2013, നവംബർ 22, വെള്ളിയാഴ്‌ച

ശ്രീ അയ്യപ്പചരിതം[28]
-------------------------
അയ്യപ്പസ്വാമി എന്ന സിദ്ധയോഗീശ്വരൻ
----------------------------------------------
അയ്യപ്പസ്വാമിയെ ബഹുഭൂരിപക്ഷം ആളുകളും മുപ്പത്തിമുക്കോടി ദേവഗണത്തിലുള്ളതു പോലെയുള്ള ഒരു ദേവനായിട്ടാണ് കരുതി ആരാധിച്ചുവരുന്നത് .പക്ഷേ അയ്യപ്പസ്വാമി ആ ഗണത്തിലുള്ള ഒരു അവതാരമല്ല തന്നെ. തമിഴ് നാട്ടിൽ ഇപ്പോൾ പോലും പ്രചാരത്തിലുള്ളതും എന്നാൽ പിന്തുടരാൻ ഏറെ പ്രയാസമുള്ളതുമായ ശൈവസിദ്ധ സമ്പ്രദായത്തിലെ അതീവ ഗോപ്യവും അദ്ഭുത സിദ്ധിപ്രദവുമായ ഒരു യോഗപദ്ധതിയുടെ ആചാര്യനായിരുന്നു അയ്യപ്പസ്വാമി എന്നതിന് നിരവധി തെളിവുകളുണ്ട്. അതിന്റെ ആദ്യത്തെ തെളിവാണ് ശബരിമല യാത്രയ്ക്ക് തയാറാവുന്ന എത്രവലിയ ഭക്തനും ഒറ്റയ്ക്ക് കെട്ടുമുറുക്കി പോകുവാൻ അനുവാദമില്ല എന്നത് . മറ്റൊരു ക്ഷേത്രത്തിലും ഏകാന്തഭക്തിയ്ക്ക് ഇങ്ങനെയൊരു വിലക്ക് കൽ‌പ്പിയ്ക്കപ്പെട്ടിട്ടില്ല. ശബരിമല യാത്രികൻ എത്ര വലിയ ഭക്തനായാലും ശരി ഒരു ഗുരുസ്വാമി കൂടിയേ കഴിയൂ . ആ ഗുരുസ്വാമിയാവണം നെയ്യു നിറച്ച് കൊടുക്കേണ്ടതും കെട്ടുമുറുക്കി കൊടുക്കേണ്ടതും കെട്ടുതലയിൽ വെച്ചുകൊടുക്കേണ്ടതും . എത്ര ഇളപ്പമുള്ള ആളായാലും ശരി ആ ഗുരുസ്വാമിയ്ക്ക് വെറ്റില പാക്ക് നാണയം വെച്ച് ദക്ഷിണ നൽകി പദം തൊട്ടു തൊഴുത ശേഷം മാത്രമേ ഇരുമുടി ശിരസ്സിലേറ്റാൻ പാടുള്ളു . മറ്റേതൊരു യോഗ സമ്പ്രദായത്തിലുമെന്നതുപോലെ ഒരു ഗുരുവില്ലാതെ അനുഷ്ടിയ്ക്കാൻ അനുവാദമില്ലാത്ത ഒരു യോഗപദ്ധതിയാണ് അയ്യപ്പസ്വാമി നിർദ്ദേശിയ്ക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണിത്. ഈയർത്ഥത്തിൽ ശബരിമല എന്നതുപോലും ഒരു പ്രതീകാത്മക സ്വഭാവത്തിലുള്ള സ്ഥാന നിർദ്ദേശം മാത്രമാണ് . നിരന്തരമായ യോഗസാധനകൊണ്ട് ഒരു ഉപാസകന്റെ ജീവാത്മാവ് എത്തിപ്പെടേണ്ടതായ ഉന്നതയോഗഭൂമിക എന്ന തത്ത്വത്തിന്റെ ബിംബവൽക്കരണമാണ് ശബരിമല .

ശബരിമലയിലെ തന്റെ വാസക്കാലത്ത് അയ്യപ്പസ്വാമി അനുഷ്ഠിച്ച് സിദ്ധിവരുത്തിയ യോഗമാർഗ്ഗം ഉത്തമയോഗികൾക്ക് ഉപദേശിച്ചുകൊടുക്കുന്ന ഒരു നിലയിലാണ് അദ്ദേഹത്തിന്റെ ജീവന്മുക്തി ഉണ്ടായത്. അയ്യപ്പസ്വാമിയുടെ സമാധിസ്ഥിതിയിലെ ശരീര ഭാഷ യോഗികൾക്ക് മാത്രം മനസ്സിലാവുന്നതും മനുഷ്യജീവിതത്തിന്റെ പാരമാർത്ഥിക സത്യത്തെ അനാവരണം ചെയ്യുന്നതുമായ ഒരു ഗുപ്ത സന്ദേശമാണ് നൽകുന്നത് . ചിന്മുദ്രാങ്കിത പട്ടബന്ധാരൂഢസ്ഥിതമായിട്ടുള്ളതാണ് അയ്യപ്പസ്വാമിയുടെ സമാധ്യവസ്ഥ. ആ രൂപമാണ് മിയ്ക്ക ക്ഷേത്രങ്ങളിലും പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇതിൽ ചിന്മുദ്ര എന്താണ് എന്ന് ചിന്തിയ്ക്കാം. വളരെ ഗഹനമായ ഒരാത്മീയതത്ത്വത്തിന്റെ സൂചനയാണ് ചിന്മുദ്ര. ശ്രീമദ് സ്വാമി വിവേകാനന്ദൻ കേരളത്തിൽ വന്ന അവസരത്തിൽ എറണാകുളത്തുവച്ച് ശ്രീ ചട്ടമ്പി സ്വാമികളുമായി കൂടിക്കാണുകയും ഹഠയോഗത്തിലെ ഒരു പ്രധാന യോഗമുദ്രയായ ചിന്മുദ്രയുടെ തത്ത്വത്തെക്കുറിച്ചും ആ മുദ്ര പിടിച്ചുകൊണ്ടുള്ള അപൂർവ്വ ധ്യാന മാർഗ്ഗത്തേക്കുറിച്ചുമൊക്കെ ചർച്ച ചെയ്യുകയുമുണ്ടായി എന്നത് പരക്കെ അറിവുള്ളതാണല്ലൊ. ശ്രീ ചട്ടമ്പി സ്വാമിയും ശ്രീ നാരായണ ഗുരു ദേവനും അക്കാലത്തെ അറിയപ്പെടുന്ന ഹഠയോഗിയും ശൈവസിദ്ധനുമായിരുന്ന തൈയ്ക്കാട്ട് അയ്യാവിന്റെ ശിഷ്യന്മാരായിരുന്നു.

ചിന്മുദ്ര എന്നത് വാക്കുകൾ കൊണ്ട് വ്യവഹരിയ്ക്കുവാൻ സാധ്യമല്ലാത്തതും അനുഭവതലത്തിൽ ഒരു ഗുരുവിന്റെ സഹായത്തോടെ മാത്രം എത്തിച്ചേരുവാൻ സാധിയ്ക്കുന്നതുമായ ഒരവസ്ഥയേക്കുറിച്ചുള്ള സൂചന നൽകുന്ന മുദ്രയാണ് . കൈയ്യിലെ മൂന്ന് വിരലുകൾ ഒന്നിച്ചുനിൽക്കുകയും ചൂണ്ടുവിരൽ മറ്റ് വിരലുകളിൽ നിന്ന് വേർപെട്ട് തള്ള വിരലുമായി ചേർന്ന് നിൽക്കുകയും ചെയ്യുന്നതാ‍ണ് ഇതിന്റെ രൂപം. കയ്യിലെ മൂന്ന് വിരലുകൾ സത്വ -രജ- തമോ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഒരു മനുഷ്യന്റെ സ്വഭാവത്തിലെ അടിസ്ഥാന മൂന്ന് ഗുണങ്ങളാണ് ഇവ. ഇവയുടെ ഏറ്റക്കുറച്ചിലുകളനുസരിച്ച് മനുഷ്യന്റെ വാസനകൾക്കും കർമ്മങ്ങൾക്കും മരണാനന്തരഗതിയ്ക്കും ഭേദങ്ങളുണ്ടാവും . കോടനുകോടിയായ ജീവജാലങ്ങളുടെയെല്ലാം സ്വഭാവ ഗതി ഭേദങ്ങൾ ഈ മൂന്ന് ഗുണങ്ങളുടെ അനുപാതഭേദമനുസരിച്ചാണ് രൂപപ്പെടുന്നത് . ഈ സംസാര ചക്രത്തിൽ നിന്ന് പുറത്ത് വന്ന് ജീവൻ മുക്തരാവാൻ ആഗ്രഹിയ്ക്കുന്നവർ ഈ മൂന്ന് അടിസ്ഥാന ഗുണങ്ങളാൽ നിയന്ത്രിയ്ക്കപ്പെടുന്ന ചിത്തവൃത്തികളിൽ നിന്ന് തന്റെ ജീവാത്മാവിനെ മോചിപ്പിച്ച് പരമാത്മാവിൽ യോജിപ്പിയ്ക്കണം. ചൂണ്ടുവിരൽ ജീവാത്മാവിന്റേയും തള്ള വിരൽ പരമാത്മാവിന്റേയും തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്നു.[തുടരും]

[പൂർവ്വ ഭാഗങ്ങൾ എഴുത്തോല [aswanidev2 blogspot] എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ