2013, നവംബർ 15, വെള്ളിയാഴ്‌ച

ശ്രീ അയ്യപ്പചരിതം [23]
--------------------------
അയ്യപ്പസ്വാമി ശബരിമലയിലേയ്ക്ക്
-------------------------------------
കരിമലയിലെ ഉജ്ജ്വലമായ വിജയത്തിന് ശേഷം അയ്യപ്പസ്വാമി കൊട്ടാരത്തിലേയ്ക്ക് മടങ്ങി അടുത്ത രാജാവായി ചുമതലയേൽക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷെ എന്തുകൊണ്ടോ അയ്യപ്പസ്വാമി അതിന് തയ്യാറായില്ല . അയ്യപ്പ സ്വാമിയുടെ ജീവിത കഥയിലെ ചിന്തനീയമായ ഒരു ഭാഗമാണിത് . എന്തുകൊണ്ട് അയ്യപ്പസ്വാമി ശ്രീ ബുദ്ധനേപ്പോലെ കൊട്ടാരമുപേക്ഷിച്ചു ? ഇന്നലെ വരെ താൻ തന്റെ സ്വന്തം അമ്മയെന്നു വിചാരിച്ച് ഒട്ടിച്ചേർന്ന് നിന്ന് വാത്സാല്യാമൃതം നുകർന്ന ആൾ തന്റെ ആരുമല്ല എന്ന തിരിച്ചറിവ് കൌമാരപ്രായം കഷ്ടിച്ച് കടന്ന മണികണ്ഠകുമാരന് താങ്ങാവുന്നതിലുമധികമായ ദു:ഖമായിരുന്നു. തനിയ്ക്ക് മാമൂട്ടിത്തന്ന അതേ മാതാവ് , തന്നെ വകവരുത്താനുള്ള ഗൂഢാലോചന നടത്തി എന്നുള്ളത് ഹൃദയ ഭേദകമായ ഒരു വാർത്തയായിരുന്നുവല്ലൊ. തന്റെ സ്വന്തം കുട്ടിയിൽ നിന്ന് രാജ്യാധികാരം കവർന്നെടുക്കാൻ പോകുന്ന ഒരാൾ എന്ന നിലയിൽ ,ഇന്നലെ വരെ തന്റെ സ്നേഹമയിയായ അമ്മയായി നിന്ന വ്യക്തി ഇന്നു കാട്ടുന്ന അകൽച്ച ഒരു പക്ഷേ അയ്യപ്പ സ്വാമിയിൽ വല്ലാത്ത ജീവിതവിരക്തി സൃഷ്ടിച്ചിട്ടുണ്ടാവാണം . ജീവിത വിരാഗതയിൽ നിന്നാണല്ലൊ പലപ്പോഴും ആത്മീയചോദനകൾ ഉണ്ടാവുന്നത്.
ഈ സാഹചര്യത്തിൽ കൊട്ടാരത്തിലേയ്ക്ക് മടങ്ങുക എന്നത് ദുസ്സഹമായിരുന്നതുകൊണ്ടാണ് താപസന്മാരിൽ നിന്നും കാട്ടുജാതിക്കാരിൽ നിന്നും കേട്ടറിഞ്ഞതും മുന്നേതന്നെ പുരാണപ്രസിദ്ധവുമായ ശബരിമലയിലേയ്ക്ക് പോകാൻ അയ്യപ്പസ്വാമി തീരുമാനിച്ചത് . ഇവിടെ നിന്നങ്ങോട്ട് നാം കാണുന്നത് ആയുധാഭ്യാസിയായ അയ്യപ്പസ്വാമിയേയല്ല മറിച്ച് ആത്മവിദ്യാദീക്ഷിതനാകുവാൻ ആവേശം കൊണ്ടു നിൽക്കുന്ന ഒരു യോഗാത്മാവിനേയാണ്. തന്റെ തീരുമാ‍നം അറിയിച്ചപ്പോൾ അയ്യപ്പസ്വാമിയെ വിട്ടുപിരിയാൻ ഒരിയ്ക്കലും കൂട്ടാക്കാത്ത അനുയായികളൊന്നടങ്കം കൂടെപ്പോരാൻ തയാറായി. എല്ലാവരും ചേർന്ന് കരിമലയിറങ്ങി നയനാഭിരാമമായ പമ്പയുടെ താഴ് വാരത്തെത്തി . അവിടെ അയ്യപ്പസ്വാമിയെ വരവേൽക്കാൻ ഒരു വൻ ജനാവലി തന്നെ കാത്തു നിന്നിരുന്നു. തങ്ങളുടെ ജീവിതങ്ങളെ കശാപ്പ് ചെയ്തുകൊണ്ടിരുന്ന കരിമലവീരനെ അയ്യപ്പസ്വാമി വധിച്ചതിൽ ആഹ്ലാദിയ്ക്കുന്ന കാട്ടുജാതിക്കാരെല്ലാം അവിടെ ഒത്തുകൂടി. വനവിഭവങ്ങളെല്ലാം സംഭരിച്ച് അവരവിടെ ഒരു വലിയ സദ്യ തന്നെ ഒരുക്കി. സന്തോഷത്താൽ ആടിപ്പാടിയ അവർ രാത്രിയായപ്പോൾ വലിയ ആഴികൂട്ടി ആനന്ദനൃത്തം ചവുട്ടി. മതിമറന്ന അവരിൽ ചിലർ കനലിൽ ചാടി ആഴിവാരിയെറിഞ്ഞ് അയ്യപ്പനെ സന്തോഷിപ്പിച്ച് തങ്ങളുടെ ഭക്തിയുടെ തീവ്രത പ്രദർശിപ്പിച്ചു . മറ്റു ചിലരാവട്ടെ വലിയ പൊങ്ങുതടികളിൽ നിരനിരയായി വിളക്കുകൾ കൊളുത്തി വെച്ച് പമ്പാനദിയിൽ ഒഴുക്കി ആ രാത്രിയെ പ്രഭാപൂരിതമാക്കി. അയ്യപ്പസ്വാമിയാവട്ടെ തന്റെ ജനങ്ങളുടെ ഈ ആഹ്ലാദപ്രകടനങ്ങൾ കണ്ട് ഏറെ സന്തോഷിച്ചു. പമ്പയിൽ അയ്യപ്പ സ്വാമിയുടെ സാന്നിധ്യത്തിൽ അന്നു നടന്ന ഈ കാര്യങ്ങളാണ് പിന്നീട് പമ്പാസദ്യയും പമ്പാ വിളക്കും ആഴിപൂജയും അടക്കമുള്ള ആചാരങ്ങളായി മാറിയത്.
അടുത്ത ദിവസം പ്രഭാതത്തിൽ തന്റെ ഭാഗത്ത് നിന്നും എതിർ പക്ഷത്ത് നിന്നും യുദ്ധത്തിൽ കൊല്ലപ്പെട്ട ആളുകൾക്ക് വേണ്ടി അയ്യപ്പസ്വാമിയും കൂട്ടരും പമ്പാതീരത്ത് ബലിയിട്ട് പ്രാർത്ഥിച്ചു . ഇതു കൊണ്ടാണ് ഇന്നും ശബരിമല ചവിട്ടുന്നതിന് മുൻപ് സ്വാമി ഭക്തന്മാർ പമ്പയിൽ ബലിയിടുന്നത്. ഈ ബലിതർപ്പണം അയ്യപ്പസ്വാമി ബോധപൂർവ്വം ചെയ്തതാവാനും വഴിയുണ്ട്. കാരണം ഭാരതീയ സന്യാസ സമ്പ്രദായം അനുസരിച്ച് ഒരാൾ ഈശ്വരീയ വൃത്തിയിലേയ്ക്ക് കടക്കുന്നതിന് മുൻപ് തന്റെ പിതൃക്കളോടുള്ള കടം വീടുന്നതിനായി അവർക്കു ബലിതർപ്പണം ചെയ്യുകയും ഇഹലോക ബന്ധം അവസാനിപ്പിച്ചുകൊണ്ട് തനിക്ക് തന്നെ ആത്മപിണ്ഡം വെയ്ക്കുകയും വേണം. എന്നിട്ടാണ് ശുദ്ധ നിത്യ ബോധ സ്വരൂപമായി മാറാനുള്ള സാധനകൾ ആരംഭിയ്ക്കുക. ശബരിമല അത്തരമൊരു യോഗാത്മകസ്ഥാനമായതുകൊണ്ടാണല്ലൊ തത്ത്വമസി എന്നവിടെ ആലേഖനം ചെയ്തിരിയ്ക്കുന്നത്.[തുടരും]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ