2013, നവംബർ 20, ബുധനാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [26]
---------------------------
പതിനെട്ട് പടികളും പടിപൂജയും
-----------------------------------
തന്റെ സഹായത്തിനായി മാസങ്ങളോളം ഒപ്പം സഞ്ചരിച്ച ഗൃഹസ്ഥ ജനങ്ങളെ ഇനിയും ആ കൊടുംകാട്ടിൽ കഷ്ടപ്പെടുത്തുന്നത് ഉചിതമല്ല എന്നറിയാവുന്ന അയ്യപ്പസ്വാമി തന്റെ അനുചരന്മാരേയെല്ലാം നിർബ്ബന്ധിച്ച് സ്വന്തനാടുകളിലേയ്ക്ക് തിരിച്ചയച്ചു. എപ്പോൾ വേണമെങ്കിലും തന്നെ ഇവിടെ വന്നു കണ്ടോളുവാനുള്ള അനുമതിനൽകിയാണ് പോകാൻ മടിച്ചു നിന്ന അവരെയെല്ലാം അയ്യപ്പസ്വാമി മടക്കി അയച്ചത്. പക്ഷേ ഇതിനകം അയ്യപ്പസ്വാമിയുടെ ദിവ്യത മനസ്സിലാക്കിയ വാവരും കടുത്തയും തലപ്പാറവില്ലനേപ്പോലെയുള്ള മറ്റ് ചില അനുചരന്മാരും അയ്യപ്പസ്വാമിയോടൊപ്പം അവിടെത്തന്നെ കഴിയാൻ തീരുമാനിച്ചു. വന്യമൃഗങ്ങൾ ധാരളമായുള്ള അവിടെ അയ്യപ്പസ്വാമി ഒറ്റയ്ക്ക് കഴിയുന്നത് ദുഷ്കരമാവും എന്നതുകൊണ്ടും കാട്ടാനകൾ വന്ന് ക്ഷേത്രം നശിപ്പിയ്ക്കാൻ സാധ്യതയുള്ളതുകൊണ്ടും അവരവിടെ തുടരാൻ തീരുമാനിയ്ക്കുകയായിരുന്നു. മലവാസികളെ ധാരാളമായി സംഘടിപ്പിച്ചുകൊണ്ട് അവർ ക്ഷേത്രത്തിന്റെ നാല് വശത്തുമായി ആഴത്തിലുള്ള കിടങ്ങുകൾ കുഴിയ്ക്കുകയുണ്ടായി . പഴയകാല തീർത്ഥാടകർ ഈ കിടങ്ങ് കണ്ടിട്ടുണ്ട്. മലവാസിജനങ്ങളാണ് കിടങ്ങ് കടക്കാൻ പാലവും അതുകഴിഞ്ഞ് മുകളിലേയ്ക്ക് കയറാൻ പതിനെട്ട് പടികളും വെട്ടിയുണ്ടാക്കിയത്. ഒരു പക്ഷേ പതിനെട്ട് മലകളിലുള്ള ഗിരിവർഗ്ഗക്കാരും ഈ കഠിനമായ യത്നത്തിൽ പങ്കാളികളായിട്ടുണ്ടാവണം. അതുകൊണ്ടാവണം അവർ പടികളുടെ എണ്ണം പതിനെട്ടാക്കിയത് .

സഹ്യന്റെ ആ താഴ് വാര മേഖല പതിനെട്ട് മലകളുടെ ഒരു സംഗമഭൂമിയാണ് . നിരവധി യോഗികൾ തപസ്സു ചെയ്യുന്നതും ആധ്യാത്മിക ചൈതന്യം നിറഞ്ഞു നിൽക്കുന്നതുമായ പതിനെട്ട് മലകൾ ഒന്നോടൊന്ന് ചേർന്നു നിൽക്കുന്ന ഈ വനമേഖലയെ അയ്യപ്പസ്വാമിയുടെ പൂങ്കാവനം എന്നാണ് പറയുന്നത്. പതിനെട്ടു മലകളിലേയും ഗിരിവർഗ്ഗ ഗോത്രങ്ങൾ സഹകരിച്ചാണ് ക്ഷേത്രവും കിടങ്ങും പതിനെട്ടുപടികളുമുണ്ടാക്കിയതെന്ന് പറയാൻ കാരണം ശബരിമല ക്ഷേത്രത്തിൽ മാത്രം നടന്നുവരുന്ന പടിപൂജ എന്ന അപൂർവ്വമായ ആചാരത്തിന്റെ ലക്ഷണം വച്ചാണ്. അക്കാലത്തും ഇക്കാലത്തും മലവാസികളായ ഗോത്രജാതികൾ പ്രത്യേകമായ പല ആചാരങ്ങളും വച്ചുപുലർത്തുന്നവരാണ്. ഒരോമലയ്ക്കും ഓരോ മലദൈവങ്ങളെ അവർ വെച്ചാരാധന നടത്താറുണ്ട് . മലയുടെ ഒരു പ്രത്യേക ഭാഗത്താണവർ ഈ ദൈവത്തറ നിർമ്മിയ്ക്കുന്നത് . മകരസംക്രമം എല്ലാ ഗിരിവർഗ്ഗ ഗോത്രങ്ങൾക്കും വളരെ വിശേഷമുള്ള ദിവസമാണ് . അത്തരമൊരു ദൈവത്തറയായ പൊന്നമ്പലമേട്ടിൽ മകരസംക്രമ ദിവസം നടന്നിരുന്ന മഹാപൂജയുടെ ആഴിവെളിച്ചമാവണം ശബരിമലയിൽ നിന്ന് കാണാവുന്ന മകരവിളക്കായി മാറിയത്.

തങ്ങളുടെ ദൈവത്തറകളിലുള്ള മലദൈവങ്ങളെ സാക്ഷിനിർത്തിയാണ് അവർ എല്ലാ ആചാരങ്ങളും ജീവിതചര്യകളും പുലർത്തിയിരുന്നത് . ഓരോ മലയിലും ഇവരുടെ ഗോത്രപുരോഹിതന്മാരായും അല്ലാതെയും അദ്ഭുതസിദ്ധികളുള്ള മഹായോഗികൾ ഉണ്ടായിരുന്നു. അവർക്ക് അവരുടേതായ മരുന്നും മന്ത്രവാദങ്ങളും ഉണ്ടായിരുന്നു. ഇന്നും അട്ടപ്പാടി ഊരുകളിലുള്ള ചികിത്സാരീതികൾ അർബ്ബുദത്തിനുപോലും പരിഹാരമാണെന്ന് പറയാറുണ്ടല്ലൊ. ഈ സിദ്ധന്മാരുടെ യോഗബലം കൊണ്ട് അവർ കണ്ടുപിടിച്ച രഹസ്യവിദ്യകളും നിഗൂഢയോഗമാർഗ്ഗങ്ങളും കൈമാറ്റം ചെയ്യുന്നത് സിദ്ധികൾ നഷ്ടപ്പെടാൻ കാരണമാവുമെന്നും ദൈവകോപമുണ്ടാകുമെന്നും അവർ വിശ്വസിയ്ക്കുന്നത്കൊണ്ട് മാത്രമാണ് അതൊന്നും പുറംലോകമറിയാതെ പോയത് . ഈ ഗോത്രവിഭാഗജനങ്ങളും അവരുടെ ആചാര്യന്മാരും ചേർന്ന് അയ്യപ്പസ്വാമിയ്ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കേയും ചെയ്തപ്പോൾ ദുഷ്ടശക്തികളും ദുരാത്മാക്കളും ഇനി ഈ പവിത്രമായ ദേവാലയത്തിലേയ്ക്ക് പ്രവേശിയ്ക്കാതിരിയ്ക്കാൻ വേണ്ടി ഒരോ പടിയിലും അവരുടെ മലദൈവങ്ങളെ ആവാഹിച്ച് കാവലാളായി സങ്കൽ‌പ്പിച്ച് സമർപ്പിച്ചിട്ടുണ്ടാവണം. ദുഷ്ടശക്തികൾക്കെതിരെയുള്ള മന്ത്രവാദങ്ങൾ കാട്ടുജാതിക്കാരുടെ പതിവ് രീതിയാണല്ലൊ. അങ്ങിനെയാണ് പതിനെട്ട് മലകളെ പ്രതിനിധാനം ചെയ്യുന്ന പതിനെട്ട് പടികളിലും പടിപൂജ നടത്തുക എന്ന ശബരിമലയിൽ മാത്രം കണ്ടുവരുന്ന ആചാരമുണ്ടായത് . പതിനെട്ട് പടികളുടേയും പണിപൂർത്തീകരിച്ചശേഷം അതാത് മലകളിലെ ഗുരുക്കന്മാരാവണം ആ പടികളിൽ തങ്ങളുടെ ദേവതകളെ ആവാഹിച്ചിരുത്തുന്ന ആദ്യപടി പൂജ നടത്തിയത്.

പതിനെട്ട് പടികൾക്ക് പിന്നീട് വന്ന വ്യാഖ്യാനങ്ങളൊക്കെ ശബരിമലയിലെ തത്ത്വമസി എന്ന ബോർഡ് പോലെ പിന്നാലെ ഘടിപ്പിയ്ക്കപ്പെട്ടതാവാനാണ് സാധ്യത.[തുടരും]

[പൂർവ്വ ഭാഗങ്ങൾ “എഴുത്തോല“ [aswanidev2 blogspot] എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ