2013, നവംബർ 19, ചൊവ്വാഴ്ച

ശ്രീ അയ്യപ്പ ചരിതം [25]
---------------------------
അയ്യപ്പകഥയുടെ ആധികാരികത.
-------------------------------------
അയ്യപ്പസ്വാമിയുടെ സത്യസന്ധമായ ചരിത്രവും പറഞ്ഞുപഴകിയ പുരാണകഥകളും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം ഇഴ പിണഞ്ഞു കിടക്കുകയാണ് . അയ്യപ്പ സ്വാമിയുടെ ഉദ്ഭവമടക്കമുള്ള കഥകളും ശബരിമലയിലെ പ്രതിഷ്ഠയുടെ ഐതിഹ്യങ്ങളും ധർമശാസ്താവ് അയ്യപ്പസ്വാമി എന്നിങ്ങനെയുള്ള പൊരുത്തമില്ലാത്ത രണ്ടു പേരുകളും നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിയ്ക്ക് മറ്റ് ചില ക്ഷേത്രങ്ങളിൽ പൂർണ്ണാ ,പുഷ്കലാ എന്നിങ്ങനെ രണ്ട് ഭാര്യമാരും സത്യകൻ എന്ന ഒരു മകനും ചേർന്നുള്ള പ്രതിഷ്ഠകളും ഒക്കെ അയ്യപ്പ ചരിത്രമന്വേഷിച്ചു പോകുന്ന ഭക്തജനങ്ങളെ ആകെത്തന്നെ ആശയക്കുഴപ്പത്തിലാക്കുന്ന ചില സംഗതികളാണ്. ഭക്തമാനസങ്ങളിൽ രൂപപ്പെടുന്ന ഉത്ക്കണ്ഠകളും സംശയങ്ങളും ആദ്ധ്യാത്മിക പുരോഗതിയ്ക്ക തടസ്സമുണ്ടാക്കുമെന്നതിനാൽ അയ്യപ്പചരിതം സ്ഫടികമെന്നവണ്ണം സുതാര്യമായി വ്യാഖ്യാനിയ്ക്കപ്പെടേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ് .
അയ്യപ്പസ്വാമിയേ സ്വാമിയേ സംബന്ധിച്ച് കണ്ടു കിട്ടിയിട്ടുള്ള പ്രാചീന ഗ്രന്ഥങ്ങളിലും അയ്യപ്പൻ പാട്ടുകളിലുമൊക്കെ ചിതറിക്കിടക്കുന്ന വസ്തുതകളെ കോർത്തിണക്കിയും കേരളത്തിന്റെ ചരിത്രകാലഘട്ടങ്ങളെ വിശകലനം ചെയ്തും പഴമക്കാർ പറഞ്ഞുവച്ച ഐതിഹ്യങ്ങളിലെ യുക്തിപരതയെ ഇഴതിരിച്ചെടുത്തുമുള്ള ഒരു വ്യാഖ്യാനമാണ് ഈ രചനയിൽ സ്വീകരിച്ചിട്ടുള്ളത് . എന്നാൽ ചില സംഭവങ്ങളെ സമീപിയ്ക്കുമ്പോൾ അവയ്ക്ക് ഇത്തരത്തിലുള്ള ഒരാധികാരികതയും സ്വീകരിയ്ക്കാനില്ലാതെ സത്യമെന്തായിരിയ്ക്കുമെന്ന് ഉത്ക്കണ്ഠപ്പെടാറുണ്ട് . അവിടെ അയ്യപ്പസ്വാമി തന്നെ ചില ദൃഷ്ടാന്തങ്ങൾ കാണിച്ച് വ്യക്തത വരുത്തുന്നതു കൊണ്ടാണ് പലതും ധൈര്യമായി വിവരിയ്ക്കാൻ സാധിയ്ക്കുന്നത്.

ആത്മീയവിഷയങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നത് സൂക്ഷ്മതലത്തിലായതു കൊണ്ട് മറ്റ് ലൌകീക വിഷയങ്ങളിലെന്നതുപോലെ സ്ഥൂലമായ തെളിവുകൾ ചൂണ്ടിക്കാണിയ്ക്കാനാവില്ല തന്നെ. എന്നാൽ ഈ വാദം എന്ത് പൊട്ടത്തരവും എഴുതിപ്പിടിപ്പിക്കാനുള്ള മറയായി മാറാനും പാടില്ല. ശബരിമലയേ സംബന്ധിച്ച് അദ്ഭുതകരമായിത്തോന്നിയിട്ടുള്ള ഒരുകാര്യം അയ്യപ്പ സ്വാമിയുടെ കയ്യൊപ്പ് പതിഞ്ഞ കാര്യങ്ങൾ മാത്രമാണ് പിന്നീടവിടെ കാലാതിവർത്തിയായ ആചാരങ്ങളായി മാറ്റമില്ലാതെ നിലനിന്നുപോരുന്നത് എന്നാണ് . അയ്യപ്പസ്വാമി സ്വന്തം ജീവിതകാലത്ത് ചെയ്തുവച്ച ഒരു കാര്യത്തേയും ദുർബ്ബലപ്പെടുത്തുവാൻ സർവ്വ സംഹാരകമായ കാലത്തിന് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല .അവയെല്ലാം തന്നെ ആചാരങ്ങളായി കാലം തന്നെ സംരക്ഷിച്ച് തലമുറകളിലേയ്ക്ക് കൈമാറിക്കൊടുത്തുകൊണ്ടിരിയ്ക്കുകയാണ്. അതീവ ശക്തമായ ആത്മീയ ചൈതന്യം നിറഞ്ഞൊഴുകുന്ന അവതാരമൂർത്തികളുടെ സത്യസങ്കല്പങ്ങൾ പതിഞ്ഞ കർമ്മങ്ങൾക്ക് മാത്രമേ ഈ അപൂർവ്വമായ സജീവത യുഗങ്ങളോളം നിലനിർത്താൻ സാധിയ്ക്കൂ.

മകരവിളക്ക്തൊഴുക എന്നത് ശബരിമലയേ സംബന്ധിയ്ക്കുന്ന ഏറ്റവും വലിയ ആചാരമായി മാറിയിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം അത് അയ്യപ്പസ്വാമിയുടെ ജീവിതകാലഘട്ടത്തിൽ ആ ദിവ്യാത്മാവിന്റെ സങ്കൽ‌പ്പശക്തി സമർപ്പിയ്ക്കപ്പെട്ട ഒരു പ്രധാന കർമ്മത്തിൽ നിന്ന് ആവിർഭവിയ്ക്കപ്പെട്ടതാണ് എന്നു തന്നെയാണ് . അതുകൊണ്ടാണ് മകരസംക്രമ ദിവസം ശബരിമലയിലെ ധർമ്മശാസ്താവിഗ്രഹപ്രതിഷ്ഠ അയ്യപ്പസ്വാമി നടത്തിയതാണ് എന്ന് കഴിഞ്ഞ ആഖ്യാനത്തിൽ എഴുതിയത്. അയ്യപ്പസ്വാമിയുടെ സങ്കൽ‌പ്പ ശക്തി അവിടെ സംഭവിച്ചതു കൊണ്ടാണ് മകരസംക്രമപൂജ ശബരിമലയിലെ ഏറ്റവും വിശിഷ്ഠമായ ചടങ്ങായി മാറിയത് . തന്നെയുമല്ല ശബരിമല ക്ഷേത്രത്തിന്റെ പുനർ നിർമാണകർമ്മങ്ങളിൽ വലിയ പങ്കു വഹിച്ചതു കൊണ്ടാണ് അമ്പലപ്പുഴ ആലങ്ങാടു സംഘക്കാർക്ക് ശബരിമലയിൽ ചില പ്രത്യേക അവകാശങ്ങൾ പന്തളം കൊട്ടാരത്തിൽ നിന്ന് അനുവദിച്ച് നൽകിയതെന്ന് കൊട്ടാരം രേഖകളിൽ പറയുന്നുമുണ്ട്. ഈ രണ്ടു സംഘക്കാരും അയ്യപ്പസ്വാമിയോടൊപ്പമായിരുന്നല്ലൊ ശബരിമലയിലെത്തിയത്. സ്വാഭാവികമായും അയ്യപ്പസ്വാമിയുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രത്തിന്റെ പുനർനിർമ്മാണവും ആദ്യത്തെ സംക്രമപൂജയും നടന്നത് എന്ന് നിസ്സംശയം നിർണ്ണയിക്കാവുന്നതാണ്. പേട്ടതുള്ളൽ തുടങ്ങിയുള്ള ശബരിമലയിലെ പല ആചാരങ്ങളുടേയും കാലാതിവർത്തിയായ നിലനിൽ‌പ്പിന്റെ പിന്നിലുള്ള രഹസ്യവും മറ്റൊന്നല്ല തന്നെ.

ശബരിമലയിലെ ക്ഷേത്രം പുനർനിർമ്മിച്ച് പ്രതിഷ്ഠ നടത്തി ജനങ്ങൾക്ക് കൈമാറുക എന്ന കൊട്ടാരത്തിന്റേതായ ഉത്തരവാദിത്വവും നിർവ്വഹിച്ചതിന് ശേഷം മണികണ്ഠകുമാരൻ സ്വാഭാവികമായും പന്തളത്തേയ്ക്ക് മടങ്ങിവരുമെന്നാണ് രാജാവും രാജ്യത്തെ പ്രജകളും പ്രതീക്ഷിച്ചിരുന്നത് . ശബരിമലയിൽ തമ്പടിച്ച അനുയായികളും അതുതന്നെ കരുതി. പക്ഷേ അയ്യപ്പസ്വാമിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ശബരിമലയിലെ അലൌകികമായ ചൈതന്യം അനുഭവിച്ചപ്പോഴാണ് അയ്യപ്പസ്വാമിയ്ക്ക് തന്റെ പൂർവ്വജന്മരഹസ്യവും അവതാരോദ്ദേശവും വെളിപ്പെട്ടത് . സ്വധാമം തിരിച്ചറിഞ്ഞ ഒരാത്മാവ് മറ്റെവിടേയ്ക് പോകാൻ ? തന്റെ കൂടെയുള്ളവരോട് മടങ്ങിപ്പോകുവാൻ അനുവാദം നൽകിയശേഷം തനിയ്ക്ക് ഈ ദിവ്യമണ്ഡലത്തിൽ സാധനാനിർഭരമായ ഒരു ജീവിതം നയിയ്ക്കാനാണ് ആഗ്രഹം എന്ന് മണികണ്ഠൻ അരുളിച്ചെയ്തു. സ്വാഭാവികമായും മണികണ്ഠകുമാരനെ ഊണിലും ഉറക്കത്തിലും പിരിയാതെ കൂടെ നടന്ന ആശ്രിതജനങ്ങൾക്കെല്ലാം ഹൃദയഭേദകമായിരുന്നു ആ വാർത്ത. അവർ പലരും വാവിട്ട്നിലവിളിച്ചു . കുമാരനില്ലാതെ ഞങ്ങൾ എങ്ങോട്ടുമില്ല എന്നവർ ഉറപ്പിച്ചു പറഞ്ഞു. മണികണ്ഠനാവട്ടെ അവരേയെല്ലാം ആശ്വസിപ്പിച്ചു . താൻ അവിടെ ത്തന്നെയുണ്ടാവുമെന്നും എപ്പോൾ വേണമെങ്കിലും നിങ്ങൾക്കെന്നെ വന്നു കാണാമെന്നും നിങ്ങളുടെ ഏതു സങ്കടവും പരിഹരിയ്ക്കാൻ താൻ എപ്പോഴും ഇവിടെയുണ്ടാവുമെന്നും കുമാരൻ അവർക്കുറപ്പു കൊടുത്തു. കൂട്ടത്തിൽ പന്തളത്തു നിന്നെത്തിയ സേനാനികളോട് തന്നെ പ്രാണന് തുല്യം സ്നേഹിയ്ക്കുകയും താൻ മടങ്ങി വരുന്നത് കാത്തിരിയ്ക്കുകയും ചെയ്യുന്ന അച്ഛനോട് തന്റെ ആഗ്രഹം ഇതാണെന്നും ഇതിൽ ഒട്ടും സങ്കടപ്പെടരുതെന്നും പറയാനേൽ‌പ്പിച്ചു. തന്നെ കൂട്ടിക്കൊണ്ട് പോകാൻ ഒരു പക്ഷേ രാജാവ് തന്നെ നേരിട്ടെഴുന്നുള്ളിയേക്കുമെന്നറിയാവുന്ന കുമാരൻ, ഒരിയ്ക്കലും അച്ഛൻ തന്നെക്കാണാൻ ഇവിടേയ്ക്ക് വരരുതെന്നാണ് തന്റെ അപേക്ഷ എന്നദ്ദേഹത്തെ അറിയിയ്ക്കണമെന്നും പറഞ്ഞേൽ‌പ്പിച്ചു. ഒരു പക്ഷേ അച്ഛൻ വന്നു വിളിച്ചാൽ തനിയ്ക്ക് അനുസരണയോടെ ഒപ്പം പോകേണ്ടി വരുമെന്നും അത് കാലഗതിയ്ക്ക് വിരുദ്ധതയുണ്ടാക്കുമെന്നും അങ്ങിനെ സംഭവിച്ചാൽ അത് രാജാവിനും തലമുറകൾക്കും മഹാപാപവും ശാപവുമായിമാറുമെന്നുമറിയാവുന്നത് കൊണ്ടാണ് മണികണ്ഠൻ കർശനമായും അങ്ങിനെ പറയാൻ പറഞ്ഞേൽ‌പ്പിച്ചതെന്ന് കരുതാവുന്നതാണ് . വിവരങ്ങൾ അറിഞ്ഞ പന്തളത്തരചൻ ആകെ തകർന്നുപോയെങ്കിലും ദൈവജ്ഞന്മാരെ വരുത്തി ചിന്തിച്ചപ്പോൾ മണികണ്ഠകുമാരന്റെ ദൈവീകാവതാര രഹസ്യം വെളിവായതിനെത്തുടർന്ന് തന്റെഹൃദയവേദന ലോകകല്യാണത്തിനായി സഹിയ്ക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന യാഥാർത്ഥ്യം മനസ്സില്ലമനസ്സോടെ ഉൾക്കൊള്ളുവാൻ നിർബ്ബന്ധിതനായി.

ഇന്നും പന്തളത്തെ രാജാക്കന്മാർ ക്ഷേത്രദർശനം നടാത്താറില്ല എന്നതും അഥവാ ചെന്നാലും നടയ്ക്ക് നേരെ നിന്ന് തൊഴാറില്ല എന്നതും ലംഘിയ്ക്കപ്പെടാത്ത ആചാരമത്രേ.[തുടരും]

[പൂർവ്വഭാഗങ്ങൾ എഴുത്തോല എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ