ശ്രീ അയ്യപ്പചരിതം [29]
--------------------------
അയ്യപ്പസ്വാമി എന്ന യോഗാചാര്യൻ
-----------------------------------------
മനുഷ്യഹസ്തത്തിലെ അഞ്ചുവിരലുകൾക്കും വ്യത്യസ്ഥമായ ധർമ്മങ്ങളുണ്ട് .
അതുകൊണ്ടാണല്ലൊ അവയഞ്ചും അഞ്ചുതരത്തിൽ സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.
ഈ വിരലുകൾ ഒരേതരത്തിൽ സൃഷ്ടിയ്ക്കപ്പെട്ടീരുന്നാലും
ഇപ്പോഴുള്ളതുപോലെയുള്ള കാര്യങ്ങൾ ഏറെക്കുറെ നടക്കുമെന്നിരിയ്ക്കേ
എന്തുകൊണ്ട് ഇവ അഞ്ചുവിധത്തിൽ സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നു
എന്നത് ചിന്തിയ്ക്കേണ്ട വിഷയമാണ്. ഒരോവിരലു കൊണ്ടും ഒരോ തത്ത്വങ്ങളെയാണ്
നിർദ്ദേശിച്ചിരിയ്ക്കുന്നത് . ചെറുവിരലും അണിവിരലും നടുവിരലും സത്വികം
രാജസികം താമസികം എന്നിങ്ങനെ മനുഷ്യന്റെ വ്യക്തിസത്തയെ രൂപപ്പെടുത്തുന്ന
അടിസ്ഥാന ഗുണങ്ങളെ പ്രതിനിധീകരിയ്ക്കുമ്പോൾ ചൂണ്ടുവിരൽ മനുഷ്യന്റെ അഹം
ബോധത്തെയാണ് പ്രതീകവൽക്കരിയ്ക്കുന്നത്.
നാം മറ്റുള്ളവരെ
കുറ്റപ്പെടുത്തി സംസാരിയ്ക്കുമ്പോഴും നമ്മുടെ തന്നെ കാര്യം വീമ്പ്
പറയുമ്പോഴും ഉയർത്തിപ്പിടിയ്ക്കുന്നത് ചൂണ്ടുവിരലാണല്ലൊ . എന്തുകൊണ്ട്
ഒരുവൻ അവന്റെ വ്യക്തിസത്തയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിയ്ക്കുമ്പോൾ ഈ
വിരൽ തന്നെ ഉയർത്തിപ്പിടിച്ച് സംസാരിയ്ക്കവാൻ തോന്നുന്നു
എന്നാലോചിയ്ക്കുമ്പോഴാണ് ഈശ്വരൻ ഓരോ അവയവങ്ങളേയും ഏതൊക്കെ തത്ത്വങ്ങളുമായി
ബന്ധപ്പെടുത്തിയാണ് സൃഷ്ടിച്ചിരിയ്ക്കുന്നത് എന്നുള്ള രഹസ്യം നമുക്ക്
വെളിപ്പെടുന്നത്. ഒരു വ്യക്തി തന്നെ സംബന്ധിയ്ക്കുന്നതും മറ്റുള്ളവരേ
സംബന്ധിയ്ക്കുന്നതുമായ വിഷയങ്ങൾ സംസാരിയ്ക്കുമ്പോൾ ഉപോദ്ബലകമായി എപ്പോഴും
ഊന്നുന്നത് അയാൾക്കുണ്ടെന്ന് അയാൾ വിശ്വസിയ്ക്കുന്ന വൈയക്തികമായ
ഗുണവിശേഷങ്ങളെയാണല്ലൊ . ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരാൾ തന്നെക്കുറിച്ച്
അഹങ്കരിയ്ക്കുന്നതും കലഹിയ്ക്കുമ്പോൾ അപരന്റെ നേരെ വിരൽ ചൂണ്ടി നിന്നെ ഞാൻ
കാണിച്ചുതരാമെന്ന് പറയുന്നതും. കിടപ്പാടമില്ലാത്തവൻ പോലും മിഥ്യയായ
ദുരഭിമാനത്തിന്റെ കാര്യത്തിൽ സമ്പന്നനാണ്. ഈ അവസരങ്ങളിലെല്ലാം ഒരാൾ
ശക്തമായി ഉയർത്തിപ്പിടിയ്ക്കുന്നത് അയാളുടെ ചൂണ്ടു വിരലാണെന്നത്
ഒരിയ്ക്കലുംവിസ്മരിയ്ക്കാൻ പാടില്ല.
ഒരു വ്യക്തിയ്ക്ക്
ഈശ്വരനിലേയ്ക്ക അടുക്കുവാനുള്ള ഏറ്റവും വലിയ പ്രതിബന്ധം ഈഗോ എന്ന്
ഇംഗ്ലീഷിൽ പറയുന്നതും അഹം എന്ന് സാധാരണ വ്യവഹരിയ്ക്കുന്നതുമായ മനോഭാവം ആണ് .
മനസ്സാകുന്ന കണ്ണാടിയിലൂടെ സത്യവസ്തുവിനെ നമുക്ക് കാണാൻ കഴിയാത്തത് ആ
കണ്ണാടിയുടെ മറുവശത്ത് ഞാനെന്ന ഭാവമാകുന്ന രസം പുരട്ടിയിരിയ്ക്കുന്നത്
കൊണ്ടാണ്. അതുള്ള കാലത്തോളം നാമതിലൂടെ എന്ത് വസ്തുവിനെ നോക്കിയാലും
അപ്പോഴൊക്കെ നമ്മുടെ മുഖമാണ് കാണുന്നത് . സാധാരണ കണ്ണാടിയിലെന്നതു പോലെ .
അതുകൊണ്ടാണ് ലൌകീക തലത്തിൽ ഏതു കാര്യത്തെ നാം സമീപിച്ചാലും അവിടെയൊക്കെ
നമ്മുടെ വ്യക്തിബോധത്തിന്റേയും വാസനയുടേയും അടിസ്ഥാനത്തിൽ മാത്രം നാം
കാര്യങ്ങളെ വിലയിരുത്താറുള്ളത്. അത്തരം നിഗമനങ്ങളിലൂടെ എത്തിച്ചേരുന്ന
ലക്ഷ്യസ്ഥാനങ്ങളിലെ ആത്യന്തിക ഫലം ദു:ഖമായിരിയ്ക്കുകയും ചെയ്യും. എന്നാൽ
മനസ്സാകുന്ന കണ്ണാടിയുടെ പിന്നിൽ പ്രകൃതി സ്വാഭാവികമായി കനക്കെ
പുരട്ടിയിരിയ്ക്കുന്ന ഞാനെന്ന ഭാവത്തെ വളരെ ദീർഘമായ സാധനകൊണ്ട്
കുറച്ചെങ്കിലും ചുരണ്ടി മാറ്റുവാൻ നമുക്ക് കഴിഞ്ഞാൽ സത്യവസ്തുവിന്റെ
ഒരു നേരിയ ദർശനമെങ്കിലും നമുക്ക് സാധ്യമാവും. അതുതന്നെ പരമാനന്ദത്തിന്റെ
ഒരു പാൽക്കടലാണ്. ശിഷ്യനെ നന്നായറിയുന്ന ഒരു ഗുരുവിന്റെ ശിക്ഷണത്തിൽ ഒരു
മനുഷ്യായുസ്സൊ അതിനപ്പുറമോ വേണ്ടി വരും ഈ മാർഗ്ഗത്തിൽ അൽപ്പമെങ്കിലും
മുന്നോട്ട്പോകുവാൻ. അതിനാദ്യം വേണ്ടതു ചൂണ്ടു വിരൽ തത്വമായ അഹംഭാവത്തെ
ഇല്ലായ്മ ചെയ്യുവാനുള്ള ഇച്ഛയുണ്ടാവുക എന്നതാണ്.
എന്നാൽ
പരമാത്മതത്ത്വത്തെയാണ് തള്ളവിരൽ പ്രതിനിധീകരിയ്ക്കുന്നത് . തള്ള വിരൽ
എന്നർത്ഥം വരുന്ന പേര് തന്നെയാണ് എല്ലാ ഭാഷയിലും ഈ വിരലിനുള്ളത് എന്നത്
പ്രത്യേകം ഓർക്കേണ്ടതുണ്ട് . അടിസ്ഥാന സത്യങ്ങൾ എവിടെയും ഒന്നു തന്നെ
ആയിരിയ്ക്കുമല്ലൊ. തള്ള വിരൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് മറ്റ് നാല്
വിരലുകൾക്കും അടിസ്ഥാനമായി വർത്തിയ്ക്കുന്ന പ്രാണതത്ത്വങ്ങളൊക്കെത്തന്നെ
ഉദ്ഭവിച്ച സ്ഥാനം എന്നാണ് . ശുദ്ധവും രൂപരഹിതവുമായ പരമാത്മ തത്ത്വത്തിൽ
നിന്നാണല്ലൊ മറ്റെല്ലാം ജന്മമെടുത്തത് . ശുദ്ധമായ പരമോർജ്ജത്തിന്റെ
ചലനഭേദങ്ങളാണ് വസ്തുനിഷ്ട പ്രപഞ്ചമായി പരിണമിച്ചത് എന്ന് ശാസ്ത്രവും
പറയുന്നു. അതുകൊണ്ട് തള്ളവിരൽ എന്ന പദപ്രയോഗവും അത് പരമാത്മതത്വത്തിന്റെ
പ്രതീകമാണ് എന്ന യോഗശാസ്ത്രവ്യാഖ്യാനവും ഏറ്റവും അർത്ഥവത്താണ്. ഇതൊക്കെ
അറിഞ്ഞോ അറിയാതെയോ ആണെങ്കിൽപോലും ലൌകിക തലത്തിൽ എല്ലാ പ്രധാന രേഖകളിലും
മനുഷ്യന്റെ തള്ളവിരലാണ് പതിപ്പിയ്ക്കാറുള്ളത് എന്നതും ശ്രദ്ധേയമാണ്.
സത്വ-രജ-തമോഗുണങ്ങളാൽ രൂപപ്പെട്ട മനുഷ്യന്റെ അഹംഭാവവുമായി
ഒട്ടിച്ചേർന്ന് നിൽക്കുന്ന ഒരുവന്റെ ആന്തരചൈതന്യമാകുന്ന ജീവാത്മാവിനെ
അതിന്റെ ജന്മാർജ്ജിതമായ വ്യക്തിത്വ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ച്
പരമാത്മചൈതന്യവുമായി യോജിപ്പിച്ച് പരമാനന്ദം നുകരുക എന്നതാവണം
മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യമായിത്തീരേണ്ടത് എന്നുള്ള വേദാന്തസത്യമാണ്
,ചിന്മുദ്രയാകുന്ന ഗൂഢ സന്ദേശത്തിലൂടെ അയ്യപ്പസ്വാമി യോഗതാല്പര്യമുള്ള
ജനങ്ങൾക്ക് കയ്യുയർത്തി കാട്ടിക്കൊടുക്കുന്നത്. അതുകൊണ്ടാണ്
അയ്യപ്പസ്വാമിയുടെ സമാധി സ്ഥിതി അങ്ങിനെ ആയതും .[തുടരും]
പൂർവ്വഭാഗങ്ങൾ “എഴുത്തോല” എന്ന ബ്ലോഗിൽ [aswanidev2 blog spot] വായിയ്ക്കാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ