ശ്രീ അയ്യപ്പ ചരിതം [21]
---------------------------
കരിമലക്കോട്ട കീഴടക്കുന്നു
-------------------------------
അയ്യപ്പസ്വാമിയുടെ നേതൃത്വത്തിലുള്ള സൈന്യവും വാവരുടെ നേതൃത്വത്തിലുള്ള
സൈന്യവും വണ്ടിപ്പെരിയാർ വഴിവന്ന പാണ്ഡ്യപ്പടയും ചേർന്ന് വിവിധഭാഗങ്ങളിലൂടെ
ഒരേ സമയം കരിമലക്കോട്ടയ്ക്ക് നേരെ ശക്തമായ ആക്രമണമാരംഭിച്ചു. ഉദയനനും
പടയാളികളും വീറോടുകൂടിത്തന്നെ പൊരുതി. കരിങ്കൽ പാറകൾ കൊണ്ട് പണിത
കോട്ടയുടെ സുരക്ഷിതത്ത്വത്തിൽ ഉദയനനും സംഘത്തിനും യുദ്ധം ചെയ്യാൻ
എളുപ്പമായിരുന്നു. അയ്യപ്പസ്വാമിയേ സഹായിക്കാൻ കാനന വാസികളായ വിവിധ
ഗോത്രജാതിക്കാരും ഗ്രാമീണജനങ്ങളുമൊക്കെ കൂട്ടംകൂട്ടമായി
എത്തിക്കൊണ്ടിരുന്നു. ദിവസങ്ങൾ നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ മണികണ്ഠനും
സൈന്യവും കരിമലക്കോട്ടപൊളിച്ച് അകത്ത് കടന്നു. പിന്നീടവിടെ നടന്നത് ഒരു
പൊരിഞ്ഞ പോരാട്ടമായിരുന്നു. ഉദയനും അയ്യപ്പസ്വാമിയും തമ്മിൽ നടന്ന്
ഘോരയുദ്ധത്തിനൊടുവിൽ ഉദയനനെ അയ്യപ്പസ്വാമി വധിച്ചു.
നൂറുകണക്കിനാളുകൾ ഇരുഭാഗത്തും മരിച്ചുവീഴുകയും മുറിവേൽക്കപ്പെടുകയും ചെയ്ത
ആ വലിയ യുദ്ധം അങ്ങിനെ പരിസമാപിച്ചു. പിന്നീടവിടെ ഉണ്ടായത്
ആഹ്ലാദത്തിന്റെ ഒരു വേലിയേറ്റമായിരുന്നു. പതിനെട്ട് മലകളിലേയും ജനങ്ങൾ ഈ
വാർത്തയറിഞ്ഞ് സന്തോഷം കൊണ്ട് മതിമറന്ന് അയ്യപ്പസ്വാമിയെ സ്തുതിച്ചു..
വർഷങ്ങളായി നാട്ടിലേയും കാട്ടിലേയും സമ്പത്തിനേയും സ്ത്രീ ജനങ്ങളേയും ഒക്കെ
തട്ടിയെടുക്കുകയും നിത്യേന നിരപരാധികളെ കൊല്ലുകയും ചെയ്തുകൊണ്ടിരുന്ന ആ
അതിക്രൂരനായ കാട്ടുകൊള്ളത്തലവന്റെ ഭീകരവാഴ്ച അവസാനിച്ചതിൽ സന്തോഷിച്ച്
കാട്ടുമൃഗങ്ങൾ പോലും തുള്ളിച്ചാടി . മണികണ്ഠന്റെ സൈന്യം അതിശക്തമായിരുന്ന
കരിമലക്കോട്ട കല്ലോട് കല്ലവശേഷിയ്ക്കാതെ ഇടിച്ചു നിരത്തി. ഉദയനൻ
തടവിലിട്ടിരുന്ന സ്ത്രീകളേയെല്ലാം അയ്യപ്പ സ്വാമി മോചിപ്പിച്ച്
സുരക്ഷിതമായി നാട്ടിലേയ്ക്കയച്ചു. ഉദയനൻ വർഷങ്ങളായി അടക്കി വാണിരുന്ന
കരിമലയുടെ പൂർവ്വസ്ഥിതി വീണ്ടെടുക്കുവാൻ വേണ്ടിയും ഘോരയുദ്ധത്തിന്റെ ക്ഷീണം
മാറ്റുവാൻ വേണ്ടിയും മണികണ്ഠനും സംഘവും അവിടെ ഏറെനാൾ താമസിച്ചു. ആ
കാലഘട്ടത്തിൽ നിർമ്മിയ്ക്കപ്പെട്ടതെന്ന് വിശ്വസിയ്ക്കപ്പെടുന്ന ഒരു കിണർ
ഇന്നുമവിടെകാണാം. ഏഴുതട്ടുകളുള്ള ചെങ്കുത്തായ ആ മലയുടെ മുകളിൽ
സ്ഫടികതുല്യമായ ജലം ലഭിയ്ക്കുന്ന ആ കിണർ ഇന്നും അയ്യപ്പഭക്തന്മാരെ
അനുഗ്രഹിച്ചുകൊണ്ട് നിലനിൽക്കുന്നു എന്നത് ഒരദ്ഭുതം തന്നെയാണ്.
ചിലയവസരങ്ങളിൽ അതിനകത്ത് ഒരു സർപ്പത്തേയും കാണാറുണ്ട്.
പന്തളത്ത് രാജാവായ രാജശേഖരപാണ്ഡ്യന്റെ ജീവിതസ്വപ്നമായിരുന്നു അയ്യപ്പസ്വാമി
സഫലമാക്കി കൊടുത്തത്. രാജ്യത്തിന്റെ അതിർത്തികൾ ഭദ്രമാക്കിയ
അയ്യപ്പസ്വാമി കരിമലയുടെ വിവിധ ഭാഗങ്ങളിൽ കോട്ടകൾ കെട്ടി വിവിധ
ഗോത്രത്തലവന്മാരെ അവിടെ അധികാരങ്ങളേൽപ്പിച്ചു. ആ കോട്ടകളുടെ അവശിഷ്ഠങ്ങൾ
ഇന്നും പല സ്ഥലങ്ങളിലും കാണാം എന്നത് ചരിത്രത്തെ സാക്ഷ്യപ്പെടുത്തുന്നു.
ഇങ്ങിനെ തന്റെ രാജ്യത്തിന്റേയും പ്രജകളുടേയും സുരക്ഷ ഉറപ്പു വരുത്തുകയും
തന്റേയും രാജ്യത്തിന്റേയും അഭിമാനം വീണ്ടെടുക്കുകയും ചെയ്ത അയ്യപ്പ സ്വാമി
എത്രയും പെട്ടെന്ന് കൊട്ടാരത്തിലേയ്ക്ക് മടങ്ങി വരുന്നതിന് വേണ്ടി രാജാവ്
ദൂതന്മാരെ അയച്ചെങ്കിലും അയ്യപ്പസ്വാമി കൊട്ടാരത്തിലേയ്ക്ക് മടങ്ങിയില്ല.
ഉദയനൻ ആക്രമിച്ച് നശിപ്പിച്ചിട്ടിരിയ്ക്കുന്നതും യുഗങ്ങളോളം
പഴക്കമുള്ളതുമായ ശബരിമല ക്ഷേത്രത്തേക്കുറിച്ചും പൊന്നമ്പലമേട്ടിലെ
യോഗികളേക്കുറിച്ചും ഗുഹവാസികളായ താപസന്മരേക്കുറിച്ചുമൊക്കെ
കാട്ടുജാതിക്കാരിൽ നിന്നറിഞ്ഞ അയ്യപ്പസ്വാമി നേരേ അങ്ങോട്ടു പോകുവാനാണ്
താൽപ്പര്യം കാണിച്ചത്. അയ്യപ്പസ്വാമിയുടെ ഉള്ളിലെ അവതാരചൈതന്യം സ്വാമിയേ
അങ്ങോട്ട് ആനയിക്കുകയായിരുന്നു.[തുടരും]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ