വ തലവേദന ശമിയ്ക്കണമെങ്കിൽ പെറ്റുകിടക്കുന്ന പെൺപുലിയുടെ പാലിൽ പച്ചമരുന്നരച്ചുകൊടുക്കണമെന്നും ഇല്ലെങ്കിൽ രാജ്ഞി മരിച്ചുപോകുമെന്നും രാജാവിനെ അറിയിച്ചു. ആകെ വിഷണ്ണനായ രാജാവ് ഇതിനുള്ള പ്രതിവിധി കാണാതെ വിഷമിച്ചപ്പോൾ അഭ്യാസിയായ മണികണ്ഠൻ വിചാരിച്ചാൽ ഇതു സാധിയ്ക്കാവുന്നതേയുള്ളു എന്നും രാജാവ് കൽ‌പ്പിച്ചാൽ മണികണ്ഠൻ അതനുസരിയ്ക്കുമെന്നും കുതന്ത്രക്കാരാനായ മന്ത്രി രാജാവിനോട് പറഞ്ഞു. ഏത് അഭ്യാസിയാണെങ്കിലും പെറ്റുകിടക്കുന്ന പുലിയുടെ അടുത്തുചെന്നാൽ ജീവനോടെ മടങ്ങിവരില്ലെന്ന് നന്നായി അറിയാവുന്നതു കൊണ്ടാണ് അവരിത്രയും ശക്തമായ ഒരു കെണി മണികണ്ഠനു വേണ്ടി ഒരുക്കിയത് .ഒരു കാരണവശാലും മണികണ്ഠൻ മടങ്ങി വരരുതെന്നാഗ്രഹിച്ച് മന്ത്രിയും രാജ്ഞിയും തയ്യാറാക്കിയ ഈ പദ്ധതി പാവം രാജാവിനറിയില്ലായിരുന്നു. എങ്കിലും ഈ കാര്യം മണികണ്ഠനോട് പറയാൻ അദ്ദേഹം തയ്യാറായില്ല. ദേശസഞ്ചാരം കഴിഞ്ഞ് മടങ്ങിവന്ന മണികണ്ഠനാവട്ടെ ഈ കഥയൊന്നും അറിഞ്ഞിരുന്നുമില്ല. വല്ലതെ വിഷാദവദനനായി കാണപ്പെട്ട രാജാവിന്റെ ദു:ഖ കാരണത്തെക്കുറിച്ചും രാജ്ഞിയിൽ കണ്ട ഭാവഭേദത്തേക്കുറിച്ചും രഹസ്യമായി അന്വേഷിച്ചപ്പോഴാണ് മണികണ്ഠകുമാരന് ആ നടുക്കുന്ന സത്യം മനസ്സിലായത് . ഇന്നലെ വരെ താൻ മാതാവേ എന്നു വിളിച്ച രാജ്ഞി തന്റെ പോറ്റമ്മ മാത്രമാണെന്നും താൻ എടുത്തു വളർത്തപ്പെട്ട കുട്ടിയാണെന്നും സ്വന്തം മകൻ രാജ്യാവകാശിയാകുന്നതിന് താൻ ഇല്ലാതാവണമെന്നാണ് രാജ്ഞി ആഗ്രഹിയ്ക്കുന്നതെന്നും മനസ്സിലാക്കിയ മണികണ്ഠൻ മാനസികമായി തളർന്നു വെങ്കിലും തന്റെ ആത്മീയ യോഗസാധനാ ബലം കൊണ്ട് അതിനെ ഒരുവിധം അതിജീവിച്ചു. എങ്കിലും ഇന്നലെ വരെ താൻ മലർവാടി പോലെ പാറിക്കളിച്ച് നടന്ന പന്തളം കൊട്ടാരം ഒരു മരുപ്പറമ്പായി മാറിയതുപോലെ മണികണ്ഠന് അനുഭവപ്പെട്ടു. നിഷ്കളങ്കനായ രാജാവിന്റെ സങ്കടം പരിഹരിയ്ക്കണമെന്നാഗ്രഹിച്ച മണികണ്ഠൻ താൻ കാട്ടിൽ പോയി പുലിപ്പാലുമായി വരാമെന്നും അതിനു തന്നെ അനുഗ്രഹിക്കണമെന്നും രാജാവിനോട് അഭ്യർത്ഥിച്ചു. പുത്രവാത്സല്യത്തിന്റെ നിറകുടമായ രാജാവ് അതിന് സമ്മതം മൂളിയില്ലെങ്കിലും ഒരു വിധത്തിൽ പിതാവിനെ പറഞ്ഞ് സമ്മതിപ്പിച്ച മണികണ്ഠൻ തന്റെ അനുചരന്മാരുമായി കാട്ടിലേയ്ക്ക് പോയി.

ഇതൊക്കെ കെട്ടുകഥയാണെന്ന് പറയുന്നവർ ശബരിമലയടങ്ങുന്ന കാനന മേഖല ഇന്നും കേന്ദ്ര വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കടുവാ സംരക്ഷിത വനമാണ് [TYGER RESERV FOREST] എന്നത് മറന്ന് പോകരുത്. ഇന്നു പോലും കടുവകൾ സ്വൈര്യവിഹാരം നടത്തുന്ന ആ വനം അക്കാലത്ത് എത്രമാത്രം അപകടം നിറഞ്ഞതായിരിക്കണം എന്നൂഹിയ്ക്കാവുന്നതേയുള്ളു. അതുകൊണ്ടു തന്നെയാവണം മണികണ്ഠനേപ്പോലെയുള്ള ഒരു മഹാപരാക്രമിയേ അവസാനിപ്പിയ്ക്കാൻ പഴുതുകളില്ലാത്ത ഇത്തരമൊരു മാർഗ്ഗം ബുദ്ധിമാനായ മന്ത്രി തെരഞ്ഞെടുത്തത് . [ബുദ്ധിശാലികളെയായിരുന്നു പണ്ട് മന്ത്രിമാരായി തെരഞ്ഞെടുത്തിരുന്നത്.] ചരിത്ര സത്യങ്ങളുമായി വളരെയധികം ഇഴചേർന്ന് നിൽക്കുന്നതാണ് അയ്യപ്പസ്വാമിയുടെ കഥ എന്ന് വീണ്ടുമോർമ്മിപ്പിയ്ക്കട്ടെ. എന്നാൽ അയ്യപ്പസ്വാമി കാട്ടിൽ നിന്ന് പെറ്റുകിടക്കുന്ന പുലിയുടെ പാല് കറന്നുകൊണ്ടു വന്നു എന്ന കഥയിൽ അവിശ്വസനീയത തോന്നാവുന്നതാണ്. എന്നാൽ ഇവിടെ അയ്യപ്പസ്വാമിയെന്ന അതീന്ദ്രിയയോഗമാർഗ്ഗങ്ങളിൽ സിദ്ധിനേടിയ ഹഠയോഗിയേക്കുറിച്ചറിയുമ്പോൾ ഇതിന്റെ രഹസ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തരം അതീന്ദ്രിയയോഗികൾക്ക് മാഹേന്ദ്രജാലം പോലെയുള്ള മാസ്മരവിദ്യകൾ നിസ്സാരമായി കാട്ടാവുന്നതെയുള്ളു. സ്വന്തം മന:ശ്ശക്തികൊണ്ട് മറ്റുള്ളവരെ വിഭ്രമിപ്പിച്ച് ഉള്ളതിനെ ഇല്ലാതാക്കാനും ഇല്ലാത്തതിനെ ഉണ്ടാക്കുവാനും മാന്ത്രികർക്ക് സാധിയ്ക്കും എന്നത് ഇന്നൊരു പുതിയ അറിവല്ല. ഇക്കാര്യത്തിലും കേരളത്തിന് ലോകോത്തരമായ ഒരു പാരമ്പര്യമുണ്ട് . മഹാമാന്ത്രികനായിരുന്ന വാഴക്കുന്നം നമ്പൂതിരിയുടെ ചരിത്രം സംശയാലുക്കൾ പഠിയ്ക്കേണ്ടതാണ്. ലോകപ്രശസ്തമായ അമേരിയ്ക്കയിലെ‘ സ്റ്റാച്യൂ ഓഫ് ലിബെർടി‘ പ്രശസ്തമാന്ത്രികനായ കോപ്പെർഫീൽഡ് ജനലക്ഷങ്ങളെ സാക്ഷിനിർത്തി അപ്രത്യക്ഷമാക്കിയത് ചരിത്രത്തിന്റെ ഭാഗമാണ്. ഇതേമാതിരിയുള്ള ഒരു മാഹേന്ദ്രജാലവിദ്യയിലൂടെ മണികണ്ഠകുമാരൻ ഒരു പുലിപ്പറ്റത്തെത്തന്നെ കൊട്ടാരത്തിൽ എത്തിയ്ക്കുകയും താൻ തന്നെ ഒരുപുലിപ്പുറത്തിരുന്നുകൊണ്ട് ഇഷ്ടം പോലെ പാല് കറന്നെടുത്തോളാൻ മന്ത്രിയോടും വൈദ്യനോടും കൽ‌പ്പിക്കുകയും ചെയ്തു എന്നതാവണം ഇവിടുത്തെ സത്യം.
മന്ത്രിയും വൈദ്യനും മാപ്പുചോദിച്ചതായി പഴമ്പാട്ടുകളിൽ പറയുന്നുണ്ട്. മണികണ്ഠകുമാരന്റെ ഈ തന്ത്രത്തിന്റെ മുന്നിൽ പരാജയപ്പെട്ടതു കൊണ്ടാവണം അവർ മാപ്പുപറഞ്ഞ് രക്ഷപ്പെട്ടത് എന്ന് കരുതുന്നതാണ് യുക്തി.[തുടരും]