2013, നവംബർ 14, വ്യാഴാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [22]
---------------------------
ശബരിമലയുടെ പ്രാധാന്യം.
------------------------------
ത്രേതായുഗകാലം മുതൽ തന്നെ പ്രശസ്തമായിരുന്ന ശബരിമലയെക്കുറിച്ച് അയ്യപ്പസ്വാമിയ്ക്ക് മുന്നേ അറിവുണ്ടായിരുന്നു എന്ന് ധരിയ്ക്കുന്നതിൽ തെറ്റില്ല. ആദി കാവ്യമായ വാത്മീകിമഹർഷിയുടെ രാമായണത്തിൽ ശ്രീ രാമചന്ദ്രദേവന്റെ ശബരിമലയിലേക്കുള്ള ആഗമനത്തേക്കുറിച്ച് പ്രതിപാദിയ്ക്കുന്നുണ്ട്. സീതാദേവിയെ വീണ്ടെടുക്കുന്നതിന് വേണ്ടി രാവണനുമായി യുദ്ധം ചെയ്യുന്നതിന് രാമേശ്വരത്തേയ്ക്ക് പോകുന്ന വഴിയിലാണ് ശ്രീരാമചന്ദ്രൻ ശബരിമലയിലെത്തുന്നത് .

ശബരിമല എന്ന പുണ്യമായ മലയിൽ മുൻപ് തന്നെ രാമഭക്തനായ മാതംഗമഹർഷി കൊടും തപസ്സനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യയായി വനവേട വംശത്തിൽ ജനിച്ച ശബരി എന്ന ഭക്തയും തപസ്സാചരിച്ചിരുന്നു. തന്റെ ഗുരുവായ മാതംഗമഹർഷി സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുൻപ അദ്ദേഹത്തിൽ നിന്ന് അവതാരപുരുഷനായ ശ്രീരാമചന്ദ്രനെക്കുറിച്ചും അദ്ദേഹം ഒരിയ്ക്കൽ ഇതുവഴി വരുമെന്നുമറിഞ്ഞ ശബരീമാതാവ് ശ്രീരാമദർശനത്തിനായി ഉഗ്രതപസ്സാചരിച്ചിരുന്ന ആ മല ശ്രീരാമചന്ദ്രന്റെ ദർശനത്തിന് ശേഷം മുതൽ ശബരിമലയായി അറിയപ്പെട്ടു.

ശ്രീരാമചന്ദ്രദേവനാവട്ടെ തന്റെ ദർശനത്തിനായി തീവ്രതപസ്സാചരിയ്ക്കുന്ന ശബരീമാതാവിന്റെ ആഗ്രഹപൂർത്തീകരണത്തിനും ഒരു മഹായുദ്ധത്തിനായി പുറപ്പെടുന്നതാകയാൽ താപസജനങ്ങളുടേയും സിദ്ധാത്മാക്കളുടേയും അനുഗ്രഹം തേടുക പാരമ്പര്യമായതിനാലും ശബരീ മാതാവിനേയും അവിടെയുള്ള മറ്റ് തപസ്വികളേയും കാണുന്നതിനായി മാർഗ്ഗമധ്യേ അങ്ങോട്ട് പുറപ്പെട്ടു.

ശ്രീ രാമചന്ദ്രന്റെ വനവാസകാലത്തായിരുന്നു ദശരഥ മഹരാജാവിന്റെ അന്ത്യം. പ്രതിജ്ഞാലംഘനമാകുമെന്നതിനാൽ സത്യപാലകനായ ശ്രീരാമൻ പിതാവിന്റെ അന്ത്യകർമ്മങ്ങൾക്കായി കൊട്ടാരത്തിലേയ്ക്ക് പോയിരുന്നില്ല. എന്നാൽ പിതാവിന്റെ മോക്ഷപ്രാപ്തിയ്ക്കായി മൂത്തപുത്രൻ ശ്രാദ്ധകർമ്മങ്ങളനുഷ്ഠിയ്ക്കണമെന്നതിനാൽ അതിനായി അദ്ദേഹം തെരഞ്ഞെടുത്തത് ശബരിമലയുടെ താഴ് വാരത്തുള്ള പമ്പാനദീ തീരമായിരുന്നു. ഓടൽമുളയുടെ പൂവും കാട്ടുതേനുമായിരുന്നു ശ്രാദ്ധദ്രവ്യങ്ങൾ. ആ നദീതീരത്ത് ശ്രീരാമദേവൻ സമർപ്പിച്ച ബലിപിണ്ഡം സ്വീകരിയ്ക്കുവാൻ ദശരഥമഹാരാജാവിന്റെ ആത്മാവ് പ്രത്യക്ഷത്തിൽ വന്നുവത്രെ.[ തന്റെ സ്വപ്നമായിരുന്ന ശ്രീ രാമപട്ടാഭിഷേകത്തിന് ശേഷമേ മടങ്ങൂ എന്ന് പറഞ്ഞ് അന്നു മുതൽ രാമനൊപ്പം സഞ്ചാരം ചെയ്തു എന്ന് എഴുത്തച്ഛൻ വിവരിയ്ക്കുന്നുണ്ട്.]

ശ്രീ രാമചന്ദ്രദേവൻ തന്റെ പിതാവിന്റെ ശ്രാദ്ധകർമ്മങ്ങൾക്കായി തെരഞ്ഞെടുത്ത നദിയായതിനാൽ അന്നുമുതൽ പമ്പ പുണ്യനദിയായിത്തീർന്നു. ശബരിമലയുടെ താഴ് വാരത്തുള്ള പമ്പാനദീ തടത്തിലെ ബലികർമ്മങ്ങൾ അന്നുമുതൽ പിതൃമോക്ഷത്തിന് പ്രസിദ്ധവുമായിത്തീർന്നു. അന്ന് ശ്രീ രാമദേവനോടൊപ്പം ഹനുമാൻ സ്വാമിയുമുണ്ടായിരുന്നു. പമ്പയിൽ ശ്രീരാമചന്ദ്രദേവന്റെയും ആഞ്ജനേയസ്വാമിയുടേയും ചൈതന്യസാന്നിധ്യങ്ങൾ ഭക്താനുഗ്രഹപ്രദമായി നിലനിൽക്കുന്നു എന്നത് കൊണ്ടാണ് ഈ രണ്ടു വിഗ്രഹങ്ങളും അവിടെ പിൽക്കാലത്ത് പ്രതിഷ്ഠിയ്ക്കപ്പെട്ടത്.

മാധ്യമങ്ങളോ ദൂതവൃത്തിയോ ഇല്ലായിരുന്ന അക്കാലത്ത് അതീന്ദ്രിയജ്ഞാനംകൊണ്ട് തന്റെ പ്രഭുവായ ശ്രീരാമചന്ദ്രദേവൻ അവിടേയ്ക്ക് എഴുന്നുള്ളുന്നത് ശബരീ മാതാവ് മനസ്സിലാക്കി. തനിയ്ക്ക് മോക്ഷമേകാൻ വരുന്ന ആ ദിവ്യപുരുഷന് നൽകുവാൻ വേണ്ടി ഏറ്റവും നല്ല ഫലങ്ങൾ തന്നെ നൽകണമെന്നാഗ്രഹിച്ച ആ അമ്മ ഓരോ പഴവും പറിച്ച് കടിച്ചു നോക്കിയശേഷം നല്ല മധുരമുള്ളതെല്ലാം ഒരിലയിൽ എടുത്തുവെച്ചു. ഭഗവാൻ എഴുന്നുള്ളിയിരുന്നപ്പോൾ എല്ലാഉപചാരങ്ങളും ഭക്തിയോടെ അനുഷ്ഠിച്ച് ഇലയിലെ ഫലങ്ങൾ ശ്രീരാമന് നൽകി. ഒരു കാട്ടുജാതിക്കാരിയായ വൃദ്ധ കടിച്ച് എച്ചിലാക്കിയ പഴങ്ങൾ ശ്രീരാമൻ കഴിയ്ക്കുന്നത് അനുജനായ ലക്ഷ്മണന് ഉൾക്കൊള്ളാനാവുമായിരുന്നില്ല. അദ്ദേഹം ആ പഴങ്ങൾ കഴിയ്ക്കുന്നതിൽ നിന്ന് ജ്യേഷ്ഠനെ വിലക്കുവാൻ ശ്രമിച്ചെന്നും ഭക്തവത്സലനായ ഭഗവാൻ അത് കൂട്ടാക്കാതെ ആ അമ്മ രുചിച്ച പഴങ്ങളെല്ലാം പുഞ്ചിരിയോടെ ആസ്വദിച്ച് ഭക്ഷിച്ച് ശബരീ മാതാവിന് മോക്ഷമേകി യാത്രയായെന്നും രാമായണത്തിൽ വായിക്കാം. ശബരീ മാതാവ് തപസ്സ് ചെയ്ത സ്ഥലമാണ് ഇന്ന് ശബരീപീഠമായി അറിയപ്പെടുന്നത്.[തുടരും]

[പൂർവ്വ ഭാഗങ്ങൾ “എഴുത്തോല” എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ