- ശ്രീ അയ്യപ്പ ചരിതം [14]
---------------------------
മണികണ്ഠനും വാവരും
--------------------------
വാവരു സ്വാമിയുടെ ആഗമനത്തെക്കുറിച്ച് പലകഥകളും പ്രചരിയ്ക്കുന്നുണ്ടെങ്കിലും ചരിത്രവുമായി ചേർത്ത് വെച്ച് വായിച്ചാൽ തിരുവിതാംകൂറിലേയ്ക്ക് കുരുമുളക് വ്യാപാരത്തിനായി വന്ന ഒരു വിദേശക്കച്ചവടക്കാരനായിരുന്നു ബാബർ എന്ന വാവരുസ്വാമി എന്ന് മനസ്സിലാക്കാം . അതുകൊണ്ടാണ് വാവർ നടയിലെ നേർച്ച കുരുമുളകായി മാറിയത്. പോർച്ചുഗീസ് ,ഡെച്ച് തുടങ്ങിയ ഭാഗത്ത്നിന്നും നിരവധി ക്രിസ്തീയ വിശ്വാസികളും തുർക്കി ,അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മുസ്ലീം വിശ്വാസികളും അന്നു ധാരാളമായി മലബാറ്, തിരുവിതാം കൂറ് ഭാഗങ്ങളിലേയ്ക്ക് വ്യാപാരത്തിനായി വന്നിരുന്നു എന്നതിന് എത്ര വേണമെങ്കിലും ചരിത്ര രേഖകളുണ്ട്. ഇക്കൂട്ടർ വാണിജ്യത്തിനായി വന്നിറങ്ങിയ സ്ഥലങ്ങളിലൊക്കെ വ്യാപകമായി മതപരിവർത്തനവും നടത്തിയിരുന്നു. അതുകൊണ്ടാണ് ഈ വിഭാഗക്കാർ വന്നിറങ്ങിയ ദേശങ്ങളൊക്കെ ഇന്നും അതാത് മതങ്ങളുടെ ശക്തികേന്ദ്രങ്ങളായി നിൽക്കുന്നത് . ശബരിമലയും ഹൈന്ദവ വിശ്വാസികളും വലയം ചെയ്തു നിൽക്കുന്ന പ്രദേശമായിട്ടു പോലും വിദേശ മുസ്ലീമായ ബാബറടക്കമുള്ളവർ വന്നിറങ്ങി നൂറ്റാണ്ടുകൾ താമസിച്ച് കച്ചവടത്തോടൊപ്പം മതവും പ്രചരിപ്പിച്ച സ്ഥലമായതുകൊണ്ടാണ് എരുമേലി ഇന്നും ഒരു മുസ്ലീം ബാഹുല്യമുള്ള പ്രദേശമായി മാറിയത്. മലയോര ദേശമായ കിഴക്കൻ നാടുകൾ അന്ന് ലോകോത്തരമായ ഔഷധ സസ്യങ്ങളൂടേയും അറബികൾക്ക് ഏറ്റവും പ്രീയംകരമായ സുഗന്ധദ്രവ്യങ്ങളുടേയും അക്ഷയഖനിയായിരുന്നു. നമ്മുടെ അപൂർവ്വമായ ഔഷധ സസ്യങ്ങളെക്കുറിച്ച് ആദ്യമായി ഒരാധികാരിക ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ഡെച്ചുകാരായിരുന്നു. രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട്, എന്നീ ഗൌഢ സാരസ്വതബ്രഹ്മണരുടേയും ഇട്ടി അച്ചുതൻ എന്ന് ഈഴവ വൈദ്യരുടേയും സഹായത്തോടെ ഡെച്ച് കാരുടെ ഇവിടുത്തെ പ്രതിപുരുഷനായിരുന്ന അഡ്മിറൽ വാൻ റീഡിന്റെ മേൽനോട്ടത്തിൽ രചിച്ച “ഹോർതൂസ് മലബാറിക്കൂസ്” ആണ് ആ വിഖ്യാത ഗ്രന്ഥം.
അന്നത്തെ മലബാറിന്റെ പ്രകൃതിവിഭവങ്ങളുടെ മേൽ വിദേശികൾക്ക് എത്രമാത്രം താൽപ്പര്യമുണ്ടായിരുന്നു എന്ന് ഇതിൽനിന്നൂഹിയ്ക്കാവുന്നതാണ്. എരുമേലി അന്നു തന്നെ വലിയ വാണിജ്യ പ്രാധാന്യമുള്ള സ്ഥലവും ഒരു മലഞ്ചരക്ക് സംഭരണ കേന്ദ്രവുമായിരുന്നു. സ്വാഭാവികമായും അവിടേയ്ക്ക് വന്ന വിദേശികളുടെ കൂട്ടത്തിൽ തുർക്കിയിൽ നിന്നു വന്ന ഒരു കച്ചവടക്കാരനായിരുന്നു ബാബർ എന്നാണ് മനസ്സിലാക്കാൻ സാധിയ്ക്കുന്നത്. ബാബരുടെ കഥകളെക്കുറിച്ച് “കെവാക്കിവിദ്ദൂറ്റിയ” എന്ന അറബി ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ട് എന്ന് വിദ്വാൻ കുറുമുള്ളൂർ നാരായണപിള്ളയുടെ ‘ ശ്രീ ഭൂതനാഥ സർവ്വസ്വം ‘ എന്ന് പുസ്തകത്തിൽ പറഞ്ഞിരിയ്ക്കുന്നു. പരശുരാമ കല്പം, ബാവരു മാഹാത്മ്യം എന്നീ ഗ്രന്ഥങ്ങളിലും പരാമർശങ്ങളുണ്ട്.
“ബർഹമിയാ ജാതിയിൽ ഇസ്മായേൽ ഗോത്രത്തിൽ
ഹലബെന്നരാജ്യത്തിന്നധിപതി രാജ്യമായ്
ഹീറാഖ്യത്തോട്ടത്തിൽ മക്കമ്പൂർ സ്ഥാനത്തിൽ
പാത്തുമ്മ പെറ്റ മകനല്ലോ വാവര് ..” [ബാവര് മാഹാത്മ്യം]
മറ്റൊരു പാട്ടിലാവട്ടെ “ തകൃതിത്താൻ തോട്ടത്തിൽ പന്തലകത്ത് കാതിയെന്നൊരു പാത്തുമ്മക്കുട്ടിയ്ക്ക് ..” ഉണ്ടായ മകനാണ് വാവര് എന്നു പറഞ്ഞിരിയ്ക്കുന്നു. ഇവിടെ തകൃതിത്താൻ തോട്ടമെന്ന പ്രയോഗം തുർക്കിസ്ഥാൻ എന്ന സ്ഥലനാമവുമായി സാമ്യപ്പെട്ടു നിൽക്കുന്നു എന്നതുകൊണ്ടും അന്ന് തുർക്കിയടക്കമുള്ള അറേബ്യൻ രാജ്യങ്ങളുമായി മലബാറിന് വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു എന്നതുകൊണ്ടും വാവര് നടയിലെ നേർച്ചയായ കുരുമുളകായിരുന്നു അന്നത്തെ പ്രധാന കയറ്റുമതിച്ചരക്ക് എന്നതും ചേർത്തു വായിക്കുമ്പോൾ വാവരുടെ ചരിത്രം യുക്തിസഹമായി നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു.[തുടരും]
2013, നവംബർ 4, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ