ശ്രീ അയ്യപ്പ ചരിതം[24]
--------------------------
അയ്യപ്പ സ്വാമി ശബരിമലയിൽ ധർമ്മശാസ്താവിനെ പുന:പ്രതിഷ്ഠിയ്ക്കുന്നു.
-------------------------------------------------------------------------------
അങ്ങിനെ അയ്യപ്പസ്വാമിയും അനുചരവൃന്ദവും കൂടി ശബരിമലമുകളിലേയ്ക്കുള്ള
യാത്രയാരംഭിച്ചു. ഇതിന് മുൻപ് പലപ്പോഴും പലരും പറഞ്ഞ് കേട്ടിട്ടുള്ള
ശബരിമലയെന്ന ദിവ്യസങ്കേതം കാണുന്നതിനായി അയ്യപ്പ സ്വാമിയുടെ ഹൃദയം
തുടിച്ചു. ആ ദിവ്യ സങ്കേതത്തിലേയ്ക്ക് തങ്ങളുടെ കയ്യിലുള്ള ആയുധങ്ങളുമായി
പോകുന്നത് ഉചിതമല്ലാ എന്നതിനാൽ അമ്പുകളും വില്ലുകളുമെല്ലാം തൊട്ടടുത്തുള്ള
ഒരു വലിയ ആലിന്റെ ചുവട്ടിൽ സുരക്ഷിതമായി വച്ചു. ആ ആലാണ് പിന്നീട്
ശരംകുത്തിയാലായി ചരിത്രത്തിൽ സ്ഥാനം പിടിച്ചത്. അന്ന് അയ്യപ്പസ്വാമിയും
കൂട്ടരും അവിടെ ശരങ്ങളും വില്ലും സൂക്ഷിച്ചതിനേയും യുദ്ധം ചെയ്യാനായി
അരയിൽ മുറുക്കിക്കെട്ടുന്ന അരക്കച്ച അഴിച്ചുവച്ചതിനേയും അനുസ്മരിച്ചു
കൊണ്ട് പിന്നീട് ഭക്തജനങ്ങൾ ശരംകുത്തിയാലിന്റെ താഴെ ശരക്കോലുകളും
അരക്കച്ചയും സമർപ്പിച്ചുതുടങ്ങി. ശബരീമാതാവ് തപം ചെയ്തിരുന്ന ശബരീ പീഠവും
വന്ദിച്ച് ഒടുവിൽ ശബരിമലയുടെ നിറുകയിലുള്ള ആ സ്വർഗീയ ഭൂമിയിൽ
അവരെത്തിച്ചേർന്നു .
ആ മകര മാസത്തിലെ
ചേതോഹരമായ സന്ധ്യയിൽ, മഞ്ഞുപാളികൾ അയ്യപ്പസ്വാമിയെ നെഞ്ചോട്
ചേർക്കാനെന്നവണ്ണം പൊതിഞ്ഞു നിൽക്കുമ്പോൾ , ആകാശവീഥിയിൽ നിന്നിറങ്ങിവന്ന
മേഘമാലകൾ ദേവകൾ ചാർത്തിയ ശുഭ്രഹാരങ്ങൾ പോലെ അയ്യപ്പസ്വാമിയെ തഴുകി
നിന്നപ്പോൾ , ആ മാമലമുകളൊരു ദേവഭൂമിയായി അയ്യപ്പസ്വാമിയ്ക്ക്
അനുഭവപ്പെട്ടു. ഇന്ദ്രിയാതീതമായ ആ അനുഭൂതിയുടെ സുഖസമാധിയിൽ
അയ്യപ്പസ്വാമിയ്ക്ക് തന്റെ ജന്മരഹസ്യം വെളിപ്പെട്ടു. കൂടെ വന്നവരെല്ലാം
അയ്യപ്പസ്വാമിയിലുണ്ടായ ഭാവപ്പകർച്ചയെ അദ്ഭുതത്തോടെ നോക്കി നിന്നു. ആ മുഖം
അതീവ തേജസോടെ ജ്വലിയ്ക്കുന്നത് കണ്ട അവരെല്ലാം അദ്ദേഹത്തിന്റെ മുന്നിൽ
സാഷ്ടാംഗം നമസ്കരിച്ചു . ഉദയനൻ മുൻപ് തകർത്തിട്ടതും പരശുരാമനാൽ
പ്രതിഷ്ഠിതവുമായ ആ ക്ഷേത്രാവശിഷ്ടങ്ങളെല്ലാം വൃത്തിയാക്കി ഉടൻ ഒരു പുതിയ
ആലയം നിർമ്മിയ്ക്കുവാനുള്ള അയ്യപ്പസ്വാമിയുടെ കൽപ്പനയനുസരിച്ച് അതിനുള്ള
കർമ്മങ്ങളാരംഭിച്ചു. കാട്ടുജാതിക്കാരെല്ലാവരും മലയടിവാരങ്ങളിൽ നിന്ന്
അതിനുള്ള സാധന സാമഗ്രികൾ ഒന്നു രണ്ടു ദിവസങ്ങൾ കൊണ്ടു തന്നെ
ചുമന്നെത്തിച്ചു . ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ ആ മലമുകളിൽ വിവിധ
കളരിയോഗക്കാരുടേയും പന്തളത്തെ സേനയുടേയും കാനനവാസികളുടേയും
ആശ്രാന്തപരിശ്രമം കൊണ്ട് ലക്ഷണയുക്തമായ ഒരു ദേവാലയം നിർമ്മിയ്ക്കപ്പെട്ടു.
അയ്യപ്പസ്വാമിയെ കാണുന്നതിനായി പൊന്നമ്പലമേട് എന്ന പ്രശസ്തമായ
താപസമലയിൽ നിന്നും തൊട്ടടുത്തുള്ള മറ്റ് പതിനേഴ് മലകളിൽ നിന്നുമുള്ള
ആദിവാസികളും വിവിധ ഗുഹകളിൽ തപസ്സുചെയ്തിരുന്ന മുനിജനങ്ങളും വന്നു
ചേർന്നുകൊണ്ടിരുന്നു. ക്ഷേത്ര നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം പ്രതിഷ്ഠ
നടത്തുവാനുള്ള തീയതി തീരുമാനിയ്ക്കപ്പെട്ടു. മുനിജനങ്ങളുടെ
അഭിപ്രായപ്രകാരം സൂര്യൻ ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്ക്
പ്രവേശിയ്ക്കുന്നതും പ്രകൃതിയിലാകെ വലിയമാറ്റം സംഭവിയ്ക്കുന്നതുമായ
മകരസംക്രമദിവസം സായംസന്ധ്യയിൽ പ്രതിഷ്ഠാമുഹൂർത്തം തീരുമാനിയ്ക്കപ്പെട്ടു.
ആ ദിവസം പതിനെട്ടു മലകളിലുള്ള ആദിവാസിജനങ്ങളുടേയും വിശേഷ ദിവസമാണ് .
ജനങ്ങൾക്കാർക്കും കയറിച്ചെല്ലാനാവാത്തതും ദേവജനങ്ങൾ മാത്രം
വിഹരിയ്ക്കുന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നതുകൊണ്ട് പൊന്നമ്പലമേട് എന്ന്
വിളിയ്ക്കപ്പെടുന്നതുമായ മലമുകളിൽ ,ചിരകാലമായി കഠിനതപസ്സാചരിയ്ക്കുന്ന
യോഗികൾ ഒരുമിച്ചുകൂടി വലിയപൂജകൾ ആ ദിവസം നടത്താറുണ്ട്. അവരന്നത്തെ
സന്ധ്യയിൽ അവിടെ ജ്വലിപ്പിയ്ക്കുന്ന വലിയ അഗ്നികുണ്ഡത്തിന്റെ തീ നാളങ്ങൾ
കണ്ട് എല്ലാമലകളിലുമുള്ള ജനങ്ങൾ അവിടേയ്ക്ക് നോക്കി വന്ദിയ്ക്കാറുണ്ട്.
മകരമാസത്തിന്റെ പിറവി അറിയിച്ചുകൊണ്ട് പടിഞ്ഞാറെ ചക്രവാളത്തിൽ മകരനക്ഷത്രം
ഉജ്ജ്വല പ്രഭയോടെ ഉദിച്ചുയരുന്ന മുഹൂർത്തത്തിൽ പ്രതിഷ്ഠ നടത്തുവാനാണ്
തീരുമാനിച്ചത് . അങ്ങിനെ ആ മുഹൂർത്തം വന്നെത്തി . ആകാശത്തിൽ ദേവതകളും
ശബരിമലമുകളിൽ തടിച്ചുകൂടിയ ആയിരക്കണക്ക് ജനങ്ങളും സാക്ഷി നിൽക്കെ ,
വിണ്ണിന്റെ പടിഞ്ഞാറെച്ചെരുവിൽ മകരസംക്രമ ജ്യോതിയും പൊന്നമ്പലമേട്ടിൽ
താപസജനങ്ങളുടെ യാഗാഗ്നിയും ജ്വലിച്ചുയർന്ന പവിത്രമുഹൂർത്തത്തിൽ ,
അയ്യപ്പസ്വാമി യോഗചൈതന്യം കൊണ്ട് തിളയ്ക്കുന്ന മറ്റൊരു ജ്വാലയായിമാറി
പൂർവ്വികമായ ധർമശാസ്താവിന്റെ സങ്കൽപ്പത്തിൽ നിർമ്മിച്ചൊരുക്കിയ
ശിലാവിഗ്രഹത്തെ ശ്രീകോവിലിനുള്ളിലെ പീഠത്തിൽ വിധിപ്രകാരം പ്രതിഷ്ഠിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ