2013, നവംബർ 8, വെള്ളിയാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [17]
---------------------------
വനമഹിഷത്തെ അയ്യപ്പൻ വധിയ്ക്കുന്നു.
------------------------------------------
കിഴക്കൻ മലയടിവാരത്തെ ആകെ കിടുകിടാ വിറപ്പിച്ചിരുന്ന ക്രൂരനായ കാട്ടെരുമയിൽ നിന്ന് തങ്ങളെ രക്ഷിയ്ക്കണമെന്ന് ജനങ്ങളാകെ തങ്ങളുടെ രാജാവായ പന്തളത്തരചനോട് അപേക്ഷിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു . ഏറെക്കാലമായുള്ള ഈ ആവലാതിയ്ക്കും പരിഹാരമുണ്ടാക്കുവാൻ അയ്യപ്പസ്വാമി തീരുമാനിച്ചു .വൻപടയുമായി എരുമേലിയിലെത്തിയ അയ്യപ്പസ്വാമി കൊടും കാട്ടിനുള്ളിലേയ്ക്ക് എരുമയെ തേടിയിറങ്ങി. . പല ദിവസങ്ങളിലും ജാഗ്രതയോടെ കാടിളക്കിയിട്ടും ആ ദുഷ്ടമൃഗത്തെ കണ്ടുകിട്ടിയില്ല . ഒടുവിൽ വിശാലമായ അഴുതാനദിയുടെ ഇങ്ങേക്കരയിലുള്ള ഉൾവനത്തിൽ അതു വിഹരിയ്ക്കുന്നതറിഞ്ഞ് മണികണ്ഠൻ അങ്ങോട്ട് നീങ്ങി . കൂടെയുണ്ടായിരുന്നവരെല്ലാം ഭയന്ന് പിന്മാറി. മണികണ്ഠൻ വിശ്വസ്ഥരായ ചില അനുയായികളുമായി ഉൾവനത്തിലേയ്ക്ക് കയറി . മനുഷ്യരക്തത്തിന്റെ മണം പിടിച്ച ആ ഭീകരജീവി കാടിളക്കി പാഞ്ഞു വന്നു. പിന്നെടവിടെ നടന്നത് രക്തമുറയുന്ന ഒരു ഘോരയുദ്ധമായിരുന്നു . അമ്പും വില്ലും പാറയും വന്മരങ്ങളും ഒക്കെയുപയോഗിച്ചുള്ള പൊരിഞ്ഞപോരാട്ടം . മണികണ്ഠന്റെ ആവനാഴിയിൽ നിന്ന് പാഞ്ഞ അമ്പുകൾ തുളച്ചുകയറി ആ കാട്ടെരുമയുടെ ശരീരം ചോരപ്പുഴയിൽ മുങ്ങിയിട്ടും ഭയാനകമായി അമറിക്കൊണ്ട് ആ ജീവി വീണ്ടും വീണ്ടും ചീറിയടുത്തുകൊണ്ടിരുന്നു. മണികണ്ഠസ്വാമിയും സമർത്ഥരായ അനുയായികളും നാലുവശത്തുനിന്നും ആ ഭീകരജീവിയെ തലങ്ങും വിലങ്ങും മാരകമായി മുറിവേൽ‌പ്പിച്ചുകൊണ്ടുമിരുന്നു.. ദിവസങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ അവശയായി കുഴഞ്ഞു വീണ ആ ജീവിയുടെ മുകളിലേയ്ക്ക് നാനാഭാഗത്തുനിന്നും ഓടിയണഞ്ഞ ജനങ്ങൾ വലിയപാറക്കല്ലുകളും വന്മരങ്ങളും വലിച്ചെറിഞ്ഞു. ഒടുവിൽ തങ്ങളുടെ എക്കാലത്തേയും ഏറ്റവും വലിയ ആ പേടിസ്വപ്നം ജീവെൻ വെടിഞ്ഞു എന്നറിഞ്ഞപ്പോൾ അവിടെക്കൂടിയ മണികണ്ഠന്റെ വൻപടയും ആയിരക്കണക്കായ ഗ്രാമവാസികളും ആനന്ദനൃത്തമാടി. അവർ മണികണ്ഠകുമാരനെ തോളിലേറ്റി തുള്ളിച്ചാടി. തങ്ങളുടെ ജീവിതം തിരികെത്തന്ന അയ്യപ്പസ്വാമിയെ തോളിലേറ്റി നടത്തിയ ആ ആനന്ദനൃത്തമാണ് പില്ക്കാലത്തെ പേട്ടതുള്ളലെന്ന ആചാരമായിമാറിയത്. ‘അയ്യപ്പൻ എന്റെകത്തോ എന്റെ സ്വാമി നിന്റകത്തോ ‘ എന്ന അവകാശവാദമുന്നയിച്ചുകൊണ്ട് അയ്യപ്പൻ എന്റെയാണ് എന്റെയാണ് എന്ന ആർപ്പുവിളിയുമായി ആ ജനക്കൂട്ടം നടത്തിയ ആഹ്ലാദതാണ്ഡവം“അയ്യപ്പതിന്തകത്തോം സ്വാമി തിന്തകത്തോം“ എന്ന പ്രശസ്തമായ ചൊല്ലായും പേട്ടകെട്ടായും മാറി. ആ കാട്ടെരുമയുടെ ജഢം ഒരു വലിയ മരക്കഴയിൽ നാലുകാലും മേലെയാക്കി കൂട്ടിക്കെട്ടിയും തലയും ഉടലും കീഴേക്ക് തൂക്കിയിട്ടും കൊണ്ട് ജനങ്ങളത് തോളിൽ ചുമന്ന് ഗ്രാമവീഥിയിലൂടെ കൊണ്ടു നടന്നു. അതിനെ അനുസ്മരിച്ചുകൊണ്ട് ഇന്നും പേട്ടസംഘങ്ങൾ ഒരുവടിയിൽ ഒരു വലിയ തുണിയുടെ ഭാണ്ഡം കൂട്ടിക്കെട്ടി തൂക്കിയിട്ടു കൊണ്ട് വടി തോളിൽ വെച്ച് പേട്ട തുള്ളുന്നത് കാണാം. മഹിഷത്തെ മർദ്ദിയ്ക്കാൻ പിഴുതെടുത്ത മരങ്ങളുടെ തലപ്പുകളും കമ്പുകളും എല്ലാമെടുത്ത് വാരിവിതറിക്കൊണ്ടും ആ എരുമയുടെ ശരീരത്തുനിന്നും കടലു പോലെ പ്രവഹിച്ച ചോരയൊക്കെ വാരി ദേഹത്തു പൂശിക്കൊണ്ടും എല്ലാം മറന്ന് ഉറഞ്ഞാടിയ അന്നത്തെ ഉന്മാദനൃത്തത്തിന്റെ അനുസ്മരണമായാണ് ഇന്ന് പച്ചിലകൾ വെച്ചുകെട്ടിയും ദേഹത്ത് വിവിധ ചായങ്ങൾ വാരിപൂശിയും ഗദയും വാളുമടക്കമുള്ള ആയുധങ്ങൾ ഉയർത്തിക്കാട്ടിയും ഭക്തർ ഉറഞ്ഞാടി പേട്ടതുള്ളുന്നത്. അന്നത്തെ മുഴുവൻ ഗ്രാമത്തലവന്മാരും ആ മഹാഘോഷയാത്രയിൽ തങ്ങളുടെ തലപ്പാവുകളുമണിഞ്ഞ് പങ്കെടുത്തിരുന്നു. അതുകൊണ്ടാണ് ഇന്നും പേട്ടസംഘങ്ങൾ കടലാസിന്റെ കിരീടം വാങ്ങിതലയിൽ കെട്ടുന്നത്.
അയ്യപ്പസ്വാമിയെ യുദ്ധത്തിൽ സഹായിക്കാൻ വേണ്ടി കൂടെക്കൂടിയ അമ്പലപ്പുഴ , ആലങ്ങാട് കളരിയോഗക്കാരും ഈ വനമഹിഷത്തെ വധിയ്ക്കാൻ വേണ്ടിയുള്ള പൊരിഞ്ഞപോരാട്ടത്തിൽ പങ്കെടുത്തിരുന്നു. അന്നാട്ടുകാരെ രക്ഷിയ്ക്കാൻ വേണ്ടി അവർ നടത്തിയ ആ യുദ്ധത്തിൽ അവരുടെ നിരവധിഭടന്മാർ കൊല്ലപ്പെട്ടിട്ടുണ്ടാവാണം . അതുകൊണ്ടാവണം ഇന്നും എരുമേലിയിൽ പേട്ട കെട്ടുന്നതിന് നാട്ടുകാർക്ക് പോലുമില്ലാത്ത വിശേഷമായ അധികാരങ്ങളും പദവികളും ഈ രണ്ട് കളരിസംഘങ്ങൾക്കും ലഭ്യമായത് .
ഈ വനമഹിഷത്തിനെതിരെ പ്രധാനമായും അമ്പും വില്ലുമുപയോഗിച്ച് അയ്യപ്പസ്വാമി നടത്തിയ മഹത്തായ യുദ്ധത്തിന്റെ ചരിത്രത്തെ ഓർമ്മിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് എരുമേലിയിലെ ക്ഷേത്രത്തിൽ അമ്പുംവില്ലുംധരിച്ച അയ്യപ്പസ്വാമിയുടെ അപൂർവ്വമായ വിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത് എന്ന വസ്തുത ചരിത്ര പഠിതാക്കൾ ശ്രദ്ധിയ്ക്കേണ്ടതാണ് .
ഈ യുദ്ധത്തിന്റെ ഭീകരതയേയും പ്രാധാന്യത്തേയും ഓർമ്മിപ്പിയ്ക്കുന്നതാണ് കാളകെട്ടി ആഞ്ഞിലിയുടെ കഥ.[തുടരും]
[പൂർവ്വഭാഗങ്ങൾ “എഴുത്തോല” എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്.]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ